Facebook CEO about violence videos in fb
Posted by
19 April

ഭീതിജനകമായ വീഡിയോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് തടയുമെന്ന് സുക്കര്‍ബര്‍ഗ്

കാലിഫോര്‍ണിയ: ഭീതി ജനകമായ വീഡിയോകള്‍ ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്. കൊലപാതകം ഉള്‍പ്പെടെയുള്ള ഭീതി ജനിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് തടയുമെന്ന് ക്ലീവ്ലാന്‍ഡ് കൊലപാതക രംഗം പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്.

ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യപ്പെട്ടതിനു പിന്നാലെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

കമ്പനിയിലെ സോഫ്റ്റ്വെയര്‍ വിദഗ്ധരുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഭീതിജനകമായ വീഡിയോകള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്നത് വിലക്കുമെന്ന് സുക്കര്‍ ബര്‍ഗ് വ്യക്തമാക്കിയത്. റോബോര്‍ട്ട് ഗോഡ്വിനിന്റെ വിഡിയോ ക്ലിപ് ഫേസ്ബുക്കില്‍ പ്രചരിക്കാന്‍ ഇടയാക്കിയതില്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് സുക്കര്‍ബര്‍ഗ് ഖേദം അറിയിച്ചു. ക്ലീവ്ലാന്‍ഡില്‍ 74 കാരനായ റോബര്‍ട്ട് ഗോഡ്വിന്‍ സീനിയറെ അക്രമി വെടിവെച്ചു കൊല്ലുന്ന രംഗമാണ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യപ്പെട്ടത്. രണ്ടു മണിക്കൂറോളം ഇത് ഫേസ്ബുക്കില്‍ ലഭ്യമായിരുന്നു.

ഫേസ്ബുക്കിലെ നൂറുകോടിയിലേറെ വരുന്ന ഉപഭോക്താക്കളുടെ പോസ്റ്റുകള്‍ നിരീക്ഷിക്കാനാണ് ഇതോടെ ഫേസ്ബുക്ക് അധികൃതര്‍ നീക്കം നടത്തുന്നത്.

WhatsApp to let users edit and recall sent messages
Posted by
15 April

വാട്‌സ് ആപ്പില്‍ സന്ദേശമയച്ചാല്‍ തിരിച്ചെടുക്കാം, എഡിറ്റും ചെയ്യാം: ഇതു വായിക്കു

ന്യുയോര്‍ക്ക്: വാട്‌സ്ആപ്പില്‍ സന്ദേശം അയക്കല്‍ കൈവിട്ട കളിയാണ്. ഒരിക്കല്‍ അയച്ചുകഴിഞ്ഞാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല. തെറ്റുണ്ടെങ്കില്‍ എഡിറ്റിങ്ങും സാധ്യമല്ല. അതിനാല്‍ തന്നെ അയച്ച സന്ദേശം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചര്‍ വാട്ട്‌സ്ആപ്പ് യൂസര്‍മാര്‍ ഏറെ കാലമായി ആഗ്രഹിക്കുന്ന ഒന്നാണ്.

ആ ആഗ്രഹം സഫലമാക്കാന്‍ വാട്ട്‌സ്ആപ്പ് അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്നാണ് പുതിയ വാര്‍ത്ത. അയച്ച സന്ദേശം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചര്‍. അഞ്ച് മിനിറ്റ് മാത്രമാണ് തിരിച്ചെടുക്കാന്‍ അനുവദനീയമായ സമയപരിധി. പുതിയ ഫോര്‍മ്മാറ്റിങ് ഷോര്‍ട്ട്കട്ടാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുമെന്ന് പറയപ്പെടുന്ന മറ്റൊരു ഫീച്ചര്‍.

