നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ നിന്നും മുഴുവന്‍ വിദ്യാര്‍ത്ഥികളും ഇന്ന് അഞ്ച് മണിക്കുള്ളില്‍ ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം

നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ നിന്നും മുഴുവന്‍ വിദ്യാര്‍ത്ഥികളും ഇന്ന് അഞ്ച് മണിക്കുള്ളില്‍ ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം
Posted by
Story Dated : January 11, 2017

പാമ്പാടി: നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ നിന്നും മുഴുവന്‍ വിദ്യാര്‍ത്ഥികളും ഇന്ന് അഞ്ച് മണിക്കുള്ളില്‍ ഒഴിഞ്ഞു പോവണമെന്ന് വാര്‍ഡന്റെ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ അവസാനിക്കാത്ത സാഹചര്യത്തിലാണ് ഹോസ്റ്റല്‍ അടയ്ക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. രണ്ട് ദിവസം കൂടി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയുണ്ട്. എന്നാല്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ആവശ്യമായി എല്ലാ നിര്‍ദ്ദേശങ്ങളും തങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടുണ്ടെന്നും നാളെയും മറ്റന്നാളുമായി നടത്തേണ്ട പരീക്ഷകള്‍ ജനുവരി 16ന് മാത്രമേ പുനരാരംഭിക്കുകയുള്ളൂവെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.

കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് കോളേജില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും ആക്രമണങ്ങളും കണക്കിലെടുത്ത് കോളജ് ഹോസ്റ്റലും ക്യംപസും തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ കോളേജ് ഹോസ്റ്റല്‍ അടച്ചിടാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും കാണിച്ച് രകോളേജ് അധികൃതര്‍ ഇതിനോടകം തന്നെ രക്ഷിതാക്കളെ വിവരമറിയിച്ചിട്ടുണ്ട്. കോളേജ് അധികൃതരുടെ തീരുമാനത്തോട് സഹകരിക്കണമെന്നും ഇന്ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകണമെന്നുമാണ് രക്ഷിതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. പരീക്ഷ നിലനില്‍ക്കെ ഹോസ്റ്റല്‍ ഒഴിപ്പിക്കുന്നതില്‍ പരാതി ഉയര്‍ത്തിഎസ്എഫ്‌ഐ അടക്കമുള്ള വിദ്യര്‍ത്ഥി സംഘടനകള്‍ ഹോസ്റ്റലിനുള്ളില്‍ പ്രതിഷേധിക്കുകയാണ്.

Comments

error: This Content is already Published.!!