BSNL wallet:  Mobi cash
Posted by
19 January

ബിഎസ്എന്‍എല്ലിന്റെ എസ്ബിഐ-മൊബിക്യാഷ് വരുന്നു; ഒപ്പം 4ജിയും

തിരുവനന്തപുരം: ഇന്ത്യയെ ഡിജിറ്റലാക്കാനുള്ള പദ്ധതി ഏറ്റെടുത്ത് ബിഎസ്എന്‍എല്ലും രംഗത്ത്. ഇനി മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് ഇടപാടുകള്‍ സാധ്യമാക്കാന്‍ എസ്ബിഐയുമായി ചേര്‍ന്നു മൊബൈല്‍ വോലറ്റാണ് ബിഎസ്എന്‍എല്‍ പദ്ധതിയിലുള്ളത്. ‘എസ്ബിഐ മൊബിക്യാഷ്’ എന്ന പേരിലായിരിക്കും സേവനം ലഭ്യമാക്കുക. ഏതു മൊബൈല്‍ ഫോണിലും ഈ വോലറ്റ് ഉപയോഗിക്കാമെന്നു ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആര്‍ മണി അറിയിച്ചു.

ഐഎഫ്എസ് കോഡുപയോഗിച്ചു ബാങ്കിലേക്കു പണം അടയ്ക്കാനും മൊബൈല്‍ ഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി ബില്‍ അടയ്ക്കാനും മൊബൈല്‍ റീചാര്‍ജ് ചെയ്യാനും വോലറ്റ് സഹായിക്കും. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും ഓണ്‍ലൈന്‍, ഡിജിറ്റല്‍ പണമിടപാടുകളും വ്യാപാരങ്ങളും നടത്താന്‍ ഈ സംവിധാനം സഹായിക്കും. നിശ്ചിത സംഖ്യ ഇതില്‍ നിക്ഷേപിച്ചാല്‍ ഇതുപയോഗിച്ചു വ്യാപാരങ്ങള്‍ക്കോ ഇടപാടുകള്‍ക്കോ ഉപയോഗിക്കാം. 0.5 മുതല്‍ മൂന്നു ശതമാനം വരെയാകും സര്‍വീസ് ചാര്‍ജ്.

ഇതോടൊപ്പം തന്നെ മറ്റൊരു സുപ്രധാന പ്രഖ്യാപനവും ബിഎസ്എന്‍എല്‍ നടത്തിയിട്ടുണ്ട്. രാജ്യത്താകമാനം തരംഗമായികൊണ്ടിരിക്കുന്ന 4ജിയിലേക്ക് ബിഎസ്എന്‍എല്ലും മാറുകയാണ്. 4 ജി സേവനം സംസ്ഥാനത്ത് മാര്‍ച്ചില്‍ എത്തുമെന്നാണ് ചീഫ് ജനറല്‍ മാനേജര്‍ അറിയിക്കുന്നത്. 4ജി സേവനം ബിഎസ്എന്‍എല്‍ ആദ്യം തുടങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. രാജ്യത്തു ബിഎസ്എന്‍എല്ലിന്റെ ഡേറ്റ സേവനങ്ങളില്‍ 25 ശതമാനവും വിനിയോഗിക്കപ്പെടുന്നതു കേരളത്തിലാണ്. കേരളത്തിലെ ആയിരം കേന്ദ്രങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ട് സേവനം ലഭ്യമാക്കുന്ന പരിപാടിയും മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഇത് 4 ജിയെക്കാള്‍ വേഗതയേറിയതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Microsoft announced folded phone
Posted by
18 January