ബോള്‍ഡ്, ഇറ്റാലിക്, സ്‌ടൈക്ക്ര്ത്രൂ എന്നിവയ്ക്കുള്ള ഷോര്‍ട്ട്കട്ടുകള്‍ നിലവില്‍ വാട്‌സ്ആപ്പിലുണ്ട്. എന്നാല്‍ സെലക്ടീവ് കമാന്‍ഡുകള്‍ വഴിയേ ഇത് ലഭ്യമാകുകയുള്ളൂ. ബോള്‍ഡ് ആക്കണമെങ്കില്‍ ടെക്സ്റ്റ് രണ്ട് നക്ഷത്ര ചിഹ്നങ്ങള്‍ക്കുള്ളില്‍ ടൈപ്പ് ചെയ്യണം. ഇറ്റാലിക്‌സിന് രണ്ട് അണ്ടര്‍സ്‌കോറിനുള്ളിലും. വാട്ട്‌സ്ആപ്പിന്റെ ഭാവി അപ്‌ഡേറ്റുകളില്‍ നിലവില്‍ പരീക്ഷണത്തിലുള്ള ഫീച്ചറുകളെ പ്രതീക്ഷിക്കാം.

Reliance Jio announces new Dhan Dhana Dhan offer; 3 months unlimited for Rs 309
Posted by
11 April

ട്രായ് റദ്ദാക്കിയ സമ്മര്‍ സര്‍പ്രൈസിന് ബദലായി ജിയോയുടെ കിടിലന്‍ ഓഫര്‍: 309 രൂപയ്ക്ക് 84 ജിബിയും മറ്റ് ആനുകൂല്യങ്ങളുമായി ധന്‍ ധനാ ധന്‍

ന്യൂഡല്‍ഹി: ട്രായ് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ റദ്ദാക്കിയതിന് പിന്നാലെ പുതിയ കിടിലന്‍ ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും രംഗത്തെത്തി. നേരത്തെ പ്രഖ്യാപിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറിന് സമാനമായ സൗജന്യങ്ങള്‍ തന്നെയാണ് ധന്‍ ധനാ ധന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഓഫറിലുമുള്ളത്. സൗജന്യമായി സേവനങ്ങള്‍ നല്‍കുന്നതിനെതിരെ മറ്റ് കമ്പനികള്‍ ട്രായിയെ സമീപിച്ചതോടെയാണ് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ നിര്‍ത്തലാക്കേണ്ടി വന്നത്.

ധന്‍ ധനാ ധന്‍ ഓഫര്‍ അനുസരിച്ച് ഇതിനോടകം ജിയോ പ്രൈം അംഗങ്ങളായവര്‍ 309 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്താല്‍ വരുന്ന മൂന്ന് മാസത്തേക്ക് സൗജന്യ സേവനങ്ങള്‍ ലഭിക്കും. നേരത്തെ 99 രൂപയ്ക്ക് റീ ചാര്‍ജ്ജ് ചെയ്ത് പ്രൈം അംഗത്വം ഉറപ്പാക്കിയവര്‍ 309 രൂപ റീചാര്‍ജ്ജ് ചെയ്താല്‍ പ്രതിദിനം ഒരു ജിബി വീതം 84 ദിവസത്തേക്ക് സൗജന്യ ഡേറ്റ ലഭിക്കും. 509 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ ഇതേ കലായളവില്‍ പ്രതിദിനം രണ്ട് ജിബി ഡേറ്റ ലഭിക്കും. മറ്റ് സേവനങ്ങള്‍ പരിധിയില്ലാതെ സൗജന്യമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇതുവരെ പ്രൈം അംഗത്വം എടുക്കാത്തവര്‍ക്കും പുതുതായി കണക്ഷന്‍ എടുക്കുന്നവര്‍ക്കും 408 രൂപയുടെ ആദ്യ റീചര്‍ജ്ജ് ചെയ്താല്‍ 84 ദിവസത്തേക്ക് സൗജന്യ സേവനം ലഭിക്കും. രണ്ട് ജിബി ഡേറ്റ വേണമെങ്കില്‍ പുതിയ ഉപഭോക്താക്കള്‍ 608 രൂപയ്ക്ക് റീ ചാര്‍ജ്ജ് ചെയ്യണം. ഫലത്തില്‍ നേരിയ നിരക്ക് വ്യത്യാസത്തോടെ പഴയ സമ്മര്‍ സര്‍പ്രൈസ് ഓഫറിന് സമാനമായ ഓഫര്‍ തന്നെയാണ് ഇപ്പോഴും അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കുന്നതിന് മുമ്പ് പ്രൈം അഗത്വം എടുത്ത ശേഷം 303 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്തവര്‍ക്കും പ്രൈം അഗത്വം ഉള്‍പ്പെടെ 402 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്തവര്‍ക്കുമൊക്കെ പഴയ ഓഫര്‍ തുടരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

