ജിയോ നിരക്കുകള്‍ കൂട്ടി; കാലാവധി വെട്ടിച്ചുരുക്കി
Posted by
19 October

ജിയോ നിരക്കുകള്‍ കൂട്ടി; കാലാവധി വെട്ടിച്ചുരുക്കി

മുംബൈ: 399 രൂപയുടെ ധന്‍ ധനാ ധന്‍ പ്ലാനിന്റെ നിരക്ക് 459 രൂപയായി ജിയോ വര്‍ധിപ്പിച്ചു. പ്ലാന്‍ പ്രകാരം പ്രതിദിനം ഒരു ജിബി ഡാറ്റവീതം 84 ദിവസം ഉപയോഗിക്കാം. സൗജന്യ കോള്‍, എസ്എംഎസ് എന്നിവയും ഇതോടൊപ്പം ലഭിക്കും.

399 രൂപയുടെ പ്ലാന്‍ കാലാവധി 70 ദിവസമായി ചുരുക്കുകയും ചെയ്തു. ദിനംപ്രതി ഒരു ജിബി ഡാറ്റ ഉപയോഗിക്കാം. മറ്റ് സൗജന്യങ്ങളും ഇതോടൊപ്പമുണ്ടാകും. ഒക്ടോബര്‍ 19 മുതല്‍ പുതിയ വരിക്കാര്‍ക്കും നിലവിലുള്ള വരിക്കാര്‍ക്കും ഈ പ്ലാനില്‍ ചേരാം.

509 രൂപയുടെ പ്ലാനിന്റെ കാലാവധി 56 ദിവസത്തില്‍നിന്ന് 49 ദിവസമാക്കികുറച്ചിട്ടുണ്ട്. അതേസമയം, 149 രൂപ പ്ലാനിന്റെ ഡാറ്റാ സൗജന്യം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രണ്ട് ജിബിയായിരുന്നത് നാല് ജിബിയായാണ് വര്‍ധിപ്പിച്ചത്.

കാലാവധി(28ദിവസം)ക്കും മറ്റ് സൗജന്യങ്ങള്‍ക്കും മാറ്റമില്ല. 90 ദിവസം കാലാവധിയുള്ള 999 രൂപ പ്ലാനിന്റെ ഡാറ്റ സൗജന്യം 90 ജിബിയില്‍നിന്ന് 60 ജിബിയായി കുറച്ചു. 1,999 രൂപ(120 ദിവസ കാലാവധി)യുടെ പ്ലാനിന് 125 ജി.ബിയും 4,999 രൂപയുടെ (കാലാവധി 210 ദിവസം)പ്ലാനിന് 350 ജിബിയുമാണ് ഉപയോഗിക്കാന്‍ കഴിയുക. നേരത്തെ ഇത് യഥാക്രമം 155 ജി.ബി, 380 ജിബി എന്നിങ്ങനെയായിരുന്നു.

പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്: സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെയ്ക്കാന്‍ ഇനി വാട്‌സ് ആപ്പ് ലൈവ്
Posted by
18 October

പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്: സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെയ്ക്കാന്‍ ഇനി വാട്‌സ് ആപ്പ് ലൈവ്

ന്യൂഡല്‍ഹി: സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള ‘ലൈവ് ലൊക്കേഷന്‍’ സംവിധാനവുമായി വാട്സ്ആപ്പ്. ഈ സൗകര്യം ഉപയോഗിച്ച് വാട്സ്ആപ്പിലെ ഒരു സുഹൃത്തുമായോ അല്ലെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷന്‍ തത്സമയം പങ്കുവെക്കാനുള്ള സൗകര്യമാണ് വാട്‌സ്ആപ്പ് ലൈവ്. കൃത്യമായി പറഞ്ഞാല്‍ കൂട്ടുക്കാര്‍ക്ക് നമ്മള്‍ എവിടെയാണ് എന്നത് അറിയാന്‍ സാധിക്കും എന്ന് സാരം.

നിലവില്‍ വാട്സ്ആപ്പില്‍ ഷെയര്‍ ലൊക്കേഷന്‍ എന്ന ഫീച്ചര്‍ ലഭ്യമാണ്. ഇതുവഴി സന്ദേശം അയക്കുമ്പോള്‍ എവിടെയാണോ നമ്മള്‍ നില്‍ക്കുന്നത് ആ ലൊക്കേഷന്‍ മാത്രമേ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കൂ. ഇതില്‍ നിന്നും വ്യത്യസ്തമാണ് ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍. ഈ ഫീച്ചര്‍ വഴി മറ്റുള്ളവരുമായി നമ്മുടെ ലൊക്കേഷന്‍ പങ്കുവെക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ ലൊക്കേഷന്‍ യഥാസമയം പിന്തുടരാന്‍ സാധിക്കും.