നോക്കിയക്ക് പിന്നാലെ മടക്കും ഫോണുമായി മൈക്രോ സോഫ്റ്റും

ന്യൂയോര്‍ക്ക്: ഫോണും ടാബ്ലെറ്റും ഇനി ഒരു ഉപകരണത്തില്‍ തന്നെ. അതെ മൈക്രോസോഫ്റ്റ് പുതിയതായി വിപണിയിലേക്ക് എത്തിക്കുന്ന മടക്കുംഫോണിന്റെ വിശേഷങ്ങള്‍ ആണിത്. ഒരേസമയം തന്നെ ഫോണും ടാബ്‌ലെറ്റുമായി പ്രവര്‍ത്തിക്കാനാകുന്ന, മടക്കാനാകുന്ന ഫോണ്‍ ഉടന്‍ വിപണിയിലെത്തിക്കാനാണ് മൈക്രോസോഫ്റ്റ് തയാറെടുക്കുന്നത്.

ഇതു സംബന്ധിച്ച പേറ്റന്റിന് കമ്പനി അപേക്ഷ നല്‍കി കഴിഞ്ഞു. ഫ്‌ളെക്‌സിബിള്‍ വിജാഗിരി ഉപയോഗിച്ചു മടക്കാവുന്ന സ്‌ക്രീനുള്ള സ്മാര്‍ട്‌ഫോണ്‍ എന്നാണ് ഈ ഫോണിനെ കമ്പനി വിശദീകരിച്ചിരിക്കുന്നത്. ഫോണ്‍ വിളിക്കാനും മെസേജ് അയയ്ക്കാനുമൊക്കെ ചെറിയ സ്‌ക്രീനുള്ള ഹാന്‍ഡ് സെറ്റ് മതി; വിഡിയോ, ഇമെയില്‍, ഇന്റര്‍നെറ്റ് തുടങ്ങിയ ആവശ്യങ്ങള്‍സക്ക് വലിയ സ്‌ക്രീന്‍ വേണം. ഇതു രണ്ടും സൗകര്യപ്രദമായി ലഭ്യമാക്കുന്നതാണ് മടക്കും ഫോണ്‍.

മൈക്രോസോഫ്റ്റ് 10 സോഫ്റ്റ്വെയറുമായി ഇതു വിപണിയിലെത്തിക്കാനാണോ കമ്പനി ഉദ്ദേശിക്കുന്നതെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം നോക്കിയ കഴിഞ്ഞദിവസം മടക്കാനാവുന്ന ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ എല്‍ജിയും സാംസങ്ങും മടക്കാവുന്ന ഫോണ്‍ ഉടന്‍ രംഗത്തിറക്കുമെന്നാണ് വാര്‍ത്തകള്‍.

Gene Cernan, Last man, who walked on moon passed away
Posted by
17 January

ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ സഞ്ചാരിയും മരണത്തിന് കീഴടങ്ങി

വാഷിങ്ടണ്‍: ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ സഞ്ചാരിയും മരണത്തിന് കീഴടങ്ങി. 1972ലെ അപ്പോളോ-17 ദൗത്യത്തിലൂടെ ചന്ദ്രനില്‍ കാലുകുത്തിയവരിലെ അവസാന ബഹിരാകാശ സഞ്ചാരിയായിരുന്ന ജിന്‍ സെര്‍നാന്‍ (82) ആണ് അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം.

astro

അപ്പോളോ ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു അപ്പോളോ 17. 1972 ഡിസംബര്‍ 11ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്താണ് കമാന്‍ഡോ പൈലറ്റായ റൊണാള്‍ഡ് ഇവാന്‍സ്, ലൂണാര്‍ മോഡ്യൂള്‍ പൈലറ്റായ ഹാരിസണ്‍ സ്മിത്ത് എന്നിവരുടെ കൂടെ സെര്‍നാന്‍ ചാന്ദ്ര ദൗത്യത്തില്‍ പങ്കാളിയായത്. ചന്ദ്രനിലെ അഗ്‌നിപര്‍വതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ഇവരുടെ ദൗത്യം.

