hidden lake founds in antartica
Posted by
26 April

അന്റാര്‍ട്ടിക്കയിലെ ഒളിച്ചിരിക്കുന്ന റിബണ്‍ തടാകത്തെ കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞര്‍

ലോകത്തെ ഏറ്റവും വലിയ തടാകത്തെ ഇത്രയും കാലം മഞ്ഞിനടിയില്‍ ഒളിപ്പിച്ചു വച്ച അന്റാര്‍ട്ടികയില്‍ നിന്നും വീണ്ടും ഒരു ഒളിച്ചു കളിയുടെ വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. മനുഷ്യര്‍ക്ക് അപരിചിതമായ ജീവികളും വ്യത്യസ്തമായ ഭൂമിശാസ്ത്രവുമായി ഇന്നും അന്റാര്‍ട്ടിക്കയില്‍ ഒരു തടാകം അജ്ഞാതമായി തുടരുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.
അന്റാര്‍ട്ടിക്കയെന്ന വന്‍കരയില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയ തടാകം കണ്ടെത്തിയത് അടുത്തിടെയായിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് മറ്റൊരു അത്ഭുതം കൂടി അന്റാര്‍ട്ടിക് മഞ്ഞുപാളികള്‍ക്കടിയില്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ടാകാമെന്ന വാര്‍ത്ത പുറത്ത് വരുന്നത്. എലിസബത്ത് ലാന്‍ഡ് എന്ന പ്രദേശത്തിനടുത്താണ് റിബണ്‍ ആകൃതിയില്‍ തടാകം സ്ഥിതി ചെയ്യുന്നുണ്ടെന്ന തെളിവുകള്‍ ലഭ്യമായത്. സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ തടാകത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.

വിയന്നയില്‍ നടന്ന യൂറോപ്യന്‍ ഭൗമശാസ്ത്ര സമ്മേളനത്തിലാണ് തടാകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ പുറത്തു വിട്ടത്. ഏതാണ്ട് 100 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയും തടാകത്തിന് ഉണ്ടാകാം എന്നാണ് വിലയിരുത്തുന്നത്. തടാകത്തില്‍ നിന്നൊഴുകുന്ന അരുവികള്‍ കൂടി കണക്കിലെടുത്താല്‍ തടാകത്തിലെ വെള്ളമെത്തുന്ന പ്രദേശം ഏതാണ്ട് 1000 ചതുരശ്ര കിലോമീറ്റര്‍ വരുമെന്നാണ് കണക്കാക്കുന്നത്. തടാകത്തില്‍ നിന്ന് ഒഴുകുന്ന അരുവികള്‍ക്ക് തുല്യമായ വിടവുകള്‍ എലിസത്ത് ലാന്‍ഡിലെ മഞ്ഞ് പാളികള്‍ക്ക് അടിയില്‍ കണ്ടെത്തിയിട്ടുണ്ട്.
ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഒറ്റപ്പെട്ട് കിടക്കുന്നതിനാല്‍ തടാകത്തില്‍ ഇതുവരെ കണ്ടെത്താനാകാത്ത ജീവവര്‍ഗ്ഗങ്ങള്‍ ഉണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ഇവക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ തനതായ ജൈവ വ്യവസ്ഥയും പ്രദേശത്ത് രൂപപ്പെട്ടിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

വൊസ്റ്റോക് എന്ന റഷ്യന്‍ പഠന കേന്ദ്രത്തിന് സമീപമാണ് തടാകം സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ കൂടുതല്‍ ഗവേഷണം പ്രയാസമേറിയതാകില്ലെന്നാണ് കണക്ക് കൂട്ടല്‍. ഏതായാലും വൈകാതെ തന്നെ തടാകം കണ്ടെത്താനായുള്ള പര്യവേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് യൂറോപ്യന്‍ ഭൗമ ശാസ്ത്രജ്ഞരുടെ പ്രത്യേക സംഘം.

satelite will make india proud
Posted by
10 March

അഭിമാനമായി ഐആര്‍എന്‍എസ്എസ് 1 എഫ് ശ്രീഹരിക്കോട്ടയില്‍ നിന്നും ഉയര്‍ന്നു

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. ഐആര്‍എന്‍എസ്എസ് 1എഫ്‌ന്റെ വിക്ഷേപണമാണ് വിജയകരമായി ഇന്ന് ചെന്നൈയില്‍ നിന്നും 110 കി.മി അകലെയുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നടന്നത്. 150കോടി ചെലവില്‍ നിര്‍മ്മിച്ച ഈ ഉപഗ്രഹം ചൊവ്വാഴ്ച ആരംഭിച്ച് 54മണിക്കൂറോളം നീണ്ടു നിന്ന കൗണ്ടൗണിലൂടെയാണ് വിക്ഷേപണത്തിന് തയ്യാറെടുത്തത്.
ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ പിഎസ്എല്‍വിയുടെ 34ാം വിക്ഷേപണമാണിത്. ഈ വര്‍ഷത്തെ രണ്ടാമത്തെ ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണവുമാണിത്.

