കേരളത്തിന്റെ നേഴ്സിങ് സമര കാഹളം ഏറ്റെടുത്തു കര്‍ണാടകയിലെ നേഴ്സിങ് സമൂഹം; നേഴ്സുമാരെ ഇറക്കുമതി ചെയ്യാനുള്ള ആശുപത്രി മാനേജുമെന്റിന്റെ നീക്കം പൊളിച്ചടക്കി യുഎന്‍എ

കേരളത്തിന്റെ നേഴ്സിങ് സമര കാഹളം ഏറ്റെടുത്തു കര്‍ണാടകയിലെ നേഴ്സിങ് സമൂഹം; നേഴ്സുമാരെ ഇറക്കുമതി ചെയ്യാനുള്ള ആശുപത്രി മാനേജുമെന്റിന്റെ നീക്കം പൊളിച്ചടക്കി യുഎന്‍എ
Posted by
Story Dated : July 17, 2017

ബംഗളൂരു: കര്‍ണാടകയില്‍ നിന്ന് നേഴ്സുമാരെ ഇറക്കി കേരളത്തിലെ നേഴ്സിങ് സമരം നേരിടുമെന്നാണ് ചില ആശുപത്രി മാനേജുമെന്റുകള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മാനേജുമെന്റിന്റെ ആ മോഹം ആരംഭത്തിലെ പൊളിച്ചടക്കാന്‍ യുഎന്‍എ ക്ക് കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം ബാംഗളൂരില്‍ ചേര്‍ന്ന പ്രഥമ യുഎന്‍എ കണ്‍വെഷനില്‍ പങ്കെടുത്ത നൂറുകണക്കിന് വരുന്ന നേഴ്സിങ് സമൂഹം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചത് ‘ഇനി ലക്ഷങ്ങള്‍ തരാമെന്നു വാഗ്ദാനം ചെയ്താലും നേഴ്സിങ് സമരത്തെ ഒറ്റു കൊടുക്കാന്‍ ഞങ്ങളില്ല’ എന്നാണ്.

കേരളത്തിന്റെ നേഴ്സിങ് സമര കാഹളം നെഞ്ചോട് ചേര്‍ത്തു പിടിച്ചാണ് എല്ലാ വെല്ലുവിളികളെയും അതി ജീവിച്ചു നൂറുകണക്കിന് വരുന്ന കര്‍ണാടകയിലെ നേഴ്സുമാര്‍ ഒത്തു കൂടിയത്. കര്‍ണാടകയിലെ നേഴ്സിങ് സമൂഹത്തിന്റെ ഈ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ആശുപത്രി മാനേജുമെന്റുകളുടെ തലയ്ക്കേറ്റ പ്രഹരമാണ്.

ശത്രു മാളത്തിനകത്തു കയറി ഒളിച്ചാല്‍ മാളത്തിന്റെ പുറത്തു കാത്തു നില്‍ക്കാന്‍ അല്ല മറിച്ചു മാളത്തിനകത്തേക്ക് ഇരച്ചു കയറി ശത്രുവിനെ നേരിടാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു.

ഇന്ന് ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നും നേഴ്സിങ് സമൂഹം സംഘടിച്ചു ശക്തരാകുന്നതിന്റെ ആവേശത്തിലാണ്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ആയിരക്കണക്കിന് പേരാണ് കേരളത്തിലെ നേഴ്സിങ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തെരുവില്‍ ഇറങ്ങിയത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നിന്ന് അഭൂതപൂര്‍വ്വമായ രീതിയില്‍ ജനങ്ങളും നേഴ്സുമാരും ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ഇത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ആണ് എന്നതും ഞങ്ങള്‍ക്കേറെ സന്തോഷം നല്‍കുന്നതാണ്.

നേഴ്സിങ് സമൂഹത്തിന്റെ ഈ മുന്നേറ്റം നിരന്തര ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന അസംഘടിതരായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉജ്ജ്വല മുന്നേറ്റത്തിന്റെ തുടക്കമാകുമെന്നാണ് പ്രതീക്ഷയെന്നും ജാസ്മിന്‍ഷാ ബിഗ്ന്യൂസിനോട് പറഞ്ഞു.
ബാംഗ്ലൂരിലെ കണ്‍വെഷനില്‍ ഷോബി ജോസഫ് ബെല്‍ജോ ഏലിയാസ്, സുജനപാല്‍ അച്ചുതന്‍ തുടങ്ങിയ യുഎന്‍എ നേതാക്കളും ജാസ്മിന്ഷായ്‌ക്കൊപ്പം പങ്കെടുത്തു.

Comments