ജീവന്‍ നിലനില്‍ക്കും; 20 പുതിയ ഗ്രഹങ്ങളെ കണ്ടെത്തി നാസ
Posted by
01 November

ജീവന്‍ നിലനില്‍ക്കും; 20 പുതിയ ഗ്രഹങ്ങളെ കണ്ടെത്തി നാസ

ലണ്ടന്‍: ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള 20 പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തി നാസ. നാസയുടെ കേപ്ലര്‍ മിഷനാണ് കണ്ടത്തെല്‍ നടത്തിയത്. ഭാവിയില്‍ മനുഷ്യര്‍ക്ക് അധിവസിക്കാന്‍ സാധിക്കാവുന്ന ഗ്രഹങ്ങളാകാം ഇവയെന്നും അവിടങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാമെന്നും നാസ ശാസ്ത്രജ്ഞര്‍ പറയുന്നു. പല ഗ്രഹങ്ങള്‍ക്കും ഭൂമിയോട് സാമ്യമുണ്ടെന്നതും ശാസ്ത്രജ്ഞരില്‍ പ്രതീക്ഷ ഉളവാക്കുന്നു. മറ്റൊരു ഭൂമി കണ്ടെത്തുവാനാകുമോയെന്ന അന്വേഷണത്തിലാണിപ്പോള്‍ ശാസ്ത്രജ്ഞര്‍.

ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍ തേടിയുള്ള അന്വേഷണത്തില്‍ നാഴികകല്ലാകുന്ന കണ്ടെത്തലാണ് കെപ്ലര്‍ ദൗത്യം നടത്തിയത്. കണ്ടെത്തിയ ഗ്രഹങ്ങളില്‍ പലതിനും ഭൂമിയുമായുള്ള സമാനതകള്‍ ഏറെയാണ്. അവയ്ക്കും ഭൂമിക്കും പൊതുവായ പലകാര്യങ്ങളിലും സമാനതകളുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് കെഒഐ7923.0 എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തിനാണ്.

ആ ഗ്രഹത്തിന്റെ ഒരുവര്‍ഷം എന്നുപറയുന്നത് 395 ദിവസമാണ്. ഭൂമിയുടെ 97 ശതമാനം വലിപ്പമാണ് ഗ്രഹത്തിനുള്ളത്. എന്നാല്‍ മാതൃനക്ഷത്രത്തില്‍ നിന്നുള്ള അകലം ഭൂമിയെ അപേക്ഷിച്ച് കൂടുതലായതുകൊണ്ട് ഇവിടെ ചൂടുകുറവായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഭൂമിയില്‍ ചുടുകുറഞ്ഞ സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന താപനിലയാകും ഈ ഗ്രഹത്തിലെ കൂടിയ താപനിലയുള്ള പ്രദേശങ്ങളെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

കൃത്രിമബുദ്ധിയില്‍ മനുഷ്യന്‍ ദൈവത്തെ മറക്കും, അധികം താമസിയാതെ തന്നെ ഇത് സംഭവിക്കും: ഡാന്‍ ബ്രൗണ്‍
Posted by
18 October

കൃത്രിമബുദ്ധിയില്‍ മനുഷ്യന്‍ ദൈവത്തെ മറക്കും, അധികം താമസിയാതെ തന്നെ ഇത് സംഭവിക്കും: ഡാന്‍ ബ്രൗണ്‍

ഫ്രാങ്ക്ഫര്‍ട്ട്: മനുഷ്യന് ഇനി ദൈവത്തിന്റെ ആവശ്യം വരികയില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി) ഉപയോഗിച്ച് പുതിയ തരം സംഘടിത അവബോധത്തിന് രൂപം നല്‍കപ്പെടുമെന്നും, ഇന്ന് മതങ്ങള്‍ ചെയ്യുന്നതെന്തോ അത് സംഘടിത അവബോധത്തിലൂടെ പ്രാവര്‍ത്തികമാക്കപ്പെടുമെന്നും അദ്ദേഹം വിശിദീകരിച്ചു.

