വധൂവരന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത: വിസയില്ലാതെ മധുവിധു ആഘോഷിക്കാവുന്ന പതിനൊന്നു രാജ്യങ്ങള്‍

 വധൂവരന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത:  വിസയില്ലാതെ മധുവിധു ആഘോഷിക്കാവുന്ന പതിനൊന്നു രാജ്യങ്ങള്‍
Posted by
Story Dated : April 21, 2017

വിവാഹത്തേക്കാള്‍ വധൂവരന്മാര്‍ കൊതിയോടെ കാത്തിരിക്കുന്ന കാലമാണ് മധുവിധുക്കാലം. അതുവരെ അപരിചിതരായിരുന്ന തങ്ങള്‍ക്ക് അന്യോന്യം മനസിലാക്കാനും ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെക്കാനുമുള്ള ഈ സമയം ഏതെങ്കിലും സുന്ദരഭൂവില്‍ തനിച്ചായിരിക്കണമെന്നതാണ് ഏതൊരു പ്രണയിനികളുടെയും മോഹം. ഉള്ളിലെ പ്രണയത്ത തൊട്ടുണര്‍ത്തുന്ന ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഹണിമൂണ്‍ കേന്ദ്രങ്ങളെ വേറിട്ടുനിര്‍ത്തുന്നത്.

അത്തരം ചില ഹണിമൂണ്‍ ലൊക്കേഷന്‍സ് ആണ് താഴെ.

ശ്രീലങ്ക

ഇന്ത്യയുടെ തെക്കേ അറ്റത്ത് അതിശയങ്ങളുടെ ഒരു മായികപ്രപഞ്ചം ഉള്ളിലൊളിപ്പിച്ച് ശാന്തസമുദ്രത്തില്‍ മയങ്ങുന്ന വര്‍ണ്ണദ്വീപ്. സമ്പന്നമായ സംസ്‌കാരവും ആതിഥ്യമര്യാദകളും ശ്രീലങ്കയെ വിനോദസഞ്ചാരികളുടെ ഇഷ്ടദേശമാക്കുന്നു. വശ്യമാര്‍ന്ന പ്രകൃതിയും നുരഞ്ഞ് പതഞ്ഞ് അലസമായി തിരയടിക്കുന്ന ബീച്ചുകളും എന്തിനേക്കാളും ഏറെ രുചികരമായ ഭക്ഷണവുമാണ് ശ്രീലങ്കയുടെ പ്രധാന ആകര്‍ഷണങ്ങള്‍.

തായ്‌ലാന്റ്

ഇന്ത്യക്കാര്‍ കൂടുതലായും തെരഞ്ഞെടുക്കുന്ന ഹണിമൂണ്‍ ലൊക്കേഷന്‍സില്‍ ഒന്നാണ് തായ്‌ലാന്റ്. ആകര്‍ഷകങ്ങളായ ബീച്ചുകളുടെയും രുചിഭേദങ്ങളുടെയും നാട്. പേരുകേട്ട ഷോപ്പിംഗ് കേന്ദ്രം കൂടിയാണ് തായ്‌ലാന്റ്് തലസ്ഥാനമായ ബാങ്കോക്. ഓണ്‍ അറൈവല്‍ വിസയില്‍ 15 ദിന താമസസൗകര്യമാണ് തായ്‌ലാന്റ് നല്‍കുന്നത്. സുവര്‍ണ്ണ ക്ഷേത്രം, ആനസവാരി, പുകറ്റിലെയും ക്രാബിയിലെയും ദ്വീപ് സമൂഹം, ഗ്രാന്‍ഡ് പാലസ്, കാവോ ഐ ദേശീയോദ്യാനം എന്നിവയാണ് തായ്‌ലാന്റിലെ പ്രധാന ആകര്‍ഷണങ്ങള്‍.

