വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക, ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുക: ഈ ശീലം അസുഖങ്ങളില്ലാത്ത ജീവിതം സമ്മാനിക്കും

വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക, ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുക: ഈ ശീലം അസുഖങ്ങളില്ലാത്ത ജീവിതം സമ്മാനിക്കും
Posted by
Story Dated : March 9, 2017

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

അസുഖങ്ങളില്ലാത്ത ജീവിതം കേവലം സ്വപ്നം മാത്രമാകുന്ന കാലമാണിത്. നമ്മുടെ ലൈഫ് സ്‌റ്റൈല്‍ മാറ്റിയാല്‍തന്നെ അസുഖങ്ങളില്ലാതെ ശരിയായ ആരോഗ്യത്തോടെ നമുക്ക് ജീവിക്കാനാവും.

ശാരീരികവും മാനസികവും സാമ്പത്തികവും ആത്മീയവുമായ സുഖകരമായ അവസ്ഥയാണ് ആരോഗ്യം. അക്യുപങ്ങ്ച്ചര്‍ മുന്നോട്ടുവെക്കുന്ന ജീവിതശൈലി സ്വീകരിക്കാന്‍ തയ്യാറായാല്‍ അസുഖങ്ങളില്ലാതെതന്നെ ജീവിക്കാം.
ഇതിന് ആദ്യം വേണ്ടത് താഴെ പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക എന്നതാണ് .

1. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക
2. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുക .
3. ഭക്ഷണമായാലും വെള്ളമായാലും അത് ആസ്വദിച്ച് കഴിക്കുകയും കുടിക്കുകയും ചെയ്യുക .
4. രാത്രി 9 നും പത്തിനുമിടയില്‍ ഉറങ്ങി പുലര്‍ച്ച മൂന്നിനും നാലിനുമിടക്ക് എഴുന്നേല്‍ക്കുന്ന ശീലം കൊണ്ടുവരിക.
5. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ മോശമാക്കും .
6. രാത്രിയില്‍ വിശപ്പ് ശക്തമാണെങ്കില്‍ വേവിക്കാത്ത പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കാം .ഇളനീരും നല്ലതാണ് .
7. ക്ഷീണം വന്നാല്‍ വിശ്രമിക്കുക.ഈ സമയങ്ങളില്‍ ജ്യൂസോ ,കഞ്ഞിയോ കുടിക്കാതിരിക്കുക .

നമുക്ക് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതിലെ പ്രധാനഘടകം ഭക്ഷണമാണല്ലോ. അത് വിശക്കുമ്പോള്‍ മാത്രമെ കഴിക്കാവൂ. ശരീരത്തിനൊരു ഭാഷയുണ്ട്. അത് മനസ്സിലാക്കി ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഇഷ്ടമുള്ളത് കഴിക്കാം. ഇഷ്ടമുള്ളയത്രയും കഴിക്കരുത്. ആസ്വദിച്ച് നന്നായി ചവച്ചരച്ച് ഉമിനീരിനൊടൊപ്പം ഭക്ഷണം ഇറക്കുന്ന ശീലമാണ് വേണ്ടത്.. ഇതാണ് അക്യുപങ്ച്ചര്‍ മുന്നോട്ടുവെക്കുന്നത്.

ദാഹിക്കുമ്പോള്‍ മാത്രമെ കുടിക്കാവൂ. ദാഹം മൂന്ന് തരത്തിലാണ്.ചുണ്ടിന്റെ ദാഹം , നാവിന്റെ ദാഹം , തൊണ്ടയുടെ ദാഹം .ചുണ്ടിന്റെ ദാഹം മുഖം കഴുകുന്നതോടെ ശമിക്കും .നാവിന്റേത് വായിലൊന്ന് വെള്ളം നിറക്കുന്നതോടെ പമ്പകടക്കും. തൊണ്ടയുടെ ദാഹത്തിന് വെള്ളം കുടിക്കുകതന്നെ വേണം .പച്ചവെള്ളം തന്നെ കുടിക്കണം .മറ്റു വെള്ളങ്ങള്‍ കുടിച്ച് തീര്‍ക്കരുത് .പുലര്‍ച്ചയില്‍ ഒരു ദാഹവുമില്ലാതെ ഒരു കപ്പ് വെള്ളം കുടിക്കുന്നവരുണ്ട് .അത് ശരിയായ ആരോഗ്യം ഉണ്ടാക്കുകയില്ല .ആവശ്യമില്ലാതെ വെള്ളം കുടിക്കുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും .ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ ശരീരം തന്നെ വെള്ളം ആവശ്യപ്പെടും .അപ്പോള്‍ മാത്രം കുടിക്കുക . ഒട്ടും ദാഹിക്കാതെ രാവിലെ വെറും വയറ്റില്‍ ഒരു കപ്പ് നിറയെ വെള്ളം കുടിക്കുന്നത് അക്യുപങ്ച്ചര്‍ ജീവിതശൈലി പ്രകാരം ആരോഗ്യം വര്‍ധിപ്പിക്കുന്ന ഒന്നല്ല .ദാഹിക്കുമ്പോള്‍ മാത്രമെ കുടിക്കാവൂ അതാണ് അടിസ്ഥാന നിയമം .ഓരോരുത്തരും വ്യത്യസ്തരാണ് .ഭക്ഷണവും വെള്ളവും ഒരേ അളവില്‍ കഴിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ കാര്യമില്ല .