Jio Network: Ambani’s dream come true
Posted by
17 January

അംബാനിയുടെ സ്വപ്‌നം സഫലമാവുന്നു; വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ജിയോ മുന്നോട്ട്

ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ 10 കോടി ഉപയോക്താക്കള്‍ എന്ന അംബാനിയുടെ സ്വപ്‌നം സഫലമാവുന്നു. സൗജന്യ കോളുകളും ഇന്റര്‍നെറ്റും നല്‍കി രാജ്യത്തെ ടെലികോം രംഗത്ത് 4ജി വിപ്ലവത്തിന് വഴിവെച്ച റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണത്തില്‍ അതിവേഗം ബഹുദൂരം മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ട്.

7.24 കോടി യൂസര്‍മാരാണ് ഡിസംബര്‍ 31 വരെ ജിയോക്കുള്ളത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ജിയോയുടെ ലോഞ്ചിങ്ങ്. ലോഞ്ച് ചെയ്ത് 83 ദിവസം പിന്നിട്ടപ്പോള്‍ ജിയോ വരിക്കാരുടെ എണ്ണം 5 കോടി കടന്നിരുന്നു. ഇക്കാലയളവില്‍ ജിയോയിലേക്ക് പ്രതിദിനം എത്തിയത് ശരാശരി ആറ് ലക്ഷം പേര്‍. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബലിറ്റി സംവിധാനം വഴി മറ്റു കമ്പനികളില്‍ നിന്നും നിരവധി പേര്‍ ജിയോയിലേക്ക് എത്തിയെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ഈ യൂസര്‍മാരുടെ കണക്ക് ജിയോ വ്യക്തമാക്കിയില്ല. നിലവില്‍ ഇന്ത്യന്‍ ഭൂപരിസ്ഥിതിയുടെ 90 ശതമാനവും കവര്‍ ചെയ്യാന്‍ റിലയന്‍സ് നെറ്റ്വര്‍ക്കിനു സാദിച്ചിട്ടുണ്ട്. കണക്ടിവിറ്റി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കമ്പനി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് ജിയോ പ്ലാനിങ് തലവന്‍ അന്‍ഷുമാന്‍ താക്കൂര്‍ പറഞ്ഞു.

ടെലികോം രംഗത്തേക്കുള്ള മുകേഷ് അംബാനിയുടെ ആദ്യ സംരംഭത്തിനായി 1.4 ട്രില്ല്യണ്‍ രൂപയാണ് റിലയന്‍സ് മാര്‍ക്കറ്റിലൊഴുക്കിയത്. കൂടുതല്‍ യൂസര്‍മാരിലേക്ക് നെറ്റ്വര്‍ക്കിനെ എത്തിക്കാന്‍ ആരംഭിച്ച രണ്ടാം പ്രമോഷണല്‍ ഓഫര്‍ മാര്‍ച്ച് നാല് വരെ തുടരുമെന്ന് കമ്പനി വ്യക്തമാക്കി.

jio to increase coverage network capacity
Posted by
14 January

മികച്ച ഇന്റര്‍നെറ്റും വോയിസ് കോള്‍ സംവിധാനവും നല്‍കാന്‍ ഒരുങ്ങി റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഇന്റര്‍നെറ്റ് സംവിധാനവും വോയിസ് കോള്‍ സംവിധാനവും നല്‍കാന്‍ ഒരുങ്ങി റിലയന്‍സ് ജിയോ. മികച്ച കവറേജ് നല്‍കുന്നതിനും നെറ്റ്‌വര്‍ക്ക്
പരിധി വര്‍ധിപ്പിക്കുന്നതിനും വേണ്ടി 30000 കോടി രൂപ നിക്ഷേപിക്കാനാണ് പുതിയ തീരുമാനം. ഇതോടെ ഈ മേഖലയില്‍ റിലയന്‍സ് നിക്ഷേപിക്കുന്ന തുക 1.9 ലക്ഷം കോടി രൂപയാവും.