ഇന്ത്യയില്‍ മാത്രം കോടി സ്ഥിരം ഉപയോക്താക്കള്‍ വാട്സ്ആപ്പിനുണ്ട്. ആഗോളതലത്തില്‍ ദിവസേന 100 കോടി ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്. അതുകൊണ്ടുതന്നെ ഈ ഉപയോക്താക്കള്‍ക്കെല്ലാം ഏറെ ഉപകാരപ്രദമായ ഫീച്ചറുകളില്‍ ഒന്നാണ് ലൈവ് ലൊക്കേഷന്‍. ഉദാഹരണത്തിന് നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളേയോ കാണാന്‍ പോവുകയാണെന്ന് കരുതുക.

സാധാരണ നിലയില്‍ നമ്മള്‍ എവിടെയെത്തിയെന്നറിയാന്‍ വീട്ടുകാര്‍ നമ്മളെ വിളിച്ചന്വേഷിക്കുകയാണല്ലോ ചെയ്യുക. എന്നാല്‍ ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ വഴി നിങ്ങളുടെ സഞ്ചാര വഴി തത്സമയം അറിയാന്‍ സാധിക്കും. സ്ത്രീ സുരക്ഷയ്ക്കും ഈ പുതിയ ഫീച്ചര്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യൂബര്‍, ഓല ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളുടെ ആപ്ലിക്കേഷനില്‍ സമാനമായ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനമുണ്ട്. ബുക്ക് ചെയ്ത വാഹനം എവിടെയെത്തിയെന്ന് കൃത്യമായി ഈ ഫീച്ചര്‍ വഴി നമുക്ക് കാണാം. ജൂണില്‍ സ്നാപ് ചാറ്റ് ആപ്ലിക്കേഷന്‍ ‘സ്നാപ് മാപ്പ്’ എന്ന പേരില്‍ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. മറ്റ് സന്ദേശങ്ങളെ പോലെ തന്നെ എന്‍ക്രിപ്റ്റ്ഡ് ആയാണ് ലൊക്കേഷനും വാട്സ്ആപ്പില്‍ പങ്കുവെക്കപ്പെടുക. നമ്മള്‍ തീരുമാനിക്കുന്ന ആളുകളുമായി മാത്രമേ ലൊക്കേഷന്‍ പങ്കുവെക്കപ്പെടുകയുള്ളൂ. ആവശ്യമുള്ളപ്പോള്‍ നമുക്ക് ലൊക്കേഷന്‍ ഷെയറിങ് നിര്‍ത്തുകയും ചെയ്യാം.

വീണ്ടും ഞെട്ടിച്ച് ജിയോ; മുഴുവന്‍ റീച്ചാര്‍ജ് തുകയും തിരികെ
Posted by
12 October

വീണ്ടും ഞെട്ടിച്ച് ജിയോ; മുഴുവന്‍ റീച്ചാര്‍ജ് തുകയും തിരികെ

മുംബെ: വീണ്ടും ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോയുടെ കിടിലന്‍ ഓഫര്‍. മൊബൈല്‍ റീചാര്‍ജിനു 100 ശതമാനം കാഷ്ബാക്കാണ് പുതിയ ഓഫര്‍. ന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അത്രയും തുകയുടെ വൗച്ചറുകളാണ് തിരിച്ചുനല്‍കുക. ഇങ്ങനെ ലഭിക്കുന്ന 50 രൂപയുടെ എട്ട് വൗച്ചറുകള്‍ ഓരോതവണ റീച്ചാര്‍ജ് ചെയ്യുമ്പോഴും ഉപയോഗിക്കാം.

ദീപാവലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറിന്റെ കാലാവധി ഒക്ടോബര്‍ 18 നു അവസാനിക്കും.50 രൂപയുടെ എട്ട് വൗച്ചറുകള്‍ പ്രകാരം 400 രൂപയാണ് കാഷ്ബാക്കായി ലഭിക്കുക. നവംബര്‍ 15നുശേഷം നടത്തുന്ന 309 രൂപയോ അതിനുമുകളിലോ ഉള്ള റീച്ചാര്‍ജുകള്‍ക്ക് ഓരോ വൗച്ചറുകളും ഉപയോഗിക്കാം.

മൈ ജിയോ ആപ്പ്, ജിയോഡോട്ട്‌കോം, ജിയോ സ്‌റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ എന്നിവ വഴി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കും.

കിടിലന്‍ ഓഫര്‍ അവതരിപ്പിച്ച് എയര്‍ടെല്‍; ഭീഷണിയില്‍ പിടിച്ചു നില്‍ക്കാനാകാതെ ജിയോ
Posted by
11 October

കിടിലന്‍ ഓഫര്‍ അവതരിപ്പിച്ച് എയര്‍ടെല്‍; ഭീഷണിയില്‍ പിടിച്ചു നില്‍ക്കാനാകാതെ ജിയോ

ഉപയോക്താക്കള്‍ക്കായി പരിധികളില്ലാത്ത കോളുകളും ഡാറ്റയും അവതരിപ്പിച്ച് എയര്‍ടെല്ലിന്റെ കിടിലന്‍ ഓഫര്‍. 495 രൂപയുടെ പുതിയ റീച്ചാര്‍ജ് പാക്കിലാണ് 84 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും 1ജിബി ഡാറ്റയും ലഭിക്കുന്നത്.

