ഒടുവില്‍ കര്‍ണാടകയ്ക്ക് വിജയം: ബാഹുബലിക്ക് വേണ്ടി ഖേദപ്രകടനം നടത്തി സത്യരാജ്

ഒടുവില്‍ കര്‍ണാടകയ്ക്ക് വിജയം: ബാഹുബലിക്ക് വേണ്ടി ഖേദപ്രകടനം നടത്തി സത്യരാജ്
Posted by
Story Dated : April 21, 2017

ചെന്നൈ: ബാഹുബലി ചിത്രത്തിനായി തന്റെ കാവേരി വിഷയത്തിലെ പരാമര്‍ശം പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ കട്ടപ്പ. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഒമ്പത് വര്‍ഷം മുന്‍പുള്ള തന്റെ പരാമര്‍ശത്തിലാണ് നടന്‍ സത്യരാജ് കര്‍ണാടകയോട് മാപ്പുപറഞ്ഞത്. ഇക്കാര്യത്തില്‍ സത്യരാജ് മാപ്പുപറഞ്ഞില്ലെങ്കില്‍ ബാഹുബലി രണ്ടാം ഭാഗം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ചില സംഘടനകള്‍ താക്കീത് നല്‍കിയ സാഹചര്യത്തിലായിരുന്നു സത്യരാജിന്റെ ഖേദപ്രകടനം.

കാവേരി നദീജല വിഷയം കത്തി നിന്ന സാഹചര്യത്തില്‍ നിരവധി പേര്‍ കര്‍ണാടകയ്ക്കെതിരെ അഭിപ്രായങ്ങളുമായി രംഗത്തുവന്നിരുന്നു. അതില്‍ ഒരാള്‍ മാത്രമാണ് താന്‍. അതിന്റെ പേരില്‍ കര്‍ണാടകയില്‍ തന്റെ കോലങ്ങള്‍ കത്തിച്ചു. കര്‍ണാടകയില്‍ നിന്നും തമിഴ്നാടിനെതിരെ പല പരാമര്‍ശങ്ങളും ഉയര്‍ന്നു. ഇതിനിടെ തന്റെ പരാമര്‍ശം കന്നട മക്കളെ വിഷമിപ്പിച്ചതായി മനസിലാക്കുന്നു. താന്‍ കന്നട മക്കള്‍ക്ക് എതിരല്ല. ബാഹുബലി ഉള്‍പ്പെടെ തന്റെ മുപ്പതോളം ചിത്രങ്ങള്‍ മൊഴിമാറ്റിയും അല്ലാതെയും കര്‍ണാടകയില്‍ പ്രദര്‍ശിപ്പിച്ചു. ബാഹുബലി രണ്ടാം ഭാഗം പ്രദര്‍ശനത്തിനൊരുങ്ങി നില്‍ക്കെ ഒമ്പത് വര്‍ഷം മുന്‍പുള്ള തന്റെ പരാമര്‍ശം സിനിമയെ മൊത്തത്തില്‍ ബാധിക്കുമെന്നത് വേദനാജനകമാണ്. താന്‍ കാരണം സിനിമ പ്രതിസന്ധിയിലാകരുത്. തന്റെ വാക്കുകള്‍ കന്നട മക്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സത്യരാജ് പറഞ്ഞു.

ബാഹുബലിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കമെന്നാവശ്യപ്പെട്ട് സംവിധായകന്‍ എസ് എസ് രാജമൗലി രംഗത്തെത്തിയിരുന്നു. ഒരാള്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സിനിമ ആക്രമിക്കുന്നത് ശരിയല്ലെന്നും രാജമൗലി നേരത്തെ പറഞ്ഞിരുന്നു.

Comments

error: This Content is already Published.!!