കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ല; പണമില്ലെങ്കിലും ചികിത്സ നല്‍കുമെന്നുമ ധനമന്ത്രി തോമസ് ഐസക്

കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ല;  പണമില്ലെങ്കിലും ചികിത്സ നല്‍കുമെന്നുമ ധനമന്ത്രി തോമസ് ഐസക്
Posted by
Story Dated : February 17, 2017

തിരുവനന്തപുരം: ലോട്ടറി വരുമാനം ഉപയോഗിച്ച് രോഗികള്‍ക്ക് ചികില്‍സാ സഹായം നല്‍കുന്ന കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു ആരോഗ്യ സഹായ പദ്ധതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കില്ല. യുഡിഎഫ് സ്ഥാനമൊഴിയുമ്പോള്‍ 391 കോടിരൂപ കുടിശിക ഉണ്ടായിരുന്നു. ബജറ്റില്‍ അനുവദിച്ച തുകയേ നല്‍കിയുള്ളൂ. അധികതുക ക്ലെയിം കുടിശികയായി. പണമില്ലെങ്കിലും സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

കാരുണ്യയില്‍ 854 കോടിയുടെയും സുകൃതത്തില്‍ 18 കോടിയുടെയും കുടിശ്ശികയാണ് നല്‍കാനുള്ളത്. ഇത്രയും തുക കുടിശ്ശിക വന്നതോടെ സൗജന്യചികിത്സാപദ്ധതികള്‍ തകിടം മറിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 192 കോടിയും സ്വകാര്യ ആശുപത്രികള്‍ക്ക് 662 കോടിയുമാണ് നല്‍കാനുള്ളത്.

അതേസമയം പദ്ധതികളെല്ലാം കൂടി യോജിപ്പിച്ച് പുതിയ ഇന്‍ഷുറന്‍സ് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളായിരുന്നു കാരുണ്യയും സുകൃതവും. ഇവക്കായി ആരംഭിച്ച കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം പൊതുഫണ്ടില്‍ ലയിപ്പിച്ചതാണ് പണലഭ്യത ഇല്ലാതാക്കിയെതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പിണറായി സര്‍ക്കാര്‍ കാരുണ്യ അടക്കം ആരോഗ്യ പദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന വാര്‍ത്ത വന്നതോടെ കെഎം മാണി അതിവൈകാരികമായി പ്രതികരിച്ചിരുന്നു. കണ്‍മുന്നില്‍വെച്ച് തന്റെ ചോരക്കുഞ്ഞിനെ കൊല്ലുമ്പോള്‍ ഒരമ്മയ്ക്ക് ഉണ്ടാകുന്ന ദുഖഭാരമാണ് തനിക്കുണ്ടാകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്നരലക്ഷം രോഗികള്‍ക്കായി 1500ല്‍പ്പരം കോടി രൂപ ഇതിനകം ഈ കാരുണ്യ പദ്ധതിയില്‍ നിന്നും ചെലവാക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും മാണി പറഞ്ഞിരുന്നു.

സൗജന്യ ചികിത്സയുണ്ടാക്കിയ കുടിശിക 900 കോടി കടന്നതോടെയാണ് പദ്ധതികള്‍ നിര്‍ത്താനും പുതിയ പദ്ധതി തുടങ്ങാനുമായുളള സര്‍ക്കാരിന്റെ നീക്കം. പകരം കാരുണ്യ അടക്കം എല്ലാ സ്‌കീമുകളും സംയോജിപ്പിച്ച് ജീവിതശൈലി രോഗങ്ങള്‍ അടക്കം എല്ലാവര്‍ക്കും സൗജന്യ ചികിത്സ കൊടുക്കാനുളള പദ്ധതി തയ്യാറാക്കുന്നതായിട്ടാണ് ധനമന്ത്രി തോമസ് ഐസക്ക് ഇതിന് നല്‍കിയ വിശദീകരണം.

Comments