ഉപഭോക്താക്കള്‍ നല്‍കിയ നിര്‍ലോഭമായ സഹകരണത്തയും പിന്തുണയെയും കണക്കിലെടുത്ത് കൂടുതല്‍ മികച്ച സേവനം നല്‍കുന്നതിനു വേണ്ടിയും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു വേണ്ടിയും വലിയ നിക്ഷേപം നടത്താന്‍ തീരുമാനമെടുത്തിരിക്കുന്നുവെന്ന് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഇറക്കിയ അവകാശ പത്രികയില്‍ പറയുന്നു.

internet telephony in india
Posted by
13 January

ഇന്റര്‍നെറ്റ് ടെലിഫണി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സംവിധാനങ്ങളിലൂടെ സാധാരണ ടെലിഫോണിലേക്ക് വിളിക്കാന്‍ കഴിയുന്ന ഇന്റര്‍നെറ്റ് ടെലിഫണി ഉടന്‍ ഇന്ത്യയിലും ലഭ്യമാകുമെന്ന് ട്രായി അധ്യക്ഷന്‍ ആര്‍എസ് ശര്‍മ്മ അറിയിച്ചു.

ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഫോണില്‍ നിന്നോ കമ്പ്യൂട്ടറില്‍ നിന്നോ അതേ സംവിധാനങ്ങള്‍ ഉള്ള മറ്റൊന്നിലേക്കാണ് ഇപ്പോള്‍ വിളിക്കാന്‍ കഴിയുക.

ഉദാഹരണമായി സ്‌കൈപ്പ്, വാട്‌സാപ്പ് തുടങ്ങിയ ആപ്ലിക്കേഷന്‍ സാധാരണ ഫോണുകളില്‍ ലഭ്യമല്ല. എന്നാല്‍ ഇന്റര്‍നെറ്റ് ടെലിഫണി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതും സാധ്യമാകും. കാള്‍ ചെയ്യുന്ന ആള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടാകണം എന്ന് മാത്രമേ ഉള്ളു, സ്വീകരിക്കുന്ന ഫോണില്‍ ഇന്റര്‍നെറ്റ് വേണം എന്നില്ല. ഇന്റര്‍നെറ്റ് ടെലിഫണി നിലവില്‍ വരുന്നതോടെ ഫോണ്‍ നിരക്കുകളില്‍ ഗണ്യമായ കുറവുണ്ടാകും. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്റര്‍നെറ്റ് ടെലിഫണി ഇന്ത്യയില്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ട്രായി അറിയിക്കുന്നു.

Jio new smart phone
Posted by
12 January

വമ്പന്‍ പദ്ധതികള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ: 1500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട് ഫോണ്‍

രാജ്യത്തെ ടെലികോം വിപണിയില്‍ മാറ്റങ്ങള്‍ക്കു തുടക്കമിടുകയാണ് റിലയന്‍സ് ജിയോ. സൗജന്യ ഓഫറുകള്‍ തീരുന്ന മുറയ്ക്ക് വമ്പന്‍ പദ്ധതികള്‍ അവതരിപ്പിക്കാനിരിക്കുകയാണു കമ്പനി. 1500 രൂപയില്‍ താഴെ വിലയില്‍ 4ജി ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണുകള്‍ ജിയോ ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കുമെന്നാണു റിപ്പോര്‍ട്ട്.