ഇന്ത്യ അമേരിക്കയുടെ ജിപിഎസിന് ബദല്‍ എന്ന ലക്ഷ്യത്തോടെയാണ് ഐആര്‍എന്‍എസ്എസ് 1എഫ് പദ്ധതി ആവിഷ്‌കരിച്ചത്. ഐആര്‍എന്‍എസ്എസ് 1എ, 1ബി, 1സി, 1ഡി, 1ഇ എന്നിവയാണ് നേരത്തെ വിക്ഷേപിച്ചിരുന്നത്.1,425കിലോ ഗ്രാം ഭാരമുള്ള ഐആര്‍എന്‍എസ്എസ് 1എഫ് ഉപഗ്രഹത്തിന് 12വര്‍ഷമാണ് ആയുസ് കണക്കാക്കുന്നത്. വിക്ഷേപിച്ച് 22മിനിറ്റും 11സെക്കന്റിനുശേഷം ഉപഗ്രഹം 488.9മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഗതി നിര്‍ണയ സംവിധാനം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയും എത്തിയിരിക്കുകയാണ്. ഇതോടെ സ്വന്തമായി ഗതിനിര്‍ണയ സംവിധാനമുള്ള രാജ്യമായി ഇന്ത്യ മാറും.എഴ് ഉപഗ്രഹങ്ങളില്‍ ആറാമത്തെ ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ചതോടെ അവസാനത്തെ ഉപഗ്രഹം ഏപ്രില്‍ 13ന് വിക്ഷേപിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

India’s IRNSS-1F satellite on countdown to launch
Posted by
10 March

ഇന്ത്യയ്ക്ക് സ്വന്തമായി ഗതി നിര്‍ണയം സാധ്യമാക്കുന്ന ഐആര്‍എന്‍എസ്എസ് 1എഫ് ഉപഗ്രഹ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ ആറാമത് ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1എഫ് ഇന്ന് വൈകീട്ട് നാലിന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കും. ഏഴ് ഉപഗ്രഹങ്ങളുള്ള ഗതിനിര്‍ണയ പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിക്കുന്നത്. വിക്ഷേപണം വിജയകരമാകുന്നതോടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ഒരു പടി കൂടി കയറുകയായി.

2013 ജൂലൈയിലായിരുന്നു ഐആര്‍എന്‍എസ്എസ് 1എ യുടെ വിക്ഷേപണം നടന്നത്. പിന്നീട് അഞ്ച് ഉപഗ്രഹങ്ങള്‍ കൂടി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ജനുവരി 20 നാണ് പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹം വിക്ഷേപിച്ചത്. ഐആര്‍എന്‍എസ്എസ് 1എഫ് ന് 44.4 മീറ്റര്‍ നീളവും 1425 കിലോഗ്രം ഭാരവുമുണ്ട്. പിഎസ്എല്‍വി സി32 റോക്കറ്റിലാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നത്. പിഎസ്എല്‍വി സി32 വിന്റെ പിഎസ്എല്‍വിസി32 വിന്റെ 34ാ മത് ദൗത്യമാണ് ഇത്.

910 കോടി രൂപയാണ് ഈ ഘട്ടത്തിലെ ആകെ ചിലവ്. പരമ്പരയിലെ ഏഴാമത്തെ ഉപഗ്രഹം ഈ വര്‍ഷം അവസാനത്തോടെ തന്നെ വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. ഏഴ് ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതോടെ അമേരിക്കയുടെ ജിപിഎസ് സിസ്റ്റം പോലെ ഇന്ത്യയ്ക്ക് സ്വന്തമായി ഗതിനിര്‍ണയം കൃത്യതയോടെ സാധ്യമാകും. ഒന്‍പത് ഉപഗ്രഹങ്ങള്‍ പരമ്പരയില്‍ ഉണ്ടെങ്കിലും ബാക്കിയുള്ള രണ്ടെണ്ണം അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ വിക്ഷേപിക്കുകയുള്ളു.

