അവിഹിതബന്ധങ്ങള്‍ വരുന്ന വഴി; യുവതി തന്റെ അനുഭവം വെളിപ്പെടുത്തുന്നു

  അവിഹിതബന്ധങ്ങള്‍ വരുന്ന വഴി;  യുവതി തന്റെ അനുഭവം വെളിപ്പെടുത്തുന്നു
Posted by
Story Dated : March 19, 2017

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയി മാറുമെന്ന് ഒരു ധാരണയുമില്ലായിരുന്നു. ഒരു കോണ്‍ഫറന്‍സില്‍ വെച്ചുണ്ടായ നല്ല സൗഹൃദം മാത്രമായിരുന്നു അത്. ഫോണ്‍ വിളികളും വാട്സ് ആപ്പും പരസ്പരമുള്ള മനസ്സിലാക്കലും പ്രോത്സാഹനവുമൊക്കെയായി ആ ബന്ധം പെട്ടെന്ന് വളര്‍ന്നു. അല്ലറ ചില്ലറ പിണക്കങ്ങളുണ്ടാകാറുണ്ടെങ്കിലും ഭര്‍ത്താവിനോടും രണ്ടു മക്കളോടും എനിക്കു യാതൊരു അകല്‍ച്ചയുമില്ല. അദ്ദേഹത്തിനും ഭാര്യയും കുട്ടികളുമൊക്കെയുള്ളതാണ്. അവര്‍ക്കിടയിലും പ്രശ്നങ്ങളുള്ളതായി പറഞ്ഞിട്ടില്ല. പക്ഷേ, ഏതോ ചില ഘടകങ്ങള്‍ ഞങ്ങളെ അടുപ്പിച്ചു. പലപ്പോഴും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു മുന്നോട്ടുപോയ സൗഹൃദം വല്ലാത്ത ഒരു ആത്മബന്ധമായി നില്ക്കുകയാണിപ്പോള്‍.’

കണ്‍സള്‍ട്ടേഷനു വന്ന ഒരു ഐടി വനിതാരത്നം ഒറ്റശ്വാസത്തിലാണ് ഇത്രയും പറഞ്ഞുതീര്‍ത്തത്. സൂചനയില്‍നിന്നും കാര്യങ്ങള്‍ മനസ്സിലായി. വിഷയം ‘അക്കരപ്പച്ച’തന്നെ. ‘എന്നിട്ടിപ്പോള്‍ എന്താണ് അവസ്ഥ’ ഞാന്‍ ചോദിച്ചു. ‘ഡോക്ടര്‍, വല്ലാത്തൊരു ത്രില്ലും അഭിനിവേശവുമായിരുന്നു ആദ്യമൊക്കെ. എന്റെ കുടുംബത്തെയും മക്കളെയുമൊക്കെ മറന്നതുപോലെയായി മനസ്സിന്റെ അവസ്ഥ. കൗമാരക്കാരെക്കാളും കഷ്ടമായി കാര്യങ്ങള്‍.’

വയസ് 38 ആയെങ്കിലും എപ്പോഴും മറ്റേയാളിന്റെ ശബ്ദം കേള്‍ക്കണം, കാണണം, അടുത്തിരിക്കണം തുടങ്ങിയ പല തലങ്ങളിലേക്കായി ചിന്തകള്‍. വല്ലാണ്ട് പൊസ്സസീവ് ആയിപ്പോയി. ജോലിയിലും വീട്ടിലുമുള്ള ശ്രദ്ധ കുറഞ്ഞു. മുന്‍പില്ലാത്തവിധം ചെറിയ കാര്യങ്ങളിലൊക്കെ വീട്ടില്‍ ഞാന്‍ വഴക്കു തുടങ്ങി. പൊതുവേ സ്വസ്ഥമായിരുന്ന എന്റെ മനസ്സ് അസ്വസ്ഥമാകാന്‍ തുടങ്ങി. ‘എന്തു പറ്റീടി നിനക്ക്, എന്താ ഒരു ടെന്‍ഷന്‍ പോലെ’ ഭര്‍ത്താവ് എപ്പോഴും ചോദിക്കുന്നു. ഹസ്ബന്‍ഡ് ഈ റിലേഷന്‍ കണ്ടുപിടിക്കുമോ, കുടുംബം തകരുമോ എന്ന ചിന്ത മനസ്സില്‍ ആധിയായി വളരാന്‍ തുടങ്ങി. ‘തെറ്റാണ് നീ ചെയ്യുന്നത്’ എന്ന് മനസ്സ് ശകാരിക്കാന്‍ തുടങ്ങി. എന്റെ കുടുംബത്തെ ഞാന്‍ ചതിക്കുകയാണല്ലോ എന്നോര്‍ത്ത് പലപ്പോഴും മനസ്സ് വിങ്ങും.ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന ശൈലിയാണ് ഈ പുസ്തകത്തിനുള്ളതെങ്കിലും മനസ്സിരുത്തിയുള്ള നിരന്തരവായന ഹൃദയത്തെ ആഴത്തില്‍ സ്വാധീനിക്കും.

