Don’t wash jean Chip Bergh  Levi’s CEO
Posted by
08 June

ജീന്‍സ് എന്നും കഴുകല്ലേ ! പ്രമുഖബ്രാന്‍ഡ് ലിവൈസിന്റെ സിഇഒ പറയുന്നത് ശ്രദ്ധിക്കൂ

ന്യൂയോര്‍ക്ക്:ജീന്‍സ് ദിവസവും കഴുകുന്ന ആളുകള്‍ പൊതുവെ കുറവാണ്. മാസത്തിലെങ്കിലും ജീന്‍സ് കഴികിക്കൂടെ എന്ന് കളിയാക്കുന്നവരും ഇല്ലാതില്ല. എന്നാല്‍, ഇതില്‍ നീരസം തോന്നിയിട്ടൊന്നും കാര്യമില്ല. ജീന്‍സ് കഴുകാതിരിക്കുന്നതാണ് നല്ലത്. ലോകപ്രശസ്ത ജീന്‍സ് ബ്രാന്റ് ലിവൈസിന്റെ സിഇഒ ചിപ് ബെര്‍ഗ് ആണ് ജീന്‍സ് കഴുകരുതെന്ന് നിര്‍ദ്ദേശിക്കുന്നത്.സാധാരണ നമ്മളെന്താണ് ചെയ്യുന്നത്? ജീന്‍സിട്ട് പുറത്തു പോകും. തിരിച്ചു വന്നാല്‍ ജീന്‍സൂരി അലയ്ക്കാന്‍ കൊടുക്കുകയോ വാഷിങ് മെഷീനില്‍ ഇടുകയോ ചെയ്യും. ഇത് അബദ്ധമാണ്. അപൂര്‍വമായി മാത്രമേ ജീന്‍സ് കഴുകേണ്ടതുളളൂവെന്നും ചിപ് ബെര്‍ഗ് പറയുന്നു.

ജീന്‍സ് തുടരെ തുടരെ കഴുകുന്നത് പെട്ടെന്ന് നാശമാകുന്നതിന് കാരണമാകും. എന്നാല്‍ ചെളി പറ്റുകയാണെങ്കിലോ? എല്ലായിടത്തും ചെളി പറ്റിയില്ലെങ്കില്‍ ജീന്‍സ് കഴുകേണ്ടതില്ല. ചെളി പറ്റിയ ഭാഗം മാത്രം വൃത്തിയാക്കിയാല്‍ മതി. ഇതുവഴി വെള്ളം പാഴാകുകയും ചെയ്യില്ല. താന്‍ ഇത്തരത്തിലാണ് ചെയ്യുന്നതെന്നും അ്‌ദേഹം പറഞ്ഞു.

Nose ring special story
Posted by
07 June

കണ്ണില്‍ കത്തിയാളുന്ന ഒറ്റക്കല്ല് മൂക്കുത്തി

കന്യാകുമാരി മുതല്‍ കശ്മീര്‍വരെയുളള പരമ്പരാഗത വിവാഹ ആഭരണങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് മൂക്കുത്തി.മൂക്കുത്തിയിട്ടിരിക്കുന്നതൊക്കെ കാണാന്‍ രസം തന്നെ എന്നാല്‍ നല്ലവണ്ണം ശ്രദ്ധ വേണ്ട കാര്യമാണ് മൂക്കു കുത്തുക എന്നത്. മൂക്കുകുത്തും മുന്‍പും അതു കഴിഞ്ഞും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുമുണ്ട്.

മൂക്കു കുത്തി പരിചയമുളള തട്ടാന്റെയടുത്തു കുത്തുന്നതാണ് ഏറ്റവും നല്ലത്, നാഡീ ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുത്താന്‍ അവര്‍ക്കറിയാം. ചില ഡോക്ടര്‍മാരും മൂക്കുകുത്തി കൊടുക്കുന്നുണ്ട്. ബ്യൂട്ടിപാര്‍ലറുകളില്‍ പോയി ഷൂട്ട് ചെയ്യിക്കുന്നതിനു മുന്‍പ് ഇക്കാര്യത്തിലുളള പരിചയവും വൃത്തിയും ഉറപ്പാക്കിയിട്ട് മാത്രം പോയാല്‍ മതി.

മൂക്കു കുത്തിക്കഴിഞ്ഞ് സ്വര്‍ണം തന്നെ ഇടാന്‍ ശ്രദ്ധിക്കണം. മറ്റു ലോഹങ്ങള്‍ 70 ശതമാനം ആളുകള്‍ അലര്‍ജിയോ ഇന്‍ഫെക്ഷനോ ഉണ്ടാക്കും. അസ്വസ്ഥതകള്‍ തോന്നിയാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. സ്വയം ചികിത്സ പാടില്ല.മൂക്കു കുത്തിക്കഴിഞ്ഞാല്‍ കുത്തിയ ഭാഗം ഇടയ്ക്കിടയ്ക്ക് തൊട്ടു നോക്കുന്നത് ഒഴിവാക്കണം. തൊടുന്നതനുസരിച്ച് മുറിവുണങ്ങാന്‍ വൈകും.മുറിവ് പൂര്‍ണമായി ഉണങ്ങാതെ മൂക്കുത്തി ഇളക്കി മാറ്റരുത്. മാറ്റിയാല്‍ മൂക്കിലിട്ട തുള വേഗം അടഞ്ഞുപോകും.

