എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന തസ്നീമിന്റെ മരണം: ചികിത്സിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന തസ്നീമിന്റെ മരണം: ചികിത്സിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Posted by
Story Dated : April 21, 2017

എറണാകുളം: കളമശേരി മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന തസ്നീമിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സിച്ച ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഡോ. ജില്‍സ് ജോര്‍ജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡോക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ചികിത്സാ പിഴവുമൂലമാണ് ഷംന മരിച്ചതെന്ന് ആരോപണം തുടക്കം മുതല്‍ തന്നെ ശക്തമായിരുന്നു.

2016 ജൂലായ് 18നു രണ്ട് ദിവസമായി തുടരുന്ന പനിക്ക് ചികിത്സ തേടി ഷംന പഠിക്കുന്ന കോളേജില്‍ തന്നെ ചികിത്സയ്ക്കായെത്തിയത്. ഷംനയെ പരിശോധിച്ച ഡോക്ടര്‍ ജില്‍സ് ജോര്‍ജ്ജ് അലര്‍ജി സാധ്യത കൂടുതലുള്ള സെഫ്ട്രിയാക്സോണ്‍ എന്ന ആന്റിബയോട്ടിക്ക് കുറിച്ചു നല്‍കിയതാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്ന് സാഹചര്യത്തില്‍ നേരത്തെ ജോയിന്റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സമിതി സംഭവം അന്വേഷിച്ചു വരികയായിരുന്നു. അന്വഷണ റിപ്പോര്‍ട്ട് അന്നത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനു കൈമാറിയിരുന്നു. എന്നിട്ടും ചികിത്സാപിഴവ് ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടപടിയുണ്ടായില്ല എന്ന ആരോപണവും ഷംനയുടെ കുടുംബം ഉയര്‍ത്തിയിരുന്നു.

സാധാരണ പനി ബാധിച്ച് ചികിത്സ തേടിയെത്തിയ ഷംന കുത്തിവെപ്പിനു ശേഷം കടുത്ത അസ്വസ്ഥത അനുഭവിച്ചിരുന്നതായാണ് സഹപാഠികള്‍ പറയുിന്നത്. അഡ്മിറ്റ് ചെയ്ത വാര്‍ഡില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും ചികിത്സ വൈകാന്‍ കാരണമായി. 20മിനിറ്റ് വൈകിയാണ് ഷംനയെ ഐസിയുവിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Comments