അത് നമ്മുടെ വ്യക്തിത്വത്തിലെ സഹജമായ നന്മകളെ ഉണര്‍ത്തി നമ്മെ ഒരു പുതിയ മനുഷ്യനാക്കിത്തീര്‍ക്കും. ജീവിതത്തിന്റെ ഏത് ഇരുട്ടില്‍നിന്നും നമ്മെ പിടിച്ചുയര്‍ത്തുന്ന പകാശമാര്‍ന്ന വാക്കുകളും ചിന്തകളും.

പക്ഷേ എത്ര ശ്രമിച്ചിട്ടും ആ റിലേഷന്‍ മറക്കാനോ ഒഴിവാക്കാനോ പറ്റുന്നില്ല. രണ്ടും ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ചു. അപ്പോള്‍ സ്വയം പുച്ഛം തോന്നി. മറ്റേയാളും ചിലപ്പോള്‍ അടുപ്പം കുറയ്ക്കുന്നതുപോലെ. അതും സഹിക്കാന്‍ പറ്റില്ല. ഒരു വശത്തു സ്നേഹനിധിയായ എന്റെ ഭര്‍ത്താവും മക്കളും. മറുവശത്ത് മറ്റൊരു സ്ത്രീക്കു സ്വന്തമായ ആള്‍, അവരുടെ ഭര്‍ത്താവ് എന്റെ കാമുകനായി നില്ക്കുന്നു. തലപെരുത്തുപോവുകയാണ് ആലോചിച്ചാല്‍ അസ്വസ്ഥത കൂടി വട്ടുപിടിക്കും എന്നും തോന്നിയതുകൊണ്ടാണ് ഞാനിവിടെ എത്തിയത്.’

‘മനസ്സു പറയുന്ന പരിഹാരം എന്താണ്’ ഞാന്‍ ചോദിച്ചു. ‘എനിക്കാ ബന്ധം വേണ്ട ഡോക്ടര്‍. എനിക്കിനി എന്റെ മനഃസാക്ഷിയെ വഞ്ചിക്കാനാകില്ല. ഞാനിതുനിര്‍ത്തിയേ പറ്റൂ എന്നു പറഞ്ഞാലും അയാള്‍ ഇപ്പോള്‍ സമ്മതിക്കുന്നില്ല. ബോള്‍ഡ് ആയി നിന്ന് അയാളോട് സംസാരിക്കാനും ഉറച്ച തീരുമാനം എടുക്കാനും എന്റെ മനസ്സിന് ശക്തി വേണം. ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ് ഞങ്ങള്‍ക്ക് സംസാരിച്ച് പരിഹരിക്കണം. എന്നന്നേക്കുമായി ഈ ബന്ധം അവസാനിപ്പിച്ച് എന്റെ ഭര്‍ത്താവിനോട് വിശ്വസ്തയായി എനിക്കു ജീവിക്കണം.’

വിവാഹേതരബന്ധത്തില്‍ മനസ്സു കുരുങ്ങിപ്പോയി വിഷാദത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകളാണിത്. ഇതേ വാക്കുകളും ആശയങ്ങളും വേദനകളും നിസ്സഹായതയും പങ്കുവെച്ചുകൊണ്ടുവരുന്ന പുരുഷന്മാരും സ്ത്രീകളും ഇന്ന് ധാരാളം. ‘പറ്റിപ്പോയി. മനസ്സു കൈവിട്ടുപോയി. അന്തസ്സിനു നിരക്കാത്ത ബന്ധങ്ങള്‍ ജീവിതത്തില്‍ വന്നുഭവിച്ചു, എല്ലാം നിര്‍ത്തണം. ഭാര്യയെയും മക്കളെയും ആത്മാര്‍ഥമായി സ്നേഹിക്കാന്‍ സാധിക്കണം. മനസ്സ് നേര്‍വഴിക്ക് നയിക്കാന്‍ ഡോക്ടറൊന്നു സഹായിക്കണം’ എന്നൊക്കെ അവരും പറയും. കുടുംബന്ധങ്ങളുടെ കെട്ടുറപ്പിനെപ്പറ്റി തെല്ലഹങ്കാരത്തോടെ ചിന്തിച്ചിരുന്ന നമ്മുടെ സംസ്‌കാരം മോഡേണ്‍ ട്രെന്‍ഡിനെ വികലമായി എപ്പോഴോ അനുകരിച്ചു തുടങ്ങിയപ്പോള്‍ പണ്ടേ പേരുകേട്ട ‘വേലിചാട്ടം’ വ്യാപകദുരന്തങ്ങളും, കുടുംബത്തകര്‍ച്ചകളും വിവാഹമോചനവും അസമാധാനവുമെല്ലാം നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കുന്നു.