ഈ ഓഫര്‍ എയര്‍ടെലിന്റെ പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുക. അതും ആദ്യ രണ്ട് റീച്ചാര്‍ജുകളില്‍ മാത്രം. മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളില്‍ ലഭ്യമാകുന്ന ഈ ഓഫര്‍ മുംബൈ സര്‍ക്കിളില്‍ 99 ഫ്രീ എസ്എംഎസോടു കൂടിയാണ് ലഭിക്കുക.

എയര്‍ടെല്‍ പുറത്തിറക്കിയ 84ദിവസപരിധിയിലുള്ള ഈ ഓഫറിന് റിയലന്‍സ് ജിയോ ഓഫറുകളോട് സമാനതകളേറെയാണ്. 399 രൂപ പാക്കിലാണ് ജിയോ ഈ സേവനം നല്‍കുന്നത്. 1ജിബി ഡാറ്റ ദിവസേന ലഭിക്കുന്ന മറ്റ് ഓഫറുകളും എയര്‍ടെല്‍ പുറത്തിറക്കിയിട്ടുണ്ട്. ജിയോയുമായി മത്സരിച്ചാണ് എയര്‍ടെല്‍ പ്ലാനുകള്‍ പുരത്തിറക്കുന്നത്.

199 മുതല്‍ 349,399 തുടങ്ങി അനേകം പ്ലാനുകള്‍ പട്ടികയിലുണ്ട്. 28ദിവസം കാലപരിധിയില്‍ 1ജിബി ഡേറ്റ നല്‍കുന്നവയാണ് 349,399 പ്ലാനുകള്‍.

ഐഫോണ്‍ 8 പ്ലസ് പൊളിയുന്നു, ആപ്പിള്‍ പ്രതിസന്ധിയില്‍
Posted by
08 October

ഐഫോണ്‍ 8 പ്ലസ് പൊളിയുന്നു, ആപ്പിള്‍ പ്രതിസന്ധിയില്‍

ഏറ്റവും പുതിയ ഐഫോണ്‍ 8പ്ലസിന്റെ ബാറ്ററി ചൂടായി ഫോണ്‍ പിളര്‍ന്ന വാര്‍ത്തകള്‍ പല രാജ്യങ്ങളില്‍ നിന്നും വന്നു തുടങ്ങിയിരിക്കുന്നു. ഫോണ്‍ ഉപയോക്താക്കളിലെത്തി ആദ്യ ആഴ്ചകളില്‍ തന്നെയാണ് ഇത് സംഭവിക്കുന്നതെന്നത് ആപ്പിളിനും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. സാംസങും ആപ്പിളും അടക്കമുള്ള കമ്പനികള്‍ ക്യാമറ ഉള്‍പ്പെടെ പല ഭാഗങ്ങളും മറ്റു കമ്പനികളില്‍ നിന്നു വാങ്ങാറുണ്ട്. എതിരാളികളുടെ ഒപ്പമെങ്കിലും നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോണിയുടെ ക്യാമറാ മൊഡ്യൂളുകളായിരിക്കും വാങ്ങുക.

സെപ്റ്റംബര്‍ 22 മുതല്‍ വില്‍പ്പന തുടങ്ങിയ ഐഫോണുകളില്‍ കണ്ടെത്തിയ ബാറ്ററി പ്രശ്നത്തിന്റെ കാരണം ആപ്പിള്‍ വിശകലനം ചെയ്തു വരികയാണ്. സാംസങ്ങിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ ഏതെങ്കിലും പ്രത്യേക ബാറ്ററി നിര്‍മാതാവില്‍ നിന്നു സ്വീകരിച്ച ബാറ്ററിക്കാണോ പ്രശ്നം എന്നാണ് പരിശോധിക്കുന്ന കാര്യങ്ങളില്‍ ഒന്ന്. ആപ്പിള്‍ ആദ്യമായി ആണ് തങ്ങളുടെ ഫോണുകള്‍ക്ക് വയര്‍ലെസ് ചാര്‍ജിങ് ഔദ്യോഗികമായി ഇണക്കിയത്.

ഹാര്‍ഡ്വെയര്‍ പ്രശ്നമാണ് ഇതിനു പിന്നിലെങ്കില്‍ പ്രശ്നപരിഹാരത്തിന് ആപ്പിള്‍ നല്ലതു പോലെ വിയര്‍ക്കേണ്ടി വരും. ഭാഗ്യവശാല്‍ അധികം ഹാന്‍ഡ്സെറ്റുകളില്‍ പ്രശ്നം കണ്ടിട്ടില്ലെന്നത് ശുഭസൂചകമാണ്. ഓരോ നാലു മാസവും ഏകദേശം 40 മുതല്‍ 80 ദശലക്ഷം ഹാന്‍ഡ്സെറ്റുകളാണ് ആപ്പിള്‍ വില്‍ക്കുന്നത്. ഏതാനും ഫോണുകള്‍ക്ക് കൊണ്ടുപോയ വഴിക്കു പരിക്കേറ്റതു മൂലമോ, ഉപയോക്താവിന്റെ ഭാഗത്തു നിന്നു സംഭവിച്ച പിഴകള്‍കൊണ്ടോ ആണോ ഇപ്പോള്‍ കണ്ട പ്രശ്നങ്ങള്‍ എന്നറിയേണ്ടിയിരിക്കുന്നു. പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ഫോണുകള്‍ വിറ്റവര്‍ തന്നെ തിരിച്ചു മേടിച്ച് കമ്പനിക്ക് മടക്കി അയച്ചു കൊണ്ടിരിക്കകയാണ്.

