ഇനി ചര്‍ച്ചക്കില്ലെന്നു കെവിഎം മാനേജ്‌മെന്റ്; കേരളമാകെ മാര്‍ച്ച് അഞ്ചു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നഴ്സുമാര്‍; സര്‍ക്കാര്‍ നോക്കു കുത്തിയാകുന്നു എന്ന് പരക്കെ ആക്ഷേപം
Posted by
18 February

ഇനി ചര്‍ച്ചക്കില്ലെന്നു കെവിഎം മാനേജ്‌മെന്റ്; കേരളമാകെ മാര്‍ച്ച് അഞ്ചു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നഴ്സുമാര്‍; സര്‍ക്കാര്‍ നോക്കു കുത്തിയാകുന്നു എന്ന് പരക്കെ ആക്ഷേപം

ചേര്‍ത്തല: കെവിഎം ആശുപത്രിക്കു മുന്നിലെ നഴ്സിങ് സമരം ഏഴാം മാസത്തിലേക്ക് കടന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവാത്തത് ശക്തമായ പ്രതിഷേധത്തിനു കാരണമായിരിക്കുന്നു. 2013 ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേജസ് നടപ്പിലാക്കുക, പതിനാലും പതിനാറും മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ജോലി ഭാരവും സമയവും കുറക്കുന്നതിന് വേണ്ടി വീരകുമാര്‍ കമ്മീഷന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ അംഗീകരിച്ച ത്രീ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ തികച്ചും ന്യായമായ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നഴ്സിങ് തൊഴിലാളികള്‍ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ സമരം നടത്തുന്നത്.

സമരം ആരംഭിച്ചപ്പോള്‍ തന്നെ അനുഭവ പരിചയമുള്ള രണ്ടു നഴ്സുമാരെ മാനേജുമെന്റ് പുറത്താക്കിയിരുന്നു. ആറുമാസത്തോളം തികച്ചും സമാധാന പരമായി നടത്തിയിരുന്ന സമരം കഴിഞ്ഞ ദിവസം ദേശീയ പാത ഉപരോധത്തിലേക്കും പോലീസ് ലാത്തി ചാര്‍ജിലേക്കും എത്തിയിരുന്നു.

പതിനഞ്ചിനു സൂചനാ പണിമുടക്ക് നടത്തിയ നഴ്സിങ് സംഘടന, മാര്‍ച്ച് അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്കിന് സംസ്ഥാന വ്യാപകമായി നോട്ടീസ് നല്‍കിയിരിക്കുകയാണ്. അതേസമയം, സാഹചര്യങ്ങള്‍ ഇത്രമേല്‍ സംഘര്‍ഷഭരിതമായിട്ടും ഫലപ്രദമായി ഇടപെടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്റ്റാറ്റിയൂട്ട് പ്രകാരമുള്ള ആവശ്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് വലിയ പ്രതിഷേധം വിളിച്ചു വരുത്തുന്നുണ്ട്. സമരത്തിന്റെ ആദ്യഘട്ടത്തില്‍ മന്ത്രിമാരായ തോമസ് ഐസക്കും തിലോത്തമനും ശക്തമായി ഇടപെട്ടിരുന്നു. ജില്ലയില്‍ നിന്ന് തന്നെയുള്ള മന്ത്രി ജി സുധാകരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ മൗനവും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാണ്.

തിരുവനന്തപുരത്തു വെച്ച് രണ്ടു തവണ തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ ചര്‍ച്ച നടത്തിയെങ്കിലും മാനേജുമെന്റ് പിടിവാശി കാരണം സമരം ഒത്തു തീര്‍ക്കാനായില്ല. ഇനി സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചക്ക് പങ്കെടുക്കില്ലെന്നും സമരം ചെയ്യുന്ന നൂറോളം നഴ്സുമാരെ കൂടി പുറത്താക്കുമെന്നും ആശുപത്രി ഉടമസ്ഥരില്‍ ഒരാളായ ഹരിദാസ് കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തി സര്‍ക്കാരിനെയും നഴ്‌സുമാരെയും ഒരേസമയം വെല്ലുവിളിച്ചിരുന്നു.

നിലവില്‍ ഉള്ള തൊഴില്‍ വേതന സേവന നിയമങ്ങള്‍ നടപ്പിലാക്കില്ല എന്ന് സര്‍ക്കാരിന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടും ആശുപത്രിക്കെതിരെ ഒരു ചെറു വിരല്‍ അനക്കാന്‍ പോലും ആരോഗ്യ തൊഴില്‍ വകുപ്പുകള്‍ കഴിഞ്ഞിട്ടില്ല. ഇതാണ് സര്‍ക്കാര്‍ നോക്കു കുത്തിയാകുന്നു എന്ന തരത്തിലുള്ള വിമര്‍ശനത്തിന് വഴിയൊരുക്കിയത്.

