പ്രശസ്ത സാഹിത്യ നിരൂപകന്‍ എം അച്യുതന്‍ അന്തരിച്ചു

 പ്രശസ്ത സാഹിത്യ നിരൂപകന്‍ എം അച്യുതന്‍ അന്തരിച്ചു
Posted by
Story Dated : April 9, 2017

കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ. എം അച്യുതന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മഹാകവി ജി ശങ്കരക്കുറിപ്പിന്റെ മരുമകനാണ്. സംസ്‌കാരം തിങ്കളാഴ്ച.

തൃശൂര്‍ ജില്ലയില്‍ മാളയ്ക്കടുത്ത് വടമയില്‍ മുക്കുറ്റിപ്പറമ്പില്‍ പാറുക്കുട്ടിയമ്മ നാരായണമേനോന്‍ ദമ്പതിമാരുടെ മകനായി 1930 ജൂണ്‍ 14ാം തീയതി ജനിച്ച അച്യുതന്‍ മലയാളം എംഎ ഒന്നാം റാങ്കോടു കൂടിയാണ് വിജയിച്ചത്. ഏറെക്കാലം ഗവണ്‍മെന്റ് കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. വിവിധ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ ജോലി ചെയ്തു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പ്രൊഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജാമാതാവായ ഇദ്ദേഹം ഓടക്കുഴല്‍ സമ്മാനം നല്‍കുന്ന ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയാണ്. മാതൃഭൂമിയില്‍ പബ്‌ളിക്കേഷന്‍ മാനേജര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. 1996 മുതല്‍ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ഭാര്യ രാധ. മക്കള്‍: ഡോ. നന്ദിനി നായര്‍, നിര്‍മല പിള്ള, ബി ഭദ്ര.

Comments

error: This Content is already Published.!!