ജിഷ്ണുവിന് നീതി ലഭിക്കണം; നെഹ്‌റു കോളേജിന്റെ വെബ്‌സൈറ്റ് തകര്‍ത്ത് മല്ലു ഹാക്കര്‍മാരുടെ പ്രതിഷേധം

ജിഷ്ണുവിന് നീതി ലഭിക്കണം; നെഹ്‌റു കോളേജിന്റെ വെബ്‌സൈറ്റ് തകര്‍ത്ത് മല്ലു ഹാക്കര്‍മാരുടെ പ്രതിഷേധം
Posted by
Story Dated : January 10, 2017

തൃശ്ശൂര്‍: പാമ്പാടി നെഹ്റു കോളേജ് ഓഫ് എഞ്ചനീയറിംഗില്‍ മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി മലയാളി ഹാക്കര്‍മാരും പ്രതിഷേധവുമായി രംഗത്ത്. കേരള സൈബര്‍ വാരിയേഴ്സ് നെഹ്റു കോളേജ് ശൃഖലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് നീതിക്കായി പോരാടാന്‍ ഉറച്ചിരിക്കുന്നത്.

കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് നെഹ്റു കോളേജ് ശൃഖലയുടെ സൈറ്റ് ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തു. ഞങ്ങള്‍ക്ക് ഒരു പ്രതിഭയെ നഷ്ടപ്പെട്ടു. വിദ്യാഭ്യാസം ഇപ്പോള്‍ കച്ചവടം മാത്രമാണെന്ന് കേരള സൈബര്‍ വാരിയേഴ്സ് നെഹ്റു കോളേജ് ശൃഖലയുടെ സൈറ്റില്‍ പോസ്റ്റ് ചെയ്തു. തങ്ങള്‍ തൃപ്തരല്ലെന്നും ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും കേരള സൈബര്‍ വാരിയേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത ജിഷ്ണുവും ഹാക്കിങില്‍ കഴിവുള്ള വിദ്യാര്‍ത്ഥിയായിരുന്നു.

jis

നേരത്തേയും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ തങ്ങളുടേതായ രീതിയില്‍ ഇടപെടലുകള്‍ നടത്തുകയും അവശ്യ സമയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നവരാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഉള്‍പ്പെട്ട മലയാളി ഹാക്കര്‍ സംഘം. തെരുവുനായ വിഷയത്തില്‍ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ വെബ്‌സൈറ്റും ഇവര്‍ ഹാക്ക് ചെയ്ത് പൂട്ടിച്ചിരുന്നു.

ഫേസ്ബുക്കിലെ ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുകയാണ് നിലവില്‍ സൈബര്‍ വാരിയേഴ്‌സ് ഏര്‍പ്പെട്ടിരിക്കുന്ന ദൗത്യം. നേരത്തെ മല്ലു ഹാക്കേഴ്‌സും സൈബര്‍ വാരിയേഴ്‌സും ചേര്‍ന്ന് പാകിസ്താന്‍ സൈറ്റുകളില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ മികച്ച പ്രതികരണ രീതി ആയാണ് പൊതു ജനം വിലയിരുത്തിയത്. പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ സലിംകുമാറും മമ്മൂട്ടിയുമെല്ലാമാണ് കുറച്ചു ദിവസം നിറഞ്ഞു നിന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് പാകിസ്താനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്ത് പാലാരിവട്ടത്തേക്ക് വരെ ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത രസികന്മാര്‍ കൂടിയാണ് മലയാളി ഹാക്കര്‍ സംഘം. അവരാണ് ജിഷ്ണുവിന് നീതിക്കായി തങ്ങളുടെ രീതിയിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

Comments