ജര്‍മനിയിലൈ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന പുസ്തക മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഏറ്റവും പുതിയ നോവലായ ഒറിജിനലിന്റെ പ്രചരണഭാഗമായിട്ടായിരുന്നു ബ്രൗണ്‍ പുസ്തക മേളയ്‌ക്കെത്തിയത്. ഡാവിഞ്ചി കോഡ് എന്ന ബ്രൗണിന്റെ നോവലിലെ പ്രധാനകഥാപാത്രമായ റോബര്‍ട് ലാങ്ഡണിന്റെ അഞ്ചാമത് സാഹിസിക യാത്രയാണ് ഒറിജിന്‍ എന്ന നോവല്‍ പറയുന്നത്.

ശാസ്ത്രത്തെ മറികടക്കാന്‍ ദൈവത്തിനാകുമോ എന്ന ചോദ്യത്തില്‍ നിന്നാണ് ‘ഒറിജിന്റെ’ കഥയുണ്ടായതെന്നു ബ്രൗണ്‍ പറഞ്ഞു. എന്നാല്‍ അത് ഇന്നേവരെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നുകാണുന്ന എല്ലാ ദൈവങ്ങളും അടുത്ത നൂറു വര്‍ഷത്തേക്ക് ഇങ്ങനെത്തന്നെ നിലനില്‍ക്കുമെന്നാണോ മനുഷ്യന്‍ കരുതുന്നത് എന്നായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ ബ്രൗണിന്റെ ചോദ്യം. അങ്ങനെയെങ്കില്‍ അതല്‍പം കടന്നകയ്യായിപ്പോയെന്നും അന്‍പത്തിമൂന്നുകാരനായ ബ്രൗണ്‍ പറഞ്ഞു.

 

8500 കിലോ ഭാരമുള്ള ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ് ഭൂമിയിലേക്ക് പതിക്കുന്നു: നെട്ടോട്ടമോടി ചൈനീസ് ശാസ്ത്രജ്ഞന്മാര്‍
Posted by
15 October

8500 കിലോ ഭാരമുള്ള ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ് ഭൂമിയിലേക്ക് പതിക്കുന്നു: നെട്ടോട്ടമോടി ചൈനീസ് ശാസ്ത്രജ്ഞന്മാര്‍

ബെയ്ജിങ്: നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കുന്നു. ഏറെ കോട്ടിഘോഷിച്ച ടിയാന്‍ഗോങ് എന്ന ബഹിരാകാശ നിലയമാണ് ഭ്രമണ പഥത്തില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ച് കൊണ്ടിരിക്കുന്നത്. 8500 കിലോയിലധികം ഭാരമുള്ള ടിയാന്‍ഗോങ് മാസങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ചൈനീസ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്.

2011ലാണ് സ്വപ്‌ന പദ്ധതി ടിയാന്‍ഗോങിലൂടെ ചൈന പൂര്‍ത്തീകരിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു സമാനമായി ചൈനീസ് ശാസ്ത്രജ്ഞര്‍ക്ക് മാസങ്ങളോളം ബഹിരാകാശത്ത് താമസിസിച്ച് പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ടിയാന്‍ഗോങ് നിര്‍മ്മിച്ചത്. 2012ല്‍ ഷെന്‍ഷു 10ില്‍ ബഹിരാകാശ യാത്രികരും ടിയോന്‍ഗോങ്ങിലെത്തി.2022ല്‍ ബഹിരാകാശ നിലയം പ്രവര്‍ത്തന സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ ചൈനീസ് ഗവേഷകര്‍ മുന്നേറുന്നതിനിടയിലാണ് നിലയം പതിക്കുന്ന വിവരം അറിയുന്നത്.

നിയന്ത്രണം തിരിച്ചുപിടിക്കാന്‍ പലതവണ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഒടുവില്‍ ഇക്കാര്യം അവര് ലോകത്തിന് മുന്നില്‍ തുറന്ന് സമ്മതിക്കുകയായിരുന്നു. 2017 ഒക്ടോബറിനും 2018ഏപ്രിലിനുമിടയില്‍ എപ്പോള്‍ വേണമെങ്കിലും സ്വര്‍ഗകൊട്ടാരം എന്ന് അര്‍ത്ഥം വരുന്ന ടിയാന്‍ഗോങ് ഭൂമിയില്‍ പതിക്കാം. ബഹിരാകാശത്ത് നിന്നും പതിക്കുന്ന ഭീമന്‍ നിലയം അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ഒട്ടേറെ ഭാഗങ്ങള്‍ കത്തിയെരിഞ്ഞ് തീരുമെങ്കിലും നൂറ് കിലോ വരുന്ന ഭാഗങ്ങള്‍ ഭൗമോപരിതലത്തില്‍ പതിച്ചേക്കുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞന്മാര്‍ കണക്ക് കൂട്ടുന്നത്. എന്നാല്‍ ഭൂമിയില്‍ എവിടെ പതിക്കുമെന്ന കാര്യത്തില്‍ ശാസത്രജ്ഞന്മാര്‍ക്ക് യാതൊരു നിശ്ചയവുമില്ല.

