ക്യാപ്റ്റന്റെ തന്ത്രങ്ങള്‍ പഠിക്കുന്നത് ധോണിയില്‍ നിന്നും; തുറന്ന് പറഞ്ഞ് വിരാട് കോഹ്‌ലി

ക്യാപ്റ്റന്റെ തന്ത്രങ്ങള്‍ പഠിക്കുന്നത് ധോണിയില്‍ നിന്നും; തുറന്ന് പറഞ്ഞ് വിരാട് കോഹ്‌ലി
Posted by
Story Dated : February 2, 2017

ബംഗളൂരു: ക്യാപ്റ്റന്റെ തന്ത്രങ്ങള്‍ താന്‍ പഠിക്കുന്നത് മുന്‍നായകന്‍ മഹേന്ദ്ര സിങ് ധോണിയില്‍ നിന്നാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ധോണിയുടെ പരിചയസമ്പത്ത് താന്‍ പ്രയോജനപ്പെടുത്താറുണ്ടെന്നും കോഹ്‌ലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ട്വന്റി ട്വന്റി പരമ്പര വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി . ട്വന്റി ട്വന്റി, ഏകദിന മത്സരങ്ങള്‍ ടെസ്റ്റ് മത്സരങ്ങളെ അപേക്ഷിച്ച് വളരെ വേഗതയുള്ളതാണ്. അതിനാല്‍ ഈ രംഗത്ത് വളരെയധികം അനുഭവ സമ്പത്തുള്ള ഒരു വ്യക്തിയില്‍ നിന്ന് നിര്‍ണായക നിമിഷങ്ങളില്‍ ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് ഒരിക്കലും തെറ്റായ കാര്യമല്ല.

ചാഹലിന്റെ നിര്‍ണായക ഓവറിന് ശേഷം ഹാര്‍ദിക് പാണ്ഡ്യെയ്ക്ക് ഒരു ഓവര്‍ നല്‍കാനായിരുന്നു എന്റെ തീരുമാനം. എന്നാല്‍ പത്തൊന്‍പതാം ഓവര്‍ വരെ കാത്തിരിക്കേണ്ടെന്നും പ്രധാനപ്പെട്ട ബൗളറെ പന്തേല്‍പ്പിക്കാനും ധോണിയും നെഹ്‌റയുമാണ് നിര്‍ദ്ദേശിച്ചത്. നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ ഒരു തുടക്കക്കാരനായ നായകന്‍ എന്ന നിലയ്ക്ക് ഇത്തരം ഉപദേശങ്ങള്‍ ഏറെ സഹായം ചെയ്യുന്നുണ്ട്. കോഹ്‌ലി പറഞ്ഞു. നായക വേഷത്തില്‍ ഞാന്‍ തുടക്കക്കാരനല്ല. പക്ഷെ നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ നായകത്വം വഹിക്കുന്നതിന് വേണ്ട ഗുണങ്ങള്‍ മനസിലാക്കുന്നതിനുള്ള ഒരു സന്തുലനം ആവശ്യമാണ്. ഇത് ധോണിയില്‍ നിന്നാണ് ഞാന്‍ പഠിക്കുന്നത്. കോഹ്‌ലി പറഞ്ഞു. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തില്‍ പ്രാമുഖ്യം കല്‍പ്പിക്കുന്ന യുവതാരങ്ങളാണ് ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് കോഹ്‌ലി അഭിപ്രായപ്പെട്ടു.

Comments