സാമ്പത്തിക തട്ടിപ്പുകളും വിദേശത്തെ സാമ്പത്തിക ഇടപാടുകളും; അന്വേഷണം ദിലീപിന് പിന്നാലെ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ള മറ്റു നടന്‍മാരിലേക്കും

സാമ്പത്തിക തട്ടിപ്പുകളും വിദേശത്തെ സാമ്പത്തിക ഇടപാടുകളും; അന്വേഷണം ദിലീപിന് പിന്നാലെ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ള മറ്റു നടന്‍മാരിലേക്കും
Posted by
Story Dated : July 15, 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മലയാള സിനിമയിലെ അനധികൃത സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച അന്വേഷണം സൂപ്പര് താരങ്ങളടക്കം കൂടുതല്‍ പേരിലേക്ക്. ഇവരുടെ സ്വത്തു വിവരങ്ങളും വിദേശത്തെ സാമ്പത്തിക ഇടപാടുകളും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു തുടങ്ങി. നടന്‍ ദീലീപിന്റെ സ്വത്തിടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.

സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്ന ചിലരുടെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ശേഖരിച്ച്, പുതുതായി ലഭിച്ച വിവരങ്ങളുമായി ഒത്തുനോക്കുന്ന നടപടികളാണു പുരോഗമിക്കുന്നത്. മലയാളത്തിലെ ചില ചലച്ചിത്രപ്രവര്‍ത്തകരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു മൂന്നു വര്‍ഷം മുന്‍പു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല. പിന്നീട് നോട്ട് നിരോധനകാലയളവില്‍, സിനിമാക്കാര്‍ക്കിടയില്‍നിന്നു തന്നെ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഗള്‍ഫില്‍ സിനിമാപ്രവര്‍ത്തകരുമായി ബന്ധമുള്ള ചില ആളുകള്‍ വാങ്ങിയ ഫ്‌ലാറ്റുകള്‍, ഉല്ലാസ നൗകകള്‍, നിക്ഷേപങ്ങള്‍ എന്നിവയാണ് അന്വേഷിച്ചത്. ഗള്‍ഫിലെ ചില കേന്ദ്രങ്ങള്‍ സിനിമാപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെടുന്നതിനു പിന്നിലെ കാരണങ്ങളും ഏജന്‍സികള്‍ അന്വേഷിച്ചു. ഇതിന്റെ തുടര്‍ച്ചയായാണു കൊച്ചി കേന്ദ്രീകരിച്ചു കൂടുതല്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ തീരുമാനിച്ചിരിക്കുന്നത്.

കൊച്ചി കേന്ദ്രമായി നടക്കുന്ന ഹവാല ഇടപാടുകളെ സംബന്ധിച്ചു പല പരാതികളും നേരത്തെ ലഭിച്ചിരുന്നെങ്കിലും അന്വേഷണം ഫലപ്രദമായിരുന്നില്ല. പഴയ ഹവാല ഇടപാടുകളെ സംബന്ധിച്ച കേസുകളുടെ ഫയലുകള്‍ ഏജന്‍സികള്‍ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. പള്‍സര്‍ സുനി സാമ്പത്തിക ഇടപാടുകളിലെ ഒരു ചെറിയ കണ്ണി മാത്രമാണെന്നാണ് ഏജന്‍സികളുടെ നിഗമനം. എന്നാല്‍, മറുവശത്ത് പ്രതീക്ഷിക്കാത്ത ചിലരുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. ഗള്‍ഫിലേതടക്കം സുനിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് തീരുമാനം.

Comments

error: This Content is already Published.!!