പി കൃഷ്ണദാസിന്റെ അറസ്റ്റ്: വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്ന് പോലീസിന് കോടതിയുടെ വിമര്‍ശനം

പി കൃഷ്ണദാസിന്റെ അറസ്റ്റ്: വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്ന് പോലീസിന് കോടതിയുടെ വിമര്‍ശനം
Posted by
Story Dated : March 20, 2017

കൊച്ചി: ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയും നെഹ്‌റൂ ഗ്രൂപ്പ് ചെയര്‍മാനുമായ പി കൃഷ്ണദാസിനെ അറസ്റ്റുചെയ്തതില്‍ പോലീസിനു ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്നു പറഞ്ഞ കോടതി പരാതിക്കാരനില്ലാത്ത ആരോപണങ്ങളാണു പോലീസിനുള്ളതെന്നും അറസ്റ്റ് ദുരുദ്ദേശ്യപരമെന്നു സംശയിക്കുന്നുവെന്നും വ്യക്തമാക്കി.

തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെങ്കില്‍ നടപടിയുണ്ടാകും. കോടതിയെ വിഡ്ഢിയാക്കുന്ന പോലീസുകാരെ എന്തു ചെയ്യണമെന്നു കോടതിക്ക് അറിയാമെന്നും ജഡ്ജി വ്യക്തമാക്കി. അതേസമയം, പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു നാളത്തേക്കു മാറ്റി.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കം അഞ്ചുപേരെ പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് വാണിയംകുളം പികെ ദാസ് മെമ്മോറിയല്‍ ആശുപത്രിയില്‍നിന്നാണു കൃഷ്ണദാസിനെ പിടികൂടിയത്. ലക്കിടി കോളജ് പിആര്‍ഒ വത്സലകുമാര്‍, നിയമോപദേശക സുചിത്ര, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായികാധ്യാപകന്‍ ഗോവിന്ദന്‍ കുട്ടി എന്നിവരെയാണു തൃശൂര്‍ റൂറല്‍ എസ്പി വിജയകുമാറിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.

ജിഷ്ണു കേസിനു സമാനമായ മര്‍ദ്ദനമാണ് ഈ കേസിലുമുണ്ടായത്. കോളജിലെ അനധികൃത പണപ്പിരിവിനെതിരെ പരാതി നല്‍കിയതിനു കോളജിലെ ഇടിമുറിയിലെത്തിച്ചു മര്‍ദ്ദിച്ചു. കൃഷ്ണദാസാണു മര്‍ദ്ദനത്തിനു നേതൃത്വം നല്‍കിയതെന്നും പോലീസ് അറിയിച്ചു.

Comments

error: This Content is already Published.!!