മൂക്കു കുത്തിയിട്ട് തല തുവര്‍ത്തുമ്പോഴും മുടി ചീകുമ്പോഴും ഒക്കെ ശ്രദ്ധിക്കണം. മുടിയും കൈയും തട്ടി മൂക്കുത്തി വലിഞ്ഞ് വേദനയുണ്ടാകും. ചിലപ്പോള്‍ ചോര പൊടിഞ്ഞെന്നും വരാം.മൂക്കുകുത്തി ഒരു വിധം ഉണങ്ങുന്നതു വരെ മലര്‍ന്നു കിടന്ന് ഉറങ്ങുന്നതാണ് നല്ലത്. തലയിണയിലും ഷീറ്റിലും തട്ടി മൂക്കുത്തി വലിയാതിരിക്കും.മുഖം തുടയ്ക്കുമ്പോഴും തലവഴി ഉടുപ്പിടുമ്പോഴും മറ്റും മൂക്കുത്തി എവിടെയും ഉടക്കാതിരിക്കാന്‍ ശ്രമിക്കുക.ഒരു തരത്തിലുളള സ്പിരിറ്റ് ഉപയോഗിച്ചും മൂക്കും പരിസരവും തുടയ്ക്കരുത്. അതു കൂടുതല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുകയേ ചെയ്യൂ.സാധാരണ മൂന്നാഴ്ചയ്ക്കുളളില്‍ മൂക്കു കുത്തിയത് ഉണങ്ങും. അതിനു ശേഷവും രക്തംവരല്‍, നീര്, വീക്കം, ചൊറിച്ചില്‍, പഴുപ്പ് എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ കാണുക.

ear piercing
Posted by
03 June

കാതുക്കുത്തിലെ മറഞ്ഞിരിക്കുന്ന ആരോഗ്യരഹസ്യം

പെണ്‍കുഞ്ഞുങ്ങളുടെ കാത് കുത്തുന്നത് സാധാരണയാണ്. ഇത് ഭംഗിയ്ക്കു മാത്രമല്ല, ആചാരത്തിന്റെ ഭാഗമായിക്കൂടിയാണ് നടത്തുന്നത്. ചിലയിടങ്ങളില്‍ ആണ്‍കുട്ടികളുടെ കാതും കുത്താറുണ്ട്.എന്നാല്‍ ഇതിനു പുറകില്‍ സത്യങ്ങളും വാസ്തവങ്ങളുമായ ആരോഗ്യരഹസ്യങ്ങള്‍ ഏറെയുണ്ട്.

കാതു കുത്തുന്നത് യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.ചെവിയുടെ നടുവിലായി ഒരു പോയന്റുണ്ട്. ഇത് യൂട്രസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു.ഭാവിയില്‍ കൃത്യമായ മാസമുറയ്ക്കും ഇത് സഹായിക്കും.ആണ്‍കുട്ടികളില്‍ കാതു കുത്തുന്നത് ആദ്യം വലതു ചെവിയിലായിരിക്കും. പെ്ണ്‍കുട്ടികളില്‍ ഇടതു ചെവിയിലും.ഇതിന് കാരണം ഇടതുഭാഗം അതായത് വാമഭാഗം സ്ത്രീയായും വലതു ഭാഗം പുരുഷനായും ബന്ധപ്പെട്ടിരിക്കുന്നതുക്കൊണ്ടാണ്. ശുശ്രുതസംഹിത പ്രകാരം കാതു കുത്തുന്നത് അണുബാധയകറ്റാനും ആണ്‍കുട്ടികളില്‍ വൃഷണങ്ങളില്‍ വെള്ളം വന്നു നിറയുന്ന ഹൈഡ്രോസില്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും നല്ലതാണ്.ചെവിയുടെ നടുവിലുള്ള പോയന്റ് തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ കുത്തുന്നത് ബുദ്ധിവികാസത്തിനും സഹായിക്കും.

അക്യുപ്രഷര്‍ തത്വവുമായും കാതുകുത്ത് ബന്ധപ്പെട്ടിരിയ്ക്കുന്നു. കാത് കുത്തുമ്പോള്‍ മര്‍ദമുണ്ടാകുന്നു. ഈ മര്‍ദം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. അക്യുപ്രഷര്‍ തത്വപ്രകാരം ചെവിയുടെ ഈ പോയന്റില്‍ മാസ്റ്റര്‍ സെന്‍സോറിയല്‍, മാസ്റ്റര്‍ സെറിബ്രല്‍ പോയന്റുകളുണ്ട്. ഇത് കേള്‍വിശക്തിയ്ക്കും വളരെ പ്രധാനമാണ്.ഈ പോയന്റിലുണ്ടാകുന്ന മര്‍ദം ഹിസ്റ്റീരിയ, പരിഭ്രമം തുടങ്ങിയ പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കാനും ഏറെ സഹായിക്കുമെന്നാണ് പറയുന്നത്.

newjen wedding photography
Posted by
20 May

വ്യത്യസ്തതയ്ക്ക് വേണ്ടി വധുവിന്റെ ഗൗണിന് തീ കൊളുത്തി ന്യൂജന്‍ വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫി: വീഡീയോ വൈറല്‍

ബെയ്ജിങ് : വിവാഹ ഫോട്ടോകളുടെ പൂര്‍ണതയ്ക്കുവേണ്ടി ഫോട്ടോഗ്രാഫര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന എന്ത് സാഹസത്തിനും ഇപ്പോള്‍ നവദമ്പതികളും തയ്യാറാണ്. എങ്ങനെയെങ്കിലും വ്യത്യസ്തത കൊണ്ടുവരാനാണ് ഏവരും ശ്രമിക്കുന്നത്. അങ്ങനൊരു വ്യത്യസ്തതയ്ക്ക് വേണ്ടി വധുവിന്റെ ഗൗണിന് തീ കൊളുത്തിയാലോ?

