കൊച്ചി മെട്രോ ഉദ്ഘാടനം മെയ് 30ന്; വിദേശ പര്യടനത്തിന് പോവുന്ന പ്രധാനമന്ത്രിക്ക് എത്താനാവില്ല; പകരം പിണറായി ഉദ്ഘാടനം ചെയ്യും; രാഷ്ട്രീയ ഗൂഢാലോചനയെന്ന് കുമ്മനം

 കൊച്ചി മെട്രോ ഉദ്ഘാടനം മെയ് 30ന്; വിദേശ പര്യടനത്തിന് പോവുന്ന പ്രധാനമന്ത്രിക്ക് എത്താനാവില്ല; പകരം പിണറായി ഉദ്ഘാടനം ചെയ്യും; രാഷ്ട്രീയ ഗൂഢാലോചനയെന്ന് കുമ്മനം
Posted by
Story Dated : May 19, 2017

തിരുവനന്തപുരം: മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ ഉദ്ഘാടനം ഈ മാസം 30 നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദവും. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എത്താന്‍ സാധിക്കില്ലെന്ന് ഉറപ്പായതിനാല്‍ തന്നെമുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

”പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി ഒന്നോ രണ്ടോ ദിവസം വൈകിയാലും പ്രശ്‌നമില്ല. അദ്ദേഹത്തിനു വരാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉദ്ഘാടനം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ല. മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉദ്ഘാടനം നടക്കും”- ഉദ്ഘാടന വാര്‍ത്ത അറിയിച്ചുകൊണ്ട് മന്ത്രി കടകംപള്ളി വ്യക്തമാക്കിയിരുന്നു.

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് 30ന് ഉദ്ഘാടനം നടത്തണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായിരുന്നു. ആലുവയില്‍വച്ചാവും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.

അതേസമയം, മേയ് 29 മുതല്‍ ജൂണ്‍ മൂന്നുവരെ വിദേശ പര്യടനത്തിന് പോവുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനു എത്താനാവില്ലെന്ന് ഉറപ്പായതോടെ ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തി.

പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണ്. ഒന്നരമാസം മുമ്പ് നിശ്ചയിച്ചതാണ്. ജര്‍മനി, സ്‌പെയിന്‍, റഷ്യ രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രിയുടെ യാത്ര. മോഡിയുടെ യാത്ര ഒന്നരമാസത്തോളം മുന്നേ നിശ്ചിയിച്ചിരുന്നതാണെന്ന് ബിജെപി നേതാവായ കെ സുരേന്ദ്രന്‍ പറഞ്ഞു. തികഞ്ഞ അല്‍പത്വമാണ് കേരള സര്‍ക്കാര്‍ കാണിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആരോപിച്ചു.

മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തില്‍ അന്തിമ സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയായി കൊച്ചി മെട്രോ സര്‍വീസിനു സജ്ജമായി കഴിഞ്ഞു. ആദ്യഘട്ട സര്‍വീസിന് ഒന്‍പതു ട്രെയിനുകളാണ് എത്തിയിരിക്കുന്നത്. ഏഴു റേക്കുകളാണു പ്രതിദിന സര്‍വീസിനു വേണ്ടത്. രാജ്യത്ത്, ഏറ്റവും കുറഞ്ഞ സമയം കൊണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന മെട്രോ എന്ന പേരുകൂടി കൊച്ചി മെട്രോയ്ക്കു സ്വന്തമായിരിക്കുകയാണ്.

Comments