പ്രവാസികള്‍ക്ക് തിരിച്ചടി; ദുബായിയില്‍ ഡ്രൈവിങ് ലൈസന്‍സ് കാലാവധി ഇനി അഞ്ചു വര്‍ഷം; ശാരീരിക ക്ഷമതയും തെളിയിക്കണം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബായിയില്‍ ഡ്രൈവിങ് ലൈസന്‍സ് കാലാവധി ഇനി അഞ്ചു വര്‍ഷം; ശാരീരിക ക്ഷമതയും തെളിയിക്കണം
Posted by
Story Dated : April 17, 2017

ദുബായ് : പ്രവാസികളെ കുരുക്കിലാക്കി യുഎഇയില്‍ പുതിയ ഫെഡറല്‍ ട്രാഫിക് നിയമപരിഷ്‌കാരങ്ങള്‍. വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമാക്കാന്‍ തീരുമാനിച്ചു. പുതുതായി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് ആദ്യം രണ്ടുവര്‍ഷം കാലാവധിയുള്ള ലൈസന്‍സായിരിക്കും നല്‍കുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പുതിയ ഫെഡറല്‍ ട്രാഫിക് നിയമ ഭേദഗതിയിലാണ് ഇതുസംബന്ധിച്ചുള്ള വിശദീകരണമുള്ളത്. പത്തു വര്‍ഷം കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് ഇതുവരെ നല്‍കിയിരുന്നത്. ജൂലായ് മുതല്‍ ആദ്യ ലൈസന്‍സുകളുടെ കാലാവധി രണ്ടു വര്‍ഷമായിരിക്കും.

വിദേശികള്‍ നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സ് പുതുക്കുമ്പോള്‍ അഞ്ചു വര്‍ഷത്തേക്കാണ് നല്‍കുക. സ്വദേശികള്‍ക്ക് പത്തു വര്‍ഷം കാലാവധിയുള്ള ഡ്രൈവിങ് ലൈസന്‍സ് നല്‍കും. ഡ്രൈവര്‍ തസ്തികയില്‍ ജോലിചെയ്യേണ്ടവര്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ശാരീരികക്ഷമത തെളിയിക്കുന്ന സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടിവരും. രാജ്യത്തെ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും ഇതിനായി വൈദ്യപരിശോധന പൂര്‍ത്തിയാക്കണം. ഗതാഗതവകുപ്പും ആരോഗ്യ കേന്ദ്രങ്ങളും തമ്മില്‍ ഓണ്‍ലൈന്‍ ബന്ധിപ്പിച്ചാണ് ഇതു നടപ്പാക്കുകയെന്നു ദുബായ് പൊലീസ് ഉപമേധാവിയും ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ മേധാവിയുമായ മേജര്‍ മുഹമ്മദ് സൈഫ് അല്‍സഫീന്‍ അറിയിച്ചു.

സുരക്ഷിതമായി വാഹനമോടിക്കുന്നതിനു തടസ്സമാകുന്ന രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഡ്രൈവര്‍ ജോലി ചെയ്യാന്‍ സാധിക്കില്ല. ഇത്തരം രോഗങ്ങളുടെ പട്ടിക അധികൃതര്‍ പ്രസിദ്ധപ്പെടുത്തും. ജോലിയെ പ്രതികൂലമായി ബാധിക്കുന്ന നിശ്ചിത രോഗങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം മെഡിക്കല്‍ കേന്ദ്രങ്ങള്‍ ഗതാഗത വകുപ്പിനെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. രോഗത്തിന്റെ ഗൗരവം അനുസരിച്ചും വൈദ്യ പരിശോധനാഫലം അവലംബിച്ചുമായിരിക്കും ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കുക. രോഗം ഭേദമാകുന്നവരെ ചിലപ്പോള്‍ താത്കാലിക വിലക്ക് ആയിരിക്കും ഏര്‍പ്പെടുത്തുകയെന്നും സഫീന്‍ പറഞ്ഞു.
അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നത്. പലവിധ രോഗങ്ങള്‍ അലട്ടുന്നവര്‍ വാഹനമോടിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. അപസ്മാരം, പ്രമേഹം എന്നിവയ്ക്ക് പുറമെ ഹൃദയരോഗങ്ങളും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതില്‍ നിന്നും തടയുന്ന പട്ടികയിലുണ്ടെന്നാണ് സൂചന.

ലൈസന്‍സ് നേടാനുള്ള പ്രായപരിധി പതിനേഴ് വയസ്സായി കുറയ്ക്കുന്നത് സംബന്ധിച്ചുളള നിര്‍ദേശത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. പാര്‍പ്പിട മേഖലകളിലെ റോഡുകളിലെ പരമാവധി വേഗം മണിക്കൂറില്‍ 40 കി. മീ. ആക്കി ചുരുക്കിയിട്ടുണ്ട്. യുഎഇയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വാഹങ്ങളുടെ ആധിക്യം അഞ്ചു ശതമാനം കൂടിയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് 33.91 ലക്ഷത്തിലധികം വാഹനങ്ങളുണ്ട്. പതിനായിരം വാഹനങ്ങളില്‍ പതിനാല് എന്ന തോതിലാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. യുഎഇയില്‍ താമസിക്കുന്നവരില്‍ ഏകദേശം 45 ശതമാനത്തിനും ഡ്രൈവിങ് ലൈസന്‍സുണ്ട്.

Comments