trump immigration plan
Posted by
23 February

ട്രംപിന്റെ കുടിയേറ്റനയം: മൂന്നു ലക്ഷം ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ നിന്നു മടങ്ങേണ്ടിവരും

വാഷിങ്ടണ്‍ : അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ കുടിയേറ്റ നയം മൂന്നു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൃത്യമായ രേഖകളില്ലാതെ അമേരിക്കയില്‍ തങ്ങുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിനുള്ള പദ്ധതികളാണ് ട്രംപ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്.

ഏകദേശം ഒരു കോടി പത്തുലക്ഷത്തോളം വരുന്ന വിദേശികള്‍ക്ക് അമേരിക്കയില്‍നിന്ന് മടങ്ങേണ്ടിവരും. ഇതില്‍ മൂന്നു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നുവെന്നാണ് സൂചന. അനധികൃത കുടിയേറ്റക്കാര്‍ എന്ന നിലയിലാണ് വിദേശികളെ പുറത്താക്കാന്‍ അമേരിക്ക ഒരുങ്ങുന്നത്. അനധികൃതമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരെയാണ് ലക്ഷ്യമിടുന്നതെങ്കിലും, ജോലിക്കായി എത്തിയവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങേണ്ടിവരുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് ആഭ്യന്തര സുരക്ഷാ വകുപ്പ് തുടക്കമിട്ടു കഴിഞ്ഞു.

nasa new reports
Posted by
23 February

ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ സൗരയൂഥം:വെളിപ്പെടുത്തലുമായി നാസ

വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ സൗരയൂഥം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. സൂര്യനല്ലാതെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഭൗമസമാനമായ ഏഴു ഗ്രഹങ്ങളെയാണ് നാസയുടെ സ്പിറ്റ്‌സെര്‍ ദൂരദര്‍ശിനി കണ്ടെത്തിയത്.

ഇന്ത്യന്‍ സമയം അര്‍ധരാത്രി ഉന്നത ശാസ്ത്രജ്ഞര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുപ്രധാനമായ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഇത്രയധികം ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്.

ഭൂമിയില്‍ 39 പ്രകാശവര്‍ഷം(സെക്കന്‍ഡില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന പ്രകാശം ഒരു വര്‍ഷം കൊണ്ട് എത്തുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം) അകലെ ട്രാപ്പിസ്റ്റ്1 എന്ന കുള്ളന്‍ ഗ്രഹത്തെ ചുറ്റുന്ന ഏഴു ഗ്രഹങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.ഇവയില്‍ മൂന്നു ഗ്രഹങ്ങളും മാതൃനക്ഷത്രത്തില്‍ നിന്ന് വാസയോഗ്യമായ മേഖലയില്‍ സ്ഥിതി ചെയ്യുന്നവയാണ്. പ്രാഥമിക നിരീക്ഷണത്തിലുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ഈ ഗ്രഹങ്ങളില്‍ ദ്രാവക രൂപത്തിലുള്ള ജലം ഉണ്ടാകാം എന്നാണ് കണ്ടെത്തല്‍. ഭൂമിയില്‍ നിന്നും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റാത്തത്രയും അകലെയാണ് കടും ചുവപ്പു നിറത്തിലുള്ള ട്രാപ്പിസ്റ്റ്1 നക്ഷത്രം.

Indian-Origin MP Seema Malhotra Among Anti-Trump Voices In UK Parliament
Posted by
22 February

ഡൊണാള്‍ഡ് ട്രംപിന് എതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തി ഇന്ത്യന്‍ വംശജ സീമ മല്‍ഹോത്ര

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെതിരേ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയവരില്‍ ഇന്ത്യന്‍ വംശജയും. ഫെല്‍ത്തം ആന്റ് ഹെസ്റ്റണ്‍ എംപിയായ സീമ മല്‍ഹോത്രയാണ് വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ നടന്ന മൂന്നു മണിക്കൂര്‍ സംവാദത്തില്‍ ട്രംപിനെതിരേയും ബ്രിട്ടീഷ് സര്‍ക്കാരിനെതിരേയും ശക്തമായി പ്രതികരിച്ചത്.

ട്രംപിന്റെ സന്ദര്‍ശനത്തിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും ട്രംപിന്റെ നയനിലപാടുകളെ എങ്ങനെയാണ് ബ്രിട്ടീഷ് സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയുന്നതെന്നും ലേബര്‍ പാര്‍ട്ടിയുടെ എംപിയായ സീമ മല്‍ഹോത്ര ചോദിച്ചു.

ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ ബ്രിട്ടനില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഭാഗമായി സര്‍ക്കാരിന് 1.8 ദശലക്ഷം ഒപ്പുകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി അലന്‍ ഡങ്കന്റെ നേതൃത്വത്തില്‍ ബ്രട്ടീഷ് എംപിമാരുടെ സംവാദം നടന്നത്.

ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ ശക്തമായ പ്രതികരണമാണ് എം.പിമാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞയാഴ്ച്ച ട്രംപിന്റെ സന്ദര്‍ശനത്തെ എതിര്‍ക്കില്ലെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞിരുന്നു.

Amazon offers 5000 vacancies
Posted by
21 February

5000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ആമസോണിന്റെ വാഗ്ദാനം

ലണ്ടന്‍: 5000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി ലോകത്തെ നമ്പര്‍ വണ്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായി ആമസോണ്‍ രംഗത്ത്. എന്നാല്‍ ഇംഗ്ലണ്ടിലാണ് തൊഴിലവസരമൊരുക്കുക. ഈ വര്‍ഷം തന്നെ ആമസോണ്‍ ബ്രിട്ടനില്‍ 5000 പേരെ ജോലിക്കെടുക്കും. ഇതോടെ ബ്രിട്ടനിലെ ആമസോണ്‍ ജീവനക്കാരുടെ എണ്ണം 24,000 ആകും.

സോഫ്റ്റ്‌വെയര്‍, വെയര്‍ഹൗസ്, സര്‍വീസിങ് മേഖലകളിലാണ് പുതിയ തൊഴിലവസരങ്ങള്‍. ലണ്ടനിലെ ആമസോണിന്റെ ഹെഡ് ഓഫീസിലാണ് സോഫ്റ്റ്‌വെയര്‍ മേഖലയിലെ അവസരങ്ങള്‍ ഉള്ളത്. എഡിന്‍ബറോയിലെ കസ്റ്റമര്‍ സര്‍വീസ് സെന്ററിലും പുതുതായി തുടങ്ങാനിരിക്കുന്ന മൂന്നു വെയര്‍ഹൗസുകളിലുമാണ് ഒഴിവുകള്‍.

trump travel expenses
Posted by
21 February

ട്രംപിന്റെ ഒരു മാസത്തെ യാത്രാച്ചെലവ് ഒബാമയുടെ ഒരു വര്‍ഷത്തെ ചെലവിന് തുല്യം

വാഷിങ്ടണ്‍:ട്രംപിന്റെ ഒരു മാസത്തെ യാത്രാച്ചെലവ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഒരു വര്‍ഷത്തെ ചെലവിന് തുല്യമെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെയും കുടുംബത്തിന്റെയും ഒരുമാസത്തെ യാത്രാച്ചെലവ് ഏകദേശം 65 കോടി രൂപ വരും. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും കുടുംബവും ഒരു വര്‍ഷം യാത്ര ചെയ്തതിന്റെ ഏതാണ്ട് അത്രയും തന്നെ വരും ഈ തുക.

ട്രംപിന്റെ മാത്രമല്ല മകന്റെ ബിസിനസ് യാത്രകളുടെ ചെലവും വൈറ്റ് ഹൗസാണ് വഹിക്കുന്നതെന്നാണ് വിവരം. സുരക്ഷാ മുന്‍കരുതലുകള്‍ക്കായാണ് കൂടുതല്‍ ചെലവ് വരുന്നത്.