ചൈനയിലാണ് സംഭവം നടന്നത്. പുഴയുടെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ വ്യത്യസ്തതയ്ക്കുവേണ്ടി വധുവിന്റെ ഗൗണില്‍ തീ കൊളുത്തിയത്. പുഴയോരത്ത് ശക്തമായ കാറ്റുണ്ടായതിനാല്‍ നിമിഷങ്ങള്‍ കൊണ്ട് വസ്ത്രത്തിലേക്ക് തീജ്വാലകള്‍ ആളിപ്പടരുകയായിരുന്നു. ഫോട്ടോഗ്രാഫറുടെ സഹായി അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വധു പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.വൈവിധ്യത്തിനുവേണ്ടി അപകടം വിളിച്ചുവരുത്തുന്ന ന്യൂജന്‍ വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫിയുടെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമാണ്. ആയിരക്കണക്കിനാളുകളാണ് വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്.

pop singer beeber
Posted by
15 February

പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തുന്നു

ന്യൂഡല്‍ഹി: ലോക സംഗീതയാത്രയുടെ ഭാഗമായി മേയ് 10ന് ലോകപ്രശസ്ത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തുന്നു. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബീബര്‍ ഷോ നടത്തും.

പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ഫെബ്രുവരി 22ന് ആരംഭിക്കും. 4000 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. ഏഷ്യയില്‍ മുംബൈയെ കൂടാതെ ടെല്‍ അവീവ്, ദുബായ് എന്നിവിടങ്ങളിലുമാണ് പരിപാടി അവതരിപ്പിക്കുന്നത്. 150 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ബീബര്‍ എത്തുന്നത്. പരിപാടിക്ക് ശേഷം, ബീബര്‍ ഡല്‍ഹി, ജയ്പ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Kerala frekens hair style
Posted by
03 January

ലേറ്റായി നിന്നാല്‍ ലേറ്റസ്റ്റായി പോകാം : ചില്ലറക്കാര്യമല്ല മുടിവെട്ട്

കോഴിക്കോട് :നാട്ടിന്‍പുറങ്ങളിലെ ബാര്‍ബര്‍ഷോപ്പുകള്‍ മുഖം മിനുക്കി സ്‌റ്റൈലന്‍ കട്ട് നടത്തി വ്യത്യസ്തരാകുകയാണ്. വരുന്നവര്‍ ഏത്‌മോഡല്‍ വേണമെന്നുപറഞ്ഞാല്‍ മതി നെയ്മര്‍ തൊട്ട് സുല്‍ത്താന്‍കട്ട് വരെ റെഡി. ആവശ്യക്കാരുടെ മനമറിയുന്ന ഫാഷനുകള്‍ ഏറെയാണ് നാട്ടുമ്പുറത്തെ ബാര്‍ബര്‍ഷോപ്പുകളിലും ഫാഷന്‍ കട്ടുകള്‍ ചേക്കേറിക്കഴിഞ്ഞു. പത്തുമിനുട്ടുകൊണ്ട് മുടിവെട്ടിമടങ്ങാന്‍ യുവാക്കളെകിട്ടില്ല. മുടിയില്‍ അല്പം കരവിരുതൊക്കെവേണം.

ഈപേരുകളിലൊന്നും തീരുന്നില്ല ഫാഷനുകള്‍. നല്ല പൊളപ്പന്‍ സ്‌റ്റൈലുകള്‍ വേറെയുണ്ട് വണ്‍സൈഡ് തുടങ്ങി അറബികട്ട് വരെയുണ്ട്. ലേറ്റസ്റ്റ് കട്ട് വേണമെങ്കില്‍ പഴയസംവിധാനങ്ങള്‍ പോര. ഇത് തിരിച്ചറിഞ്ഞാണ് ആധുനികീകരണത്തിന്റെ പാതയിലേക്ക് ബാര്‍ബര്‍ഷോപ്പുകള്‍ വഴിമാറുന്നത് യുവാക്കളുടെ ഹരമായ നെയ്മറും മെസ്സിയും സല്‍മാനുമൊക്കെയാണ് ബാര്‍ബര്‍ ഷോപ്പുകളുടെ കുളിരുകോരുന്ന സ്വീകരണമുറി അലങ്കരിക്കുന്നത്.

കോഴിക്കോട് നഗരത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള 200ലധികംബാര്‍ബര്‍ഷോപ്പുകളുണ്ട് കൊയിലാണ്ടി, വടകര, ബാലുശ്ശേരി, മുക്കം, താമരശ്ശേരി, കുന്ദമംഗലം, രാമനാട്ടുകര ഭാഗങ്ങളും ഈ കാര്യത്തിലൊട്ടും പിന്നിലല്ല. ലേറ്റസ്റ്റാകുമ്പോള്‍ കാശും അല്പം കൂടും. ഹെയര്‍ കളറിങ്ങിന് 300 തൊട്ട് 600 രൂപവരെയുണ്ട് ബോക്‌സ് ഫ്‌ളവര്‍, വണ്‍സൈഡ്കട്ടിങ്ങുകള്‍ക്ക് 120 രൂപ തൊട്ടാണ്‌നിരക്ക് 150 രൂപ നല്‍കിയാല്‍ സുല്‍ത്താന്‍സിനിമയിലെ സല്‍മാനെപ്പോലെയാകാം. 100 രൂപയിലാണ് അറബി സ്‌റ്റൈലിന്റെ തുടക്കം. മുടിവെട്ടിന് പുറമേ മുഖം മിനുക്കണമെങ്കില്‍ അതിനും സംവിധാനങ്ങളുണ്ട്