2017 ജൂലൈ 20ന് ശമ്പള പരിഷ്‌കരണ തീരുമാനത്തില്‍ ഒപ്പു വെച്ചതിനു ശേഷം ആശുപത്രി മാനേജുമെന്റുകളോട്, നഴ്‌സുമാര്‍ക്കെതിരെ പ്രതികാരനടപടികള്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണിവിടെ നഴ്സുമാര്‍ക്കെതിരെ നടപടിയെടുത്തത്. സംസ്ഥാനത്താകെ 628 നഴ്സുമാരെയാണ് ആറുമാസത്തിനിടെ മാനേജ്മെന്റുകള്‍ നടപടിക്ക് വിധേയമാക്കി തൊഴിലില്ലാതാക്കിയിട്ടുള്ളത്. ബഹുഭൂരിപക്ഷം വരുന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും കൈകോര്‍ത്ത് ആസൂത്രിതമായ നീക്കം നഴ്സുമാര്‍ക്കെതിരെ നടത്തുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഈ നീതി നിഷേധങ്ങള്‍ തടയാന്‍ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്ന പ്രതിഷേധവും നഴ്‌സുമാര്‍ക്കിടയില്‍ ശക്തമാണ്.

സമരം ഒത്തു തീര്‍ക്കണം എന്നാവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജനപാല്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം പത്തു ദിവസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയും വഷളായി കൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.

സമരം ഒത്തു തീരാതെ നീളുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പ്രതിഷേധിക്കാനും സമരം സെക്രട്ടറിയേറ്റിനു മുന്നിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത് എന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി ബെല്‍ജോ ഏലിയാസ് ബിഗ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ പണി മുടക്കുമ്പോള്‍ അത്യാവശ്യ സേവനത്തിനു ഇരുപതു ശതമാനത്തിലധികം നേഴ്സുമാരെ വിട്ടു നല്‍കിയിരുന്നുവെങ്കില്‍, വരും പണിമുടക്ക് സമരത്തില്‍ അത് പ്രതീക്ഷിക്കേണ്ടതില്ലെന്ന് നേഴ്സിങ് പ്രസിഡന്റ് ജാസ്മിന്‍ഷായും വ്യക്തമാക്കിയതോടെ സമരം തീര്‍ന്നില്ലെങ്കില്‍ അഞ്ചാം തീയതി മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ആരോഗ്യ മേഖലയുടെ സ്തംഭനാവസ്ഥയാവും ഉണ്ടാവുക.

ഒരു ജീവനെടുത്തതിനു പ്രായശ്ചിത്തമായി മറ്റൊരു ജീവനു തണലേകാനുറച്ച് ഈ ജീവപര്യന്തം തടവുകാരന്‍; സ്വന്തം വൃക്ക പകുത്തു നല്‍കി പ്രിന്‍സിക്ക് പുതുജീവനേകും
Posted by
18 February

ഒരു ജീവനെടുത്തതിനു പ്രായശ്ചിത്തമായി മറ്റൊരു ജീവനു തണലേകാനുറച്ച് ഈ ജീവപര്യന്തം തടവുകാരന്‍; സ്വന്തം വൃക്ക പകുത്തു നല്‍കി പ്രിന്‍സിക്ക് പുതുജീവനേകും

കൊല്ലം: ഒരു ജീവനെടുത്തതിന്റെ പശ്ചാത്താപത്താല്‍ നീറുന്ന ഈ മുന്‍ ജീവപര്യന്തം തടവുകാരന്‍ പുതുജീവന് പ്രതീക്ഷ നല്‍കി തന്റെ തെറ്റു തിരുത്താന്‍ തയ്യാറായിരിക്കുകയാണ്. കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയനുഭവിച്ച് തീര്‍ത്ത പട്ടാമ്പിക്കാരന്‍ പിപി സുകുമാരനാണ് വൃക്കദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ജീവപര്യന്തം ശിക്ഷയില്‍ ഇളവുലഭിച്ച സുകുമാരന്‍ കഴിഞ്ഞ ജൂലൈയിലാണു ജയില്‍ മോചിതനായത്.

കൊല്ലം വടക്കേവിള പ്രിന്‍സി കോട്ടേജില്‍ പ്രിന്‍സി തങ്കച്ച(20)നു പുനര്‍ജന്മമാകാനാണ് പാലക്കാട് പട്ടാമ്പി പള്ളിപ്പുറം പുള്ളിത്തടത്തില്‍ വീട്ടില്‍ പി സുകുമാരന്റെ തടവിലെ മാനസാന്തരത്തിനു ശേഷമുള്ള ദൈവ നിയോഗം.

വൃക്കകള്‍ തകരാറിലായി ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുന്ന പ്രിന്‍സിക്കു മുന്നിലാണു സുകുമാരന്‍ ദൈവദൂതനായത്. ഒരാളുടെ ജീവനെടുത്തതിനു പകരം മറ്റൊരാള്‍ക്കു ജീവിതം നല്‍കാന്‍ ജയില്‍വാസകാലത്തുതന്നെ സുകുമാരന്‍ തീരുമാനിച്ചിരുന്നു. അതിനു പ്രചോദനമായതാകട്ടെ സാമൂഹികപ്രവര്‍ത്തകയും വൃക്കദാനം നടത്തുകയും ചെയ്ത ഉമാ പ്രേമനാണ്.

