തീയേറ്ററുകളിലെ ദേശീയഗാനം എതിര്‍ക്കപ്പെടേണ്ടതല്ല, അത് സിനിമയോടുള്ള ആദരംകൂടിയാണ്; ദേശീയഗാന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

തീയേറ്ററുകളിലെ ദേശീയഗാനം എതിര്‍ക്കപ്പെടേണ്ടതല്ല, അത് സിനിമയോടുള്ള ആദരംകൂടിയാണ്; ദേശീയഗാന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍
Posted by
Story Dated : December 24, 2016

കൊച്ചി: തീയേറ്ററുകളിലെ ദേശീയഗാനം എതിര്‍ക്കപ്പെടേണ്ട ഒന്നല്ലെന്നും സിനിമയോടുള്ള ആദരംകൂടിയാണ് ഇതെന്നും സൂപ്പര്‍താരം മോഹന്‍ലാല്‍. അഭിപ്രായപ്പെടുന്നു. ഇതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാപ്രദര്‍ശനത്തിന് മുന്‍പ് തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്‍ പ്രതികരണവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയത്.

ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മുന്‍പാണ് തീയേറ്ററുകളിലെ ദേശീയഗാനം നിര്‍ബന്ധമാക്കുന്ന സുപ്രീംകോടതി ഉത്തരവ് എത്തുന്നത്. ഇത് ചലച്ചിത്രമേളയെ എങ്ങനെ ബാധിക്കുമെന്നും തുടര്‍ന്ന് ചര്‍ച്ചകള്‍ ആരംഭിച്ചു. ഐഎഫ്എഫ്‌കെ വേദികളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുറമെ കാണികളില്‍ പലരും ദേശീയഗാനം അടിച്ചേല്‍പ്പിക്കുന്നതിനെതിരേ പ്രതിഷേധവും ആരംഭിച്ചു. ഫെസ്റ്റിവല്‍ പ്രദര്‍ശനവേദിയായ നിശാഗന്ധിയില്‍ മത്സരവിഭാഗം ചിത്രമായ ക്ലാഷ് പ്രദര്‍ശിപ്പിക്കുന്നതിനിടെ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എണീറ്റ്‌നില്‍ക്കാതിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ചലച്ചിത്രമേളയില്‍ ദേശീയഗാനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമലിന്റെ കൊടുങ്ങല്ലൂരിലെ വീടിന് മുന്നില്‍ ബിജെപി പ്രതിഷേധവുമായി എത്തിയിരുന്നു. സിനിമാമേഖലയില്‍ നിന്ന് ഈ വിഷയത്തില്‍ മുന്‍പ് പ്രതികരിച്ച മേജര്‍ രവി, മണിയന്‍പിള്ള രാജു എന്നിവരൊക്കെ സുപ്രീംകോടതി ഉത്തരവിനെ അനുകൂലിച്ചാണ് സംസാരിച്ചിട്ടുള്ളത്. നോവലില്‍ ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന് കാട്ടി എഴുത്തുകാരന്‍ കമല്‍ സി ചവറയ്‌ക്കെതിരെ കേസെടുന്ന പൊലീസ് അദ്ദേഹത്തെ സന്ദര്‍ശിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ നദീറിനെയും കസ്റ്റഡിയിലെടുത്തത് ഏറെ ഒച്ചപ്പാടുകള്‍ക്ക് വഴിവെച്ചിരുന്നു.

Comments

error: This Content is already Published.!!