യു.പി, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഇതര സംസ്ഥാനതൊഴിലാളികള്‍ ഈ രംഗത്ത്ഏറെയുണ്ട്. ബാര്‍ബര്‍ഷോപ്പുകള്‍ പുനരുദ്ധരിക്കുന്നതിന് പിന്നാക്കവിഭാഗത്തില്‍പ്പെടുത്തി നേരത്തെ 25,000 രൂപവരെ സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. ഷോപ്പുകളെ മികച്ചതാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരുകൈ സഹായം വേണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത് അല്പം മിനക്കെട്ടാല്‍ ആര്‍ക്കും അടിപൊളിയാകാം. ലേറ്റായി നിന്നാല്‍ ലേറ്റസ്റ്റായിപ്പോകാം. ചില്ലറകാര്യമല്ല, ഈ മുടിവെട്ട്

history of nose studd
Posted by
01 January

ചരിത്രത്തിന് ഒരു മൂക്കുത്തി

സ്ത്രീകള്‍ മൂക്കില്‍ അണിയുന്ന ഒരു ആഭരണമാണ് മൂക്കുത്തി സാധാരണയായി ലോഹത്തിലോ കൊമ്പിലോ പണിയുന്ന ഈ ആഭരണം പുരാതനകാലം മുതലേ ഒരു സ്ത്രീകളുടെ ഒരു പ്രധാന ആഭരണമാണ് ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും ആസ്‌ട്രേലിയയിലെ പ്രാക്തന വിഭാഗക്കാരിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്ത്രീകള്‍ പരമ്പരാഗതമായ രീതിയില്‍ മൂക്ക് കുത്തി വിവിധ തരം ആഭരണങ്ങള്‍ അണിയുന്നു. പാരമ്പര്യമല്ലാതെ ഫാഷനും മറ്റുമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മൂക്കുത്തികള്‍ ഉപയോഗിക്കുന്നുണ്ട്. ചെറിയ ശതമാനം പുരുഷന്മാരും മൂക്കൂത്തി അണിയുന്നതായി കാണുന്നു. മൂക്കിന്റെ പാലത്തിനു ചുവടെ രണ്ടും നാസാദ്വാരങ്ങളിലും തൂങ്ങി നില്‍കുന്ന രീതിയിലും മൂക്കുത്തിയുണ്ട്. ഭാരതത്തിലെ ചില നൃത്തരൂപങ്ങളിലും ചില പ്രാക്തന സംസ്‌കാരങ്ങളിലും ഇത്തരം മൂക്കുത്തി ഉപയോഗിച്ചിരുന്നു. ഫുലാനി വംശജരാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത് .4000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള രേഖകളില്‍ മധ്യേഷ്യയിലാണ് ഈ സമ്പ്രദായം തുടങ്ങിയതെന്നും പിന്നീട് 1500 വര്‍ഷങ്ങളോടെ ഇന്ത്യന്‍ ഉപഭൂഖണ്ഡപ്രദേശത്തേക്ക് ജനങ്ങള്‍ കുടിയേറിയതോടെ മൂക്കുത്തി ഇന്ത്യയിലും പൂര്‍വേഷ്യയിലും വ്യാപിച്ചു എന്നു കാണുന്നു.

പാരമ്പര്യമായി പ്രസവം എളുപ്പമാക്കാനായി മൂക്കിന്റെ ഇടത്തുവശത്തായിട്ടാണ് മൂക്കുത്തി അണിയുന്നത് എന്ന് പറയപ്പെടുന്നു. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് മൂക്കിന്റെ ഇടതുവശത്തെ ആയുര്‍വേദഗ്രന്ഥങ്ങളിലും പരാമര്‍ശിച്ചുകാണുന്നത്. സുശ്രുതന്‍ രചിച്ച ആയുര്‍വേദ ഗ്രന്ഥമായ സുശ്രുത സംഹിതയില്‍ Chikitsa Sthana Chapter 19 ല്‍ മൂക്കുകുത്തിയെകുറിച്ച് പരാമര്‍ശമുണ്ട് . ദ്രാവിഡ സംസ്‌കാരത്തില്‍ ഭൂമീദേവിയുടെ പ്രതീകമായ പാര്‍വതിയോടുള്ള ആദരവായും മൂക്കുത്തിയെ കണക്കാക്കുന്നു. ദക്ഷിണേഷ്യന്‍ വിവാഹവേളകളില്‍ നവവധു ‘Koka’ എന്നു പേരുള്ള ആഭരണം ധരിക്കാറുണ്ട്, മൂക്കുത്തിയും അതില്‍ നിന്നു തുടങ്ങി തലയുടെ ഒരു വശത്തേയ്ക്ക് (ചെവിയുടെ പിറകിലേക്ക്) നീളുന്ന ഒരു ചെയിനും ഉള്‍പ്പെടുന്നതാണിത്. മരണാനന്തരക്രിയക്കുള്ള ചിലവിനായി മൂക്കുത്തി ധരിക്കുന്നു എന്ന പാരമ്പര്യവും ദക്ഷിണേന്ത്യയില്‍ നില നില്‍കുന്നുണ്ട്.

9, 10 നൂറ്റാണ്ടുകളില്‍ സ്ത്രീകളുടെ വൈവാഹിക ചിഹ്നമായിരുന്നു മൂക്കുത്തി. ഇതിനെ പല ഇന്ത്യന്‍ ഭാഷകളിലും ‘നഥ്’ എന്നറിയപ്പെടുന്നു. സാമ്പത്തിക സ്ഥിതി സൂചിപ്പിക്കുന്നതിനും ഈ മൂക്കുത്തികള്‍ ധരിച്ചിരുന്നു. രാജ്ഞികള്‍, മന്ത്രി പത്‌നിമാര്‍, ധനികരായ സ്ത്രീകള്‍, ഇവര്‍ മുത്തുകള്‍, പവിഴങ്ങള്‍, രത്‌നകല്ലുകള്‍ എന്നിവ പതിച്ച മൂക്കുത്തികള്ളുപയോഗിച്ചു. എന്നാല്‍ മറ്റുള്ളര്‍ വെള്ളികൊണ്ടുണ്ടാക്കിയ മൂക്കുത്തിയായിരുന്നു ഉപയോഗിച്ചിരുന്നത്. 15 ാം നൂറ്റാണ്ടോടു കൂടി ജനപ്രിയമായ ഈ ആഭരണം 1718 നൂറ്റാണ്ടോടുകൂടി കരയാമ്പൂ, ആണി, മുള്ള് എന്നിവ ഉപയോഗിച്ച് പല വൈവിധ്യമാര്‍ന്ന തരത്തില്‍ ഉപയോഗിച്ചു തുടങ്ങി. ഇന്നത്തെ രീതിയിലുള്ള മൂക്കുത്തികള്‍ 20 ാം നൂറ്റാണ്ടോടു കൂടെയാണ് രൂപപ്പെട്ടത്.

