ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് ഇനി മകനായി അസ്മില്‍; കണ്ടു നിന്നവരുടെയെല്ലാം കണ്ണുകള്‍ നനയിച്ച് ജിഷ്ണുവിന്റെ അമ്മയും ആത്മ സുഹൃത്ത് അസ്മിലും

ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് ഇനി മകനായി അസ്മില്‍;  കണ്ടു നിന്നവരുടെയെല്ലാം കണ്ണുകള്‍ നനയിച്ച് ജിഷ്ണുവിന്റെ അമ്മയും ആത്മ സുഹൃത്ത്  അസ്മിലും
Posted by
Story Dated : January 11, 2017

നാദാപുരം: ജിഷ്ണു മരിച്ചെന്നറിഞ്ഞതും ഓടിക്കിതച്ച് വളയം പൂവംവയലിലെ വീട്ടില്‍ എത്തിയ അസ്മില്‍ അവിടെത്തന്നെ ഇരുന്നു. മണിക്കുറുകളോളം…ആത്മമിത്രത്തിന്റെ ഓര്‍മയില്‍ തളര്‍ന്ന് തകര്‍ന്ന്…… ആ അമ്മയുടേയും കുടുംബത്തിന്റെയും അരികെ…..അവസാനം ഉറ്റചങ്ങാതിയെ യാത്രയാക്കി ഏവരും പിരിഞ്ഞു പോയി മണിക്കുറുകള്‍ക്ക് ശേഷമാണ് അസ്മില്‍ ഒന്നെഴുന്നേറ്റത്. ഏറെ നേരം തനിക്കരികില്‍ ഇരുന്ന അസ്മില്‍ വീട്ടില്‍ പോയി വേഗം വരാമെന്നു പറഞ്ഞ് എഴുന്നേറ്റപ്പോള്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ’ ബൈക്കുമെടുത്താണോ പോകുന്നത്?, ശ്രദ്ധിച്ച് ഓടിക്കുമോ മോനേ?’സുഹൃത്തും സഹപാഠിയുമായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട്ടിനകത്തു നിന്നു അസ്മില്‍ പുറത്തേക്കിറങ്ങുമ്പോള്‍ ആ അമ്മ തന്റെ ജീവിച്ചിരിക്കുന്ന മകന്‍ ഇതാണെന്നു പറഞ്ഞു അസ്മിലിനു തുരുതുരാ മുത്തം നല്‍കി.

കണ്ടു നിന്നവരുടെയെല്ലാം കണ്ണുകള്‍ നനഞ്ഞു. പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണുവും കുയ്‌തേരിയിലെ കുനിയില്‍ അമ്മദിന്റെ മകനായ അസ്മിലും തമ്മിലുള്ള സൗഹൃദം പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പഠന കാലത്തു തുടങ്ങിയതാണ്. ഒരു മകനും ഒരു മകളും മാത്രമുള്ള കിണറുള്ള പറമ്പത്ത് അശോകനും മഹിജയ്ക്കും മകനെപ്പോലെയായിരുന്നു അസ്മില്‍.

ജിഷ്ണുവിനെക്കുറിച്ചു നല്ലതു മാത്രം ഓര്‍മിച്ചെടുക്കാനുള്ള അസ്മില്‍ ഇപ്പോള്‍ ഉള്ളിയേരിയില്‍ എംഡിറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥിയാണ്. ജിഷ്ണു മരിച്ചെന്നറിഞ്ഞതും ഓടിക്കിതച്ച് വളയം പൂവംവയലിലെ വീട്ടില്‍ എത്തിയ അസ്മില്‍ അവിടെത്തന്നെ ഇരുന്നു. അസ്മിലിനെ ഇടയ്ക്കിടെ ജിഷ്ണുവിന്റെ അമ്മ മഹിജ വിളിക്കും. തന്റെ അരികില്‍ അവനുണ്ടെന്ന് ഉറപ്പു വരുത്തും.

നേരത്തെ, പാമ്പാടി കോളജില്‍ നിന്ന് ജിഷ്ണുവിന്റെ അന്ത്യ ചടങ്ങുകള്‍ക്കെത്തിയ ഒരു സംഘം വിദ്യാര്‍ഥികള്‍ നേരം ഇരുട്ടിയിട്ടും പൂവംവയലിലെ വീട്ടില്‍ തന്നെ നിന്നിരുന്നു. ജിഷ്ണു കിടന്നുറങ്ങാറുള്ള സ്ഥലത്ത് ഇന്നു തങ്ങളെ കിടന്നുറങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കോളജ് അധികൃതരുടെ കണ്ണുവെട്ടിച്ചാണ് അവര്‍ ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. ‘ഒരു റീത്തു പോലും വയ്ക്കാന്‍ കോളജുകാര്‍ ആരും വന്നില്ല. എങ്കിലും എന്റെ മകനെക്കുറിച്ചു നല്ലതു മാത്രം പറയാനുള്ള സഹപാഠികള്‍ ഒട്ടേറെ പേര്‍ വന്നു. അവര്‍ക്കാര്‍ക്കും ഇനി ഇത്തരം ഒരവസ്ഥയുണ്ടാകരുത്.’ പൊട്ടിക്കരഞ്ഞു കൊണ്ട് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു.

(കടപ്പാട്: മനോരമ ചുറ്റുവട്ടം….)

Comments