ലൗ ജിഹാദ് അരുംകൊല; പ്രതിയെ തൂക്കിലേറ്റണമെന്ന് കൊല്ലപ്പെട്ട അഫ്രസുലിന്റെ ഭാര്യ

 ലൗ ജിഹാദ് അരുംകൊല; പ്രതിയെ തൂക്കിലേറ്റണമെന്ന് കൊല്ലപ്പെട്ട അഫ്രസുലിന്റെ ഭാര്യ
Posted by
Story Dated : December 7, 2017

കൊല്‍ക്കത്ത: ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ അരുംകൊല ചെയ്ത സംഭവത്തില്‍ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട്
കൊല്ലപ്പെട്ട അഫ്രസുലിന്റെ കുടുംബം രംഗത്ത്. സംഭവത്തില്‍ പ്രദേശവാസിയായ ശംഭുലാല്‍ രേഗറിനെ അറസ്റ്റ് ചെയ്തിരുന്നു.

അഫ്രസുല്‍ കൊല്ലപ്പെട്ടെന്ന് അവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മഴു കൊണ്ട് തലക്കടിച്ച് വീഴ്ത്തി തീ കൊളുത്തി കൊല്ലപ്പെടാന്‍ മാത്രം അഫ്രസുല്‍ എന്താണ് ചെയ്തത്? കുടുബാംഗങ്ങള്‍ ചോദിക്കുന്നു. ഒരു മൃഗത്തെ പോലെ അഫ്രസുലിനെ കൊല്ലുകയും ആ ദൃശ്യങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തവനെ തൂക്കിലേറ്റുക തന്നെ വേണം ഗുല്‍ബഹാര്‍ ബീവി പറഞ്ഞു.

എനിക്ക് നീതി ലഭിക്കണം. അദ്ദേഹം കൊല്ലപ്പെട്ടത് ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഞാനറിഞ്ഞത് ഗുല്‍ബഹാര്‍ പറഞ്ഞു. ചൊവ്വാഴ്ചയും പിതാവ് ഞങ്ങളോട് സംസാരിച്ചിരുന്നു. എല്ലാ ദിവസവും അദ്ദേഹം വിളിക്കാറുണ്ട്.

എന്താണ് ലവ് ജിഹാദെന്ന് ഞങ്ങള്‍ക്കറിയില്ല. പേരക്കുട്ടികള്‍ പോലും ഉള്ള അദ്ദേഹത്തെ തീ കൊളുത്തുന്നതിന് മുന്‍പ് ഇറച്ചിവെട്ടുന്നതു പോലെയാണ് അവന്‍ വെട്ടിയരിഞ്ഞത്. അങ്ങനെ ചെയ്തവര്‍ക്കും അതേപോലുള്ള ശിക്ഷ ലഭിക്കണം. കൊല്ലപ്പെടുന്നതിന് മുന്‍പ് വളരെ ദയനീയമായ രീതിയിലാണ് അദ്ദേഹം കരഞ്ഞത് അഫ്രസുലിന്റെ മകള്‍ റജീന ഖാതുന്‍ പറഞ്ഞു. ഈ കൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ സംഭവത്തിന് പിന്നില്‍ സ്വാധീനമുള്ള ആളുകളുമുണ്ട്. കുടുംബാംഗങ്ങള്‍ പറഞ്ഞു.

അഫ്രസുല്‍ ഇളയ മകളുടെ വിവാഹത്തിനായി ഈ മാസം അവസാനം രാജസ്ഥാനില്‍ നിന്നും ബംഗാളിലേക്ക് വരാനിരിക്കുകയായിരുന്നു. കഴിഞ്ഞ 12 വര്‍ഷങ്ങളായി ഇദ്ദേഹം രാജസ്ഥാനില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ബംഗാളില്‍ ഒരു ചെറിയ പ്‌ളോട്ട് മാത്രമാണ് ഇദ്ദേഹത്തിന് സ്വന്തമായി ഉള്ളത്.

മൂന്ന് പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിലെ ഏകവരുമാന മാര്‍ഗമാണ് അഫ്രസുല്‍. ഇളയ മകള്‍ പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ്. ഇനി ഈ കുടുംബം എങ്ങനെ മുന്നോട്ടുപോകും എന്നാണ് നാട്ടുകാരുടെ ആശങ്ക. സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം നിരവധി ആളുകള്‍ പശ്ചിമ ബംഗാളിലെ അഫ്രസുലിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്.

Comments

error: This Content is already Published.!!