പഹാരികളും പഷ്തൂണ്‍ വംശജരും മൂക്കിനിരുവശത്തും മൂക്കുത്തി ധരിക്കുന്നു. ദക്ഷിണേന്ത്യയിലെ തമിഴ് വംശജരും ഇത്തരത്തില്‍ ഇരു വശത്തും മൂക്കുത്തി ധരിക്കുന്ന ശീലക്കാരാണ്. മരണശേഷം ഉദകക്രിയകള്‍ക്ക് വേണ്ടി വരുന്ന ചെലവ് മൂക്കുത്തിയില്‍ നിന്ന് ഇടാക്കാം എന്ന സാമ്പത്തികവശവും മൂക്കുത്തി ധരിക്കുന്നതിനു പിറകില്‍ ഉണ്ടെന്ന് കരുതുന്നു. മറ്റ് ഏത് ആഭരണങ്ങളെയും പോലെ മൂക്കുത്തി എളുപ്പം ഊരി മാറ്റാനാവില്ല എന്നതാണിതിനു പിന്നിലെ ആശയം. ദക്ഷിണേന്ത്യ, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ മൂക്കിന്റെ ഇരുവശങ്ങളിലും മൂക്കുത്തി ധരിക്കുന്ന ‘ നത്തോരി (nathori)’ എന്ന രീതി കണ്ടുവരുന്നു. മഹാരാഷ്ട്രയിലെ സ്ത്രീകള്‍ മുഖത്തിന്റെ ഒരു വശം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ നത്തോരികള്‍ ഉപയോഗിച്ചു വരുന്നു. ബംഗാളിസ്ത്രീകള്‍ വിവാഹിതരാണെന്ന് അറിയിക്കാനുള്ള അടയാളമായി മുക്കുത്തി ധരിക്കുന്നു. ഇന്ത്യയിലെ ചില ആദിവാസി ഗോത്രവര്‍ഗ്ഗക്കാരിലെ സ്ത്രീകള്‍ ചെവിയിലും മൂക്കിലുമായി നിരവധി ആഭരണങ്ങള്‍ അണിയുന്നവരാണ്.തമിഴ്‌നാട്ടില്‍ വളരെ പ്രശസ്തമായ, എട്ടു കല്ലുള്ള ത്രികോണാകൃതിയുള്ള മൂക്കുത്തിയാണ് ‘ബേസരി’. രാജസ്ഥാനി സ്ത്രീകള്‍ ‘മാധുരി’, ‘ലാത്കന്‍’, ‘ലാവൂങ് ‘ തുടങ്ങിയ പേരുകളിലുള്ള മൂക്കുത്തികള്‍ ധരിക്കുന്നു.പഞ്ചാബികള്‍ ധരിക്കുന്ന മൂക്കുത്തി ‘ശികാര്‍ പുരിനാദ് ‘ എന്നറിയപ്പെടുന്നു. ബീഹാറില്‍ ‘ചുച്ചീ’ എന്നറിയുന്ന മൂക്കുത്തികളാണ് ധരിക്കുന്നത്. മഹാരാഷ്ട്രയിലെ മൂക്കുത്തിക്ക് ‘ഗുച്ചേദാര്‍ നാദ് ‘ എന്നാണ്

കേരളത്തില്‍ ഒരു കാലഘട്ടത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ക്ക് മൂക്കു കുത്തുവാന്‍ അവകാശം ഉണ്ടായിരുന്നില്ല ഇതിനെതിരെ നടന്ന സമരമാണ് മൂക്കുത്തി ലഹള എന്നും മൂക്കുത്തി സമരം എന്നും മൂക്കുത്തിവഴക്ക് എന്നുമെല്ലാം അറിയ പെടുന്നത് . വര്‍ഷങ്ങള്‍ക്കു മുന്‍പ് പന്തളത്താണു സംഭവം.വിലക്ക് വകവയ്ക്കാതെ ഒരു യുവതി പന്തളം ചന്തയില!്! മൂക്കുത്തിയിട്ടു നടന്നു. ഇത് കണ്ട് ഇരിക്കപ്പൊറുതി കെട്ട ഉയര്‍ന്ന സമുദായക്കാരായ ചിലര്‍ അവരുടെ മൂക്കുത്തി വലിച്ചു പറിച്ച് ദൂരെയെറിഞ്ഞു. അവരെ ഉപദ്രവിവിക്കുകയും ചെയ്തു. ഇതു കേട്ടറിഞ്ഞ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ധീരന്‍ പന്തളം ചന്തയിലെ സകല സ്ത്രീകള്‍ക്കും സ്വര്‍ണമൂക്കുത്തിയുണ്ടാക്കി കൊടുത്തു. അതിട്ടു നടക്കാനും പറഞ്ഞു. ഇവരെ ആരും അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്തു തങ്ങി. കുതിരപ്പുറത്ത് ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വര്‍ണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല. ഒരു ലഹള തന്നെ ഉണ്ടാക്കി അവകാശം നേടിയെടുത്തതാണ് ഇന്ന് കേരളത്തിലെ മൂക്കുത്തി .