reliance-jio-extends-prime-membership upto july 2017
Posted by
31 March

പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി ജിയോ ഏപ്രില്‍ 15 വരെ നീട്ടി; ജൂലൈ വരെ സൗജന്യ സേവനം

പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി ജിയോ ഏപ്രില്‍ 15 വരെ നീട്ടി. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് ജൂലൈ വരെ സൗജന്യ സേവനം ലഭിക്കും. ജിയോ സമ്മര്‍ സര്‍പ്രൈസ് എന്ന ഓഫറാണ് റിലയന്‍സ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 15നുളളില്‍ 303 രൂപയോ അതിന് മുകളിലോ ഉള്ള പ്ലാനുകള്‍ തെരഞ്ഞെടുത്താലാണ് മൂന്ന് മാസം സൗജന്യം ലഭിക്കുക.

ആറു മാസം സൗജന്യ സേവനം നല്‍കിയ ശേഷം നാളെ മുതല്‍ ചാര്‍ജ് ഈടാക്കും എന്നാണ് ഇതു വരെ കമ്പനി അറിയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ് റിലയന്‍സിന്റെ പുതിയ അറിയിപ്പ്. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി ഇന്നവസാനിക്കുമ്പോഴും ഉപഭോക്താക്കളില്‍ ഭൂരിഭാഗവും പുതിയ പ്ലാനില്‍ അംഗമായിട്ടില്ല. ഈ സാഹചര്യത്തില്‍ കമ്പനി ലക്ഷ്യിമിട്ട 100 മില്ല്യണ്‍ എന്ന അക്കത്തിലേക്ക് ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ത്താനാണ് പ്ലാനുകള്‍ നീട്ടുന്നതെന്നാണ് സൂചന.

ജിയോയുടെ കടന്നുവരവിനു ശേഷം ടെലിക്കോം രംഗത്ത് നിരവധി മാറ്റങ്ങള്‍ വന്നിരുന്നു. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ മുന്‍ നിര സേവനദാതാക്കളില്‍ നിന്ന് ഉപഭോക്താക്കള്‍ വ്യാപകമായി ജിയോയിലേക്ക് മാറിയിരുന്നു. എന്നാല്‍ ജിയോയുടെ ആറുമാസം നീണ്ടു നിന്ന ഓഫര്‍ അവസാനിക്കാനിരിക്കെ മികച്ച പ്ലാനുകളുമായി സേവനദാതാക്കള്‍ രംഗത്തെത്തിയതും ജിയോയ്ക്ക് വെല്ലുവിളിയായി.

നിലവില്‍ കമ്പനി ഉപഭോക്താക്കളുടെ സ്വാഭാവം നീരീക്ഷിക്കുകയാണ് ജീയോ. എത്രപേര്‍ ഇതുവരെ താരിഫ് പ്ലാനുകളിലേക്ക് മാറി, എത്ര പേര്‍ സിം ഉപേക്ഷിക്കും, എത്രപേര്‍ പോര്‍ട്ടബിലിറ്റി ഉപയോഗിക്കും തുടങ്ങിയവയാണ് കമ്പനി പരിശോധിക്കുന്നത്.

Hacked 2.5 crore mail accounts for sale
Posted by
22 March

ചോര്‍ത്തിയെടുത്ത 2.5 കോടി ജി മെയില്‍, യാഹൂ അക്കൗണ്ടുകള്‍ വില്‍പ്പനയ്ക്ക്; വില 450 ഡോളര്‍

ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഡാര്‍ക്ക് വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ 2.5 കോടി ജിമെയില്‍, യാഹൂ അക്കൗണ്ടുകള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വെച്ചതായാണ് റിപ്പോര്‍ട്ട്. സമാനമായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും അക്കൗണ്ടുകള്‍ ഒന്നിച്ച് വില്‍പനയ്ക്ക് വയ്ക്കുന്നത് ഇത് ആദ്യമായാണ്.