ക്രിമിനല്‍ കേസില്‍ തടവുശിക്ഷ അനുഭവിച്ചവര്‍ക്ക് അവയവദാനത്തിനുള്ള നിയമതടസം പ്രത്യേക ഉത്തരവിലൂടെയാണു സുകുമാരന്‍ മറികടന്നത്. പ്രിന്‍സിയുടെ മാതാവ് പ്രസന്ന വൃക്കരോഗം ബാധിച്ചാണു 13 വര്‍ഷം മുമ്പു മരിച്ചത്. ഇപ്പോള്‍ സഹോദരനും വൃക്കരോഗിയാണ്. രോഗിയായ പിതാവ് തങ്കച്ചനുമൊത്തു മറച്ചുകെട്ടിയ ചെറിയ വീട്ടിലാണു പ്രിന്‍സിയുടെ താമസം.

പെണ്‍കുട്ടിയുടെ ചികിത്സയ്ക്കു കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രേം ഉഷാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ 17 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കായി പ്രിന്‍സിയെ 20-നു കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കും.

നഴ്സിങ് നേതാവ് സുജനപാലിന്റെ നിരാഹാരം ഒന്‍പതാം ദിവസം! ‘നിന്നെ എന്നും പൊരുതുന്ന പോരാളിയായി കാണാനാണ്  ഞാന്‍ ആഗ്രഹിക്കുന്നത്’; കണ്ടു നിന്നവരുടെ കണ്ണു നനയിച്ചു ഒരച്ഛന്റെ ധീരമായ വാക്കുകള്‍
Posted by
17 February

നഴ്സിങ് നേതാവ് സുജനപാലിന്റെ നിരാഹാരം ഒന്‍പതാം ദിവസം! 'നിന്നെ എന്നും പൊരുതുന്ന പോരാളിയായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'; കണ്ടു നിന്നവരുടെ കണ്ണു നനയിച്ചു ഒരച്ഛന്റെ ധീരമായ വാക്കുകള്‍

ചേര്‍ത്തല : കെവിഎം ആശുപത്രിയില്‍ ഏഴുമാസമായി നടക്കുന്ന നഴ്സിങ് സമരം ഒത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ട് യുഎന്‍എ ജനറല്‍ സെക്രട്ടറി സുജനപാല്‍ നടത്തി വരുന്ന നിരാഹാര സമരം ഒന്‍പതാം ദിവസം പിന്നിടുമ്പോള്‍ ഇന്ന് സമരപന്തലില്‍ അരങ്ങേറിയത് വൈകാരിക നിമിഷങ്ങള്‍. സുജനപാലിന്റെ അച്ഛനും സഹോദരിയും ഭാര്യയും മകനും കൂടി സമര പന്തല്‍ സന്ദര്‍ശിച്ചപ്പോഴാണ് കണ്ടു നിന്നവരുടെ കൂടെ കണ്ണ് നിറയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ അരങ്ങേറിയത്.

‘എന്റെ മകന്‍ ,കൊച്ചു മോന്റെ അച്ഛന്‍ എന്നതിനേക്കാള്‍ ഒരു തലമുറയുടെ ജീവനും ജീവിതവും നിലനിര്‍ത്താനുള്ള പോരാളിയായി കാണാനാണ് സുജനപാലിനെ എനിക്കിഷ്ടം’ എന്ന് അച്ഛന്‍ അച്യുതന്‍ പറഞ്ഞപ്പോ അവിടെ കൂടി നിന്ന ഹൃദയങ്ങളില്‍ നിന്ന് അദ്ദേഹത്തിനും സുജനപാലിനും കുടുംബത്തിനും അഭിവാദ്യം ഉയരുകയായിരുന്നു.

കഴിഞ്ഞദിവസം, താലൂക്ക് ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ വന്നു സുജനപാലിനെ പരിശോധിച്ച് ആരോഗ്യ നിലയില്‍ കടുത്ത ആശങ്ക അറിയിച്ചിരുന്നു.

ആശുപത്രിയിലേക്ക് മാറാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും പിന്മാറില്ലെന്ന ശക്തമായ നിലപാട് ആണ് സുജനപാല്‍ സ്വീകരിച്ചത്.

മഞ്ഞുമൂടിയ ഗ്രാമത്തില്‍ നിന്നും ഗര്‍ഭിണിയെ രക്ഷിച്ച് വ്യോമസേന
Posted by
17 February

മഞ്ഞുമൂടിയ ഗ്രാമത്തില്‍ നിന്നും ഗര്‍ഭിണിയെ രക്ഷിച്ച് വ്യോമസേന

ശ്രീനഗര്‍: കടുത്ത മഞ്ഞിനെും, തണുപ്പിനെും അതിജീവിച്ച് മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയെ രക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന. വ്യോമസേനയുടെ നമ്പര്‍ 114 ഹെലികോപ്ടര്‍ യൂണിറ്റായ സിയാച്ചിന്‍ പയനിയേഴ്‌സിലാണ് മരം കൂച്ചുന്ന തണുപ്പില്‍ യുവതിയെ രക്ഷിച്ചത്. കടുത്ത തണുപ്പില്‍ നിസഹായായി കഴിഞ്ഞിരുന്ന യുവതി ഷിന്‍കുര്‍ ലാ പാസിന് സമീപമുള്ള കുര്‍ഗിയാക്ക് എന്ന ഗ്രാമത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