ബാറ്ററി വീര്‍ത്തു വന്നു ഫോണ്‍ പിളര്‍ത്തുന്ന പ്രശ്നവും ഫോണിനു തീ പിടിച്ചു പൊട്ടിത്തെറിക്കുന്ന പ്രശ്നവും തികച്ചും വ്യത്യസ്തമാണ്. ഇത്തരം ഫോണുകളില്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ രസതന്ത്രവും അവയില്‍ ശേഖരിക്കാവുന്ന വൈദ്യുതിയുടെ അളവും അവയെ ചെറിയ കുഴപ്പം വരുമ്പോഴെ കുഴപ്പക്കാരാക്കുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്.

അതേസമയം, ഐഒഎസ് 11 ഒരു ബാറ്ററി കുടിയനാണ് എന്നതാണ് മറ്റൊരു പ്രശ്നമായി തീര്‍ന്നിരിക്കുന്നത്. പുതുക്കിയ ഒഎസിനായി ഇറക്കിയ ആദ്യ രണ്ടു പാച്ചുകളും ഐഒഎസ് 11ന്റെ ബാറ്ററി ദാഹം ശമിപ്പിച്ചിട്ടില്ല. ഐഒഎസ് 11ലേക്ക് അപ്ഗ്രേയ്ഡു ചെയത ഉപയോക്താക്കളില്‍ മിക്കവരും ബാറ്ററി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

ഇതാണ് യഥാര്‍ത്ഥ സ്മാര്‍ട്ട്‌ഫോണ്‍! ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍
Posted by
05 October

ഇതാണ് യഥാര്‍ത്ഥ സ്മാര്‍ട്ട്‌ഫോണ്‍! ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍

ഐഫോണ്‍ ഉള്‍പ്പടെയുള്ള ലോകത്തെ മികച്ച സ്മാര്‍ട്ട്ഫോണുകള്‍ക്കു വെല്ലുവിളി ഉയര്‍ത്താന്‍ തക്ക മികവുമായാണ് ഗൂഗിളിന്റെ രണ്ടാം തലമുറ പിക്സല്‍ ഫോണുകള്‍ എത്തിയിരിക്കുന്നത്. പിക്സല്‍ 2, പിക്സല്‍ 2 XL എന്നീ പേരുകളിലാണ് ഫോണുകള്‍ ഇറക്കിയിരിക്കുന്നത്. ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത് മറ്റു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പേടിക്കേണ്ട പലതും ഈ ഫോണുകളില്‍ ഉണ്ടെന്നാണ്. 2017ല്‍ പുറത്തിറക്കുന്ന ഏറ്റവും ആധുനികമായ ഫോണുകളില്‍ നിന്ന് എന്തൊക്ക പ്രതീക്ഷിക്കാമോ അതെല്ലാം ഇവയില്‍ ലഭ്യമാണ്.

രണ്ടു മോഡലുകള്‍ക്കും ഒരു മാന്ദ്യവുമില്ല എന്നു മാത്രമല്ല അതി വേഗം ഉപയോഗിക്കാനാകും. ഫോണിനു ശക്തി പകരുന്നത് സ്നാപ്ഡ്രാഗണ്‍ 835 പ്രോസസറും 4GB റാമുമാണ്. എറ്റവും ശുദ്ധമായ ആന്‍ഡ്രോയിഡ് 8 ഓപ്പറേറ്റിങ് സിസ്റ്റമാകട്ടെ കൊതിപ്പിക്കുന്ന രീതിയില്‍ ഒഴുക്കുള്ള പ്രകടനം നടത്തുന്നു. അലൂമിനിയം കോട്ടിങുള്ള ഇരു ഫോണുകള്‍ക്കും വളരെ ഭാരക്കുറവു തോന്നിക്കുന്നു എന്നതാണ് മറ്റൊരു താത്പര്യജനകമായ കാര്യം. വിലകൂടിയ ഉപകരണമാണെന്നും ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കും.

HTC ഫോണുകളില്‍ കണ്ട എഡ്ജ് സെന്‍സ് (Edge sense) ഇരു മോഡലുകളിലും ഉണ്ട്. ഗൂഗിള്‍ ഇതിനെ വിളിക്കുന്നത് ആക്ടീവ് എഡ്ജ് എന്നാണ്. ഫോണിന്റെ താഴത്തെ പകുതിയില്‍ ഞെക്കിയാല്‍ ഗുഗിള്‍ അസിറ്റന്റിനെ ലോഞ്ച് ചെയ്യാം.