‘SunTzu583′ എന്ന വ്യക്തിയാണ് 25 ദശലക്ഷം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ഇത്രയും അക്കൗണ്ടുകള്‍ക്ക് കേവലം 450 ഡോളറാണ് (ഏകദേശം 30,000 രൂപ) വിലയിട്ടിരിക്കുന്നത്. ഇതില്‍ 21,800,969 അക്കൗണ്ടുകളും ജിമെയില്‍ ഉപയോക്താക്കളുടേതാണ്.

2012 മുതല്‍ 16 വരെയുള്ള കാലയളവില്‍ ഡ്രോപ്‌ബോക്‌സ്, നുള്‍ഡ് ഡോട്ട് സിആര്‍, എംപിജിഎച്ച് ഡോട്ട് നെറ്റ് എന്നിവ വഴിയാണ് അക്കൗണ്ടുകള്‍ ചോര്‍ത്തിയത്. എന്നാല്‍ ലിങ്ക്ഡ് ഇന്‍, അഡോബി, ബിറ്റ്‌കോയിന്‍ സെക്യൂരിറ്റി ഫോറങ്ങളില്‍ നിന്നാണ് അക്കൗണ്ടുകള്‍ ചോര്‍ത്തിയതെന്നാണ് ഹാക്കര്‍ പറയുന്നത്.

Airtel canceled roaming charges
Posted by
27 February

ജിയോയെ ചെറുക്കാന്‍ റോമിങ് ചാര്‍ജ് ഒഴിവാക്കി എയര്‍ടെല്‍

റിലയന്‍സ് ജിയോ കാരണം തകര്‍ച്ച നേരിട്ട ടെലികോം കമ്പനികള്‍ ഇതുവരെ നല്‍കാത്ത തരത്തിലുള്ള ഓഫറുകളുമായി ഉപയോക്താക്കളെ നിലനിര്‍ത്താന്‍ കഠിനശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനൊപ്പം നിലവിലുള്ളവരെ നിലനിര്‍ത്തുകയും ചെയ്യേണ്ടത് വളരെ ശ്രമകരമായി തീര്‍ന്നിരിക്കുകയാണ് ഇന്ത്യയിലെ മിക്ക ടെലികോം കമ്പനികള്‍ക്കും.

അതുകൊണ്ടു തന്നെ ചെറുത്ത് നില്‍പ്പിന് ആക്കം കൂട്ടാന്‍ രാജ്യത്താകമാനം ഡാറ്റയ്ക്കും, കോളുകള്‍ക്കും സൗജന്യ റോമിങ്ങ് സേവനം നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് എയര്‍ടെല്‍. ടെലികോം രംഗത്ത് മത്സരങ്ങള്‍ കടുപ്പിക്കുന്ന നീക്കമാണ് എയര്‍ടെല്‍ നടത്തി കൊണ്ടിരിക്കുന്നത്. ദേശീയ തലത്തില്‍ സൗജന്യ റോമിങ്ങ് നേടുന്നതിന് ഉപയോക്താക്കള്‍ യാതൊരുവിധ റീച്ചാര്‍ജുകളും ചെയ്യേണ്ടതായിട്ടില്ല.

വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ആളുകള്‍ എയര്‍ടെല്‍ സേവനം തുടര്‍ന്നും ഉപയോഗിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ റോമിങ്ങ് ആനുകൂല്യങ്ങള്‍ ഇന്റെര്‍നെറ്റിലൂടെ ആക്റ്റിവേറ്റ് ചെയ്യുവാന്‍ സാധിക്കുമെന്നും എയര്‍ടെല്‍ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ടെല്ലിന്റെ ഈ നടപടികള്‍ 268ലക്ഷം ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നതാണ്.

