മനുഷ്യ ശരീരത്തില്‍ തിരിച്ചറിയാതെ പോയ 79ാം അവയവത്തെ ഒടുവില്‍ കണ്ടെത്തി

മനുഷ്യ ശരീരത്തില്‍ തിരിച്ചറിയാതെ പോയ 79ാം അവയവത്തെ ഒടുവില്‍ കണ്ടെത്തി
Posted by
Story Dated : January 5, 2017

ലണ്ടന്‍: നൂറിലേറെ വര്‍ഷങ്ങളായി അനാട്ടമി ക്ലാസുകളില്‍ പഠിപ്പിച്ചിരുന്ന 78 അവയവങ്ങളുടെ വിശദീകരണം ഇനി തിരുത്താം. ശരീരത്തില്‍ 78 അല്ല 79 അവയവങ്ങളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. മനുഷ്യശരീരത്തില്‍ ഇതുവരെ തിരിച്ചറിയാതെ പോയ അവയവത്തെ ഐറിഷ് ശാസ്ത്രജ്ഞരാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

‘മെസെന്ററി’ എന്നാണ് ഈ അവയവത്തിന് നല്‍കിയ പേര്. ഇത്രയും കാലം കാഴ്ചവട്ടത്തു തന്നെ ഉണ്ടായിരുന്നുവെങ്കിലും മെസെന്ററിയെ അവയവമായി കണക്കാക്കിയിരുന്നില്ല. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗമായ അവയവങ്ങളുടെ കൂട്ടമാണ് ഇതെന്നാണ് ഇത്രയും കാലം കരുതിയിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നും ഇത് ഒരൊറ്റ അവയവമാണെന്നും കണ്ടെത്തിക്കഴിഞ്ഞു. ഉദരഭിത്തിയായ പെരിട്ടോണിയത്തോട് കുടലിനേയും മറ്റും ചേര്‍ത്ത് നിര്‍ത്തുന്ന സ്തരങ്ങളുടെ മടക്കുകളാണ് മെസെന്ററി. ലിമറിക് സര്‍വ്വകലാശാലയിലെ സര്‍ജറി പ്രൊഫസര്‍ ജെ കാല്‍വിന്‍ കൊഫീയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ശരീരശാസ്ത്ര രംഗത്തെ സുപ്രധാന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

organ

എന്നാല്‍ ഈ അവയവത്തിന്റെ ധര്‍മ്മം എന്താണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. മെസെന്ററി അവയവമാണെന്ന് തിരിച്ചറിയപ്പെട്ടതോടെ ഇതേ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനായി പുതിയ ശാസ്ത്രശാഖ തന്നെ രൂപീകരിക്കുമെന്ന് ഡോ. കാല്‍വിന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിന്റെ വിശദമായ പ്രബന്ധം ആരോഗ്യ രംഗത്തെ ജേര്‍ണലായ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1500-കളില്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പഠനങ്ങളില്‍ മെസെന്ററിയെ പറ്റി പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ഇത് അവയവമാണെന്ന കണ്ടെത്തല്‍ ഉണ്ടാകുന്നത്. ഈ കണ്ടെത്തലിന്റെ ഗുണഫലമായി ശരീരം അധികം കീറിമുറിക്കാതെ ശസ്ത്രക്രിയ നടത്താനും സങ്കീര്‍ണ്ണതയും ചെലവും കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഉദരരോഗങ്ങളെ ഇനി മെസെന്ററിയെ അടിസ്ഥാനമാക്കിയും വര്‍ഗീകരിക്കാനാകുമെന്നും ഡോ. കാല്‍വിന്‍ കോഫി പറഞ്ഞു.

Comments