മഞ്ഞിനടിയില്‍ മൂടപ്പെട്ട കുര്‍ഗിയാക്ക് ഗ്രാമത്തില്‍ ഏറെ പണിപ്പെട്ടാണ് വ്യോമസേന എത്തിച്ചേര്‍ന്നത്. വിങ് കമാന്‍ഡര്‍ എസ്‌ഐ ഖാനും ഫ്‌ളൈറ്റ് പ്രവീണുമായിരുന്നു ലീഡ് എയര്‍ക്രാഫ്റ്റില്‍ ഉണ്ടായിരുന്നത്. വിങ് കമ്മാന്‍ഡര്‍ എസ്‌കെ പ്രധാനും സ്‌ക്വാഡ്രണ്‍ ലീഡര്‍ എ ബഡേക്കറും അനുഗമിച്ചു.

ഗ്രാമത്തിന് സമീപമുള്ള ചെരിഞ്ഞ പ്രദേശത്ത് ലാന്‍ഡിംഗ് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള പ്രദേശത്തായിരുന്നു രക്ഷാപ്രവര്‍ത്തനം. എന്നാല്‍ പ്രകൃതിയുടെ കടുത്ത വെല്ലുവിളികളെയെല്ലാം കീഴടക്കി സിയാച്ചന്‍ പയനിയേഴ്‌സ് ഗര്‍ഭണിയുമായി ലേയിലേക്ക് തിരിച്ച് പറന്നു.

Always upfront in saving lives, Indian Air Force’s Siachen Pioneers evacuate seriously ill Pregnant Woman with from remote village in #Ladakh

Every Indian’s Life is precious for our Security Forces & they will do anything to protect it.@IAF_MCC#Respectpic.twitter.com/7MfyUsOkOh

— Jagrati Shukla (@JagratiShukla29) 17 February 2018

നിരക്ക് വര്‍ധനയ്ക്കായി മുറവിളികൂട്ടുന്ന സ്വകാര്യ ബസുകള്‍ക്ക് മാതൃകയായി ‘ജാനകി’; പഠനം മുടങ്ങാതിരിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിരത്തിലിറക്കിയ ബസിന് അഭിനന്ദനപ്രവാഹം
Posted by
17 February

നിരക്ക് വര്‍ധനയ്ക്കായി മുറവിളികൂട്ടുന്ന സ്വകാര്യ ബസുകള്‍ക്ക് മാതൃകയായി 'ജാനകി'; പഠനം മുടങ്ങാതിരിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിരത്തിലിറക്കിയ ബസിന് അഭിനന്ദനപ്രവാഹം

കടക്കല്‍: വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുറവിളിക്കൂട്ടുന്ന സ്വകാര്യ ബസുകള്‍ക്ക് മാതൃകയായി ‘ജാനകി’ എന്ന സ്വകാര്യ ബസ്. നാളത്തെ വലിയവരായ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനായി സമരത്തിനിടയിലും സര്‍വ്വീസ് നടത്തിയാണ് ജാനകി എന്ന ബസ് നന്മയെന്ന വാക്കിന് അര്‍ത്ഥവും മാനവും കാണിച്ചു തന്നത്.

ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി നിരക്ക് വര്‍ധന ആവശ്യപ്പെട്ടു നടക്കുന്ന സ്വകാര്യ ബസ് സമരം രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെയാണ് നന്മ മാത്രം ലക്ഷ്യമിട്ട് കടയ്ക്കല്‍ സ്വദേശി ഷിബിന്‍ രാജ് ബസ് നിരത്തിലിറക്കിയത്. ആറ്റുപുറം പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കായി മാത്രം ആരംഭിച്ച സൗജന്യ സര്‍വീസ് പിന്നീട് മറ്റു പ്രദേശത്തെ കുട്ടികള്‍ക്കും പ്രയോജനപ്പെടുത്താന്‍ ഷിബിന്‍ തീരുമാനിക്കുകയായിരുന്നു.

കടയ്ക്കല്‍ ഗവ വിഎച്എസ്എസ്, നിലമേല്‍ എംഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കുറ്റിക്കാട് സിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കടയ്ക്കല്‍ ഗവ യുപിഎസ് തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികളെ രാവിലെ അതാത് സ്‌കൂളുകളില്‍ കൃത്യസമയത്ത് എത്തിക്കുക മാത്രമല്ല വൈകിട്ട് സ്റ്റോപ്പുകളില്‍ തിരികെ എത്തിക്കാനും ബസ് ജീവനക്കാര്‍ മറന്നില്ല. സമരത്തിനിടെയിലും വിദ്യാര്‍ത്ഥികള്‍ക്കായി കരുതലൊരുക്കിയ ബസ് ജീവനക്കാര്‍ക്കാരെയും ഉടമ ഷിബിനെയും അഭിനന്ദനം കൊണ്ട് മൂടുകയാണ്.

