പത്തനംത്തിട്ട: ശബരിമല കയറാന്‍ എത്തിയ കറുകച്ചാല്‍ സ്വദേശിനി ബിന്ദുവിന് മലകയറാന്‍ അനുവദിക്കാന്‍ പോലീസ് തീരുമാനം. കൊച്ചി റെയ്ഞ്ച് ഐജി വിജയ് സാക്കറെയുടെ നേതൃത്തിലുള്ള പോലീസ് സംഘം യോഗം ചേര്‍ന്ന ശേഷമാണ് ഇവരെ മലകയറാന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. ഇവര്‍ക്ക് 43 വയസുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്നു രാവിലെയാണ് ബിന്ദു ശബരിമലയില്‍ കയറാന്‍ സംരക്ഷണം ആവശ്യപ്പെട്ട് എരുമേലി പോലീസിനെ സമീപിച്ചത്. തുടര്‍ന്നാണ് ഐജിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ബിന്ദുവിനെ പോലീസ് സംരക്ഷണത്തില്‍ നിലയ്ക്കലെത്തിച്ചു. ഇവിടെ നിന്നും പമ്പയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസില്‍ പോലീസിന്റെ അകമ്പടിയില്‍ ഇവരെ പമ്പയിലെത്തിക്കും.
തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ഇന്ന് അടയ്ക്കാനിരിക്കെയാണ് മലകയറാന്‍ ബിന്ദു താല്പര്യം പ്രകടിപ്പിച്ചത്. യുവതി എത്തുന്നതറിഞ്ഞ് പമ്പയിലും സന്നിധാനത്തും പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. കറുകച്ചാല്‍ സ്വദേശിനിയായ ബിന്ദു കോഴിക്കോടാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. രണ്ട് യുവാക്കള്‍ക്കൊപ്പമാണ് ഇവരെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post