ബംഗ്ലാ കടുവകളുടെ ചെറുത്തു നില്‍പ്പ് നിഷ്ഫലം: ഇന്ത്യക്ക് 208 റണ്‍സിന്റെ വിജയം

 ബംഗ്ലാ കടുവകളുടെ ചെറുത്തു നില്‍പ്പ് നിഷ്ഫലം: ഇന്ത്യക്ക് 208 റണ്‍സിന്റെ വിജയം
Posted by
Story Dated : February 13, 2017

ഹൈദരാബാദ്: ബംഗ്ലാദേശ് ടീം തങ്ങള്‍ക്കാവും വിധം ചെറുത്തു നിന്നുവെങ്കിലും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ മുട്ടുകുത്തി. ഹൈദരാബാദ് ഏക ടെസ്റ്റില്‍ ഇന്ത്യക്ക് 208 റണ്‍സിന്റെ വിജയം. ഇന്ത്യയില്‍ കന്നി ടെസ്റ്റ് മല്‍സരം കളിക്കാനെത്തിയ ബംഗ്ലാദേശിനെതിരെ കോഹ്‌ലിയും സംഘവും കരുത്ത് കാണിക്കുകയായിരുന്നു. 459 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് 250 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഒരു സന്ദര്‍ശക ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് ബംഗ്ലദേശിന്റെ 250.

നാലു വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. ഇഷാന്ത് ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തി. നീണ്ട 10 ഇന്നിങ്‌സുകള്‍ക്കുശേഷം അര്‍ധസെഞ്ചുറി നേടിയ മഹ്മൂദുല്ലയാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍.

അവസാന ദിവസമായ ഇന്ന് ബംഗ്ലദേശിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 356 റണ്‍സ്. പൊരുതി നോക്കാനുറച്ച് ടെസ്റ്റ് റാങ്കില്‍ ഒമ്പതാം സ്ഥാനത്തുള്ള ബംഗ്ലാദേശും എത്രയും വേഗം വിജയം കൈപ്പിടിയിലൊതുക്കാന്‍ മോഹിച്ച് ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും ആഞ്ഞുപൊരുതിയതോടെ മല്‍സരം ആവേശകരമായി. ഇന്ത്യന്‍ വിജയം തടയാനായില്ലെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ 100ല്‍ അധികം ഓവറുകളാണ് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബോളര്‍മാരെ ചെറുത്തുനിന്നത്.

ഇന്ത്യ സ്വന്തമാക്കുന്ന തുടര്‍ച്ചയായ ആറാം ടെസ്റ്റ് പരമ്പരയാണിത്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്‌ലി പരാജയമറിയാതെ പിന്നിടുന്ന തുടര്‍ച്ചയായ 19-ാം ടെസ്റ്റുമാണിത്.

സ്‌കോര്‍: ഇന്ത്യ ആറിന് 687 ഡിക്ലയേര്‍ഡ്, നാലിന് 159 ഡിക്ലയേര്‍ഡ് ബംഗ്ലദേശ് 388, 250.

അര്‍ധസെഞ്ചുറി നേടിയ മഹ്മൂദുല്ലയുടെ (64) നേതൃത്വത്തിലായിരുന്നു ബംഗ്ലദേശിന്റെ ചെറുത്തുനില്‍പ്. 149 പന്തില്‍ ഏഴു ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു മഹ്മൂദുല്ലയുടെ ഇന്നിങ്‌സ്. ഷാക്കിബ് അല്‍ ഹസന്‍ (50 പന്തില്‍ 22), ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹിം (44 പന്തില്‍ 23), സാബിര്‍ റഹ്മാന്‍ (61 പന്തില്‍ 22), മെഹദി ഹസന്‍ (61 പന്തില്‍ 23), ടൈജുല്‍ ഇസ്ലാം (23 പന്തില്‍ ആറ്) തുടങ്ങിയവരെല്ലാം ബംഗ്ലദേശിനായി ഭേദപ്പെട്ട പ്രകടനം നടത്തി.

Comments