പരശുരാമന്‍ പ്രതിഷ്ഠിച്ചെന്നു പറയപ്പെടുന്ന കന്യാകുമാരി ദേവീ വിഗ്രഹത്തില്‍ മാണിക്യത്തില്‍ തീര്‍ത്തൊരു മൂക്കുത്തിയുണ്ട്. മൂക്കുത്തിയുടെ തിളക്കം ദൂരെ നിന്നുവരെ കാണാം. മൂക്കുത്തിയുടെ തിളക്കം കണ്ട് ദീപസ്തംഭത്ഭത്തില്‍ നിന്നുള്ള പ്രകാശമാണെന്നു തെറ്റിദ്ധരിച്ച് പണ്ട് കപ്പലുകള്‍ അടുപ്പിക്കാന്‍ ശ്രമിക്കുമായിരുന്നത്രെ. പക്ഷേ, അവയില്‍ പലതും കരയോടു ചേര്‍ന്നുള്ള പാറകളിലിടിച്ചു തകര്‍ന്നു. അങ്ങനെയാണ് കോവിലിന്റെ കിഴക്കേ കവാടം അടച്ചിടാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ വിശേഷദിവസങ്ങളില്‍ പ്രത്യേക സ്‌നാനത്തിനു വേണ്ടി മാത്രമാണ് കിഴക്കേ കവാടം തുറക്കുക.

ചിലര്‍ മൂക്കുത്തിയെ ഭംഗിയായി കാണുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ ഇതിനെ താഴ്ന്ന നിലയില്‍ കാണുന്നവരും ഉണ്ട് . ഓരോ വിഭാഗങ്ങളിലും ഓരോ അര്‍ഥങ്ങളാണ് മൂക്കുത്തിക്കുള്ളത് . ഉത്തര ഇന്ത്യയിലെ ചില വിഭാഗങ്ങളില്‍ കല്യാണ ശേഷം അണിയുന്ന സിന്ദൂരം പോലെയാണ് മൂക്കുത്തിയും . മൂക്കുത്തിയും ആയി ബന്ധപെട്ടു രസകരമായ അനേകം കഥകളുണ്ട് .

Venezuela declares demonetization
Posted by
14 December

ഇന്ത്യയെ മാതൃകയാക്കി കള്ളപ്പണം തടയാന്‍ വെനസ്വലയിലും നോട്ട് അസാധുവാക്കല്‍ നടപടി

വെനസ്വലെ: ഇന്ത്യയിലെ നോട്ട് അസാധുവാക്കല്‍ മൂലം ജനങ്ങള്‍ വലയുന്നതിനിടെ കള്ളപ്പണം തടയാനായി ഇന്ത്യന്‍ മോഡല്‍ നടപടി സ്വീകരിച്ച് ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വല. കളളപ്പണമാഫിയയെ തടയാന്‍ ഏറ്റവും മൂല്യമുളള നോട്ട് അസാധുവാക്കുകയാണ് വെനസ്വലയും ചെയ്തിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി മൂന്നുദിവസത്തിനുളളില്‍ പ്രചാരത്തിലുളള 100 ബോളിവര്‍ നോട്ടുകള്‍ നിരോധിക്കുമൊന്നാണ് വെനസ്വലന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യമാണ് വെനസ്വല. പണപ്പെരുപ്പനിരക്ക് ലോകത്ത് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുന്ന അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നുമാണ് വെനസ്വല.

നിലവില്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് പ്രചാരത്തിലുളള 100 ബോളിവര്‍ നോട്ടുകളുടെ മൂല്യവും വളരെ താഴന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് വെനസ്വല കടുത്ത തീരുമാനം കൈക്കൊണ്ടത്. രാജ്യത്ത് പ്രചാരത്തിലുളള നോട്ടുകളില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുളള 100 ബോളിവര്‍ നോട്ടുകള്‍ അടുത്ത മൂന്നുദിവസത്തിനുളളില്‍ പിന്‍വലിക്കുമെന്നാണ് വെനസ്വലന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനിടെയാണ് നോട്ട് അസാധുവാക്കുന്ന തീരുമാനം വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ പ്രഖ്യാപിച്ചത്.

ഇതോടെ ഏകദേശം 48 ശതമാനം കറന്‍സികളാവും വെനസ്വലയില്‍ ഉപയോഗത്തില്‍ നിന്നും ഇല്ലാതാവുക. തൊട്ടടുത്ത രാജ്യമായ കൊളംബിയയില്‍ കോടിക്കണക്കിന് ബൊളിവര്‍ കളളപ്പണമായി രാജ്യാന്തര മാഫിയകള്‍ സൂക്ഷിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നിക്കോളാസ് മഡുറോ വ്യക്തമാക്കി. ഇതില്‍ രാജ്യത്തെ ദേശീയബാങ്കുകളും പങ്കാളിയാകുന്ന ദുരവസ്ഥയുണ്ട്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളും സജീവമാണ്. ഇതിനെല്ലാം തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടുകള്‍ അസാധുവാക്കിയത് എന്ന് പ്രസിഡന്റ് പറഞ്ഞു.

നിലവില്‍ വെനസ്വലന്‍ ബോളിവറിന് മൂല്യം താഴ്ന്നത് കയറ്റുമതി വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വെനിസ്വലയുടെ മുഖ്യ കയറ്റുമതി വരുമാനം എണ്ണയില്‍ നിന്നുമാണ്. ഇതിനിടെ ഭക്ഷണം, ഉള്‍പ്പെടെയുളള അവശ്യവസ്തുക്കളുടെ ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു. അടുത്തിടെ വെനസ്വലയുടെ പണപ്പെരുപ്പനിരക്ക് 475 ശതമാനമായി ഉയരുമെന്ന് രാജ്യാന്തര നാണ്യനിധി പ്രവചിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് വലതുപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. എന്നാല്‍ ഈ സാമ്പത്തികപ്രതിസന്ധി അമേരിക്കയുടെ നേത്യത്വത്തിലുളള മുതലാളിത്ത ഗൂഡാലോചന ആണെന്ന് പറഞ്ഞ് മഡൂറോ തിരിച്ചടിച്ചു.

