നീതി ഉറപ്പാക്കാന്‍ ട്രോള്‍ ഗ്രൂപ്പ് ഐസിയുവും: ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ ക്യാംപെയിന്‍

നീതി ഉറപ്പാക്കാന്‍ ട്രോള്‍ ഗ്രൂപ്പ് ഐസിയുവും: ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ ക്യാംപെയിന്‍
Posted by
Story Dated : January 10, 2017

തൃശ്ശൂര്‍: കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ്ക്ക് നീതി ഉറപ്പാക്കാന്‍ ആഹ്വാനങ്ങളുമായി സോഷ്യല്‍ മീഡിയ. മുഖ്യധാര മാധ്യമങ്ങള്‍ പോലും പുറത്തുകൊണ്ടുവരാന്‍ മടിച്ച വാര്‍ത്തയെ പൂര്‍ണമായും പിന്തുടര്‍ന്ന് സ്വതന്ത്ര റിപ്പോര്‍ട്ടിംഗ് നടത്തിക്കൊണ്ടാണ് ജിഷ്ണുവിന് നീതി ലഭ്യമാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക ആവശ്യം ഉയരുന്നത്. ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ ജിഷ്ണുവിന് വേണ്ടി ക്യാംപയിന്‍ ഉയരുന്നത്.

വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ക്യാംപയിന്‍ ഏറ്റെടുത്തിട്ടുണ്ട്. ജിഷ്ണുവിന്റെ ആത്മഹത്യയില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ഐസിയും രംഗത്തെത്തിയിട്ടുണ്ട്. നെഹ്‌റു കോളേജില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളില്‍ തങ്ങള്‍ ഏറെ ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിന് വരെ ഇടയാക്കിയ സംഭവം കൃത്യമായി അന്വേഷിക്കപ്പെടണമെന്നുമാണ് ഐസിയു ഉയര്‍ത്തുന്ന ആവശ്യം. നെഹ്‌റു കോളേജില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കലാലയങ്ങളില്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ഉയരുന്ന പരാതികളെ ഗൗരവകരമായി കാണണമെന്നും ഐസിയു ആവശ്യപ്പെടുന്നു. ഈ വിഷയം ഗൗരവകരമായി കാണാത്ത മാധ്യമങ്ങള്‍ക്കെതിരേയും ഐസിയു വിമര്‍ശനമുന്നയിക്കുന്നുണ്ട്.

സര്‍ക്കാരും മാധ്യമങ്ങളും ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ പരാജയമെന്നും ഐസിയു കുറ്റപ്പെടുത്തുന്നു. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് കൃത്യമായി അന്വേഷണം നടത്തണമെന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപയിനാണ് ഉയരുന്നത്. വാര്‍ത്ത പൂര്‍ണമായും ഫോളോ ചെയ്യാത്ത മാധ്യമങ്ങളെ ട്രോള്‍ രൂപത്തില്‍ അവതരിപ്പിച്ച ശക്തമായ ഭാഷയിലാണ് ഐസിയു അംഗങ്ങള്‍ ഈ വിഷയത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്.

Comments

error: This Content is already Published.!!