വ്യത്യസ്ഥതയും മൗലികതയും അനുഭവിപ്പിച്ച് സിനിമയുടെ ആകാശങ്ങളിലേക്ക് ഉയരത്തില്‍ പറന്ന് പറവ..

വ്യത്യസ്ഥതയും മൗലികതയും അനുഭവിപ്പിച്ച് സിനിമയുടെ ആകാശങ്ങളിലേക്ക് ഉയരത്തില്‍ പറന്ന് പറവ..
Posted by
Story Dated : September 23, 2017

ഇച്ചാപ്പിയും ഹസീബും ഇമ്രാനും കാഴ്ചയില്‍ നിന്ന് മായുന്നില്ല. പറന്നു പറന്നുയര്‍ന്ന പറവകളായി മാറുന്നു എല്ലാരും. മട്ടാഞ്ചേരിയില്‍ മാത്രമല്ല ഇപ്പാച്ചിയും ഹസീബും പൊന്നാനിയിലുമുണ്ട്. പ്രാവുകളെ ജീവനിലേറെ സ്‌നേഹിക്കുകയും അവരിലൂടെ ജീവിക്കുകയും ചെയ്യുന്നവര്‍. സ്‌കൂളുകളക്കാള്‍ അവരും ഇഷ്ടപ്പെടുന്നത് പ്രാവുകളുടെ ലോകം തന്നെ. ഇപ്പാച്ചിയും ഹസീബിലും ഞാന്‍ കണ്ടത് പൊന്നാനിക്കാരായ കുട്ടികളെത്തന്നെയാണ് .

തൊപ്പിവെച്ച്, അഞ്ചു നേരം നിസ്‌കരിച്ച്, യുവാക്കളെ നല്ല രീതിയില്‍ കൊണ്ടുപോകുന്ന ഒത്തിരി ഇമ്രാന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. ഉണങ്ങാത്ത മുറിവായി.. ഒരു നീറ്റലായി ഇമ്രാനെ വരച്ചിടാന്‍ ദുല്‍ഖറിന് കഴിഞ്ഞു.

മുസ്ലിംകളെ ഇത്ര സത്യസന്ധമായി മറ്റൊരു സിനിമയിലും അടയാളപ്പെടുത്തിയിട്ടില്ല. വാര്‍പ്പു മാത്യകയിലുള്ള സിനിമയിലെ മുസ്ലിംകളെ കാണുമ്പോള്‍ ഞാന്‍ ശബ്ദങ്ങളില്ലാതെ ഉച്ചത്തില്‍ പറയാറുണ്ട്. ഞങ്ങള്‍ ഇങ്ങനെയല്ലന്ന്. ഇപ്പോഴിതാ പറവയില്‍ സൗബിന്‍ പതിവുസിനിമാ രീതികളെ തെറ്റിച്ച് യഥാര്‍ത്ഥ മുസ്ലിം സ്വത്വത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു. പരസ്പരം സലാം പറയുന്ന കഥാപാത്രങ്ങള്‍… ബാങ്ക് കൊടുത്താല്‍ പള്ളിയില്‍ പോകുന്നവര്‍.. തേങ്ങാപ്പാലും പത്തിരിയും ബീഫ് കറിയും അടയാളപ്പെടുത്തുന്ന സ്വത്വങ്ങള്‍…. താടിയിലും വെട്ടിച്ചെറുതാക്കിയ മീശയിലും വരെയുണ്ട് അടയാളപ്പെടുത്തലിന്റെ രാഷ്ട്രീയം.

സൗബിന്‍ നിങ്ങള്‍ നല്ലൊരു അഭിനേതാവ് മാത്രമല്ല മികച്ചൊരു സംവിധായകന്‍ കൂടിയാണ്. ഇടയ്ക്ക് തോന്നി മലയാളം സംസാരിക്കുന്ന ഇറാനിയന്‍ സിനിമകാണുകയാണെന്ന്. മലയാള സിനിമാനുഭവത്തില്‍, ‘ആമേന്‍’ എന്ന ചിത്രത്തിനു ശേഷം ഇത്രയും വ്യത്യസ്തതയും മൗലികതയും അനുഭവിച്ച മറ്റൊരു സിനിമയില്ല. ‘പറവ’ നമ്മുടെ സിനിമാനുഭവത്തിന്റെ ഉത്തുംഗത്തില്‍ തന്നെ പറക്കുന്ന കാഴ്ച അതീവ ഹൃദ്യമാണ്. അമല്‍ ഷാ, ഗോവിന്ദ് പൈ എന്നീ കുട്ടികള്‍ (ഇച്ചാപ്പി, ഹസീബ്) ദുല്‍ഖര്‍ സല്‍മാനും (ഇമ്രാന്‍) മുകളില്‍ പറക്കുന്നതും, ‘പറവ’യില്‍ ഏറെ സ്വാഭാവികമാണ്. സ്‌ക്രിപ്റ്റില്‍ മുനീര്‍ അലിയും ഷഹീറും ഒരു ഉജ്ജ്വല കൂട്ടായ്മയാകുന്നുണ്ടെന്നു വേണം പറയാന്‍. സിദ്ദിഖ്, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സ്രിന്‍ഡ അര്‍ഹാന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെല്ലാം തങ്ങളുടെ റോളുകള്‍ ശക്തവും സുന്ദരവുമാക്കിയിരിക്കുന്നു .

മട്ടാഞ്ചേരിയിലെ പ്രാവ് വളര്‍ത്തലും പ്രാവ് പറത്തലും എങ്ങനെ ജീവിതം തന്നെയാകുന്നു എന്നു കൂടി ഈ ചിത്രം പറയാതെ പറയുന്നു. മലയാളം വീണ്ടും പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരു സംവിധായകന്റെ സിനിമ കാണുകയാണിവിടെ. ഒപ്പം, കാസ്റ്റിംഗ് എന്നത് ഒരു കലയാണ് എന്നത് ഈ നവാഗത പ്രതിഭ എത്ര കൃത്യമായാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്!!

മട്ടാഞ്ചേരിയിലെ ഇച്ചാപ്പിയെന്ന ഇര്‍ശാദും, ഹസീബും അവരുടെ സ്‌കൂള്‍ ഡേയ്‌സും എന്തുമാത്രം നാച്വറലാണ്. പ്രാവുകള്‍ക്കൊപ്പം പറന്നുപോകുന്ന ക്യാമറകള്‍ വിസ്മയത്തിന്റെ കടലാഴത്തിലെത്തിക്കും. സൗഹൃദം, പ്രതികാരം, ജിവിതം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഇരുണ്ട ജീവിതങ്ങള്‍… എല്ലാം അടയാളപ്പെടുത്തിയ മനോഹരമായ സിനിമയാണ് പറവ.ദൃശ്യങ്ങള്‍ കൊണ്ട് പൂരിപ്പിക്കുകയാണ് പലയിടങ്ങളിലും.സംഭാഷണങ്ങളേക്കാള്‍ ശക്തമായ ദൃശ്യങ്ങളാല്‍. ഇമ്രാന്‍ ഒരു അടയാളപ്പെടുത്തലാണ് . നമുക്ക് നഷ്ടപ്പെടുന്ന കരുതലുകളുടെ പ്രതീകം .

(ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ .9946025819)

Comments