hair style
Posted by
21 November

മുടിയിഴയില്‍ വിടരും പ്രണയ വസന്തം

കല്യാണം പോലുളള ചടങ്ങുകളിലും വിശേഷാവസരങ്ങളിലും ട്രഡീഷനല്‍ വസ്ത്രത്തിനൊപ്പം പൂക്കളണിയാന്‍ സുന്ദരിമാര്‍ക്ക് ഇഷ്ടമാണ്. പക്ഷേ, സ്‌റ്റൈലന്‍ പാര്‍ട്ടിക്കു പോകുമ്പോള്‍ പൂക്കള്‍ അണിയാന്‍ ഒന്നു മടിക്കും. പാര്‍ട്ടി വെയര്‍ ഗൗണിനൊപ്പം ഭംഗിയുളള ഹെയര്‍സ്‌റ്റൈലും പൂക്കളും കൂടിയായാല്‍ ഡിഫ്രന്റ് ലുക് കിട്ടും. ഗ്രാമീണ ശാലീനതയായാലും മോഡേണ്‍ ലുക് ആയാലും പൂക്കള്‍ അഴകാണ്.

പൂക്കള്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഫ്‌ലോറല്‍ ആക്‌സസറി ഉപയോഗിക്കാം. ഡയമണ്ടിന്റെ ഭംഗിയുളളതോ മെറ്റാലിക് നിറമുളളതോ ആയ ഫ്‌ലോറല്‍ ആക്‌സസറി മുടിക്കെട്ടിനു കൂടുതല്‍ അഴകേകും.മുടി ഉയര്‍ത്തിക്കെട്ടി വയ്ക്കുന്ന ഹെയര്‍സ്‌റ്റൈലിനൊപ്പവും താഴ്ത്തി കെട്ടി വയ്ക്കുന്ന ഹെയര്‍സ്‌റ്റൈലിനൊപ്പവും ഫ്‌ലോറല്‍ ആക്‌സസറീസ് അണിയാം. കോതിയൊതുക്കാത്ത മുടി കെട്ടി വച്ചതു പോലുളള സ്‌റ്റൈലാണു മെസ്സി സ്‌റ്റൈല്‍. ഇങ്ങനെ മെസ്സി ആയ ഹെയര്‍സ്‌റ്റൈലിനൊപ്പം കഴുത്തിന്റെ വശത്തായി പൂക്കള്‍ കുത്തി നിര്‍ത്താം. അതല്ലെങ്കില്‍ ഹെയര്‍ ആക്‌സസറീസ് പിന്‍ ചെയ്യാം. മെറ്റാലിക് ഫ്‌ലവേഴ്‌സിന്റെ ഭംഗിയില്‍ ക്യൂട്ട് ലുക് ഉറപ്പാക്കാം. മെസ്സി ആയാലും നീറ്റ് ആയാലും പൊക്കിക്കെട്ടിയ ബണ്‍ സ്‌റ്റൈല്‍ ഭംഗിയുണ്ടാകും. അതില്‍ അല്‍പം പൂക്കള്‍ കൂടിയായാല്‍ കൂടുതല്‍ ആകര്‍ഷകമാവും.

മുടിയുടെ പകുതി ഭാഗം കെട്ടിവച്ചു ബാക്കി ഭാഗം ലൂസ് ചെയ്തിടുക. ഈ പകുതി ഭാഗം ചുരുളുകളായോ സ്‌ട്രെയിറ്റായോ കിടക്കട്ടെ. കെട്ടിവച്ച മുടിയുടെ വശത്തു പൂക്കള്‍ ചൂടാം. കുറച്ചു ചെറിയ പൂക്കള്‍ ഒരുമിച്ചു പിന്‍ ചെയ്താല്‍ ഭംഗിയുണ്ടാകും.

മുടി ഒരു വശത്തു നിന്നു മറുവശത്തേക്ക് ബ്രെയ്ഡ് സ്‌റ്റൈലില്‍ കെട്ടുക. ശേഷിക്കുന്ന മുടി തോളിലേക്ക് ഒഴുക്കിയിടുക. ട്വിസ്റ്റഡ് റോപ് സ്‌റ്റൈല്‍ ബ്രെയ്ഡ് നല്ല ലുക് നല്‍കും. ഫിഷ് ടെയ്ല്‍ ബ്രെയ്ഡില്‍ പൂക്കള്‍ ചൂടുന്നത് അഴക് നല്‍കും.

ബേബീസ് ബ്രീത്, ഡെയ്‌സി, ചെറിയ റോസാപ്പൂക്കള്‍, റോസ മൊട്ടുകള്‍ ഇവയെല്ലാം പാര്‍ട്ടികളില്‍ മുടിക്ക് അഴക് നല്‍കും പൂക്കളാണ്. ഒരേയോരു പൂവ് കൊണ്ടും സ്റ്റേറ്റ്‌മെന്റ് ആക്‌സസറി ഒരുക്കാം. മുടിക്കെട്ടിന്റെ വശത്തായി വസ്ത്രത്തിന് ഇണ ങ്ങുന്നതോ കോണ്‍ട്രാസ്റ്റ് നിറത്തിലോ ഉളള വലിയ പൂവ് ചൂടാം.