അത്യുജ്വലമാണ് ക്യാമറയുടെ പ്രകടനം. (പ്രത്യേക ആര്‍ട്ടിക്കിള്‍ കാണുക.) ക്യാമറയുടെ 12.2 മെഗാപിക്‌സല്‍ സെന്‍സര്‍ ഗൂഗിള്‍ സ്വന്തമായി തയാര്‍ ചെയ്ത ഇമേജ് പ്രോസസിങ് രീതി ഉപയോഗിച്ച് മിക്കവാറും ഏതു സാഹചര്യത്തിലും മികച്ച ഫോട്ടോ എടുക്കാന്‍ സജ്ജമാക്കിയാണ് ഫോണ്‍ ഇറക്കിയിരിക്കുന്നത്.

ഇരു മോഡലുകളും വോട്ടര്‍ റെസിസ്റ്റന്റ് ആണ്. eSIMS (ഇലക്ട്രോണക് സിം) ഓപ്ഷനുമുണ്ട്. എന്നാല്‍ നാനോ സിമ്മും ഉപയോഗിക്കാം. വിദേശത്ത് ഈസിം ഏതാനും മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്നുണ്ട്. ഈ രീതി പ്ലാസ്റ്റിക് സിം കാര്‍ഡിനു വിട നല്‍കാന്‍ അധികം വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കില്ല.

ഐഫോണ്‍ x നു മുന്‍പില്‍ തലകുനിക്കേണ്ടി വരരുതെന്നു കരുതിയാണ് പിക്സല്‍ 2XL ഇറക്കിയിരിക്കുന്നത്. 6 ഇഞ്ച് വലിപ്പമുള്ള pOLED ഡിസ്പ്ലെ അത്യുജ്വലമാണ്. എന്നാല്‍ ഐഫോണ്‍ sനെ പോലെ വിളുമ്പില്ലാത്ത നിര്‍മാണമല്ല ഇതിന്റെത്. എന്നാല്‍ ഇത് പിക്സല്‍ 2ന്റെ 5 ഇഞ്ച് സ്‌ക്രീനിനെ നിഷ്പ്രഭമാക്കും.

ഐഫോണ്‍ Xന്റെ പ്രഭാവത്തില്‍, അടുത്തെങ്ങും അതിനെ വെല്ലുന്ന ഒരു ഫോണ്‍ ഇറങ്ങില്ലെന്നു പ്രതീക്ഷിച്ചെത്തിയ ടെക്നോളജി ജേണലിസ്റ്റുകളെ അദ്ഭുതപ്പെടുത്തിയാണ് ഗൂഗിള്‍ പിക്സല്‍ 2 XL ഇറങ്ങിയതെന്നു പറഞ്ഞാല്‍ ഏകദേശം കാര്യങ്ങള്‍ പിടികിട്ടുമല്ലൊ.

64GB പിക്സല്‍ 2ന് ഇന്‍ഡ്യിലെ വില 61,000 രൂപയായിരിക്കും. 128GBയ്ക്ക് 70,000 രൂപ വില നല്‍കണം. പിക്സല്‍ 2 XL മോഡലുകള്‍ക്ക് യഥാക്രമം 73,000 രൂപയും 82,000 രൂപയുമായിരിക്കും വില. ഇന്ത്യയിലെ പ്രീ ഓര്‍ഡര്‍ ഈ മാസം 27നു തുടങ്ങും.

അമിതമായ ഫോണ്‍ ഉപയോഗത്തിന് ‘ആപ്പടിച്ച്’ ഗൂഗിള്‍; മക്കളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് ‘ഫാമിലി ആപ്പ്’
Posted by
01 October

അമിതമായ ഫോണ്‍ ഉപയോഗത്തിന് 'ആപ്പടിച്ച്' ഗൂഗിള്‍; മക്കളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് 'ഫാമിലി ആപ്പ്'

മക്കളുടെ അമിതമായ ഫോണ്‍ ഉപയോഗത്തിന് മാതാപിതാക്കളുടെ വിഷമം കണ്ട ഗൂഗിള്‍ തന്നെ ഒടുവില്‍ പരിഹാരവുമായി രംഗത്ത്. മക്കള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ മാതാപിതാക്കള്‍ക്ക് എവിടെയിരുന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ ഇറക്കിയാണ് ഗൂഗിള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടത്. ‘ഫാമിലി ലിങ്ക്’ എന്നാണ് ഇതിന് പേര്. അമേരിക്കയിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. എല്ലാ മാതാപിതാക്കള്‍ക്കും പ്രത്യേകം ക്ഷണമില്ലാതെ ഫാമിലി ലിങ്ക് ആപ്പ് ലഭ്യമാവും.