മൗറീഷ്യസ്

‘സ്വര്‍ഗ്ഗത്തേക്കാള്‍ മുമ്പ് പണികഴിക്കപ്പെട്ടതാണ് മൗറീഷ്യസ്, അതിനുശേഷം ഉണ്ടാക്കിയ മൗറീഷ്യസിന്റെ പകര്‍പ്പാണ് സ്വര്‍ഗ്ഗം’ ഒരു നൂറ്റാണ്ട് മുമ്പ് വിഖ്യാത കഥാകാരന്‍ മാര്‍ക് ട്വയിന്റെ വാക്കുകളാണിത്. പക്ഷേ അപ്പറഞ്ഞതില്‍ ഒട്ടും അതിശയോക്തി ഇല്ലെന്ന് അവിടം സന്ദര്‍ശിച്ചവരെല്ലാം അടിവരയിട്ട് പറയുന്നു. സ്വര്‍ഗമെന്നാല്‍ മൗറീഷ്യസാണെന്നാണ് പറഞ്ഞാലും തെറ്റില്ല. ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരുന്ന നീലത്തിരമാലകള്‍ അലയടിക്കുന്ന തൂവെള്ള മണല്‍ വിരിച്ച ബീച്ചുകള്‍, ശാന്ത സമുദ്രത്തിലേക്ക് വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ആഢംബര റിസോര്‍ട്ടുകള്‍, വന്യജീവി സങ്കേതങ്ങള്‍, ദ്വീപ് കാഴ്ചകള്‍, മനം കവരുന്ന രുചിഭേദങ്ങള്‍ എന്നിങ്ങനെ നിങ്ങളുടെ ഹണിമൂണ്‍ ലൊക്കേഷനായി മൗറീഷ്യസിനെ തെരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ അനവധിയാണ്.

മാലിദ്വീപ്

മാലിദ്വീപിലേക്കാണ് ഹണിമൂണെങ്കില്‍ വിവാഹം എത്രയും പെട്ടന്ന് കഴിഞ്ഞെങ്കിലെന്ന് കൊതിച്ചുപോകുന്നതാണ് അവിടുത്തെ കാഴ്ചകള്‍. മനോഹരമായ ബീച്ചുകള്‍, നീലത്തടാകങ്ങള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങി ആരും കൊതിക്കുന്ന വസന്തമാണ് മാലിദ്വീപ് ഒരുക്കുന്നത്. കണ്ണെത്താത്ത നീലപ്പരപ്പിനെ സാക്ഷിയാക്കി കയ്യിലൊരു കോക്‌ടെയ്‌ലുമേന്തി പ്രണയിനിയെ നെഞ്ചോടു ചേര്‍ക്കാന്‍ മാലിദ്വീപ് നിങ്ങളെ വിളിക്കുന്നു. ഓണ്‍ അറൈവല്‍ വിസയില്‍ 30 ദിവസം താമസമാണ് മാലിദ്വീപ് നല്‍കുന്ന ഓഫര്‍.

നേപ്പാള്‍

മാനം മുട്ടുന്ന മലനിരകള്‍, അതിഥികള്‍ക്ക് നിറമനസ്സോടെ ആതിഥ്യമരുളുന്ന ജനത, ക്ലബ്ബുകള്‍, കഫേ, കാസിനോകള്‍ ചരിത്രം കൊത്തിവെച്ചിരിക്കുന്ന നിര്‍മ്മിതികള്‍. കാലങ്ങള്‍ക്കു മുമ്പേ ഇന്ത്യക്കാരുടെ ഇഷ്ട മധുവിധു കേന്ദ്രമാക്കി നേപ്പാളിനെ മാറ്റുന്നത് ഇങ്ങനെ പലതുമാണ്. സംസ്‌കാരത്തിലും രാഷ്ട്രീയത്തിലുമടക്കം ഏറെ സമാനതകളുള്ള രാജ്യങ്ങളാണ് ഇന്ത്യയും നേപ്പാളും.

ഭൂട്ടാന്‍

ശാന്തവും സുന്ദരവുമായ ഒരിടത്താണ് മധുവിധുക്കാലം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഭൂട്ടാനിലേക്ക് പോകുക. പര്‍വ്വതങ്ങള്‍ക്കിടയില്‍ പ്രശാന്ത സുന്ദരമായി നിലകൊള്ളുന്ന സുന്ദരഭൂവാണ് ഭൂട്ടാന്‍. മധുവിധുക്കാരുടെ കാല്‍പ്പനിക ഭൂമി മാത്രമല്ല ഭൂട്ടാന്‍ അല്‍പം സാഹസികത ഇഷ്ടപ്പെടുന്ന നവദമ്പതിമാര്‍ക്കായി പര്‍വ്വത കായിക വിനോദങ്ങളും ഭക്ഷണപ്രിയര്‍ക്കായി കൊതിയൂറുന്ന രുചിഭേദങ്ങളും ഭൂട്ടാന്‍ ഒരുക്കുന്നു.