പതിവായുളള ഹെയര്‍സ്‌റ്റൈലില്‍ പൂക്കള്‍ കൊണ്ട് വ്യത്യസ്തത വരുത്തുകയും ചെയ്യാം. സിംപിള്‍ പോണിടെയ്ല്‍ കെട്ടി അതില്‍ ഭംഗിയുളള വെളുത്ത പൂക്കള്‍ ചൂടി നോക്കൂ.

leggins outfit
Posted by
21 November

ലെഗ്ഗിങ്ങ്‌സ് ആരോഗ്യത്തിനു ഹാനികരമോ

ചെറുപ്പക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിങ്ങ്‌സ്. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു ലെഗ്ഗിങ്ങ്‌സിന്റെ രൂപകല്‍പ്പനയെങ്കിലും ചുരുങ്ങിയ കാലയളവില്‍ ഇന്നു കാണുന്ന തരത്തിലുളള ലെഗ്ഗിങ്ങ്‌സ് വിപണിയിലെത്തി തുടങ്ങി. തണുപ്പുകാലത്ത് ചര്‍മ്മത്തിന്റെ ചൂട് നിലനിര്‍ത്താനാണ് ആദ്യകാലത്ത് ലെഗ്ഗിങ്ങ്‌സ് കൂടുതലും ഉപയോഗിച്ചിരുന്നത്. വ്യായാമം ചെയ്യുമ്പോഴും ലെഗ്ഗിങ്ങ്‌സ് ഉപയോഗപ്രദമായിരുന്നു. എന്നാല്‍ കാലക്രമേണ എല്ലാ കാലാവസ്ഥയിലും എല്ലാ അവസരത്തിലും ലെഗ്ഗിങ്ങ്‌സ് ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിങ്ങ്‌സ് യാത്രകളില്‍ വളരെ സൗകര്യപ്രദമായി തീര്‍ന്നു. ഇതിനെല്ലാമുപരിയായി ഫിറ്റ്ഇന്‍ഷേപ്പ് എന്ന ചിന്താഗതി ശക്തിയാര്‍ജ്ജിച്ചത് ലെഗ്ഗിങ്ങ്‌സിന്റെ ജനപ്രിയത കൂട്ടി.

കണങ്കാല്‍ വരെയുളള ലെഗ്ഗിങ്ങ്‌സാണ് കൂടുതല്‍ പ്രചാരത്തിലുളളതെങ്കിലും കാലുകളുടെ പകുതി നീളം വരെയുളളതും കാല്‍മുട്ട് വരെ മാത്രം എത്തുന്ന തരത്തിലുളളതുമായ ലെഗ്ഗിങ്ങ്‌സും ലഭ്യമാണ്. സ്പാന്‍ഡെക്‌സ് (Spandex) അഥവാ ലൈക്രാ(Lycra) എന്ന പോളീയൂറിത്തീന്‍ നാരുകളാണ് ലെഗ്ഗിങ്ങ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതയായ ഇലാസ്തികത അതിനു നല്‍കുന്നത്. അഞ്ചിരട്ടി വരെ നീളം കൂട്ടി തിരികെ പഴയ നീളത്തിലെത്താനുളള കഴിവാണ് ഈ നാരുകള്‍ക്കുളളത്. സ്പാന്‍ഡെക്‌സ് നാരുകള്‍ നൈലോണ്‍, കോട്ടണ്‍, സില്‍ക്, കമ്പിളി എന്നിവയില്‍ ഏതെങ്കിലുമായി ഇഴചേര്‍ത്താണ് ലെഗിങ്ങ്‌സ് ഉണ്ടാക്കുന്നത്.

കാലുകളുടെ രൂപസൗകുമാര്യം എടുത്തുകാട്ടാന്‍ സഹായിക്കുന്ന ലെഗ്ഗിങ്‌സിന്റെ ഉപയോഗത്തെച്ചൊല്ലി പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം, പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത്. ചില ലെഗ്ഗിങ്ങ്‌സുകളുടെ തുണി വിയര്‍പ്പ് വലിച്ചെടുക്കുന്ന തരത്തിലുളളതാണെങ്കിലും അനേകം മണിക്കൂറുകള്‍ ചര്‍മത്തോട് ചേര്‍ന്നു കിടക്കുന്ന ഇവ ചര്‍മത്തിനു മുകളിലെ വായു സഞ്ചാരത്തെ സാരമായി ബാധിക്കും. ഇതു കാരണം കാലിന്റെ ഇടുക്കുകളില്‍ വിയര്‍പ്പ് തങ്ങി നിന്ന് പൂപ്പല്‍ ബാധയുണ്ടാകാന്‍ വളരെയേറെ സാധ്യതയുണ്ട്. ഈ ഫംഗസ്ബാധയുടെ ചികിത്സയില്‍ ചര്‍മത്തിനു മുകളിലെ വായുസഞ്ചാരം പ്രധാനമാണ്. ഈ അവസ്ഥയില്‍ സ്ഥിരമായി ലെഗ്ഗിങ്ങ്‌സ് ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് ഒരു പരിഹാരം. അതു സാധ്യമല്ലെങ്കില്‍ വീട്ടിലെത്തുമ്പോഴെങ്കിലും വായുസഞ്ചാരം സാധ്യമാകുന്ന തരത്തിലുളള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കോട്ടണ്‍ നാരുകള്‍ ചേര്‍ന്ന ലെഗ്ഗിങ്ങ്‌സ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അരക്കെട്ട്, നിതംബം, കാലുകള്‍ എന്നിവയുടെ അളവിനനുസരിച്ചുളള ലെഗ്ഗിങ്ങ്‌സ് ഉപയോഗിക്കണം. വണ്ണം കൂടുതലുളളവര്‍ ഇറുകിയ ലെഗ്ഗിങ്ങ്‌സ് സ്ഥിരമായി ഉപയോഗിക്കുന്നതു നന്നല്ല. വളരെ അപൂര്‍വമായെങ്കിലും ഇത്തരത്തിലുളള ലെഗ്ഗിങ്ങ്‌സ് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ഒരു നാഡിയിലുണ്ടാകുന്ന മര്‍ദം കാരണം തുടയിലെ ചര്‍മത്തിന്റെ ഒരു ഭാഗത്ത് സംവേദനശേഷി കുറയ്ക്കുന്ന മെറാള്‍ജിയ പാരാസ്‌തെറ്റിക എന്ന അവസ്ഥ ഉണ്ടാകാറുണ്ട്.