വന്‍ ആയുധ സഹകരണത്തിനൊരുങ്ങി ചൈനയും പാകിസ്താനും; ആശങ്കയില്‍ ഇന്ത്യ

വന്‍ ആയുധ സഹകരണത്തിനൊരുങ്ങി ചൈനയും പാകിസ്താനും; ആശങ്കയില്‍ ഇന്ത്യ
Posted by
Story Dated : March 17, 2017

ന്യൂഡല്‍ഹി: പാകിസ്താനും ചൈനയും വന്‍ ആയുധ സഹകരണത്തിന് ഒരുങ്ങുന്നു. ബാലിസ്റ്റിക് മിസൈലുകളും, ടാങ്കുകളും ഉള്‍പ്പെടെയുള്ള സൈനിക സഹകരണത്തിനാണ് ഇരു രാജ്യങ്ങളും ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പാക്സൈനിക മേധാവി ബീജിങ്ങിലെത്തി ചൈനയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും, ഇതു സംബന്ധിച്ചുള്ള ധാരണയിലെത്തിയെന്നുമാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാലിസ്റ്റിക് മിസൈലുകളും, ടാങ്കുകളും പാകിസ്താനില്‍തന്നെ നിര്‍മിക്കാനുളള ധാരണയായെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനു പുറമെ ചൈന പാകിസ്താന്‍ അതിര്‍ത്തി സംരക്ഷണത്തിനായി 15,000 ട്രൂപ്പുകളെയാണ് പാകിസ്താന്‍ നിയോഗിച്ചിരിക്കുന്നത്.

ഇതിനുമുന്‍പും യുദ്ധത്തിന് ഉപയോഗിക്കാവുന്ന ഡീസല്‍ ഇലക്ട്രോണിക് മുങ്ങിക്കപ്പലുകള്‍ പാകിസ്താന്‍ ചൈനയില്‍ നിന്നും വാങ്ങാന്‍ ധാരണയുണ്ടാക്കിയിരുന്നു. പാകിസ്താന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നത് ചൈനയാണ്. സൈനിക സഹകരണമടക്കം നിരവധി വിഷയങ്ങളില്‍ പാകിസ്താനെ അന്തര്‍ദേശീയ തലത്തില്‍ പിന്തുണയ്ക്കുന്ന ഏക രാജ്യവും ചൈനയാണ്.

ചൈന, പാകിസ്താന്‍ സൈനിക ബന്ധത്തെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ നോക്കികാണുന്നത്. കാശ്മീര്‍ പ്രശ്നം രൂക്ഷമായിരിക്കെ പാക് ചൈന സൈനിക ബന്ധം ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. ഇരു രാജ്യങ്ങളും തമ്മില്‍ അണ്വായുധ ഇടപാടുകള്‍ നടത്തുകയാണെന്ന ആക്ഷേപം അമേരിക്ക നേരത്തെ ഉന്നയിച്ചിരുന്നു.

Comments