ഫ്ളോറിഡ സ്‌കൂള്‍ വെടിവയ്പ്പ്; അക്രമിയുടെ തോക്കിന്‍ മുനയില്‍ നിന്നും  വിദ്യാര്‍ത്ഥികളെ രക്ഷിച്ചത് അധ്യാപികയുടെ ബുദ്ധി, ശാന്തി വിശ്വനാഥനെ വാഴ്ത്തി ലോകം
Posted by
17 February

ഫ്ളോറിഡ സ്‌കൂള്‍ വെടിവയ്പ്പ്; അക്രമിയുടെ തോക്കിന്‍ മുനയില്‍ നിന്നും വിദ്യാര്‍ത്ഥികളെ രക്ഷിച്ചത് അധ്യാപികയുടെ ബുദ്ധി, ശാന്തി വിശ്വനാഥനെ വാഴ്ത്തി ലോകം

ന്യൂയോര്‍ക്ക്: പതിനേഴ് ജീവനുകള്‍ കൂട്ടക്കുരുതിയില്‍ പൊലിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇനിയും മുക്തരായിട്ടില്ല. ആ നടുക്കത്തിനിടയിലും വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയത്നിച്ച അധ്യാപികയെ വാഴ്ത്തുകയാണ് അമേരിക്ക, വിദ്യാര്‍ത്ഥികളോരോരുത്തരും നന്ദി പറയുകയാണ്, ഇന്ത്യക്കാരിയായ ശാന്തി വിശ്വനാഥന്‍ എന്ന അധ്യാപികയെ അവര്‍ ദൈവത്തെ പോലെ കാണുന്നു. കാരണം കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാതിരുന്നത് ശാന്തിയുടെ മന:സാന്നിദ്ധ്യം കൊണ്ടു മാത്രമാണ്.

ബുധനാഴ്ച ഉച്ചയോടെ രണ്ടാം തവണയും അപായ സൈറന്‍ മുഴങ്ങിയതിനെ തുടര്‍ന്നാണ് ഗണിത അധ്യാപികയായ ശാന്തി വിശ്വനാഥന് അപകടം മണത്തത്. തുടര്‍ന്ന് തന്റെ ക്ലാസ് റൂമിന്റെ വാതിലുകളും ജനാലകളും അടയ്ക്കുകയും
കുട്ടികളെ മൂലയില്‍ ഇരുത്തി പേപ്പര്‍ കൊണ്ട് മറച്ച് വച്ച് അക്രമി കാണാത്തവിധം മറയ്ക്കുകയുമായിരുന്നു എന്ന് ഒരു വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു.

വെടിവയ്പ്പ് അവസാനിച്ച ശേഷം അമേരിക്കന്‍ പോലീസ് സേനാ വിഭാഗമായ സ്പെഷന്‍ വെപ്പണ്‍സ് ആന്‍ഡ് ടാറ്റിക്സ് ഉദ്യോഗസ്ഥരെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും അത് ആക്രമിയുടെ തന്ത്രമാണെന്ന് കരുതി ഒരു പരീക്ഷണത്തിന് അവര്‍ ഒരുക്കമായിരുന്നില്ല. താന്‍ വാതില്‍ തുറക്കില്ലെന്നും വേണെങ്കില്‍ താക്കോല്‍ ഉപയോഗിച്ച് തുറക്കാനാണ് ശാന്തി പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ജനല്‍ തുറന്ന് കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു എന്ന് ബ്രിയാന്‍ എന്ന വിദ്യാര്‍ത്ഥി തന്റെ അമ്മയ്ക്ക് മെസേജ് അയച്ചിരുന്നു.

ഫ്ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡ് സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ്
ഇക്കഴിഞ്ഞ 13ന് വെടിവയ്പ്പുണ്ടായത്. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിക്കോളാസ് ക്രൂസ് ആണ് നിറയൊഴിച്ചത്. ആക്രമണത്തില്‍ 15 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ഇവള്‍ പാരി; ചവറ്റുകൂനയില്‍ നിന്നും കണ്ടെത്തിയ കുഞ്ഞ് ‘കുപ്പയിലെ മാണിക്യമായി’ മാറിയതിങ്ങനെ
Posted by on 16 February

ഇവള്‍ പാരി; ചവറ്റുകൂനയില്‍ നിന്നും കണ്ടെത്തിയ കുഞ്ഞ് 'കുപ്പയിലെ മാണിക്യമായി' മാറിയതിങ്ങനെ

ആഗ്ര: കുപ്പയിലെ മാണിക്യം എന്ന് പഴഞ്ചൊല്ലില്‍ മാത്രം കേട്ടിട്ടുള്ളൂ, എന്നാല്‍ അങ്ങനൊരു മാണിക്യമുണ്ട്. കഴിഞ്ഞയാഴ്ച ചവറ്റുകൂനയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞാണ് മാണിക്യമായി മാറിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗ്ര മുറാദാബാദ് ഹൈവേ പരിസരത്ത് നിന്നാണ് ആറുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അവളുടെ ചിത്രം സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടൈ
മാലിന്യക്കൂമ്പാരത്തിലെ മാണിക്യം, മുത്ത് എന്നൊക്കെ വിശേഷിപ്പിച്ച്
വിദേശത്തു താമസിക്കുന്ന ദമ്പതികളുള്‍പ്പടെ നൂറുകണക്കിന് പേരാണ് കുഞ്ഞിനെ അവകാശപ്പെട്ടുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്.