ഊര്‍ജ്ജതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്
Posted by
03 October

ഊര്‍ജ്ജതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

വാഷിങ്ടണ്‍: ഈ വര്‍ഷത്തെ ഊര്‍ജ്ജതന്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. റൈനര്‍ വേയ്‌സ്, ബാരി ബാരിഷ്, കിപ് തോണ്‍ എന്നീ മൂന്ന് ശാസ്ത്രജ്ഞര്‍ പുരസ്‌കാരം പങ്കിട്ടു.

ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ പഠനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. െൈറനര്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജിയിലും ബാരി ബോറിഷും കിപ് തോണും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും സേവനമനുഷ്ഠിക്കുകയാണ്.

സൗരയൂഥത്തില്‍ മനുഷ്യ സാന്നിധ്യം വര്‍ധിപ്പിക്കണം; ചന്ദ്രനു സമീപം ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാന്‍ നാസ
Posted by
28 September

സൗരയൂഥത്തില്‍ മനുഷ്യ സാന്നിധ്യം വര്‍ധിപ്പിക്കണം; ചന്ദ്രനു സമീപം ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാന്‍ നാസ

വാഷിങ്ങ്ടണ്‍: സൗരയൂഥത്തില്‍ മനുഷ്യ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ചന്ദ്രനു സമീപം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങി നാസ. ഇതിനുള്ള പദ്ധതി തുടങ്ങാന്‍ നാസയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസും തമ്മില്‍ കരാറായി.

ബഹിരാകാശത്തിന്റെ ഉള്ളിലേക്ക് കടന്നുചെല്ലാന്‍ വിപുലമായ പദ്ധതികളാണ് നാസയും റോസ്‌കോസ്‌മോസും ആരംഭിക്കുന്നത്. ഓറിയണ്‍ ബഹിരാകാശ വാഹനം, സ്‌പേസ് ലോഞ്ച് സിസ്റ്റം റാക്കറ്റ് എന്നിവയില്‍ മനുഷ്യരെ ഈ ബഹിരാകാശ കേന്ദ്രത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഉടനൊന്നും സാധ്യമല്ലെങ്കിലും സമീപ ഭാവിയില്‍ ഇത് നടപ്പാക്കുകയാണ് നാസയുടേയും റോസ്‌കോസ്‌മോസിന്റെയും പദ്ധതി.

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹം; ഐആര്‍എന്‍ എസ്എസ്-1എച്ച് ഇന്ന് വിക്ഷേപിക്കും
Posted by
31 August

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹം; ഐആര്‍എന്‍ എസ്എസ്-1എച്ച് ഇന്ന് വിക്ഷേപിക്കും

ബംഗളൂരു: രാജ്യത്തിന്റെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആര്‍എന്‍എസ്എസ്-1എച്ച് ഇന്ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു വിക്ഷേപിക്കും. പിഎസ്എല്‍വി സി-39 റോക്കറ്റ് ഉപയോഗിച്ചു രാത്രി ഏഴിനാണു വിക്ഷേപണം. 29 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം ശ്രേണിയിലെ ഏഴു ദിശാസൂചക ഉപഗ്രഹങ്ങളില്‍പ്പെട്ട ഐആര്‍എന്‍എസ്എസ്-1 എയുടെ മൂന്നു റൂബീഡിയം ക്ലോക്കുകള്‍ പ്രവര്‍ത്തനം നിലച്ച സാഹചര്യത്തിലാണ് ഇതിനെ പിന്തുണയ്ക്കാനുള്ള ബാക്കപ്പായി 1400 കിലോഗ്രാം ഭാരമുള്ള 1 എച്ച് ഉപഗ്രഹം അയയ്ക്കുന്നത്.