Pakistan puts Hafiz Saeed in bad terrorist list
Posted by
21 February

ഒടുവില്‍ കുറ്റസമ്മതം: ഹാഫിസ് സയീദ് രാജ്യത്തിന് ഭീഷണിയെന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി: ജമാഅത്ത്-ഉദ്ദ്അ്‌വ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദ് ലോകസമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് പാകിസ്താന്‍ സര്‍ക്കാരിന്റെ കുറ്റസമ്മതം. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സയീദിനെ അറസ്റ്റു ചെയ്ത് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നതെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ കഴിഞ്ഞ ദിവസം സയീദിനെ ഭീകരവിരുദ്ധ ചട്ടത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു. സയീദിനു പുറമെ അബ്ദുല്ല ഉബൈദ്, സഫര്‍ ഇക്ബാല്‍, അബ്ദുല്‍ റഹ്മാന്‍ ആബിദ് എന്നീ ഭീകരരെയും പാക് സര്‍ക്കാര്‍ ആന്റി ടെററിസം ആക്ടിന്റെ (എടിഎ) പരിധിയില്‍ കൊണ്ടുവന്നിരുന്നു. പാക് സര്‍ക്കാരിന്റെ ഈ നടപടിയെ പിന്തുണച്ചു ഇന്ത്യ രംഗത്തെത്തുകയും ചെയ്തു. മേഖലയില്‍നിന്നും ഭീകരവാദവും അക്രമവും അമര്‍ച്ച ചെയ്യുന്നതിനുള്ള നീക്കമെന്നാണ് ഇക്കാര്യത്തില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പാക് നടപടിയെ വിശേഷിപ്പിച്ചത്.

അതേസമയം ഹാഫിസ് സയീദ് സമൂഹത്തിന് ഭീഷണിയാണെന്ന് ഇതുവരെ സംരക്ഷണമൊരുക്കിയ പാക് സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമായ നടപടിയായാണ് അന്താരാഷ്ടര സമൂഹം വിലയിരുത്തുന്നത്. നേരത്തെ, ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ലഹോര്‍ പോലീസ് ചൗബുര്‍ജിയിലെ ജമാഅത്ത്-ഉദ്ദ്അ്‌വ ആസ്ഥാനം വളഞ്ഞ് ഹാഫിസ് സയീദിനെയും സംഘത്തെയും അറസ്റ്റു ചെയ്തു വീട്ടുതടങ്കലിലാക്കുകയായിരുന്നു.

melbon air crash  death
Posted by
21 February

മെല്‍ബണില്‍ വിമാനം തകര്‍ന്ന് അഞ്ച് മരണം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വ്യാപാര കേന്ദ്രത്തിന് മുകളിലേക്ക് വിമാനം തകര്‍ന്ന് വീണ് അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
മെല്‍ബണിലെ എസന്‍ഡണ്‍ വിമാനത്താവളത്തില്‍ നിന്ന് കിങ് ഐലന്‍ഡിലേക്ക് പോവുകയായിരുന്നു ചാര്‍ട്ടര്‍ വിമാനം. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്ബത് മണിക്കാണ് അപകടം നടന്നത്.
യന്ത്രത്തകരാറാണ് അപകട കാരണമെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.

king jogn unn brother murder
Posted by
20 February

കിങ് ജോങ്‌നാമിനെ കൊലപ്പെടുത്തിയത് വിഷസൂചികുത്തി വച്ച്: യുവതിയെ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി

കോലാലംപൂര്‍ : ഏതാനും ദിവസം മുന്‍പാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാം കോലാലംപൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് കൊല്ലപ്പെട്ടത്. നാല്‍പത്തിയഞ്ചുകാരനായ നാമിന്റെ കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതാകട്ടെ രണ്ടു ചെറുപ്പക്കാരികളും. അതും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അതീവതന്ത്രപരമായി.

ഒരാള്‍ നാമിന്റെ മുഖത്ത് വിഷതൂവാല പ്രയോഗിച്ച് തളര്‍ത്തിയിട്ടു. മറ്റൊരാള്‍ പേനയുടെ രൂപത്തില്‍ സൂക്ഷിച്ചിരുന്ന വിഷസൂചി കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഇതെല്ലാം മലേഷ്യന്‍ സുരക്ഷാവിഭാഗവും ഏകദേശം അംഗീകരിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കി.

ചൈനയുടെ കീഴിലുള്ള മക്കാവു ദ്വീപില്‍ താമസിക്കുമ്പോള്‍ ചൈനീസ് സുരക്ഷാ ഏജന്‍സികള്‍ സുരക്ഷ നല്‍കിയിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു നിലവില്‍ നാമിന്റെ മക്കാവുവിലെ ജീവിതം. പക്ഷേ സിംഗപ്പൂരിലും മലേഷ്യയിലും ഷാങ്ഹായിയിലുമെല്ലാം കറങ്ങിയടിച്ചിരുന്ന നാം ഇവിടങ്ങളില്‍ തന്റെ സുരക്ഷയ്ക്ക് കാര്യമായ പ്രാധാന്യം കൊടുത്തിരുന്നില്ലെന്നത് ഫേസ്ബുക്ക് ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്.

pak attack in islamabad
Posted by
19 February

പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേരെ അറസ്റ്റുചെയ്തതായും സൈന്യം അറിയിച്ചു. വ്യാഴാഴ്ച രാത്രി മുതലാണ് സൈനിക നടപടി ആരംഭിച്ചത്. പാക് അഫ്ഗാന്‍ അതിര്‍ത്തിയിലാണ് പ്രധാനമായും ആക്രമണം അഴിച്ചുവിട്ടത്.

