മിനിമം ബാലന്‍സ് 500ല്‍ നിന്നും 5000 രൂപയാക്കി ഉയര്‍ത്താനുള്ള എസ്ബിഐ തീരുമാനം: കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമെന്ന് കെകെ രാഗേഷ് എംപി

മിനിമം ബാലന്‍സ് 500ല്‍ നിന്നും 5000 രൂപയാക്കി ഉയര്‍ത്താനുള്ള എസ്ബിഐ തീരുമാനം: കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമെന്ന് കെകെ രാഗേഷ് എംപി
Posted by
Story Dated : March 20, 2017

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലന്‍സ് 500 രൂപയില്‍ നിന്ന് 5000 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം തിരുത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഇന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. മിനിമം ബാലന്‍സ് വര്‍ധിപ്പിക്കുന്നതോടൊപ്പം ഇക്കാര്യത്തില്‍ വീഴ്ച വന്നാല്‍ 20 രൂപ മുതല്‍ 100 രൂപ വരെ പിഴ ഈടാക്കുന്നതിനാണ് എസ്ബിഐ തീരുമാനിച്ചിട്ടുള്ളത്. ഈ തീരുമാനം 31 കോടിയോളം വരുന്ന എസ്ബിഐ ഇടപാടുകാരെ ബാധിക്കും.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്ബിഐ. എന്നിരിക്കെ, എസ്ബിഐയുടെ ഈ തീരുമാനം മറ്റെല്ലാ കമേഴ്സ്യല്‍ ബാങ്കുകളും താമസിയാതെ പിന്തുടരുവാനുള്ള സാധ്യതയുണ്ട്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമാണ് മിക്കവാറും മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ സാധിക്കാതെ വരിക എന്നതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് വളരെയധികം ദോഷകരമാണ് എസ്ബിഐയുടെ തീരുമാനം.

ഒരു ഭാഗത്ത് ബാങ്കിടപാടുകളും ഡിജിറ്റല്‍ ഇടപാടുകളും പ്രോത്സാഹിപ്പിക്കുമ്പോള്‍ മറുഭാഗത്ത് ഇത്തരം ഇടപാടുകള്‍ക്ക് പിഴ ചുമത്തുകയാണ്. സാധാരണക്കാരുടെ ചെറുനിക്ഷേപങ്ങള്‍ ഷെയര്‍മാര്‍ക്കറ്റുകളിലും മറ്റും ഉപയോഗിക്കുന്നതിനുള്ള വലിയ സാധ്യതകളാണ് ഇതുവഴി തുറക്കുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വന്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കിട്ടാക്കടം പെരുകുന്നതാണ് ഇതിന്റെ കാരണം. ബാങ്കുകളില്‍ 11 ലക്ഷം കോടിയിലേറെ കിട്ടാക്കടമുണ്ടെന്നാണ് കണക്ക്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ കടം തിരിച്ചടക്കാത്തതിനാലാണ് പ്രധാനമായും കിട്ടാക്കടം പെരുകിയത്. എന്നാല്‍ ഈ ഘട്ടത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാവുന്നില്ല. 1,14,000 കോടിയുടെ കിട്ടാക്കടമാണ് കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയത്.

കോര്‍പ്പറേറ്റുകള്‍ക്കെതിരായി നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ തുച്ഛമായ നിക്ഷേപങ്ങളുടെ ചിലവില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ജനങ്ങളുടെ ചില്ലിക്കാശുകള്‍ പോലും ബാങ്കുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ മിനിമം ബാലന്‍സ് വര്‍ധിപ്പിക്കുന്ന സമീപനം സ്വീകരിച്ചത്. ഇത് രാജ്യതാല്‍പര്യത്തിനെതിരാണ്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഈ തീരുമാനം റദ്ദ് ചെയ്യിക്കുന്നതിന് ഇടപെടണം എന്ന് ആവശ്യം രാജ്യസഭയില്‍ ഉയര്‍ത്തിയപ്പോള്‍ പ്രതിപക്ഷനിരയില്‍ നിന്നുപോലും അഭൂതപൂര്‍വ്വമായ പിന്തുണയാണ് ലഭിച്ചത്.

Comments