മുന്നിലും പിന്നിലും ക്യാമറയുള്ളതും ജിയോ ചാറ്റ്, ലൈവ് ടിവി അടക്കമുള്ള സേവനങ്ങള്‍ ലഭിക്കുന്നതുമാകും പുതിയ ഫോണുകള്‍. ജിയോ മണി അടക്കമുള്ള വാലറ്റുകളു ഉപയോഗിക്കാനാകും. ഇതില്‍നിന്നു പരിധിയില്ലാതെ സൗജന്യ കോളുകളും വിളിക്കാവുന്ന ഓഫറും പ്രഖ്യാപിച്ചേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

youtube and facebook issue
Posted by
10 January

യുട്യൂബിന് കനത്ത വെല്ലുവിളിയുമായി ഫേസ്ബുക്ക്

ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യുട്യൂബിന് കനത്ത വെല്ലുവിളി. വീഡിയോകള്‍ക്കിടയില്‍ പരസ്യം കാണിച്ച് വരുമാനം പബ്ലിഷേഴ്‌സുമായി പങ്കിടാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

യുട്യൂബിലേതുപോലെ വീഡിയോ തുടങ്ങുന്നതിനു മുന്‍പ് പരസ്യം കാണിക്കുന്നതിന് പകരം വീഡിയോ തുടങ്ങി കുറഞ്ഞത് 20സെക്കന്റെങ്കിലും കഴിഞ്ഞാകും പരസ്യം എത്തുക. കുറഞ്ഞത് 90 സെക്കന്റ് ദൈര്‍ഘ്യമാണ് പരസ്യം ഉള്‍പ്പെടുത്താന്‍ വീഡിയോക്ക് വേണ്ടത്. നിലവില്‍ വന്‍ലാഭത്തില്‍ വിജയകരമായി മുന്നോട്ടു പോകുന്ന ഫേസ്ബുക്കിന് വമ്പന്‍ നേട്ടമാകും പുതിയ സംരഭം കൊണ്ടുണ്ടാവുക.

BSNL will provide internet connection to 1500 Indian villages
Posted by
10 January

ഇന്ത്യ ഡിജിറ്റലാകുന്നു: 1500 പഞ്ചായത്തുകളിലേക്ക് ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് എത്തിക്കും

ഇന്ത്യയെ ഡിജിറ്റലാക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പിന്തുണയുമായി ബിഎസ്എന്‍എല്‍. ഇന്ത്യയിലെ 1500 ഗ്രാമപഞ്ചായത്തുകളിലേക്ക് ഇന്റര്‍നെറ്റ് സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍. ഗ്രാമങ്ങളിലെ വിവര സാങ്കേതിക ബന്ധം മെച്ചപ്പെടുത്തുകയെന്നതാണ് ബിഎസ്എന്‍എല്ലിന്റെ ലക്ഷ്യം.

അസമിലെ 1500 ഗ്രാമപഞ്ചായത്തുകള്‍ ഒപ്ടിക്കല്‍ ഫൈബറിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഇതു പ്രകാരം അയ്യായിരത്തി ഇരുന്നൂറ് കിലോമീറ്ററാണ് ഒഎഫ്സി കേബിള്‍ ലഭ്യമാക്കേണ്ടത്. അസമിലെ എഴുപതു ശതമാനം പ്രദേശങ്ങളിലും പദ്ധതി പ്രകാരം ഇന്‍ന്റെര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുന്നതാണെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ എംകെ സേത് പറഞ്ഞു. കാംരൂപ് ജില്ലയിലെ ക്ഷേത്രി ഗാവോന്‍ പഞ്ചായത്താണ് പദ്ധതി പ്രകാരം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗ്രാമമാകുക.

ബിഎസ് എന്‍എല്‍ പൊതു സ്ഥലങ്ങളില്‍ മൂവായിരം ഹോട്ട്സ്പോട്ട് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. ഉയര്‍ന്ന വേഗതയിലുള്ള സേവനങ്ങള്‍ ഗുവഹാത്തിയില്‍ മാര്‍ച്ചോടു കൂടി ലഭ്യമാക്കുമെന്നും ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ കൂട്ടിചേര്‍ത്തു. എസ്ബിഐയുമായി ചേര്‍ന്ന് മോബിക്യാഷ് എന്ന ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്എന്‍എല്‍. സര്‍ക്കാര്‍ സഹായത്തോടു കൂടി ഗ്രാമീണ മേഖലയിലെ 65000 ആളുകളെ ഡിജിറ്റല്‍ ഇടപാട് നടത്തുവാന്‍ പരിശീലനം നല്‍കുവാനും ബിഎസ്എന്‍എല്‍ തീരുമാനിച്ചിട്ടുണ്ട്.