ഭീകരര്‍ക്ക് അതിര്‍ത്തിയ്ക്ക് അപ്പുറത്ത് നിന്ന് സഹായം ലഭിക്കുന്നതായി വ്യക്തമായതായി സൈന്യം അറിയിച്ചു. അതിര്‍ത്തിയില്‍ ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ രണ്ടാംഘട്ട ആക്രമണത്തില്‍ 15 ഭീകരരെ വധിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിയിലെ അഫ്ഗാന്‍ മേഖലയിലെ ഭീകരക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്ന റഹ്മാന്‍ ബാബയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 12 ഭീകരക്യാമ്പുകള്‍ തകര്‍ത്തതായും അഫ്ഗാനിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്.

Pakistan Senate passes Hindu marriage act bill
Posted by
18 February

പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് ഇനി വിവാഹം രജിസ്റ്റര്‍ ചെയ്യാം; ബില്‍ പാസായി

ഇസ്ലാമാബാദ്: പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കായി വ്യക്തിനിയമ ബില്‍ പാകിസ്താന്‍ സെനറ്റ് പാസാക്കി. ഹിന്ദുക്കളുടെ വിവാഹവും വേര്‍പിരിയലുമെല്ലാം നിയമവിധേയമാക്കുന്ന ബില്‍ ആണിത്. കഴിഞ്ഞ സെപ്റ്റംബര്‍ 26ന് പാക് ദേശീയ അസംബ്ലി അനുമതി നല്‍കിയ ഹിന്ദു വിവാഹ നിയമം 2017ല്‍ ആണ് സെനറ്റ് പാസാക്കിയത്. അടുത്തയാഴ്ച പ്രസിഡന്റ് ഒപ്പുവെയ്ക്കുന്നതോടെ ബില്‍ നിയമമായി മാറും.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹിതരാവാനുള്ള കുറഞ്ഞ പ്രായം 18 ആയി നിശ്ചയിച്ചുകൊണ്ടുള്ള നിയമത്തില്‍ വിവാഹ രജിസ്‌ട്രേഷന്‍, വേര്‍പിരിയല്‍, പുനര്‍ വിവാഹം എന്നിവയ്ക്കുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പാകിസ്താനിലെ എല്ലാ പ്രവിശ്യകളിലും നിയമത്തിന് പ്രാബല്യമുണ്ട്. സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കള്‍ക്ക് മാത്രമായി നിലവില്‍ ഒരു വിവാഹ നിയമം നിലവിലുണ്ട്.

പാക് നിയമമന്ത്രി സാഹിദ് ഹമിദ് അവതരിപ്പിച്ച ബില്ലിനെ ആരും എതിര്‍ത്തില്ല. ബില്ലിന് പ്രസിഡന്റിന്റെ ഒപ്പ് കൂടി ലഭിക്കുന്നതോടെ ഇതോടെ ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖാമൂലമുള്ള പ്രമാണം ലഭിക്കും. പഞ്ചാബ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ തുടങ്ങിയ പ്രവിശ്യകളിലും നിയമം ബാധകമാകും.

നേരത്തെ പാക് ഹിന്ദുക്കള്‍ക്ക് തങ്ങളുടെ വിവഹാരം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഏറെ നാളത്തെ നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് വിവാഹ നിയമം സെനറ്റ് പാസാക്കിയത്. ദമ്പതികളില്‍ ആരെങ്കിലും മതം മാറുകയാണെങ്കില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ പങ്കാളിക്ക് കോടതിയെ സമീപിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനും ഹിന്ദുക്കളുടെ വിവാഹം സുഗമമാക്കാനും ഈ നിയമം ഉപകരിക്കുമെന്ന് നേതാക്കള്‍ പ്രതികരിച്ചു.