സ്‌നേഹത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ഈസ്റ്റര്‍

സ്‌നേഹത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ഈസ്റ്റര്‍
Posted by
Story Dated : April 16, 2017

കൊച്ചി: ലോകത്തിന് പ്രത്യാശയുടെ സന്ദേശം നല്‍കി ഇന്ന് ഈസ്റ്റര്‍.ലോകരക്ഷകനായ യേശുദേവന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മപുതുക്കി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡകള്‍ സഹിച്ച് യേശു കുരിശു മരണം വരിച്ചതിന്റെ മൂന്നാംനാള്‍ മരണത്തെ ജയിച്ച് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മകള്‍ പുതുക്കിയാണ് ക്രൈസ്തവരുടെ ഈസ്റ്റര്‍ ആഘോഷം.

ഓശാന ഞായര്‍മുതല്‍ ആരംഭിച്ച വിശുദ്ധവാരത്തിന് ഈസ്റ്റര്‍ ഞായറാഴ്ച പുലര്‍ച്ചെ നടന്ന ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങളോടെ സമാപനമായി. ഉയര്‍പ്പിനെ വരവേല്‍ക്കാനുള്ള ആത്മീയ ഒരുക്കത്തിന്റെ ഭാഗമായി നടന്ന അമ്പതുനാള്‍നീണ്ട നോമ്പാചരണവും സമാപിച്ചു. വിശുദ്ധവാരത്തില്‍ ദേവാലയങ്ങളില്‍ ധ്യാനവും കുമ്പസാരവും നടന്നു. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്.

അഭയാര്‍ഥികളോടും നിരാലംബരോടും അനുകമ്പ പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ദിന സന്ദേശം നല്‍കി. ആയിരങ്ങള്‍ ഒത്തുചേര്‍ന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കി. കത്തിച്ചുപിടിച്ച മെഴുകുതിരിയുമായെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കെന്ന സന്ദേശത്തോടെയാണ് പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

mrpa

ലോകത്തിലെ അഭയാര്‍ഥികളെയും ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളെയും നിരാലംബരെയും മാര്‍പാപ്പ പ്രഭാഷണത്തിനിടെ അനുസ്മരിച്ചു. അനീതിയുടെയും ക്രൂരതയുടെയും ഇരകളായവരെ കണ്ടില്ലെന്ന് നടിക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനിലെ വിശുദ്ധകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിയത്.

സംസ്ഥാനത്തെ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു. മരണത്തെ കീഴടക്കി യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഹ്ലാദവുമായി ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നടത്തും. ദിവ്യബലി, കുര്‍ബാന, ഉയിര്‍പ്പിന്റെ ശുശ്രൂഷ, ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍, നമസ്‌കാരം എന്നിവ വിവിധ പള്ളികളില്‍ നടക്കും. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി വിശ്വാസികള്‍ മെഴുകുതിരികള്‍ കത്തിച്ചു.

ക്രൈസ്തവഭവനങ്ങളില്‍ കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ചുകൂടുന്ന അവസരംകൂടിയാണ് ഈസ്റ്റര്‍. ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തി നോമ്പുമുറയ്ക്കും, കള്ള് ഒഴിച്ച് പുളിപ്പിച്ചുണ്ടാക്കുന്ന അപ്പവും ഇറച്ചിക്കറിയുമാണ് നോമ്പുവീടലിനായി ഒരുക്കുന്ന പ്രധാനവിഭവം.

Comments