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ന് മുകളിലുള്ള എല്ലാ പതിപ്പുകളിലും ഐഓഎസ് 9 ന് ശേഷമുള്ള എല്ലാ പതിപ്പുകളിലും ഫാമിലി ലിങ്ക് ആപ്പ് പ്രവര്‍ത്തിക്കും. മാതാപിതാക്കള്‍ക്ക് ഫാമിലി ലിങ്ക് ആപ്പിലൂടെ ഒരു ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് മക്കളുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ കൈകാര്യം ചെയ്യാം. ഗൂഗിള്‍ അക്കൗണ്ട് ഉണ്ടാക്കി കഴിഞ്ഞാല്‍ ഫാമിലി ലിങ്ക് ഓട്ടോമാറ്റിക് ആയി മക്കളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആവും. അതിന് ശേഷം കുട്ടികളുടെ ഫോണില്‍ എതെല്ലാം ആപ്പുകള്‍ വേണം സെറ്റിങ്സ് എങ്ങനെ ആയിരിക്കണം എന്നീ കാര്യങ്ങളെല്ലാം മാതാപിതാക്കള്‍ക്ക് തീരുമാനിക്കാം

കുട്ടികള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാനും ഫാമിലി ലിങ്ക് വഴി സാധിക്കും. ഏതെല്ലാം ആപ്ലിക്കേഷനുകളാണ് മക്കള്‍ ഉപയോഗിക്കുന്നത്. എത്രനേരം ഫോണ്‍ ഉപയോഗിക്കുന്നുണ്ട് തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്പ് വഴി മാതാപിതാക്കള്‍ക്ക് അറിയാന്‍ സാധിക്കും. കുട്ടികള്‍ പഠിക്കുന്ന സമയത്തും കളിക്കുന്ന സമയത്തുമെല്ലാം ഫോണ്‍ ദൂരെ നിന്നു കൊണ്ട് തന്നെ ലോക്ക് ചെയ്യാനുള്ള സൗകര്യവും ഫാമിലി ലിങ്ക് ഒരുക്കുന്നുണ്ട്. ഫാമിലി ലിങ്ക് ആപ്പ് വഴിയുള്ള മാതാപിതാക്കളുടെ ഇത്തരം ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ കുട്ടികളുടെ ഫോണില്‍ കാണാനും സാധിക്കും.

ദീപാവലി വിത്ത് മി സെയില്‍ ഓഫര്‍: വന്‍ ഡിസ്‌കൗണ്ടുമായി ഷവോമി
Posted by
28 September

ദീപാവലി വിത്ത് മി സെയില്‍ ഓഫര്‍: വന്‍ ഡിസ്‌കൗണ്ടുമായി ഷവോമി

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ ഒക്കെ അവരുടെ വില്‍പനയ്ക്ക് സെപ്റ്റംബര്‍ 24 ന് ഷട്ടറിട്ടപ്പോള്‍ ചൈനീസ് കമ്പനിയായ ഷവോമി ദിവാലി വിത്ത് മി സെയിലു’മായി സെപ്റ്റംബര്‍ 27 മുതല്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഷവോമിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറായ മി ഡോട്ട് കോമില്‍ സെപ്റ്റംബര്‍ 27, രാവിലെ 10 മണി മുതല്‍ സെപ്റ്റംബര്‍ 29 വരെയാണ് വില്‍പന. നിരവധി ഓഫറുകളും, ഡീലുകളും, ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളും, അതിശയിപ്പിക്കുന്ന സമ്മാനങ്ങളും മൂന്ന് ദിവസത്തെ വില്‍പനയ്ക്കിടെ കമ്പനി നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കമ്പനിയുടെ ബെസ്റ്റ് സെല്ലറുകളായ റെഡ്മി നോട്ട് 4, റെഡ്മി 4, റെഡ്മി 4 A, മി മാക്‌സ് 2 തുടങ്ങിയവ ഓഫറില്‍ ലഭ്യമാകും. ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഷവോമി മി A1 ഉം ഇക്കൂട്ടത്തിലുണ്ട്.

കൂടാതെ ആക്‌സസറീസുകളായ, മി ബാന്‍ഡ് എച്ച്ആര്‍എക്‌സ് ലിമിറ്റഡ് എഡിഷന്‍, മി ഹെഡ്‌ഫോണ്‍സ് കംഫര്‍ട്ട് വൈറ്റ്, മി ഇന്‍-ഈയര്‍ ഹെഡ്‌ഫോണ്‍സ് ബേസിക് മാറ്റെ, മി ക്യാപ്‌സൂള്‍ ഈയര്‍ഫോണ്‍സ് ബ്ലാക്ക്, പുതിയ മി ബ്ലൂടൂത്ത് സ്പീക്കര്‍ ബേസിക് 2 എന്നിവയും ഓഫറില്‍ ലഭ്യമാകും. ഷവോമി മി 10000 എംഎഎച്ച് പവര്‍ ബാങ്ക് 2, മി 20000 എംഎഎച്ച് പവര്‍ ബാങ്ക് 2 എന്നിവയ്ക്കും ആകര്‍ഷകമായ ഡീലുകള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.