വോഡാഫോണ്‍-ഐഡിയ ലയനം മൂലം സംഭവിക്കുവാന്‍ സാധ്യതയുള്ള വിപണിയിലെ ഇടിവ് പരിഹക്കുന്നതിനായുള്ള നടപടികളും കമ്പനി വൃത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ എപ്രില്‍ ഒന്ന് മുതല്‍ ചാര്‍ജുകള്‍ ഈടാക്കുവാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എയര്‍ടെല്‍ പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്. റിലയന്‍സ് ജിയോ സേവനങ്ങള്‍ക്ക് പണമീടാക്കി തുടങ്ങുന്നതിന് ശേഷം എത്രത്തോളം കൃത്യത സേവനങ്ങള്‍ക്ക് പുലര്‍ത്തുന്നു എന്നതിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

New updated version of Whats app presented
Posted by
24 February

എട്ടാം പിറന്നാളിന് അടിമുടി മാറ്റത്തോടെ വാട്‌സ് ആപ്പ്; സ്റ്റാറ്റസായി ഇനി ഫോട്ടോയും വീഡിയോയും

ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ ആപ്‌ളിക്കേഷന്‍ വാട്‌സ് ആപ്പ് അടിമുടി മാറ്റത്തോടെ അവതരിച്ചിരിക്കുന്നു. വാട്‌സ്ആപ്പിന്റെ എട്ടാം പിറന്നാള്‍ ദിനത്തിലായിരുന്നു ഉപയോക്താക്കളെ ഞെട്ടിച്ചുകൊണ്ട് അടിമുടി മാറ്റത്തോടെ വാട്‌സ് ആപ്പ് രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ വാട്‌സ് ആപ്പിനെ കണ്ടാല്‍ ഇത് സ്‌നാപ് ചാറ്റാണോ അതോ ഇന്‍സ്റ്റാഗ്രാമോ എന്ന് ചോദിച്ച് പോകും. ഇനി മുതല്‍ സ്റ്റാറ്റസായി ചിത്രങ്ങളും വീഡിയോയും നല്‍കാം എന്നതാണ് പ്രധാന മാറ്റം. സ്‌നാപ്ചാറ്റിന് സമാനമായ ലൈവ് സ്റ്റാറ്റസ് ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം വാട്‌സ് ആപ്പ് ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി അവതരിപ്പിച്ചത് വളരെ അപ്രതീക്ഷിതമായിട്ടാണ്.

ലൈവായി റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോയും എടുക്കുന്ന ചിത്രങ്ങളും ഫോണിലെ ചിത്രങ്ങളും വീഡിയോയും ഇത്തരത്തില്‍ സ്റ്റാറ്റസായി നല്‍കാനാകും. എന്നാല്‍ താല്‍കാലികമായി മാത്രമേ സ്റ്റാറ്റസ് നല്‍കാന്‍ കഴിയു. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ വാട്‌സ് ആപിലെ മള്‍ട്ടിമീഡിയ സ്റ്റാറ്റസ് അപ്രത്യക്ഷമാവും. ഇതാണ് ഉപയോക്താക്കളെ നിരാശയിലാഴ്ത്തിയിരുന്നത്.

ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണുകളില്‍ പുതിയ അപ്‌ഡേഷന്‍ ലഭ്യമാകും. എന്നാല്‍ നോക്കിയ, ബ്ലാക്ക്‌ബെറി ഹാന്‍ഡ്‌സെറ്റുകളില്‍ പുതിയ സംവിധാനം ലഭ്യമാകില്ല. വാട്‌സ് ആപ്പില്‍ ഇനി മുതല്‍ ചാറ്റ്, കോള്‍ ടാബുകള്‍ക്കിടയില്‍ സ്റ്റാറ്റസ് എന്ന പുതിയ ടാബ് കൂടി വരും.

