ഇനി ഞാന്‍ രാജ്യത്തെ കോടിക്കണക്കിന് പൗരന്‍മാരില്‍ ഒരാള്‍ മാത്രം; പ്രണബ് മുഖര്‍ജി

ഇനി ഞാന്‍ രാജ്യത്തെ കോടിക്കണക്കിന് പൗരന്‍മാരില്‍ ഒരാള്‍ മാത്രം;  പ്രണബ് മുഖര്‍ജി
Posted by
Story Dated : July 17, 2017

ന്യൂഡല്‍ഹി: ഇനി ഞാന്‍ ഈ രാജ്യത്തെ കോടിക്കണക്കിന് പൗരന്‍മാരില്‍ ഒരാള്‍ മാത്രമായിരിക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.തന്റെ സ്വദേശമായ പശ്ചിമബംഗാളിലെ ജങ്കിപ്പുരില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി എന്ന നിലയില്‍ പ്രണബ് മുഖര്‍ജിയുടെ അവസാനത്തെ പൊതു പരിപാടിയായിരുന്നു അത്.

”ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ ഔദ്യോഗിക ചുമതലകളും ഞാനൊഴിയും, പിന്നെ ഈ രാജ്യത്തെ കോടിക്കണക്കിന് പൗരന്‍മാരില്‍ ഒരാള്‍ മാത്രമായിരിക്കും ഞാന്‍. പദവി ഒഴിഞ്ഞാല്‍ താന്‍ ഒരു സാധാരണക്കാരാനായി ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാളിലെ പൊതുപരിപാടികള്‍ക്ക് ശേഷം ഞായാറാഴ്ച്ചയാണ് പ്രണബ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. രാഷ്ട്രപതിയുടെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണിലെ അദ്ദേഹത്തിന്റെ അവസാനത്തെ യാത്ര കൂടിയായിരുന്നു ഇത്.

സ്ഥാനമൊഴിയുന്നതിന് മുന്‍പായി ജൂലൈ 23 ന് പാര്‍ലമെന്റില്‍ എംപിമാരുടെ വക രാഷ്ട്രപതിക്ക് യാത്രയയപ്പുണ്ട്. മുഴുവന്‍ എംപിമാരും ഒപ്പിട്ട കോഫി ടേബിള്‍ ബുക്കായിരിക്കും രാഷ്ട്രപതിക്ക് സമ്മാനമായി എംപിമാര്‍ നല്‍കുക. ജൂലൈ 25 നാണ് പുതിയ രാഷ്ട്രപതി സ്ഥാനമേല്‍ക്കുന്നത്.

അന്‍പത് വര്‍ഷത്തോളം ദേശീയരാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായിരുന്ന പ്രണബ് മുഖര്‍ജി 2012 ലാണ് ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി ചുതമലയേറ്റത്. രാഷ്ട്രപതി ഭവനെ ജനകീയമാക്കിയ രാഷ്ട്രപതി എന്ന നിലയിലാണ് അദ്ദേഹത്തെ ചരിത്രം അടയാളപ്പെടുത്തുക.

Comments

error: This Content is already Published.!!