uber movement helps to detect road block
Posted by
09 January

ഗതാഗത കുരുക്കില്‍പ്പെടാതിരിക്കാന്‍ മുന്നറിയിപ്പുമായി യൂബര്‍ മൂവ്‌മെന്റെ്

കൊച്ചി: യൂബര്‍ അവതരിപ്പിക്കുന്ന മൂവ്‌മെന്റെ് എന്ന പുതിയ സേവനം ശ്രദ്ധേയമാകുന്നു. ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ യൂബറിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിച്ചു വരികയാണ്. പല സമയങ്ങളിലും നഗരങ്ങളിലെ വാഹനപ്പെരുപ്പം മൂലം ഗതാഗത തടസ്സങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ അവസരത്തിലാണ് മൂവ്‌മെന്റെ് എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്റെ ആവശ്യകത. പൊതുജനങ്ങള്‍ക്കും, അധികാരികള്‍ക്കും വാഹന തടസ്സങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ അറിയുവാന്‍ ഈ ആപ്പിലൂടെ സാധിക്കും. യൂബര്‍ മൂവ്‌മെന്റെ് തത്സമയം ഇന്ത്യയിലെ നാന്നൂറ്റിയമ്പതു നഗരങ്ങളിലെ ഗതാഗത നീക്കങ്ങള്‍ നിരീക്ഷിക്കും. ഇതുവഴി യാത്ര പുറപ്പെടുന്ന സമയം ജനങ്ങള്‍ക്ക് ക്രമീകരിക്കുവാന്‍ സാധിക്കുന്നതാണ്.

വന്‍ നഗരങ്ങളില്‍ ഗതാഗത തടസ്സമുള്ള സമയം എതൊക്കെയെന്ന് കണ്ടെത്താമെന്നും അതുവഴി മറ്റു മാര്‍ഗ്ഗങ്ങള്‍ യാത്രക്കാര്‍ക്ക് കണ്ടെത്താമെന്നും യൂബര്‍ പ്രോഡക്റ്റ് മാനേജര്‍ ജോര്‍ദാന്‍ ഗില്‍ബെര്‍ട്ട്‌സണ്‍ പറഞ്ഞു. ഇതു വഴി യൂബറിന് ഇന്ത്യയിലെ ഗതാഗത ഘടന ദിവസേന അറിയുവാന്‍ സാധിക്കുന്നതാണ്. ആഘോഷങ്ങളോ മറ്റു ചടങ്ങുകള്‍ മൂലമോ ഗതാഗത്തിന് തുറന്നു കൊടുക്കാത്ത റോഡുകളുടെ വിവരങ്ങളും യൂബര്‍ ലഭ്യമാക്കുന്നതാണ്. ജനങ്ങള്‍ക്ക് യൂബറിന്റെ ഈ സേവനം സൗജന്യമായി ലഭ്യമാകുന്നതാണ്. മനില മുതല്‍ വാഷിംങ്ടണ്‍ വരെയുള്ള നഗരങ്ങളിലെ സേവനം ലഭ്യമാകുന്നതാണെന്നും ഗില്‍ബെര്‍ട്ട്‌സണ്‍ പറഞ്ഞു. സ്വകാര്യ ഡ്രൈവര്‍മാരായ 100 പേര്‍ ചേര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌ക്കോയിലാണ് യൂബര്‍ ആരംഭിച്ചത്. ഇന്ന് 400 ഓളം നഗരങ്ങളിലായി 68 രാജ്യങ്ങളില്‍ യൂബര്‍ സേവനം ലഭ്യമാകുന്നുണ്ട്.