വിത്ത് മി സെയില്‍ ഓഫറുകള്‍

റെഡ്മി നോട്ട് 4, 3 ജിബി മോഡല്‍ 9,999 രൂപയ്ക്ക്

ഷവോമിയുടെ റെഡ്മി നോട്ട് 4, 3 ജിബി മോഡല്‍ ആയിരം രൂപ ഇളവില്‍ സ്വന്തമാക്കാം. 9,999 രൂപയാണ് ഇതിന്റെ ഓഫര്‍ വില. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 10,999 രൂപയാണ്. 12,999 രൂപ വിലയുള്ള 4 ജിബി റാം വേരിയന്റ് 10,999 രൂപയ്ക്കും ദിവാലി വിത്ത് മി സെയില്‍ കാലയളവില്‍ വാങ്ങാം.

കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് ഷവോമി നോട്ട് 4 അവതരിപ്പിച്ചത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080 X 1920) ഡിസ്‌പ്ലേയോടെ വരുന്ന ഫോണിന് കരുത്ത് പകരുന്നത് 2 ജിഗാഹെട്‌സ് ഒക്ടാ-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ ആണ്. ഇത് 4 ജിബി /3ജിബി റാമുമായി പെയര്‍ ചെയ്തിരിക്കുന്നു. 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ഇബി വരെ വര്‍ധിപ്പിക്കാം. 13 മെഗാപിക്‌സലിന്റെ പ്രധാനക്യാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേടിഎം വഴി വാങ്ങുകയാണെങ്കില്‍ 400 രൂപ ക്യാഷ് ബാക്കും ലഭിക്കും.

1500 രൂപ ഇളവില്‍ റെഡ്മി 4

റെഡ്മി 4 ന് 1500 രൂപ വരെ ഇളവ് ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫോണിന്റെ മൂന്ന് വേരിയന്റുകള്‍ക്കും ഈ ഒഅര്‍ ലഭിക്കും. 6,999 രൂപയിലാണ് റെഡ്മി 4 ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. നവംബറില്‍ അവതരിപ്പിച്ച റെഡ്മി 4, 5 ഇഞ്ച് എച്ച്ഡി (720×1280) ഡിസ്‌പ്ലേയോടെയാണ് വരുന്നത്. 1.4 ജിഗാഹെട്‌സ് ഒക്ടാ-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍ ആണ് ഫോണിന് കരുത്ത് പകരുന്നത്. 3 ജിബിയാണ് റാം. 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ഇബി വരെ വര്‍ധിപ്പിക്കാം. 13 മെഗാപിക്‌സലിന്റെ പ്രധാനക്യാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 6.0.1 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് നീക്കം ചെയ്യാവുന്ന 4000 എംഎഎച്ച് ബാറ്ററിയും കരുത്താകുന്നു.

അപകടത്തില്‍ അല്ലെങ്കില്‍ വെള്ളത്തില്‍ വീണുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് മി ഫോണുകള്‍ക്ക് സംരക്ഷണം നല്‍കുന്ന മി പ്രൊട്ടക്റ്റിന് 100 രൂപ ഇളവ് ഷവോമി നല്‍കുന്നുണ്ട്. കൂടാതെ മി ഫോണ്‍ കേയ്‌സുകള്‍ക്കും കവറുകള്‍ക്കും 100 രൂപ ഇളവുണ്ട്.

മി ഹെഡ്‌ഫോണ്‍സ് കംഫറ്റ് വൈറ്റ് 2,699 രൂപയ്ക്ക്

മി ഹെഡ്‌ഫോണ്‍സ് കംഫറ്റ് വൈറ്റ് ഹെഡ്‌ഫോണുകള്‍ക്ക് ഷവോമി 300 രൂപ ഇളവ് നല്‍കുന്നു. ഇതിന്റെ യഥാര്‍ത്ഥ വില 2,999 രൂപയാണ്. 599 രൂപയുടെ മി ഇന്‍-ഈയര്‍ ഹെഡ്‌ഫോണ്‍സ് ബേസിക് മാറ്റെ 499 രൂപയ്ക്കും ലഭിക്കും. മി ബ്ലൂടൂത്ത് സ്പീക്കര്‍ ബേസിക് 2 വും ദിവാലി വിത്ത് മി സെയില്‍ കാലയളവില്‍ വിലക്കിഴിവില്‍ സ്വന്തമാക്കം.

20,000 എംഎഎച്ച് മി പവര്‍ ബാങ്ക് 2 വൈറ്റ് 1,799 രൂപയ്ക്ക്

ഷവോമിയുടെ 20000 എംഎഎച്ച് മി പവര്‍ ബാങ്ക് 2 വൈറ്റ് 400 രൂപ ഇളവില്‍ 1,799 രൂപയ്ക്ക് വാങ്ങാം. ഇതിന്റെ യഥാര്‍ത്ഥ വില 2,199 രൂപയാണ്. 10000 എംഎഎച്ച് മി പവര്‍ ബാങ്ക് 2 ബ്ലാക്ക് 300 രൂപ കിഴിവില്‍ 899 രൂപയ്ക്കും ലഭിക്കും. മി വൈ-ഫൈ റിപ്പീറ്റര്‍ 2 വൈറ്റിനും മി റൗട്ടര്‍ 3C വൈറ്റിനും ആകര്‍ഷകമായ ഡിസ്‌കൗണ്ട് ലഭിക്കും.

