ഭിന്നശേഷിക്കാരായ 200 ഓളം വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച് പൊന്നാനിക്കാരി ഫംനയുടെ വിവാഹം

ഭിന്നശേഷിക്കാരായ 200 ഓളം വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച് പൊന്നാനിക്കാരി ഫംനയുടെ വിവാഹം
Posted by
Story Dated : January 3, 2017

പൊന്നാനി: വിവാഹത്തിന്റെ അപൂര്‍വ്വനിമിഷങ്ങളിലും സമൂഹം ഒപ്പം നിര്‍ത്താന്‍ മടിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ ചേര്‍ത്തിരുത്തി അനുഗ്രഹം വാങ്ങിയാണ് പൊന്നാനിക്കാരായ ഫംന നിക്കാഹ് ചെയ്തത്. ഈ പെണ്‍കുട്ടി വാക്കുകളിലൂടെയല്ല പ്രവര്‍ത്തികളിലൂടെയാണ് തിരസ്‌കരിക്കപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നുനിന്നത്.

പൊന്നാനിയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ‘കര്‍മ്മ’ യുടെ പ്രസിഡന്റ് ജാവ അഷറഫിന്റെ മകളാണ് ഫംന. കഴിഞ്ഞ ദിവസം അക്ബര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹചടങ്ങിലാണ് ഭിന്നശേഷിക്കാരായ 200 ഓളം വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ഒപ്പം ചേര്‍ത്തുനിര്‍ത്തി നല്ല മാതൃകയുടെ പുതിയ കുപ്പായം തുന്നിയത്. ഓരോ കുട്ടികളെയും രക്ഷിതാക്കളെയും നേരിട്ട് ക്ഷണിക്കുകയായിരുന്നു ഫംന. പിതാവ് അഷറഫും എല്ലാ പിന്തുണയും നല്‍കിയിരുന്നു. പൊന്നാനി സ്‌കോളര്‍ കോളേജില്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ഫംന കോളേജ് യൂണിയനിലും സോഷ്യല്‍ ഫോറത്തിലും സജീവമായിരുന്നു.

ഭിന്നശേഷിക്കാരായതിനാല്‍ പൊതുചടങ്ങുകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന ഇത്തരം കുട്ടികളെയും രക്ഷിതാക്കളെയും ഒപ്പം നിര്‍ത്തിയത് അവര്‍ ദൈവത്തിന്റെ മാലാഖപോല്‍ നിഷ്‌കളങ്കരായതുകൊണ്ടാണെന്ന് ഫംന പറയുന്നു. പൊന്നാനി യു ആര്‍ സി ക്ക് കീഴിലെ 200 ഓളം ഭിന്നശേഷിക്കാരായ കുട്ടികളും വധുവരന്മാര്‍ക്ക് ആശംസകളും ഉപഹാരങ്ങളും നല്‍കിയാണ് യാത്ര പറഞ്ഞത്.

കുട്ടികളെ മധുരം നല്‍കി സ്വീകരിക്കാന്‍ നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞിയും മുന്നിലുണ്ടായിരുന്നു. വധുവിനും വരനും ഒപ്പം നില്‍ക്കാന്‍ ദിവസക്കൂലിക്ക് സുന്ദരികളെയും സുന്ദരന്മാരെയും ഇവന്റ് മാനേജ്‌മെന്റ് വഴി ഇറക്കുന്ന പുതുപുത്തന്‍ കാലത്താണ് നന്മയുടെ നല്ല മാതൃകയായി ഫംന മാതൃകയായത്. ഇതാണ് വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുമെന്ന് പറയുന്നത് . ഇതാണ് ഭൂമിയിലെ സ്വര്‍ഗം.

(ഫഖ്‌റുദ്ധീന്‍ പന്താവൂര്‍)

Comments