ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും
Posted by
Story Dated : January 4, 2017

മുംബൈ : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എംഎസ്‌കെ പ്രസാദിന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുക്കുക. ബിസിസിഐയുടെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് സെലക്ഷന്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 40 ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഏകദിന നായകന്‍ എംഎസ് ധോണി, വിരാട് കോഹ്‌ലി തുടങ്ങി മുന്‍നിര താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചേക്കും.

ഈ മാസം 10,12 തീയതികളില്‍ ഇന്ത്യയ്‌ക്കെതിരായ പരിശീലന മല്‍സരത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഏകദിന മല്‍സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ജനുവരി 15 ന് പൂണെയിലാണ് ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനം. ജനുവരി 19 ന് കട്ടക്ക്, 22 ന് കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മറ്റ് ഏകദിന മല്‍സരങ്ങള്‍. മൂന്ന് ട്വന്റി20 മല്‍സരങ്ങളും ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കും. അതേസമയം ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിനെയും, സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സുപ്രീം കോടതി പുറത്താക്കിയതിനെത്തുടര്‍ന്നുള്ള അനിശ്ചിതത്വം ഏകദിന, ട്വന്റി20 പരമ്പരയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പരമ്പര ഉപേക്ഷിച്ചേക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം സുപ്രീംകോടതി വിധി മല്‍സരങ്ങളെ ബാധിക്കില്ലെന്നാണ് ലോധ കമ്മിറ്റിയുടെ നിലപാട്. പുതിയ സാഹചര്യത്തില്‍ സ്റ്റേഡിയം ഒരുക്കല്‍ തുടങ്ങി, പ്രസ്സ് മീറ്റിംഗ് അടക്കം എല്ലാത്തിന്റെയും ഉത്തരവാദിത്തം അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ ചുമതലയില്‍ വരും. ലോധ സമിതി നിര്‍ദേശപ്രകാരം എംസിഎ പ്രസിഡന്റ് ശരദ് പവാര്‍ അടക്കം നിരവധി സംസ്ഥാന അസോസിയേഷനുകളിലെ പ്രധാനഭാരവാഹികള്‍ അയോഗ്യരാകുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാനാകും എന്നതാണ് സംസ്ഥാന അസോസിയേഷനെ ചിന്താകുലരാക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Comments

error: This Content is already Published.!!