ഈ രീതി പിന്തുടര്‍ന്നാല്‍ പട്ടിണി കിടക്കാതെതന്നെ അമിതവണ്ണം കുറക്കാം . പലരും വണ്ണം കുറക്കാന്‍ പട്ടിണി കിടക്കുകയാണ് .ഇഷ്ടഭക്ഷണം ഉപേക്ഷിക്കുന്നു മറ്റു ചിലര്‍ .ഇനി അതൊന്നും വേണ്ട . ഇഷടഭക്ഷണം ആസ്വദിച്ച് വിശക്കുമ്പോള്‍ മാത്രം കഴിക്കുക .ഇഷ്ടമുള്ളയത്രയും കഴിക്കാതിരുന്നാല്‍ മതി.അല്‍പ്പസമയം കൊണ്ട് കൂടുതല്‍ ഭക്ഷണം കഴിക്കുന്ന രീതി നല്ലതല്ല . ഭക്ഷണശേഷം അമിതമായി കഴിച്ചു എന്ന കുറ്റബോധവും മാനസിക സമ്മര്‍ദ്ധവും ആരോഗ്യത്തെ വഷളാക്കും . കഴിക്കുന്ന ഭക്ഷണം എന്തുമാകട്ടെ അത് തനിക്ക് ആരോഗ്യപ്രദമാണെന്ന് വിശ്വസിച്ച് ആസ്വദിച്ച് കഴിച്ചുനോക്കൂ.. മൂന്ന് ദിവസം കൊണ്ട് നിങ്ങളുടെ ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങും .

രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കരുത് . രാത്രി വൈകി ഉറങ്ങുന്നവര്‍ക്ക് വീണ്ടും വിശക്കാനും തുടങ്ങും. മൂന്ന് മണിക്ക് എഴുന്നേല്‍ക്കണം. വിശപ്പ് ഉണ്ടെങ്കില്‍ അപ്പോള്‍ കഴിക്കാം. നന്നായൊന്നു കുളിച്ച് പ്രാര്‍ത്ഥിച്ച് മെഡിറ്റേഷനൊക്കെ ചെയ്ത് .. വ്യായാമങ്ങള്‍ മുടക്കാതിരുന്നാല്‍ സൗന്ദര്യം വര്‍ധിക്കുമെന്ന് മാത്രമല്ല അസുഖങ്ങള്‍ നിങ്ങളെ തേടി വരില്ല. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടിയാല്‍ നിങ്ങള്‍ അസുഖങ്ങളെ ക്ഷണിച്ച് വരുത്തകയാണ് .

പ്രത്യേക ഭക്ഷണത്തോട് അമിതമായ താല്‍പ്പര്യമുള്ളവരുണ്ട് . മാനസിക പരിശീലനത്തിലൂടെ ഇത് മാറ്റിയെടുക്കണം . വയറ് നിറഞാലും ഇഷ്ടഭക്ഷണം കണ്ടാല്‍ ഇവര്‍ വിടില്ല . ഭക്ഷണം നന്നായി ചവച്ചരച്ച് ഉമിനീര് ചേര്‍ത്ത് കഴിച്ചാല്‍ അമിതമായി കഴിക്കാന്‍ തോന്നുകയില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത് . നന്നായി ചവച്ചരക്കുമ്പോള്‍ താടിയെല്ലുകള്‍ക്ക് പണി കൂടും .ഇതിന് ആയാസം കിട്ടാന്‍ തലച്ചോറ് ഭക്ഷണം മതിയെന്ന സന്ദേശമാണ് നല്‍കുക .

(മാധ്യമപ്രവര്‍ത്തകനും ,അധ്യാപകനും ,സൈക്കോളജിസ്റ്റുമാണ് ലേഖകന്‍. 9946025819)

Comments