വൈനിലും കട്ടന്‍ കാപ്പിയിലും ചീസ് കേക്കിലും അടങ്ങിയിരിക്കുന്നത്?
Posted by
26 August

വൈനിലും കട്ടന്‍ കാപ്പിയിലും ചീസ് കേക്കിലും അടങ്ങിയിരിക്കുന്നത്?

കട്ടന്‍ ചായയിലും റെഡ് വൈനിലും ബ്ലൂബെറി ചീസ് കേക്കിലും അടങ്ങിയിട്ടുള്ള ഫ്‌ലേവനോയിഡുകള്‍ പകര്‍ച്ചപ്പനിയും തൊണ്ടവേദനയും ജലദോഷവും മറ്റും പരത്തുന്ന ബാക്റ്റീരിയയെ തുരത്തുമെന്നു പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. ശരീരത്തിലെ സൂക്ഷ്മാണു വ്യവസ്ഥയായ ക്ലോസ്ട്രിഡിയവുമായി ചേര്‍ന്ന് ഈ ഫ്‌ലേവനോയിഡുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് ബാക്റ്റീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുമെന്നാണ് വാഷിംങ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

നിത്യാഹാരത്തില്‍ നാം യഥേഷ്ടം ഉള്‍പെടുത്തുന്നവയാണ് ഫ്‌ലേവനോയിഡുകള്‍. അതിനാല്‍ തന്നെ ഇവയ്ക്കു ശരീരത്തിലെ സൂക്ഷ്മാണുക്കളുമായി ചേര്‍ന്ന് സാംക്രമിക രോഗങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കാന്‍ കഴിയും. മനുഷ്യശരീരത്തില്‍ ഈ കണ്ടെത്തല്‍ പരീക്ഷിച്ചിട്ടില്ല. അതിനാല്‍ തന്നെ സാംക്രമികരോഗ ലക്ഷണങ്ങളുള്ള വ്യക്തികളിലേക്ക് പഠനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞരുടെ സംഘം. സയന്‍സ് എന്ന ആനുകാലിക പ്രസിദ്ധീകരണത്തിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇനി വിയര്‍പ്പില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാം
Posted by
23 August

ഇനി വിയര്‍പ്പില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാം

ഇനി വിയര്‍പ്പില്‍ നിന്നും വൈദ്യുതി ലഭ്യമാകും. മനുഷ്യ വിയര്‍പ്പില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന സ്‌ട്രെച്ചബിള്‍ ഫ്യുവല്‍ സെല്ലുകളാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ്.

ഒരു എല്‍ഇഡി പ്രകാശിപ്പിക്കാനുള്ള വൈദ്യുതി മനുഷ്യന്റെ വിയര്‍പില്‍ നിന്നും ഈ സെല്ലുകള്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കാനാവും. സ്മാര്‍ട് വാച്ച് പോലെ ധരിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളുടെ നിര്‍മ്മാണ രംഗത്തെ ഒരു വഴിത്തിരിവാണ് ഈ കണ്ടുപിടുത്തം. മാത്രവുമല്ല നിലവില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ബയോ ഫ്യുവല്‍ സെല്ലുകളേക്കാള്‍ 10 ഇരട്ടി ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ ഈ സ്‌ട്രെച്ചബിള്‍ ഫ്യുവല്‍ സെല്ലിന് സാധിക്കുമെന്ന് സാങ്കേതിക വിദഗ്ദര്‍ അവകാശപ്പെടുന്നു.

മനുഷ്യന്റെ വിയര്‍പ്പില്‍ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡിനെ ഓക്‌സിഡൈസ് ചെയ്ത് വൈദ്യുതിയാക്കി മാറ്റാന്‍ കഴിയുന്ന ഒരു എന്‍സൈം ആണ് ഈ ബയോഫ്യുവല്‍ സെല്ലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. നിരനിരയായി പരസ്പരം ബന്ധിപ്പിക്കപ്പെട്ട കറുത്ത പുള്ളികളുടെ രൂപത്തിലാണ് ഈ സെല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ പകുതി പുള്ളികള്‍ വൈദ്യുതി പ്രവഹിപ്പിക്കുന്ന ആനോഡുകളും മറുപകുതി കാഥോഡുകളും ആണ്. പരിക്കുകള്‍ ഏല്‍ക്കാത്ത വിധത്തില്‍ സ്പ്രിങു പോലുള്ള സംവിധാനം ഉപയോഗിച്ചാണ് ഇവയെ ബന്ധിപ്പിച്ചിരിക്കുന്നത്.

പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജം ഏറെ നേരം നിലനിര്‍ത്തുക എന്നത് വെയറബിള്‍ ഡിവൈസുകളുടെ നിര്‍മ്മാണ മേഖല ഇന്നും നേരിടുന്ന ഒരു വെല്ലുവിളിയാണ്. ജൈവ ദ്രവങ്ങളില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ നിലവില്‍ ഉണ്ടെങ്കിലും അവയെ ആവശ്യത്തിനനുസരിച്ച് രൂപമാറ്റം നടത്താനും ചലിപ്പിക്കാനും സാധിക്കില്ല. അത്തരം സാഹചര്യങ്ങളിലാണ് ഏത് രീതിയിലേക്കും മാറ്റാന്‍ സാധിക്കുന്ന സ്‌ട്രെച്ചബിള്‍ ആയ ബയോ ഫ്യുവല്‍ സെല്ല് പ്രാധാന്യം അര്‍ഹിക്കുന്നത്.

ലിതോഗ്രാഫിയുടേയും (lithography) സ്‌ക്രീന് പ്രിന്റിങിന്റെയും സാധ്യതകള്‍ ഉപയോഗിച്ചാണ് ത്രിഡി കാര്‍ബണ്‍ നാനോട്യൂബ് അധിഷ്ടിതമായ കാഥോഡിന്റേയും ആനോഡിന്റെയും വ്യൂഹം സൃഷ്ടിച്ച് ഒരു സ്‌ട്രെച്ചബിള്‍ ഇലക്ട്രോണിക് ഫൗണ്ടേഷന്‍ ഈ സാങ്കേതിക വിദഗ്ദര്‍ നിര്‍മ്മിച്ചെടുത്തത്.

ഇത്തവണയും മധുരപേരു തന്നെ; ആന്‍ഡ്രോയ്ഡിന്റെ എട്ടാം പതിപ്പ് ‘ഓറിയോ’ പുറത്തിറങ്ങി
Posted by
22 August

ഇത്തവണയും മധുരപേരു തന്നെ; ആന്‍ഡ്രോയ്ഡിന്റെ എട്ടാം പതിപ്പ് 'ഓറിയോ' പുറത്തിറങ്ങി

പേരെന്തായിരിക്കുമെന്ന ആശങ്കല്‍ ഒഴിഞ്ഞു, ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് ‘ഓറിയോ’ എന്ന മധുരപ്പേരില്‍ പുറത്തിറങ്ങി. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് പുതിയ ഒഎസ് പുറത്തിറക്കിയത്. ഓരോ പതിപ്പിനും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവ് ഇത്തവണയും ഗൂഗിള്‍ തെറ്റിച്ചില്ല. ഓട്ട്മീല്‍ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ ഗൂഗിള്‍ തിരഞ്ഞെടുത്തത്. കൂടുതല്‍ സ്മാര്‍ട്ട്, സേഫ്,സ്്‌ട്രോങ്, സ്വീറ്റ് എന്നീ വിശേഷണങ്ങളോടെയാണ് ആന്‍ഡ്രോയിഡ് എട്ടാം പതിപ്പായ ഓറിയോയുടെ വരവ്.

അമേരിക്കയില്‍ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെയും ലോഞ്ച്. ഗ്രഹണത്തിന് സൂര്യനും ചന്ദ്രനും ചേര്‍ന്ന് ആകാശത്ത് സൃഷ്ടിക്കപ്പെടുന്ന ഇംഗ്ലീഷ് അക്ഷരം ‘ഒ’ ആകൃതിക്കു സമാനമാണ് ആന്‍ഡ്രോയ്ഡ് ഒ എന്നതായിരുന്നു വിശദീകരണം.