അതേസമയം, കുഞ്ഞിനെ ദത്തെടുക്കാന്‍ തയാറാണെന്ന് പറഞ്ഞുകൊണ്ട് നിരവധി ദമ്പതിമാര്‍ രംഗത്തുവരുന്നുണ്ടെങ്കിലും കുഞ്ഞിന്റെ യഥാര്‍ഥ അവകാശികളെ കണ്ടെത്തണമെന്ന വാശിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇപ്പോള്‍ റാംപൂരിലെ അനാഥാലയത്തിലാണ് ഈ കുഞ്ഞ്. പാരി എന്നാണ് അനാഥാലയത്തിലെ ജീവനക്കാര്‍ അവള്‍ക്കിട്ട പേര്.

എന്നാല്‍,ഡെറാഡൂണ്‍ സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞെന്നും പറഞ്ഞ്
അനാഥാലത്തിലെ സൂപ്രണ്ട് രാകേഷ് സക്‌സേനയെത്തേടി ഒരു അഞ്ജാത ഫോണ്‍സന്ദേശമെത്തിയിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളുടെ സുഹൃത്താണെന്നും പറഞ്ഞാണ് കോളെത്തിയത്. പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കുഞ്ഞിന്റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞതിനാലാണ് താനിക്കാര്യം അറിയിക്കുന്നതെന്നും അയാള്‍ പറഞ്ഞു.

കുഞ്ഞിന്റെ മാതാപിതാക്കള്‍ തമ്മില്‍ കുഞ്ഞിനെച്ചൊല്ലി സ്ഥിരം വഴക്കിടാറുണ്ടെന്നും കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള സംശയമാണ് വഴക്കിന് അടിസ്ഥാനമെന്നും അയാള്‍ വിശദീകരിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറും അയാള്‍ നല്‍കി.

അഞ്ജാതനെക്കുറിച്ചു ലഭിച്ച വിവരങ്ങളത്രയും രാകേഷ് സക്‌സേന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് കൈമാറി. നൈനിറ്റാളില്‍ താമസിക്കുന്ന താന്‍ ഡെറാഡൂണിലാണ് ജോലി ചെയ്യുന്നത് എന്നാണ് അയാള്‍ അനാഥാലയത്തിലെ അധികൃതരോട് പറഞ്ഞത്. അനാഥാലയത്തിലെ സൂപ്രണ്ട് ചില വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ എത്രയും വേഗം കണ്ടെത്താന്‍ കഴിയുമെന്നും മുറാദാബാദ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ പ്രസിഡന്റ് വിശദീകരിച്ചു.

എന്തായാലും കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയശേഷം മാത്രമേ കുഞ്ഞിന്റെ കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുകയുള്ളൂവെന്നും അതുവരെ അവള്‍ സുരക്ഷിതയായി അനാഥാലയത്തില്‍ കഴിയട്ടെയെന്നുമാണ് അധികൃതരുടെ വിശദീകരണം.

ചേര്‍ത്തല കെവിഎമ്മിനു മുന്‍പില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ആരോഗ്യനില ആശങ്കാജനകം
Posted by
16 February

ചേര്‍ത്തല കെവിഎമ്മിനു മുന്‍പില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ആരോഗ്യനില ആശങ്കാജനകം

കൊച്ചി :കെവിഎം സമരം ഒത്തു തീര്‍പ്പാകാണാമെന്നു ആവശ്യപ്പെട്ട് യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജനപാല്‍, ആശുപത്രിക്കു മുന്‍പില്‍ നടത്തി വരുന്ന അനിശ്ചിത കാല നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യ നില അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്നു അദ്ദേഹത്തെ പരിശോധിക്കുകയും രക്തം പരിശോധനക്കായി എടുക്കുകയും ചെയ്തിരുന്നു. സുജനപാലിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും നേഴ്സുമാരുടെ പ്രതിഷേധം കാരണം സാധിക്കാതെ വരികയായിരുന്നു.

കഴിഞ്ഞ ഏഴു മാസമായി ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നേഴ്സുമാര്‍ ഒന്നടങ്കം യുഎന്‍എയുടെ നേതൃത്വത്തില്‍ സമരം നടത്തി വരികയാണ്. 2013 ലെ മിനിമം വേതനവും, ത്രീ ഷിഫ്റ്റ് സമ്പ്രദായവും നടപ്പില്‍ വരുത്തുക എന്നാവശ്യപ്പെട്ട് നടത്തി വരുന്ന സമരത്തില്‍ പ്രതികാര നടപടിയായി അനുഭവ പരിചയമുള്ള രണ്ടു നേഴ്സുമാരെ ട്രെയിനികള്‍ എന്ന പേരില്‍ മാനേജുമെന്റ് പുറത്താക്കിയിരുന്നു.