whatsapp adding two new features
Posted by
31 January

രണ്ട് പുതിയ ഫീച്ചേഴ്‌സ് കൂട്ടിച്ചേര്‍ക്കാനൊരുങ്ങി വാട്‌സാപ്പ്

ഉപഭോക്താക്കള്‍ക്കള്‍ക്ക് സന്തോഷം പകര്‍ന്ന് രണ്ട് പുതിയ ഫീച്ചേഴ്‌സ് കൂട്ടിച്ചേര്‍ക്കാനൊരുങ്ങി വാട്‌സാപ്പ്. വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷനുകളിലാണ് കൂട്ടിച്ചേര്‍ക്കുന്ന സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില വാട്‌സാപ്പ് പതിപ്പുകളില്‍ ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനത്തിനുശേഷം മാത്രമേ ഇവ ഇന്റര്‍ഫെയ്‌സില്‍ ലഭ്യമാകൂ. ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് എന്ന പുത്തന്‍ സംവിധാനമാണ് ലഭ്യമാക്കാനൊരുങ്ങുന്നവയിലൊന്ന്.

നമ്മുടെ വാട്‌സാപ്പ് സുഹൃത്തുക്കള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് മനസിലാക്കാനാണ് ഈ ഫീച്ചര്‍ ഉപയോഗിക്കുക. പുത്തന്‍ വാട്‌സാപ്പ് പതിപ്പില്‍ ഷോ മൈ ഫ്രണ്ട്‌സ് എന്ന ഒപ്ഷനു താഴെയാവും ഇങ്ങനെയൊരു കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടാവുക. ജിപിഎസ് വഴിയാണ് ഇതു പ്രവര്‍ത്തിക്കുക. സുഹൃത്തുക്കളെ അവരുടെ അനുവാദത്തോടെ ട്രാക്ക് ചെയ്യാനും ഇതുവഴി സാധിക്കും. രണ്ടാമത്ത മാറ്റം സ്റ്റാറ്റസ് ഫീച്ചറിലാണ്. നാം ഇപ്പോള്‍ നമ്മുടെ കൂട്ടുകാരുടെ വാട്‌സാപ്പ് സ്റ്റാറ്റസ് കാണുന്നത് അവരുടെ പ്രൊഫൈലില്‍ പോയി നോക്കിയാണ്. എന്നാല്‍ വാട്‌സാപ്പിന്റെ പുത്തന്‍ പതിപ്പ് അടുത്ത കൂട്ടുകാര്‍ സ്റ്റാറ്റസ് മാറ്റിയാലുടന്‍ നമുക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം കഴിയുമ്പോള്‍ തനിയെ ഡിലീറ്റാകുന്ന സ്റ്റാറ്റസുകളും നമുക്കിതില്‍ ഉപയോഗിക്കാനാവും. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ഒരേ സമയമാണ് അപ്‌ഡേറ്റ് വരിക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അനേകം ചെറു മാറ്റങ്ങളും പുതിയ പതിപ്പില്‍ ഉണ്ടാവും.

whatsapp usage without internet
Posted by
27 January

ഇനി ഇന്റര്‍നെറ്റ് ഇല്ലാതെയും വാട്‌സാപ്പ് ഉപയോഗിക്കാം

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഒരു സന്തോഷവാര്‍ത്ത. ഇന്റര്‍നെറ്റ് ഇല്ലാതെയും വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം വരുന്നു. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇപ്പോള്‍ത്തന്നെ ഈ സൗകര്യം ലഭ്യമാണ്. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ഇത് iOS ഡിവൈസുകളില്‍ കൂടി ഉപയോഗപ്രദമാക്കാന്‍ സാധിക്കും. ഐഫോണിലും ഐപാഡിലും ഇത് ഉപയോഗിച്ച് വാട്‌സാപ്പ് ഉപയോഗിക്കാം.

107 എംബി ആണ് ആപ്പിന്റെ സൈസ്. iOS ന്റെ 4.2017.0200 മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളില്‍ ഇപ്പോള്‍ ഈ സൗകര്യം ഉപയോഗിക്കാം. ‘ക്യൂ മെസേജ് ‘ ഫീച്ചര്‍ ആണ് ഇവിടെ ഉപയോഗപ്പെടുത്തുക. അതായത് നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റി ഇല്ലാത്തപ്പോഴും മെസേജുകള്‍ അയക്കാം. എപ്പോഴെങ്കിലും ഇന്റര്‍നെറ്റ് കണക്ഷന്‍ തിരിച്ചു വന്നാല്‍ ഉടന്‍ തന്നെ ഇത് അപ്പുറത്ത് എത്തും.

ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ഐഫോണിന്റെ സ്റ്റോറേജ് ക്രമീകരണങ്ങളില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതി. ഇതിനായി Settings >> Data and Storage Usage >> Storage Usage ഇങ്ങനെ പോയാല്‍ മതിയാവും.

ഇതുകൂടാതെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റയടിക്ക് അയക്കാവുന്ന ഫോട്ടോകളുടെ എണ്ണം പത്തില്‍ നിന്നും മുപ്പതാക്കി ഉയര്‍ത്തി. ഇത്രയും തന്നെ വീഡിയോകളും ഒരുമിച്ച് ഷെയര്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ മാസം നേരത്തെ ഈ സൗകര്യം ലഭിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് ബീറ്റ ആപ്പില്‍ ജിഫ് സെര്‍ച്ച് സപ്പോര്‍ട്ടും അവതരിപ്പിച്ചിരുന്നു വാട്‌സാപ്. സ്‌മൈലികള്‍ക്കും ഇമോജികള്‍ക്കും പുറമേ ഇനി ജിഫുകളും ആപ്പിനുള്ളില്‍ തന്നെ തിരഞ്ഞു കണ്ടുപിടിക്കാം. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ഐഫോണ്‍ യൂസേര്‍സിന് ഈ സൗകര്യം ലഭിച്ചിരുന്നു.

aswathy jwala ‘s facebook post
Posted by
05 January

യാചകരെ സൃഷ്ടിക്കുന്നത് സര്‍ക്കാര്‍ തന്നെ അല്ലെ? ജ്വാലയുടെ ഒരു പെട്ടിക്കട മാത്രമല്ല, രതീഷിന്റെയും എന്റെയും ശവം കൂടി പോലീസ് ജീപ്പിനുള്ളില്‍ കയറും; പിഡബ്‌ള്യുഡി നടപടിക്കെതിരെ അശ്വതി ജ്വാല

തിരുവനന്തപുരം: വികലാംഗരായവര്‍ക്കും തെരുവില്‍ ഒറ്റപെടുന്നവര്‍ക്കും വേണ്ടി ജ്വാലയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ക്കെതിരെ സര്‍ക്കാര്‍. സര്‍ക്കാരിന്റെയോ, നഗരസഭയുടെയോ സ്ഥലം കൈയേറ്റം ചെയ്യാതെ നടന്നു വരുന്ന ഇത്തരം കടകള്‍ പൂട്ടിക്കാനാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ട്രെയിന്‍ അപകടത്തില്‍ കൈപ്പത്തിയും, കാല്പത്തിയും നഷ്ടമായ രതീഷ് നടത്തുന്ന പെട്ടിക്കട എടുത്തു മാറ്റാനാണ് പിഡബ്‌ള്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ജ്വാലയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകളെ സമീപിച്ചുവെങ്കിലും കളിയാക്കലും പരിഹാസവുമായിരുന്നു ഫലം. പെട്ടികട എടുത്തു മാറ്റാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന കോണ്‍ട്രാക്ടര്‍മാരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ പോലീസിനെ ഇടപ്പെടുത്തേണ്ടി വരും എന്നതാണ് അന്തിമ തീരുമാനം.