കൂടുതല്‍ മികച്ച ബാറ്ററി പെര്‍ഫോമന്‍സായിരിക്കും ആന്‍ഡ്രോയ്ഡ് ഒയുടെ പ്രധാന ഗുണം. ബാക്ക്ഗ്രൗണ്ടിലുള്ള ആപ്ലിക്കേഷനുകളെ നിയന്ത്രിച്ചായിരിക്കും ബാറ്ററിയുടെ ആയുസ്സ്‌കൂട്ടുക. നോട്ടിഫിക്കേഷനുകള്‍ എങ്ങനെയാണ് ഫോണില്‍ ലഭിക്കേണ്ടത് എന്നതിന്മേല്‍ യൂസര്‍ക്ക് ‘ഒ’ വഴി കൂടുതല്‍ നിയന്ത്രണം ലഭിക്കും. ഇമോജികളില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ഫീച്ചറുകളാണ് ‘ഒ’യില്‍ കാത്തിരിക്കുന്നതും. ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍ എന്നിവയിലായിരിക്കും ആന്‍ഡ്രോയ് ഓറിയോ ഓപറേറ്റിങ് സിസ്റ്റം ആദ്യം എത്തുക. പിന്നീട് നെക്‌സസസ് മോഡലുകളിലും നോക്കിയയുടെ പുതിയ മോഡലുകളിലും ഒഎസ് എത്തും.

ചരിത്രത്തിലാദ്യമായി അമേരിക്ക പൂര്‍ണ്ണമായും ഇരുട്ടില്‍; സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ആഘോഷമാക്കി ജനങ്ങള്‍
Posted by
22 August

ചരിത്രത്തിലാദ്യമായി അമേരിക്ക പൂര്‍ണ്ണമായും ഇരുട്ടില്‍; സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ആഘോഷമാക്കി ജനങ്ങള്‍

വാഷിങ്ടണ്‍: ചരിത്രത്തലാദ്യമായി സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് അമേരിക്ക. ഓഗസ്റ്റ് 21നാണ് അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളേയും ഇരുട്ടിലാക്കി യുഎസ് ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്.

ഓറിഗോണ്‍ മുതല്‍ സൗത്ത് കാരോലിന വരെയുള്ള 48 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചു. അമേരിക്കന്‍ ജനതയുടെ കാത്തിരുപ്പ് വെറുതെയായില്ല. 48 സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണമായി ദൃശ്യമാകുന്ന ആദ്യത്തെ സൂര്യഗ്രഹണം അതിന്റെ എല്ലാ സൂക്ഷ്മതയോടും കൂടി തന്നെ രാജ്യം ദര്‍ശിച്ചു.

സൂര്യനെ പൂര്‍ണ്ണമായും ചന്ദ്രന്‍ മറച്ചപ്പോള്‍ ബെയ്‌ലീസ് ബീഡ്‌സ് എന്ന പ്രതിഭാസവും ഡയമണ്ട് റിംഗ് എന്ന പ്രതിഭാസവും സുരക്ഷാ സന്നാഹങ്ങളുപയോഗിച്ച് ജനം അനുഭവിച്ചറിഞ്ഞു.

അമേരിക്കന്‍ സമയം രാവിലെ പത്ത് പത്ത് പതിനാറിന് തുടങ്ങിയ ഗ്രഹണം അവസാന സംസ്ഥാനമായ സൗത്ത് കാരൊലിനയില്‍ ദൃശ്യമായപ്പോള്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഓരോ സ്ഥലത്തും രണ്ട് മിനിറ്റ് 40 സെക്കന്റ് നേരമാണ് ചന്ദ്രന്‍ സൂര്യനെ മറച്ചത്

ഇനി ഇതുപോലെ ഒരു സൂര്യഗ്രഹണം ദൃശ്യമാവണമെങ്കില്‍ 2024 വരെ കാത്തിരിക്കണം. അതിനാല്‍ ഈ ഗ്രഹണത്തെ പൂര്‍ണ്ണമായും പഠനവിധേയമാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും അമേരിക്ക പൂര്‍ത്തിയാക്കിയിരിക്കുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തങ്ങളുടെ വെബ്‌സൈറ്റില്‍ ഗ്രഹണം തത്സമയം കാണാന്‍ അവസരമൊരുക്കിയിരുന്നു.

പൂര്‍ണ്ണമായ തോതില്‍ ഗ്രഹണം ദൃശ്യമായത് അമേരിക്കയില്‍ മാത്രമായിരുന്നുവെങ്കിലും നോര്‍ത്ത് അമേരിക്കയിലും കാനഡയിലും ബൊളീവിയയിലും ഭാഗികമായി ഗ്രഹണം ദൃശ്യമായി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യം മെലാനിയയും മകന്‍ ബാരണും വാഷിംഗ്ടണ്‍ ഡിസിയില്‍ ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചു.