പാരീസില്‍ ഐഎസ് വെടിവെയ്പ്പ്: പോലീസുകാരന്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ക്ക് പരിക്ക്

പാരീസില്‍ ഐഎസ് വെടിവെയ്പ്പ്: പോലീസുകാരന്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ക്ക് പരിക്ക്
Posted by
Story Dated : April 21, 2017

പാരീസ്: ഫ്രാന്‍സിനെ നടുക്കി വീണ്ടും ഐഎസ് ആക്രമണം. മധ്യപാരീസില്‍ ചാമ്പ്സ് ഏലീസിലെ വ്യാപാരമേഖലയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പോലീസ് ബസിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന പോലീസുകാരനാണ് മരിച്ചത്. രണ്ടുപേര്‍ക്ക് വെടിവെയ്പ്പില്‍ ഗുരുതര പരിക്കേറ്റു.

ആക്രമണം നടത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പ്രത്യാക്രമണത്തില്‍ സുരക്ഷാഭടന്മാര്‍ വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വിലയിരുത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.

അക്രമിയെ തിരിച്ചറിഞ്ഞെന്നും, എന്നാല്‍ അന്വേഷണവും റെയ്ഡും നടക്കുന്നതിനാല്‍ ഇയാളുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ ഫ്രാങ്കോയിസ് മോളിന്‍ അറിയിച്ചു. അബു യൂസഫ് അല്‍ ബാല്‍ജികി എന്നയാളാണ് അക്രമിയെന്നാണ് ഒരു ഫ്രഞ്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അക്രമമുണ്ടായത്. വെടിവെയ്പില്‍ മരിച്ച പോലീസ് ഉദ്യോഗസ്ഥനോടുള്ള ആദരസൂചകമായി തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ചു. വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയതായി മുഖ്യസ്ഥാനാര്‍ത്ഥികളായ ഫ്രാങ്കോയിസ് ഫില്ലണ്‍, മാരിന്‍ ലീ പെന്‍, ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവര്‍ അറിയിച്ചു.

Comments