ഹൈദരാബാദ് ടെസ്റ്റ്: ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍; വിജയ്‌യിക്കും കോഹ്‌ലിക്കും സെഞ്ച്വറി

ഹൈദരാബാദ് ടെസ്റ്റ്: ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍; വിജയ്‌യിക്കും കോഹ്‌ലിക്കും സെഞ്ച്വറി
Posted by
Story Dated : February 9, 2017

ഹൈദരാബാദ്: മുരളി വിജയ്‌യുടേയും കോഹ്‌ലിയുടെയും സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ ശക്തമായ നിലയില്‍. ഹൈദരാബാദ് ടെസ്റ്റില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 356 റണ്‍സ് എന്ന നിലയിലാണ്. മുരളി വിജയും അര്‍ധ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുമാണ് ടീമിന് മികച്ച സ്‌കോറിലേക്ക് നയിച്ചത്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ലോകേശ് രാഹുലിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ മുരളി വിജയും ചേതേശ്വര്‍ പൂജാരയും കൂടി ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. മുരളി വിജയ് 149 പന്തിലാണ് സെഞ്ച്വറി തികച്ചത്. 11 ഫോറും ഒരു സിക്സും സഹിതമാണ് വിജയുടെ ഇന്നിംഗ്സ്. സെഞ്ച്വറി നേടിയതിനു പിന്നാലെ താജുല്‍ ഇസ്ലാമിന്റെ പന്തില്‍ ബൗള്‍ഡ് ആയി മുരളി വിജയ് (108) പുറത്താവുകയായിരുന്നു.

അതേസമയം 130 പന്തില്‍ 10 ഫോറും നാല് സിക്സും സഹിതമാണ് വിരാട് കോഹ്‌ലി സെഞ്ച്വറി തികച്ചത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ കോഹ്ലി 111 റണ്‍സുമായി ക്രീസിലുണ്ട്. 45 റണ്‍സുമായി അജങ്ക്യ രഹാനെയാണ് നായകന് ക്രീസില്‍ കൂട്ട്.

പൂജാര 83 റണ്‍സെടുത്ത് പുറത്തായി. 177 പന്തില്‍ ഒന്‍പത് ഫോറിന്റെ സഹായത്തോടെയാണ് പൂജാര 83 റണ്‍സെടുത്തത്.
ബംഗ്ലാദേശിനെതിരെ ഒരൊറ്റ ടെസ്റ്റ് മാത്രമുളള പരമ്പരയാണിത്. നേരത്തെ ഇന്ത്യ എയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശ് സമനില വഴങ്ങിയിരുന്നു.

Comments

error: This Content is already Published.!!