എന്റെ ഭര്‍ത്താവിന് ഭ്രാന്ത് ആയിരുന്നെങ്കില്‍ എന്തുകൊണ്ടു നിങ്ങള്‍ അദ്ദേഹത്തെ അതിര്‍ത്തിയില്‍ ജോലിക്കയച്ചു; എന്റെ ഭര്‍ത്താവ് എവിടെ?; അതിര്‍ത്തിയിലെ പട്ടാളക്കാരന്റെ പട്ടിണിയേയും മോശം ഭക്ഷണത്തെയും കുറിച്ച് പുറം ലോകത്തെ അറിയിച്ച ബിഎസ്എഫ് ജവാന്റെ ഭാര്യ ശര്‍മിള

എന്റെ ഭര്‍ത്താവിന് ഭ്രാന്ത് ആയിരുന്നെങ്കില്‍ എന്തുകൊണ്ടു നിങ്ങള്‍ അദ്ദേഹത്തെ അതിര്‍ത്തിയില്‍ ജോലിക്കയച്ചു;  എന്റെ ഭര്‍ത്താവ് എവിടെ?;  അതിര്‍ത്തിയിലെ പട്ടാളക്കാരന്റെ പട്ടിണിയേയും മോശം ഭക്ഷണത്തെയും കുറിച്ച് പുറം ലോകത്തെ അറിയിച്ച ബിഎസ്എഫ് ജവാന്റെ ഭാര്യ ശര്‍മിള
Posted by
Story Dated : January 11, 2017

ന്യൂഡല്‍ഹി: തന്റെ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം എവിടെയാണെന്നോ എങ്ങനെയാണെന്നോ ഒരു ധാരണയുമില്ലെന്നും ആരോപിച്ച് പട്ടാളക്കാരന്റെ പട്ടിണിയേയും മോശം ഭക്ഷണമാണത്തെയും കുറിച്ച് പുറം ലോകത്തെ അറിയിച്ച ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂറിന്റെ ഭാര്യ ശര്‍മിള രംഗത്ത്. ബിഎസ്എഫില്‍ അദ്ദേഹത്തിനനുഭവിക്കേണ്ടി വന്ന ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മോശക്കാരനായും മനോവിഭ്രാന്തിയുള്ളയാളായും ആക്കിത്തീര്‍ക്കാനുള്ള നടപടികളാണ് ബിഎസ്എഫിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അവര്‍ ആരോപിക്കുന്നു.

എന്റെ ഭര്‍ത്താവിന് ഭ്രാന്ത് ആയിരുന്നെങ്കില്‍ എന്തുകൊണ്ടു നിങ്ങള്‍ അദ്ദേഹത്തെ അതിര്‍ത്തിയില്‍ ജോലിക്കയച്ചുവെന്ന് അവര്‍ ചോദിക്കുന്നു. അദ്ദേഹം ശബ്ദമുയര്‍ത്തിയത് അദ്ദേഹത്തിനുവേണ്ടിമാത്രമല്ല ബിഎസ്എഫിലെ ഓരോ ജവാന്മാര്‍ക്കുംവേണ്ടിയാണ്. സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കാതെ അദ്ദേഹത്തെ വെറുമൊരു മാനസീകരോഗിയായി ചിത്രീകരിക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നതെന്തുകൊണ്ടാണ് അവര്‍ ചോദിക്കുന്നു. തേജിന്റെ മകന്‍ രോഹിത്തും അച്ഛന്റെ ആവശ്യം ന്യായമായിരുന്നുവെന്നും വാദിക്കുന്നുണ്ട്.

army-1

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്‍ പട്ടിണിയാണെന്നും പലപ്പോഴും കിട്ടുന്നത് മോശം ഭക്ഷണമാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചതോടെയാണ് തേജ് ബഹദൂര്‍ എന്ന ബിഎസ്എഫ് ജവാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. കാശ്മീരിലെ സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനിലെ ജവാനായ തേജ് ബഹദൂര്‍ ഇതുസംബന്ധിച്ച വിഡിയോയുള്‍പ്പെടെയാണ് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

പലദിവസങ്ങളും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് വിശന്നവയറോടെയാണെന്നും ഭക്ഷണം ലഭിക്കുകയാണെങ്കില്‍ത്തന്നെ അതു വളരെമോശമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ബിഎസ്എഫ് പറയുന്നത് തേജിന്റെ ആരോപണത്തില്‍ ലവലേശം കഴമ്പില്ലെന്നും മേലുദ്യോഗസ്ഥരോടുള്ള മോശംപെരുമാറ്റത്തന്റെ പേരിലും മദ്യപാനത്തിന്റെ പേരിലും സ്ഥിരം അച്ചടക്കനടപടിക്ക് വിധേയനാകുന്ന ആളാണ് തേജെന്നുമാണ്.

എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു ശേഷം തന്റെ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം എവിടെയാണെന്നോ എങ്ങനെയാണെന്നോ ഒരു ധാരണയുമില്ലെന്നും പറഞ്ഞുകൊണ്ടാണ് തേജിന്റെ ഭാര്യ ശര്‍മിള രംഗത്തെത്തിയിരിക്കുന്നത്. ബിഎസ്എഫിലെ ജവാന്മാരുടെ ദുരവസ്ഥയെക്കുറിച്ച് പോസ്റ്റിട്ടതിനുശേഷം അദ്ദേഹത്തിന്റെ ഒരു വിവരവും ലഭിക്കുന്നില്ല. അദ്ദേഹം ഏതവസ്ഥയിലാണ് ഉള്ളതെന്നുപോലും അറിയില്ല. അതുകൊണ്ട് ബന്ധപ്പെട്ടവര്‍ ഈ സംഭവത്തെക്കുറിച്ചന്വേഷിച്ച് ഇതിനുപിറകിലെ സത്യാവസ്ഥകള്‍ പുറത്തുകൊണ്ടുവരണം. അദ്ദേഹം സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തണം.

11 മണിക്കൂറിലധികം അതിര്‍ത്തിയില്‍ നിന്നു ജോലിചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ചും മോശം കാലാവസ്ഥയില്‍ അതിജീവിക്കാന്‍ ജവാന്‍മാര്‍ ബുദ്ധിമുട്ടുന്നതിനെക്കുറിച്ചുമായിരുന്നു പോസ്റ്റ്. മൂന്നു വിഡിയോയാണ് ഇതുസംബന്ധിച്ച് അദ്ദേഹം പങ്കുവെച്ചത്. തങ്ങളുടെ ഈ അവസ്ഥയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇത്രയും മോശപ്പെട്ട അവസ്ഥയില്‍ തങ്ങളെ പരിഗണിക്കുന്ന മേലുദ്യോഗസ്ഥരുടെ പെരുമാറ്റത്തെ തുറന്നു കാട്ടാന്‍ മാത്രമാണ് ഈ വിഡിയോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേ സമയം ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ശ്രദ്ധയില്‍പ്പെട്ടെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിഎസ്എഫിന് നിര്‍ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

Comments

error: This Content is already Published.!!