പ്രണയ സാക്ഷാത്കാരത്തിന് രാജകുമാരിയുടെ ത്യാഗം; സാധാരണക്കാരനായ കാമുകന് വേണ്ടി രാജകീയ പദവികള്‍ ഉപേക്ഷിച്ച് ജപ്പാന്‍ രാജകുമാരി

പ്രണയ സാക്ഷാത്കാരത്തിന് രാജകുമാരിയുടെ ത്യാഗം; സാധാരണക്കാരനായ കാമുകന് വേണ്ടി രാജകീയ പദവികള്‍ ഉപേക്ഷിച്ച് ജപ്പാന്‍ രാജകുമാരി
Posted by
Story Dated : May 18, 2017

ടോക്കിയോ: പ്രണയത്തിനായി സര്‍വ്വം പരിത്യാഗിയായ ഒരു രാജകുമാരി. ജപ്പാനിലെ മാകോ രാജകുമാരിയാണ് തന്റെ പ്രണയ സഫലീകരണത്തിനായി രാജകീയ പദവികള്‍ പോലും ത്യജിച്ച് സാധാരണക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയുടെ കൊച്ചുമകളായ മാകോയെന്ന 25കാരിയെ ഇനി പ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകമെന്ന് വാഴ്ത്താം.

ജപ്പാനിലെ രാജകുടുംബാംഗങ്ങള്‍ മറ്റ് രാജകുടുംബങ്ങളില്‍ നിന്നോ അല്ലെങ്കില്‍ പ്രമുഖ സമ്പന്ന കുടുംബങ്ങളില്‍ നിന്നു മാത്രമേ വിവാഹം കഴിക്കാറുള്ളൂ. ഇത് ലംഘിക്കുന്നവര്‍ക്ക് രാജപദവികളില്‍ സ്ഥാനം ലഭിക്കുകയില്ല. എന്നാല്‍ പ്രണയത്തിന് തന്റെ സ്ഥാനമാനങ്ങളേക്കാള്‍ വിലകല്‍പ്പിക്കുകയാണ് മാകോ രാജകുമാരി. തന്റെ സഹപാഠിയായ കിയി കൊമുറോയിയെന്ന സാധാരണക്കാരനെ സ്വന്തമാക്കുന്നതിനായി രാജകുമാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു മാകോ.

ടോക്കിയോവിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനിടെയാണ് കിയി കൊമുറോയുമായി മാകോ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടോക്കിയോവിലെ ഷിബുയ റസ്റ്റോറന്റില്‍ വെച്ചുള്ള ഒരു പാര്‍ട്ടിക്കിടെയായിരുന്നു ടൂറിസം വര്‍ക്കറായ കൊമുറോയെ രാജകുമാരി ആദ്യമായി കാണുന്നത്. കടലിനെ സ്‌നേഹിക്കുകയും സ്‌കീയിങ് ചെയ്യുകയും വയലിന്‍ വായിക്കുകയും പാചകം ചെയ്യുകയും ചെയ്യുന്ന കൊമുറയുടെ കഴിവുകളാണ് രാജകുമാരികയെ ആദ്യം ആകര്‍ഷിച്ചത്. കൂട്ടുകാരായ ഇരുവരും പിന്നീട് അടുപ്പത്തിലാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സാധാരണക്കാരനെ വിവാഹം കഴിക്കുന്നതോടെ മാകോയ്ക്ക് രാജകുമാരി സ്ഥാനം നഷ്ടപ്പെടുകയും സാധാരണക്കാരിയായി മാറുകയും ചെയ്യും. എന്നാല്‍ പ്രൗഢമായ ചടങ്ങില്‍ വച്ച് തന്നെയായിരിക്കും മകോയുടെ വിവാഹം നടക്കുകയെന്നാണ് ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക മാധ്യമങ്ങളോട് രാജകുമാരിയുടെ വിവാഹ നിശ്ചയത്തിനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് രാജകുടുംബം വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു മുമ്പ് 2005ലും സമാനമായ വിവാഹം ജപ്പാന്‍ രാജകുടുംബത്തില്‍ നടന്നിരുന്നു. മാകോയുടെ അമ്മാവിയായ സയാകോ രാജകുമാരിയായിരുന്നു ആദ്യമായ് സാധാരണക്കാരിയായ് മാറിയ രാജകുടുംബാംഗം.

Comments