മി എയര്‍ പ്യൂരിഫയര്‍ 2 8,499 രൂപയ്ക്ക്

മി എയര്‍ പ്യൂരിഫയര്‍ 2 8,499 രൂപയ്ക്ക് ലഭ്യമാകും. ഇതിന്റെ യഥാര്‍ത്ഥ വില 9999 രൂപയാണ്. 12498 രൂപ വിലവരുന്ന മി എയര്‍ പ്യൂരിഫയര്‍ ബന്‍ഡില്‍ 9,998 രൂപയ്ക്കും ലഭിക്കും.

കൂടാതെ സെയ്ല്‍ നടക്കുന്ന എല്ലാ ദിവസവും രാവിലെ 10 മണിക്ക് മി കൂപ്പണുകള്‍ ലഭിക്കും. 11 മണി ുതല്‍ 5 മണിവരെ കമ്പനി ഒരു രൂപ ഫ്‌ലാഷ് സെയിലും, ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 6 വരെ ആപ്പ് ഉപയോക്താക്കള്‍ക്കായി ‘ബിഡ് ടു വിന്‍’ മത്സരവും 4 മണിക്ക് ഫാസ്റ്റസ്റ്റ് ഫിംഗര്‍ ഫസ്റ്റ് മത്സരവും കമ്പനി ഒരുക്കിയിട്ടുണ്ട്.

എസ്ബിഐ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഷോപ്പിംഗിന് 5 ശതമാനം ക്യാഷ് ബാക്ക് ഉണ്ട്. മി ഡോട്ട് കോമില്‍ നിന്നുള്ള ഓരോ പര്‍ച്ചേസിന് പുറത്തും ആഭ്യന്തര വിമാനടിക്കറ്റ് ബൂക്കിങ്ങിന് 1,111 രൂപ വരെ ഇളവ് ലഭിക്കും. ഓരോ സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസിനും മൂന്ന് മുതല്‍ 12 മാസം വരെ സൗജന്യ ഹംഗാമ മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

ആപ്പിള്‍ ഐഫോണ്‍ 6 എസ് പൊട്ടിത്തെറിച്ചു; യുവാവിനു പൊള്ളല്‍
Posted by
27 September

ആപ്പിള്‍ ഐഫോണ്‍ 6 എസ് പൊട്ടിത്തെറിച്ചു; യുവാവിനു പൊള്ളല്‍

കോഴിക്കോട്: ജീന്‍സിന്റെ പോക്കറ്റില്‍ സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളല്‍. നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്പത്ത് ഇസ്മായിലിന്റെ മകന്‍ പികെ ജാഷിദിനാണ് (27) തുടയില്‍ ആഴത്തില്‍ പൊള്ളലേറ്റത്. ചൊവ്വാഴ്ച രാവിലെ കാറിലേക്കു കയറാന്‍ തുടങ്ങുമ്പോഴാണ് പോക്കറ്റില്‍വച്ച് ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് ജാഷിദ് പറഞ്ഞു.

കഴിഞ്ഞദിവസം വാങ്ങിയ ഐഫോണ്‍ 6 എസ് ആണ് കത്തിയത്. ഫോണ്‍ ഏതാണ്ടു പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജീന്‍സിന്റെ പോക്കറ്റും കരിഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ യുവാവ് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആപ്പിള്‍ കമ്പനിക്കും പരാതി നല്‍കുമെന്ന് അറിയിച്ചു.

ഇന്ത്യയില്‍ 5ജി സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; ലക്ഷ്യം ജിഡിപി വളര്‍ച്ച
Posted by
27 September

ഇന്ത്യയില്‍ 5ജി സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; ലക്ഷ്യം ജിഡിപി വളര്‍ച്ച

ന്യൂഡല്‍ഹി: 5ജി സംവിധാനത്തിലേക്ക് ചുവടുവച്ച് ഇന്ത്യ. 2020 ഓടെ രാജ്യത്ത് 5ജി സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. വിവിധ മേഖലകളില്‍ ഡിജിറ്റല്‍ വല്‍ക്കരണം വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചതാണ് 5ജിയിലേക്ക് ഉറ്റു നോക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

500 കോടി രൂപ ചെലവില്‍ 5 ജി സംവിധാനം നിലവില്‍ വരുന്നതോടെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ജിഡിപി ഉയരുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാന്പത്തിക രംഗം പൂര്‍ണമായും ഡിജിറ്റലാകുന്നതിനും 5ജി വഴിവയ്ക്കുമെന്ന് മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.

വിവിധ വകുപ്പു സെക്രട്ടറിമാര്‍, വിഷയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചിരിക്കുന്നത്. 2020ല്‍ രാജ്യമെങ്ങും 5 ജി സംവിധാനം എത്തിക്കുന്നതിനുള്ള പദ്ധതി രൂപരേഖ തയ്യാറാക്കുകയാണ് സമിതിയുടെ ലക്ഷ്യം. സമിതിക്ക് വേണ്ട പിന്തുണ നല്‍കാന്‍ ഉപസമിതികളും രൂപീകരിക്കും.