ന്യൂയോര്‍ക്ക്: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പങ്കുണ്ടാവാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് ഖഷോഗ്ജിയുടെ കൊലയില്‍ രാജകുമാരന് പങ്കുണ്ടെന്ന് ട്രംപ് പരസ്യമായി ആരോപിക്കുന്നത്.
വാള്‍സ്ട്രീറ്റ് ജേണലിനു നല്കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ‘ഈ ഘട്ടത്തില്‍ കിരീടാവകാശി തന്നെയാണ് കാര്യങ്ങളെല്ലാം നടത്തുന്നത്. ഇതും അദ്ദേഹം തന്നെ ചെയ്തതാവാം’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം, നേരത്തെ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടായിരുന്നു ബിന്‍ സല്മാന് സ്വീകരിച്ചത്. കൊലപാതകത്തില്‍ പങ്കില്ലെന്ന ബിന്‍ സല്‍മാന്റെ വാക്ക് വിശ്വസിക്കുന്നുവെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്.
ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പലതവണ താന്‍ ബിന്‍ സല്‍മാനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ട്രംപ് അഭിമുഖത്തില്‍ വിശദീകരിക്കുന്നു. ‘നിങ്ങള്‍ക്ക് ഈ കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യ ഗൂഢാലോചനയെക്കുറിച്ച് എന്തെങ്കിലും അറിയാമായിരുന്നോ എന്നതായിരുന്നു എന്റെ ആദ്യ ചോദ്യം. അറിയില്ലയെന്നാണ് ബിന്‍ സല്മാന് മറുപടി പറഞ്ഞത്. എവിടെയാണ് അത് തുടങ്ങിയതെന്ന് ഞാന്‍ ചോദിച്ചു. താഴേക്കിടയില്‍ നിന്നാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.’ ട്രംപ് പറഞ്ഞു.
കൊലപാതകത്തില്‍ പങ്കില്ലെന്ന ബിന്‍ സല്‍മാന്റെ വാക്കുകള്‍ വിശ്വസിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ട്രംപ് അല്പനേരം മിണ്ടാതിരുന്നു. പിന്നീട് ‘ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കേണ്ടതുണ്ട്. തീര്‍ച്ചയായും വിശ്വസിക്കേണ്ടതുണ്ട്.’ എന്നായിരുന്നു പ്രതികരണം.
Discussion about this post