ഇതിനെതിരെ ജ്വാല ഫൗണ്ടേഷന്‍ പ്രവര്‍ത്തക അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ‘യാചകരെ സൃഷ്ടിക്കുന്നത് ഗവര്‍ണമെന്റ് തന്നെ അല്ലെ ? ഒരു കാര്യം ഉറപ്പാണ് ഇത് എന്റെ വൈകാരികമായ പ്രഖ്യാപനം ഒന്നും അല്ല , ജ്വാലയുടെ ഒരു പെട്ടിക്കട മാത്രമായി പൂജപ്പുര പോലീസ് വാഹനത്തില്‍ കയറ്റില്ല. ഒപ്പം രതീഷിന്റെയും എന്റെയും ശവം കൂടി അതിനകത്ത് കയറും. ഇവിടെ വികലാംഗരായി വീടുകളില്‍ ജീവച്ഛവമായി ജീവിക്കുന്നവര്‍ക്ക് വേണ്ടി ഞങ്ങളുടെ മരണത്തിലൂടെ എങ്കിലും ഒരുത്തരം ഉണ്ടാകട്ടെ’ എന്ന് അശ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ജ്വാലയുടെ ചലിക്കുന്ന പെട്ടിക്കടകള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു. വികലാംഗരായവര്‍ക്കും തെരുവില്‍ ഒറ്റപെടുന്നവര്‍ക്കും വേണ്ടിയാണിത്.യാതൊരു വഴി തടസവും സൃഷ്ടിക്കാതെ ചലിക്കുന്ന പെട്ടിക്കടകള്‍ ആണിത്. ഞങ്ങള്‍ സര്‍ക്കാരിന്റെയോ, നഗരസഭയുടെയോ സ്ഥലം കൈയേറി ഇല്ല, എന്നിട്ടും മൂന്ന് വര്‍ഷം മുന്പ് ട്രെയിന്‍ അപകടത്തില്‍ കൈപ്പത്തിയും, കാല്പത്തിയും നഷ്ടമായാ രതീഷ് (31) നടത്തുന്ന പെട്ടിക്കട എടുത്തു മാറ്റാന്‍ പി ഡബ്‌ള്യു ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിനു വഴുതക്കാട് നോട്ടീസ് നല്‍കി

ഇത് പ്രകാരം സാവകാശം വേണമെന്ന അപേക്ഷയുമായി ഈ വികലാംഗനെയും കൊണ്ട് എല്ലാ സര്‍ക്കാര്‍ ഓഫീസിലും ഇന്നലെ കയറി ഇറങ്ങി. കളിയാക്കലും പരിഹാസവുമാണ് മറുപടി. പെട്ടികട എടുത്തുമാറ്റാന്‍ ഞങ്ങള്‍ കൊണ്ട്രക്ടര്‍മാരെ ചുമതലപെടുതിയിട്ടുണ്ട് അവരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ പെട്ടിക്കട പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോകും എന്നാണ് മറുപടി. ഇവിടെ വികലാംഗരായി കുടുംബം പുലര്‍ത്തുന്നവര്‍ എന്താണ് ചെയ്യേണ്ടത് ?

യാചകരെ സൃഷ്ടിക്കുന്നത് ഗവര്‍ണമെന്റ് തന്നെ അല്ലെ ? ഒരു കാര്യം ഉറപ്പാണ് ഇത് എന്റെ വൈകാരികമായ പ്രഖ്യാപനം ഒന്നും അല്ല , ജ്വാലയുടെ ഒരു പെട്ടിക്കട മാത്രമായി പൂജപ്പുര പോലീസ് വാഹനത്തില്‍ കയറ്റില്ല . ഒപ്പം രതീഷിന്റെയും എന്റെയും ശവം കൂടി അതിനകത്ത് കയറും. ഇവിടെ വികലാംഗരായി വീടുകളില്‍ ജീവച്ഛവമായി ജീവിക്കുന്നവര്‍ക്ക് വേണ്ടി ഞങ്ങളുടെ മരണത്തിലൂടെ എങ്കിലും ഒരുത്തരം ഉണ്ടാകട്ടെ .
രതീഷിനു അഞ്ചു വയസായ മകള്‍ ഉള്‍പെടുന്ന കുടുംബം ഉണ്ട്. . 20,000 രൂപയ്ക്ക് ഒരു ചലിക്കുന്ന പെട്ടികട ഞങ്ങള്‍ കൊടുക്കുന്നത് ഒരുപാട് പേരുടെ ചോര നീരാക്കിയ പണം കൊണ്ടാണ്. അതില്‍ തൊടുന്നവര്‍ ആദ്യം ഇവര്‍ എങ്ങനെ ജീവിക്കണം എന്ന് പറയാനുള്ള ആര്‍ജവം കൂടി കാണിക്കണം .
അശ്വതി ജ്വാല …