നാനോ ടാറ്റയ്ക്ക് നല്‍കിയത് നഷ്ടങ്ങള്‍ മാത്രം;നിലനിര്‍ത്തിയത് വൈകാരിക കാരണങ്ങള്‍ കൊണ്ടെന്നും സൈറസ് മിസ്ത്രി

നാനോ ടാറ്റയ്ക്ക് നല്‍കിയത് നഷ്ടങ്ങള്‍ മാത്രം;നിലനിര്‍ത്തിയത് വൈകാരിക കാരണങ്ങള്‍ കൊണ്ടെന്നും സൈറസ് മിസ്ത്രി
Posted by
Story Dated : December 5, 2016

മുംബൈ: ടാറ്റാ മോട്ടോഴ്‌സിന് രാജ്യാന്തരതലത്തില്‍ ഏറെ പ്രശംസ നേടികൊടുത്ത ലോകത്തെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ കാറായ ടാറ്റ നാനോയ്‌ക്കെതിരെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി. നാനോ കമ്പനിക്ക് കനത്ത നഷ്ടം മാത്രമാണുണ്ടാക്കിയതെന്നും വൈകാരിക കാരണങ്ങള്‍ കൊണ്ടുമാത്രമാണ് ടാറ്റ നാനോയുടെ നിര്‍മ്മാണം നിര്‍ത്താതിരുന്നതെന്നും മിസ്ത്രി പറയുന്നു. ടാറ്റ സണ്‍സിനും ടാറ്റ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

നാനോ പ്രോജക്ട് വലിയ നഷ്ടമാണെന്നും പതിനായിരം കോടിയോളം നഷ്ടം ഇത് സൃഷ്ടിച്ചെന്നും അദ്ദേഹത്തിന്റെ കത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഒരു ലക്ഷം രൂപയ്ക്കു താഴെ കാര്‍ എന്നായിരുന്നു ആശയമെങ്കിലും കാര്‍ നിര്‍മാണത്തിന് അതില്‍ക്കൂടുതല്‍ ചെലവു വന്നിരുന്നു. നാനോ അവസാനിപ്പിക്കുക മാത്രമാണ് നഷ്ടം കുറയ്ക്കാനുള്ള വഴി. എന്നാല്‍ വൈകാരിക കാരണങ്ങളാല്‍ അതു നടക്കുന്നില്ല. മിസ്ത്രി പറയുന്നു.

‘ടാറ്റ നാനോ അടച്ചുപൂട്ടുന്നതിനുള്ള മറ്റൊരു വെല്ലുവിളി രത്തന്‍ ടാറ്റയ്ക്ക് ഷെയറുള്ള ഒരു ഇലക്ട്രിക് കാര്‍ കമ്പനിക്കായുള്ള നാനോ ഗ്ലൈഡേഴ്സിന്റെ വിതരണം നിലയ്ക്കുമെന്നതാണ്’ മിസ്ത്രി കത്തില്‍ പറയുന്നു. ടാറ്റയുടെ പല തീരുമാനങ്ങളും തെറ്റായിരുന്നെന്നും സുതാര്യതയില്ലാത്തതായിരുന്നെന്നും മിസ്ത്രി കത്തില്‍ ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ യൂറോപ്പ്, ടാറ്റ പവര്‍ മുന്ദ്ര, ടാറ്റ ടെലിസര്‍വീസസ് എന്നീ അഞ്ചു കമ്പനികള്‍ ഉണ്ടാക്കിയിട്ടുള്ള കടബാധ്യത അതിഭീമമാണെന്നും 1,18,00 കോടി രൂപയെങ്കിലും എഴുതിതള്ളേണ്ടി വരുമെന്നും സൈറസ് മിസ്ത്രി ആരോപിക്കുന്നുണ്ട്.

Comments