മദ്യപാനവും പുകവലിയും കഞ്ചാവും മാത്രമാണ് ദുഃശീലങ്ങള്‍ എന്നു വിശ്വസിക്കുകയും വിവാഹേതരബന്ധങ്ങളും വിവാഹപൂര്‍വബന്ധങ്ങളും ‘മികവാ’ണെന്നും ‘സ്മാര്‍ട്്ശീല’ങ്ങളാണെന്നും ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹം സ്വയം ഒരുക്കുന്ന കുരുക്കിലേക്കാണ് സുബോധമില്ലാതെ നീങ്ങുന്നത്. സമാധാനക്കേടും ജീവിതത്തിന്റെ തകര്‍ച്ചയും മാത്രമാണ് ‘വേലിചാട്ട’ത്തിന്റെ ഉറപ്പുള്ള റിസള്‍ട്ട്.

വിവാഹേതരബന്ധത്തിന് കാരണം പലതാണ്. ‘ഞാന്‍ പങ്കാളിയില്‍നിന്നും പ്രതീക്ഷിച്ച കരുതലും സ്നേഹവും എനിക്കു ലഭിച്ചില്ല. ഉള്ളില്‍ സ്നേഹമുണ്ടാകാം. പ്രകടിപ്പിക്കാതെ ഞാനെങ്ങനെ അറിയും. ഞാന്‍ പരിചയപ്പെട്ട മറ്റൊരാള്‍ നിരന്തര കരുതലും അഭിനന്ദനവും സ്നേഹവുമെല്ലാം തന്നപ്പോള്‍ ഏതോ ഘട്ടത്തില്‍ മനസ്സ് കൈവിട്ടു’ എന്നു പറയുന്നവരുണ്ട്. പ്രകടിപ്പിക്കാത്ത സ്നേഹം, കരുതല്‍ എല്ലാം ഒരു വില്ലനാണ്.

തക്കസമയത്ത് സ്വന്തം സ്വഭാവം തിരിച്ചറിഞ്ഞ് മാറ്റിയില്ലെങ്കില്‍ സ്നേഹം കുറഞ്ഞ് പൊരുത്തക്കേടുകള്‍ ആരംഭിക്കും. ഈഗോ ശക്തമാകും. മനസ്സുകള്‍ തമ്മിലകലും. ചിലര്‍ക്കിടയില്‍ കുടുംബപരവും സാമ്പത്തികവുമായ തര്‍ക്കങ്ങള്‍ തുടര്‍ക്കഥകളാകും. ‘കീരിയും പാമ്പും’ കളികള്‍ക്കിടയില്‍ ചീത്തവിളികളും ഏറ്റുമുട്ടലുകളും ‘ആംഗ്രി ബേബീസ്’ നിര്‍ബാധം തുടരും. ഇപ്രകാരമുള്ള നിരന്തരപ്രശ്നങ്ങള്‍ മൂലം അസ്വസ്ഥമാകുന്ന മനസ്സ് പങ്കാളിയെ അറിയാതെ വെറുത്തുപോകും. ആശ്വാസം തേടി സുഹൃത്തുക്കളോട് പ്രശ്നങ്ങള്‍ പങ്കുവെച്ചു തുടങ്ങും. നിങ്ങളെ കേള്‍ക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്ന ആ ആണ്‍-പെണ്‍ സുഹൃത്ത് എന്റെ വേവ്ലെങ്ത്തിലാണെന്ന തോന്നലിലും സഹതാപതരംഗത്തിലും വിഷമം പറയുന്നയാളും കേള്‍ക്കുന്നയാളും തമ്മില്‍ ഒരു ‘ഇത്’ അറിയാതെ അവര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടാം. ഇവരുടെ ‘കാര്‍ കൗണ്‍സലിങ്ങും ‘കോഫി ഷോപ്പ് കൗണ്‍സലിങ്ങും’ ‘റോഡ് സൈഡ് കൗണ്‍സലിങ്ങു’മെല്ലാം അവര്‍ക്കിടയില്‍ തോന്നിയ ആ ‘എന്തോ ഒരു ഇത്’ ഫീലിങ്ങിനെ അടുപ്പമായി വളര്‍ത്താം. ഇങ്ങനെ ‘അറിയാത്ത പണി’ ചെയ്ത്
‘പണി’യായവര്‍ നിരവധി. സഹതാപ പ്രണയരോഗം.

