നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് സൗരവ് ഗാംഗുലിയെ നിയമിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് സൗരവ് ഗാംഗുലിയെ നിയമിക്കണമെന്ന്  സുനില്‍ ഗവാസ്‌കര്‍
Posted by
Story Dated : January 3, 2017

ന്യൂഡല്‍ഹി : സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിയമിക്കുന്നതിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സുനില്‍ ഗവാസ്‌കറും രംഗത്ത്.നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഗാംഗുലിയാണെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. 1999 2000 കാലഘട്ടത്തില്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ഉഴറിയപ്പോള്‍, ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിച്ചത് ഗാംഗുലിയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്നു അനുരാഗ് ഠാക്കൂറിനെ സുപ്രീം കോടതി നീക്കിയതുമുതല്‍ ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത് ഠാക്കൂറിന്റെ പിന്‍ഗാമി ആരാകും എന്നതാണ്. ഈ സ്ഥാനത്തേക്ക് ഏറ്റവുമധികം ഉയര്‍ന്നു കേള്‍ക്കുന്ന പേര് മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെതുമാണ്.

ക്രിക്കറ്റ് ബോര്‍ഡിനെ മുന്‍ നായകനായ ഗാംഗുലി തന്നെ നയിക്കുന്നതാണ് ഉചിതമെന്നാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലുള്ള പൊതുവായ അഭിപ്രായം. അതേസമയം ബിസിസിഐ അധ്യക്ഷസ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മൊഹീന്ദര്‍ അമര്‍നാഥ്, മുന്‍ ആഭ്യന്തരസെക്രട്ടറി ജികെ പിള്ള തുടങ്ങിയ പേരുകളും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സികെ ഖന്ന, ആസാം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഗൗതം റോയ് എന്നിവരാണ് സുപ്രീംകോടതി വിധി പ്രകാരം നിലവില്‍ അധ്യക്ഷസ്ഥാനത്തേക്ക് യോഗ്യരായിട്ടുള്ളത്.

Comments

error: This Content is already Published.!!