വാട്‌സ്ആപ്പ് ഏറ്റെടുക്കല്‍ :തെറ്റായ വിവരം സമര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിന് 800 കോടി രൂപ പിഴ

 വാട്‌സ്ആപ്പ് ഏറ്റെടുക്കല്‍ :തെറ്റായ വിവരം  സമര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിന്  800 കോടി രൂപ പിഴ
Posted by
Story Dated : May 19, 2017

വാഷിങ്ടണ്‍ : വാട്‌സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തെറ്റായ വിവരം സമര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിന് 11 കോടി യൂറോ (800 കോടി രൂപ) പിഴ. 2010ലാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. 2014 ലാണ് 1930 കോടി യുഎസ് ഡോളര്‍ മുടക്കി ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ ഏറ്റെടുത്തത്. യൂറോപ്യന്‍ യൂണിയനാണ് ഫേസ്ബുക്കിന് പിഴ ചുമത്തിയത്. മനപൂര്‍വമായല്ല തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരണം.

ഏറ്റെടുക്കുന്ന സമയത്ത് ഫേസ്ബുക്ക് അക്കൗണ്ടുകളും വാട്‌സാപ്പ് അക്കൗണ്ടുകളും ബന്ധിപ്പിക്കാനുള്ള സംവിധാനം കൊണ്ടുവരില്ലെന്നാണ് ഫേസ്ബുക്ക് ഉറപ്പുനല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയത്. എന്നാല്‍, കഴിഞ്ഞ ഓഗസ്റ്റില്‍ സ്വകാര്യതാനയത്തില്‍ വാട്‌സാപ്പ് കൊണ്ടുവന്ന മാറ്റം ഇതിനെതിരാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തിയിട്ടുള്ളത്.

2016ല്‍ വാട്‌സ്ആപ്പ് ഫോണ്‍ നമ്പര്‍ ഫേസ്ബുക്കുമായി ബന്ധിപ്പിക്കുന്ന അപ്‌ഡേഷന്‍ കൊണ്ടുവന്നതോടെയാണ് യൂറോപ്യന്‍ യൂണിയന്‍ നിയമനടപടി സ്വീകരിച്ചത്. ഇത് ഉപഭോക്താക്കളുടെ സ്വകാര്യത ഹനിക്കുന്നതാണ്. അതേസമയം, അന്വേഷണത്തില്‍ സഹകരിച്ചതായും തെറ്റായവിവരങ്ങള്‍ നല്‍കിയത് മനഃപൂര്‍വമല്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്റെ എല്ലാ നിയമങ്ങളും കമ്പനികള്‍ പാലിക്കണമെന്ന സന്ദേശമാണ് പിഴയിലൂടെ നല്‍കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ കോംപറ്റീഷന്‍ കമ്മിഷണര്‍ പറഞ്ഞു. പിഴയോടുകൂടി നടപടികള്‍ അവസാനിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതായും ഫേസ്ബുക്ക് അറിയിച്ചു.

Comments

error: This Content is already Published.!!