പൊന്നാനിയില്‍ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം: അയല്‍വാസിയായ ഓട്ടോഡ്രൈവര്‍ നിരീക്ഷണത്തില്‍, പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതിനും തെളിവ്

പൊന്നാനിയില്‍  പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം: അയല്‍വാസിയായ ഓട്ടോഡ്രൈവര്‍ നിരീക്ഷണത്തില്‍, പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതിനും തെളിവ്
Posted by
Story Dated : March 17, 2017

പൊന്നാനി: പത്താം ക്ലാസില്‍ പഠിക്കുന്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ പോലിസ് നിരീക്ഷണത്തില്‍. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി നേരത്തേ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ലൈംഗിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊന്നാനി ഈശ്വരമംഗലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ലൈംഗിക പീഡനത്തില്‍ മനംനൊന്ത് കഴിഞ്ഞ ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്.

ഞായറാഴ്ച വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നിട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളായതിനെ തുര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍പൊട്ടി വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ലൈംഗിക പീഡനം നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള അന്വേഷണമാണ് അയല്‍വാസിയായ ഒട്ടോ ഡ്രൈവറായ യുവാവിലെത്തിയത്. പെണ്‍കുട്ടി അച്ചനമ്മമാര്‍ ഇല്ലാത്ത പല ദിവസങ്ങളിലും ഇയാളുടെ വീട്ടില്‍ കിടന്നുറങ്ങാറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. സ്‌കൂളിലൊക്കെ നല്ല അച്ചടക്കത്തില്‍ വന്നിരുന്ന കുട്ടിയാണെന്നാണ് സഹപാഠികളില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ മരണത്തില്‍ യുവാവിന് ബന്ധമുള്ളതായാണ് പോലീസിന്റെ നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമെ കൂടുതല്‍ വിശദമായി അന്വേഷണം പുരോഗമിപ്പിക്കാനാവു എന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് വീട്ടുകാരുടെ വിശദികരണം. പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ആരുടെയും നേര്‍ക്ക് സംശയാസ്പദമായ മൊഴികള്‍ നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായിട്ടില്ല. കേസ് അന്വേഷണത്തില്‍ വീട്ടുകാര്‍ സഹകരിക്കുന്നില്ലെന്നാണ് പോലീസിന്റെ പരാതി . പോലീസിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇപ്പോള്‍ കേസന്വേഷണം മുന്നോട്ട് പോകുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കിട്ടാന്‍ ഒന്നരയാഴ്ച സമയമെടുക്കാമെന്ന് പൊന്നാനി എസ് ഐ അറിയിച്ചു.

വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കഴിഞ്ഞ തിങ്കളാഴ്ച കുട്ടിയുടെ മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും അപ്പോള്‍ കുട്ടി അബോധാവസ്ഥയിലായതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു. അതിനിടെയാണ് കുട്ടി ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊന്നാനി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടി .ഇത്തവണ ഒരു പരീക്ഷ മാത്രമാണ് കുട്ടി എഴുതിയിട്ടുള്ളത്.

Comments