കഴിഞ്ഞ ദിവസം റോഡ് ഉപരോധ സമരം നടത്തി പിരിഞ്ഞു പോകുന്നവരെ പോലീസ് ലാത്തി ചാര്‍ജ് ചെയ്യുകയും യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ അടമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരുന്നു. അതില്‍ പ്രതിഷേധിച്ചും സമര ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നേഴ്സിങ് സമൂഹം സൂചനാ പണിമുടക്ക് നടത്തി പതിനായിരക്കണക്കിന് പേരാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചേര്‍ത്തലയിലേക്ക് ഒഴുകി എത്തിയത്.

വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരം നടത്താന്‍ ആണ് സംഘടനയുടെ തീരുമാനം എന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ ബിഗ്,ന്യൂസ് ലൈവിനോട് പറഞ്ഞു

പ്രതിഷേധമായി ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് നേഴ്സിങ് സംഘടന
Posted by
16 February

പ്രതിഷേധമായി ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് നേഴ്സിങ് സംഘടന

കൊച്ചി : കെവിഎം സമരം ഒത്തു തീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചു യുണൈറ്റഡ് നേഴ്സസ് അസോസിയേഷനന്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ പ്രഖ്യാപിച്ചു. കെവിഎമ്മിന് മുന്‍പില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ആണ് യുഎന്‍എ യുടെ ഈ തീരുമാനം ജാസ്മിന്‍ഷാ പ്രഖ്യാപിച്ചത്.

നിലവില്‍ കണക്കെടുത്തപ്പോള്‍ വോട്ടുള്ള പതിനയ്യായിരത്തോളം നേഴ്സുമാര്‍ മണ്ഡലത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ജാസ്മിന്‍ഷാ പറഞ്ഞു. നേഴ്സിങ് സമൂഹവും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളുമെല്ലാം ഈ പോരാട്ടത്തില്‍ യുഎന്‍എക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്പം നില്‍ക്കാവുന്ന മറ്റു സംഘടനകളുമായും ബന്ധപ്പെടും. ഒരു ബദല്‍ ഉണ്ടാക്കുക എന്നത് അനിവാര്യമായിരിക്കുന്നെന്നും യുഎന്‍എ പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ ഏഴു മാസമായി ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നേഴ്സുമാര്‍ ഒന്നടങ്കം യുഎന്‍എ യുടെ നേതൃത്വത്തില്‍ സമരം നടത്തി വരികയാണ്. സമരം ഒത്തു തീര്‍പ്പാകാണാമെന്നു ആവശ്യപ്പെട്ട് യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി നടത്തി വരുന്ന അനിശ്ചിത കാല നിരാഹാര സമരം ഏഴു ദിവസം പിന്നിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയും അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്.

2013 ലെ മിനിമം വേജസും ത്രീ ഷിഫ്റ്റ് സമ്പ്രദായവും നടപ്പില്‍ വരുത്തുക എന്നാവശ്യപ്പെട്ട് നടത്തി വരുന്ന സമരത്തില്‍ പ്രതികാര നടപടിയായി അനുഭവ പരിചയമുള്ള രണ്ടു നേഴ്സുമാരെ ട്രെയിനികള്‍ എന്ന പേരില്‍ മാനേജുമെന്റ് പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം റോഡ് ഉപരോധ സമരം നടത്തി പിരിഞ്ഞു പോകുന്നവരെ പോലീസ് ലാത്തി ചാര്‍ജ് ചെയ്യുകയും പ്രസിഡന്റ് ജാസ്മിന്‍ഷാ അടമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരുന്നു .അതില്‍ പ്രതിഷേധിച്ചും സമര ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നേഴ്സിങ് സമൂഹം സൂചനാ പണിമുടക്ക് നടത്തി പതിനായിരക്കണക്കിന് പേരാണ് സമരത്തിന് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചേര്‍ത്തലയിലേക്ക് ഒഴുകി എത്തിയത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ ഇത്രയും പേരെ അണി നിരത്തി ഒരു സമരം നടത്തിയത് കേരള ചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വ്വതയാണ്. ഫെബ്രുവരി 15 ന്റെ സൂചനാ പണിമുടക്ക് സമരത്തില്‍ ഇരുപത് ശതമാനം നേഴ്സുമാരെ ആശുപത്രിയില്‍ അത്യാഹിത വിഭാഗങ്ങളില്‍ വരുന്ന രോഗികളെ ശുശ്രൂഷിക്കാന്‍ വിട്ടു കൊടുത്തിരുന്നുവെങ്കില്‍ അനിശ്ചിതകാല സമരത്തില്‍ ഒരാളെ പോലും വിട്ടു കൊടുക്കില്ലെന്നാണ് നേഴ്സിങ് പ്രസിഡന്റ് ജാസ്മിന്‍ഷാ ബിഗ് ന്യൂസ് ലൈവിനോട് പറഞ്ഞത്.