ഇന്തോനേഷ്യ

17,000 ദ്വീപുകള്‍, അതില്‍ എണ്ണായിരത്തോളം ദ്വീപുകളില്‍ ആള്‍ത്താമസം, അവിടങ്ങളില്‍ സംസാരിക്കുന്ന ഭാഷകളുടെ എണ്ണമാകട്ടെ 700ലധികവും. ഈ വിസ്മയ ഭൂമി ഇന്തോനേഷ്യയാണ്. എണ്ണിയാലൊടുങ്ങാത്ത സാഹസികതകളുടെയും അഗ്‌നിപര്‍വ്വതങ്ങളുടെയും നാട്. വൈവിധ്യങ്ങളായ സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, കാഴ്ചകള്‍, കലാരൂപങ്ങള്‍, രുചിഭേദങ്ങള്‍,പക്ഷിമൃഗാദികള്‍ തുടങ്ങി ഇന്തോനേഷ്യയില അതിശയങ്ങള്‍ അനവധിയാണ്. ഒരു രാജ്യമാണെങ്കിലും ഓരോ ദ്വീപുകളിലെയും ജനസഞ്ചയം അന്യോന്യം തീര്‍ത്തും വ്യത്യസ്തരാണ്.

ഹോങ്കോങ്

ഷോപ്പിംഗ്, ഭക്ഷണം, വിനോദം, റൊമാന്‍സ്. നാഗരികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഹണിമൂണിനായി ഹോങ്കോങിലേക്ക് പോകാം. വിക്ടോറിയ കൊടുമുടി, ഹോങ്കോങ് ഡിസ്‌നിലാന്‍ഡ്, ലേഡീസ് മാര്‍ക്കറ്റ്, സ്റ്റാര്‍ ഫെറി, ബുദ്ധ ക്ഷേത്രം തുടങ്ങിയ കാഴ്ചകളുമായി ഹോങ്കോങ് നിങ്ങളെ കാത്തിരിക്കുന്നു. തുറമുഖത്തിനു ചുറ്റും പരന്നുകിടക്കുന്ന നഗരത്തിന്റെ രാത്രികാഴ്ചകള്‍ വിസ്മയം കൊള്ളിക്കുന്നവയാണ്.

ഫിജി ദ്വീപുകള്‍

ദക്ഷിണ പസഫിക് സമുദ്രത്തില്‍ ഓസ്‌ട്രേലിയയോടും ന്യൂസിലാന്‍ഡിനോടും ചേര്‍ന്ന് കിടക്കുന്ന ഉഷ്ണമേഖല ദ്വീപ്‌സമൂഹമാണ് ഫിജി. വശ്യതയാര്‍ന്ന ബീച്ചുകള്‍, കടലിനടിയിലെ വിസ്മയകാഴ്ചകള്‍, വിശേഷ സംസ്‌കാരം, സാഹസിക വിനോദങ്ങള്‍ തുടങ്ങി ഫിജിയിലെ വിനോദ കാഴ്ചകള്‍ അനവധിയാണ്. കടല്‍കാഴ്ചകള്‍ വിവരണാതീതം. പക്ഷിനീരിക്ഷകരുടെയും ഹൈക്കേഴ്‌സിന്റെയും വനസഞ്ചാരികളുടെയും സ്വര്‍ഗം.

ജമൈക്ക

നവദമ്പതികളേ, തൂവെള്ള മണല്‍വിരിച്ച് ജമൈക്കന്‍ കടല്‍ത്തീരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. കരീബിയന്‍ കിരീടത്തിലെ മുത്താണ് ജമൈക്ക. വിശ്വപ്രസിദ്ധ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയുടെ നാട്. സമ്പന്നമായ സസ്യ ജന്തു വര്‍ഗ്ഗങ്ങളെ ഉള്‍ക്കൊള്ളുന്ന ജൈവവൈവിധ്യം ജമൈക്കയുടെ പ്രത്യേകതയാണ്. പര്‍വ്വതങ്ങളും വെള്ളിച്ചില്ല് തെറിപ്പിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും ചുവന്ന മണ്ണും പ്രത്യേക സംസ്‌കാരവും ജമൈക്കയെ മറ്റിടങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. സംഗീതം ജമൈക്കയുടെ ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഏത് കോണില്‍ ചെന്നാലും കേള്‍ക്കാം റെഗ്ഗേ സംഗീതത്തിന്റെ അലയടികള്‍.

കെനിയ

വന്യതയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഹണിമൂണിനായി കെനിയയിലേക്ക് പോകാം. വനയാത്രകള്‍ക്കൊപ്പം പര്‍വ്വതങ്ങളിലൂടെയും ബീച്ചുകളിലൂടെയും സഞ്ചരിക്കാം. ഓണ്‍ അറൈവല്‍ വിസയില്‍ 90 ദിവസത്തെ താമസമാണ് കെനിയ നല്‍കുക.

Comments

error: This Content is already Published.!!