കുടുംബജീവിതത്തിലെ ലൈംഗികപൊരുത്തക്കേടുകളും ലൈംഗികപരീക്ഷണങ്ങള്‍ക്കുള്ള അഭിവാഞ്ഛയും മനസ്സില്‍ ഗൂഢമായി കിടക്കുന്ന ലൈംഗികാഭിനിവേശവുമാണ് മൂല്യബോധത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിയാന്‍ മറ്റു ചിലരെ പ്രേരിപ്പിക്കുന്നത്. ‘ഉദാത്ത സ്നേഹം’ എന്നൊക്കെ പറഞ്ഞടുക്കുന്ന സ്ത്രീ-പുരുഷ മനസ്സില്‍ യഥാര്‍ഥത്തില്‍ സ്നേഹമായിരുന്നില്ല എന്ന് രണ്ടാളും പരസ്പരം വെളിപ്പെടുത്തണമെന്നുമില്ല.

ആകര്‍ഷണത്തിന് പ്രായമില്ല… പദവിയില്ല… കാരണം മനുഷ്യമനസ്സ് എന്നും ചെറുപ്പമാണ്. ശരീരത്തിനു പ്രായമാകുമ്പോഴും മനസ്സിനു കൗമാരംതന്നെയെന്നത്, നിശ്ശബ്ദ് എന്ന ഹിന്ദി ചലച്ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച വൃദ്ധനായ കഥാപാത്രത്തിന് 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആകര്‍ഷണത്തില്‍ വ്യക്തം. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും അടുപ്പവും പ്രണയവും തോന്നാം… നിരന്തരസമ്പര്‍ക്കത്തിലൂടെ. ഏതു സൗഹൃദത്തിലും ബന്ധത്തിലും ‘അഞ്ചടി അഞ്ചിഞ്ച് അകലം’ ഫോര്‍മുലയും വിവേകവും പാലിച്ചില്ലെങ്കില്‍ ‘അറിയാതെ’ ‘പറയാതെ’ സംഭവിക്കുന്ന ചില ശാരീരിക മൃദുസ്പര്‍ശനങ്ങള്‍പോലും മാനസിക അടുപ്പം വര്‍ധിപ്പിച്ചേക്കാം. കുട്ടികളിലും ടീനേജേഴ്സിനും യുവതീയുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ‘അഞ്ചടി അഞ്ചിഞ്ച്’ ഫോര്‍മുല ബാധകം. അവിഹിതബന്ധം ഒരിക്കലും നന്മ സമ്മാനിക്കില്ല. ഒടുക്കം നാശത്തിലായിരിക്കും എന്നു തിരിച്ചറിയുക.

ആത്മീയ അടിത്തറയോടെ മൂല്യബോധത്തിന്റെ ചിറകില്‍, പരസ്പരസ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മനസ്സിലാക്കലിന്റെയും വിശ്വസ്തതയുടെയും തണലില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ദാമ്പത്യധര്‍മം അനുഷ്ഠിച്ച് ജീവിക്കാന്‍ തയ്യാറാകുക എന്നതു മാത്രമാണ് ഏക പോംവഴി. പങ്കാളിക്ക് ‘മറ്റാരോടോ’ ഒരു ബന്ധമോ അടുപ്പമോ, ഉണ്ടെന്നു തോന്നിയാലോ കണ്ടെത്തിയാലോ തകരരുത്. സമചിത്തതയോടെ തുറന്നു സംസാരിക്കുക. സംശയം മനസ്സില്‍ നിറഞ്ഞുപൊട്ടുന്നതിലും നല്ലത് മനസ്സു പതറാതെ, അലമ്പും അടിയുമുണ്ടാക്കാതെ, ഉള്ളിലുള്ള നൊമ്പരം പങ്കാളിയോട് പങ്കുവെച്ച്, കൂടുതല്‍ സ്നേഹത്തോടെ, ക്ഷമയോടെ അയാളെ /അവളെ നിങ്ങളിലേക്ക് തിരികെ കൊണ്ടുവരിക.

(വിപിന്‍ വി. റോള്‍ഡന്റിന്റെ ജീവിത വിജയത്തിലേക്ക് ഒരു യു ടേണ്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Comments

error: This Content is already Published.!!