ഇസ്ലാമാബാദ്: ഇന്ത്യയുടെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ 2022ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാന്‍ പാകിസ്താനും പദ്ധതിയിടുന്നു. ചൈനയുടെ സഹായത്തോടെ 2022ല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനാണ് പാകിസ്താന്റെ ശ്രമം.
പദ്ധതിയുടെ ഭാഗമായി പാക് ബഹിരാകാശ ഏജന്‍സി ചൈനീസ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ചൈന സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ചൈനയുമായി ചേര്‍ന്ന് നടത്താന്‍ പോകുന്ന ബഹിരാകാശ മുന്നേറ്റത്തെപ്പറ്റി പാക് മന്ത്രി ഫവാദ് ചൗധരി ഔദ്യോഗികമായി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ചൈന 2003ലാണ് ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിച്ചത്. റഷ്യക്കും അമേരിക്കയ്ക്കും ശേഷം ആദ്യമായി ഈ നേട്ടത്തിലെത്തുന്ന രാജ്യമാണ് ചൈന. നിലവില്‍ പ്രതിരോധ- സൈനിക മേഖലകളില്‍ പാകിസ്താനും ചൈനയും തമ്മില്‍ വലിയ സഹകരണമാണ് ഉള്ളത്. ചൈനയുടെ റോക്കറ്റ് ഉപയോഗിച്ച് പ്രാദേശികമായി നിര്‍മ്മിച്ച രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ പാകിസ്താന് ഈ വര്‍ഷം ബഹിരാകാശത്ത് എത്തിച്ചിരുന്നു.
Discussion about this post