പേടിഎം ആരംഭിക്കുന്ന പേയ്‌മെന്റ് ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി

പേടിഎം ആരംഭിക്കുന്ന പേയ്‌മെന്റ് ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി
Posted by
Story Dated : January 4, 2017

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തോടെ ഇ-മണിക്ക് പ്രാധാന്യം വര്‍ധിച്ചത് ഏറെ ഗുണം ചെയ്തത് പേടിഎംന് കൂടിയായിരുന്നു. ഇന്ത്യയിലെ പേടിഎമ്മിന്റെ പ്രാധാന്യം ചോദ്യ ചിഹ്നമായിരുന്നുവെങ്കിലും കറന്‍സി രഹിത സമൂഹത്തില്‍ ഏറെ ഉപകാരപ്രദമാവുന്ന ഈ സങ്കേതം ഇനി പേയ്‌മെന്റ് ബാങ്ക് ആരംഭിക്കാന്‍ പോവുന്നു.

പേയ്‌മെന്റ്‌സ് ബാങ്ക് തുടങ്ങാന്‍ പേടിഎമ്മിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി. ഈ മാസം പ്രവര്‍ത്തനം തുടങ്ങും. ബാങ്കിങ് വ്യവസായ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുകയാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ലക്ഷ്യമെന്നു വണ്‍ 97 കമ്യൂണിക്കേഷന്‍സ് സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു.

നോയിഡയിലാണ് ആദ്യ ശാഖ തുറക്കുക. നിലവില്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ഉപസ്ഥാപനമായ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് മാത്രമാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ആദിത്യ ബിര്‍ള ഐഡിയ പേയ്‌മെന്റ്‌സ് ബാങ്ക് ഈ വര്‍ഷം തുടങ്ങും. പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കില്‍ ശര്‍മയ്ക്കാവും കൂടുതല്‍ പങ്കാളിത്തം. കഴിഞ്ഞ വര്‍ഷം ചൈനയിലെ ആലിബാബ ഗ്രൂപ്പ് 68 കോടി ഡോളറിന്റെ നിക്ഷേപം പേയ്ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സില്‍ നടത്തിയിരുന്നു. ഇതോടെ ഓഹരി പങ്കാളിത്തം 40 ശതമാനമായും ഉയര്‍ന്നു. എന്നാല്‍ പേയ്‌മെന്റ്‌സ് ബാങ്കില്‍ ആലിബാബയ്ക്ക് നേരിട്ടുള്ള ഓഹരി പങ്കാളിത്തം ഉണ്ടാവില്ല.

Comments