Total solar eclipse: crowds in Indonesia watch as moon blocks sun
Posted by
09 March

2016ലെ ആദ്യ സൂര്യഗ്രഹണം ഇന്തൊനീഷ്യയെ ഇരുട്ടിലാക്കി, ഇന്ത്യയില്‍ ഭാഗികം

2016ലെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയില്‍ ഭാഗികമായിരുന്നെങ്കിലും ഗ്രഹണം ഇന്തൊനീഷ്യന്‍ പ്രദേശങ്ങളെ ഇരുട്ടിലാക്കി. എന്നാല്‍ ഗ്രഹണം. രാവിലെ 6.30 മുതല്‍ 10.05 വരെയായിരുന്നു ഇന്ത്യയില്‍ ഗ്രഹണം. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുന്നത് രാവിലെ 7.27 നായിരുന്നു. സൂര്യോദയ സമയത്തായതിനാല്‍ ഗ്രഹണം ഭാഗികമായേ കാണാന്‍ സാധിച്ചുള്ളൂ.

ഇന്തൊനീഷ്യയിലെ സുമാത്ര, ബോര്‍ണോ പ്രദേശങ്ങളില്‍ പൂര്‍ണസൂര്യഗ്രഹണം അനുഭവപ്പെട്ടു. ഗ്രഹണോല്‍സവം എന്ന പേരില്‍ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക പാക്കേജുകള്‍ വരെ ഒരുക്കിയിരുന്നു. കടലിനു നടുവില്‍ പോയി ഗ്രഹണം അനുഭവിച്ചറിയാനായി പ്രത്യേക കപ്പല്‍ സര്‍വീസുകളും ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് ഗ്രഹണം കാണാന്‍ പ്രത്യേക ഗ്ലാസുകളും വിതരണം ചെയ്തു. പൂര്‍ണ പിന്തുണയുമായി ഇന്തൊനീഷ്യന്‍ കാലാവസ്ഥാ വിഭാഗം രംഗത്തുണ്ടായിരുന്നു. നാസയാകട്ടെ സൂര്യഗ്രഹണത്തിന്റെ ‘ലൈവ് ഷോ’യും തങ്ങളുടെ വെബ്‌സൈറ്റില്‍ ഒരുക്കി.

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുകയും ചന്ദ്രന്റെ നിഴല്‍ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണമുണ്ടാകുന്നത്. ഇതിനു മുന്‍പ് സമ്പൂര്‍ണ സൂര്യഗ്രഹണം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണുണ്ടായത്. വടക്ക്-കിഴക്ക് ഓസ്‌ട്രേലിയയിലും സൗത്ത് ഏഷ്യയിലും കിഴക്കനേഷ്യയിലും ചിലയിടങ്ങളില്‍ ഭാഗികമായ ഗ്രഹണം അനുഭവപ്പെട്ടു.

ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെട്ടു. പുലര്‍ച്ചെ സൂര്യനുദിക്കുന്ന സമയത്തായതിനാല്‍ വളരെ കുറച്ചു നേരത്തേക്കു മാത്രമാണ് ഗ്രഹണം കാണാന്‍ കഴിഞ്ഞത്. സൂര്യോദയം നേരത്തേ ആയതിനാലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അല്‍പം ഭേദപ്പെട്ട സൂര്യഗ്രഹണം ദൃശ്യമായത്. ഡല്‍ഹിയില്‍ രാവിലെ 6.38നാണ് സൂര്യോദയം. ഇവിടെ ഗ്രഹണം 6.40ന് ആരംഭിച്ച് 6.44ന് അവസാനിച്ചു. ചെന്നൈയില്‍ രാവിലെ 6.20നാണ് സൂര്യോദയം. ഗ്രഹണം 6.22ന് ആരംഭിച്ച് 6.48ന് അവസാനിച്ചു. ലുധിയാനയില്‍ ഗ്രഹണം ദൃശ്യമാകില്ലെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. കൊല്‍ക്കത്തയില്‍ രാവിലെ 5.51നാണ് സൂര്യോദയം. അവിടെ 5.26ന് ഗ്രഹണം ആരംഭിച്ചു. 6.22ന് വളരെ കുറഞ്ഞ തോതില്‍ ഗ്രഹണം അനുഭവപ്പെട്ടു, 6.50ന് അവസാനിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഗ്രഹണം അറിയാനായില്ല. അതിനാല്‍ത്തന്നെ കേരളത്തിലും സൂര്യഗ്രഹണം അനുഭവിക്കാനായില്ല. ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം 2019 ഡിസംബര്‍ 26നായിരിക്കും.