കഴിഞ്ഞ ദിവസത്തില്‍ ഇരുപത് ശതമാനം നേഴ്സുമാരെ വിട്ടു കൊടുത്തിട്ടു പോലും ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായിരുന്നു. വരും ദിവസങ്ങളില്‍ അനിശ്ചിതകാല പണിമുടക്കിന് നേഴ്സിങ് സമൂഹം തായ്യാറായാല്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സ്തംഭനം തന്നെയാണ് ഉണ്ടാക്കുക. ഇതുണ്ടാക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി എത്രയാകുമെന്നു പ്രവചിച്ചു പറയുകയും അസാധ്യമത്രെ

ചന്ദ്രഗ്രഹണ ദിനത്തിലെ നരബലി;  ഭാര്യയുടെ ആരോഗ്യത്തിനായി പിഞ്ചുകുഞ്ഞിന്റെ തലയറുത്ത് ക്ഷുദ്രപൂജ, ദമ്പതികള്‍ അറസ്റ്റില്‍
Posted by
16 February

ചന്ദ്രഗ്രഹണ ദിനത്തിലെ നരബലി; ഭാര്യയുടെ ആരോഗ്യത്തിനായി പിഞ്ചുകുഞ്ഞിന്റെ തലയറുത്ത് ക്ഷുദ്രപൂജ, ദമ്പതികള്‍ അറസ്റ്റില്‍

ബംഗളൂരു: അന്ധവിശ്വാസത്തിന്റെ പേരില്‍ ചന്ദ്രഗ്രഹണ ദിനത്തില്‍ പിഞ്ചുകുഞ്ഞിനെ നരബലി കൊടുത്ത ദമ്പതികള്‍ അറസ്റ്റില്‍. കാര്‍ ഡ്രൈവറായ കേരുകൊണ്ട രാജശേഖറും ഭാര്യ ശ്രീലതയുമാണ് അറസ്റ്റിലായത്. ജനുവരി 31 ലെ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ ചന്ദ്രഗ്രഹണ ദിനത്തിലാണ് ദമ്പതികള്‍ മൂന്ന് മാസം പ്രായമുളള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി നരബലി നടത്തിയത്. താന്ത്രികന്റെ ഉപദേശപ്രകാരമാണ് രാജേശഖറും ശ്രീലതയും ഇത് ചെയ്തതെന്ന് പോലീസ് പറയുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ;

ബോയഗുഡയില്‍ യാചകരായ രക്ഷിതാക്കള്‍ക്കൊപ്പം നടപ്പാതയില്‍ ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുഞ്ഞിനെ രാജേശഖര്‍ തട്ടിക്കൊണ്ടുപോയി. പ്രതാപസിംഗാരത്തിനടുത്തുളള മുസി നദിക്കരയില്‍ കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. തലയില്ലാത്ത ഉടല്‍ നദിയില്‍ ഉപേക്ഷിച്ചു. തല പോളിത്തീന്‍ ബാഗിലാക്കി വീട്ടിലേയ്ക്ക് കൊണ്ടുപോയി.

ഭാര്യ സരിതയ്‌ക്കൊപ്പം രാജശേഖര്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ഷുദ്ര പൂജ നടത്തി. ചില്ലുകങ്ങാറിലെ വീട്ടിലെ മുറിയിലാണ് ക്ഷുദ്ര പൂജ നടത്തിയത്. അറുത്തെടുത്ത തല ബലിപീഠത്തില്‍ വച്ചാണ് ഈ ക്ഷുദ്ര പൂജ അരങ്ങേറിയത്. ഈ ക്ഷുദ്രകര്‍മ്മത്തിന് ശേഷം അറുത്തെടുത്ത തല വീടിന്റെ ടെറസിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സൂക്ഷിച്ചു. ചന്ദ്രഗ്രഹണം കഴിഞ്ഞ് നാല് മണിയോടെ സൂര്യോദയ സമയത്താണ് ഇത് ചെയ്തത്. അതിന് ശേഷം സാധാരണ പോലെ രാജശേഖര്‍ തന്റെ കാറുമായി മഥപൂരിലേയ്ക്ക് പോയി. എന്തെങ്കിലും തരത്തിലുളള സംശയം ഒഴിവാക്കാനായിരുന്നു ഇതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫെബ്രുവരി ഒന്നിന് രാജശേഖറിന്റെ ഭാര്യയുടെ അമ്മ തുണിയെടുക്കുന്നതിനായി ടെറസിന്റെ മുകളില്‍ കയറിയപ്പോഴാണ് വീടിന്റെ ടെറസില്‍ നിന്നും കുഞ്ഞിന്റെ തല കാണുന്നത്. തുടര്‍ന്നാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. പോലീസ് രാജശേഖറിനെ ആദ്യം സംശയിച്ചുവെങ്കിലും ശത്രുക്കളുടെയോ അയല്‍വാസികളുടെ കൈകളാണ് ഇതിന് പിന്നിലെന്ന് രാജശേഖര്‍ പോലീസിനോട് പറഞ്ഞിരുന്നത്. പോലീസ് ആ പ്രദേശവാസികളും അല്ലാത്തവരുമായ ഉപയോഗിച്ച 122 സിം കാര്‍ഡുകളിലെ കോള്‍ റെക്കോര്‍ഡ്‌സ് പോലീസ് പരിശോധിച്ചു. ഈ സംഭവത്തിന് മുന്‍പും ശേഷവും ഉളള രേഖകളാണ് പരിശോധിച്ചത്. രാജശേഖര്‍ പറഞ്ഞ പത്ത് പേരുടെ ഉള്‍പ്പടെ സംശയത്തിന്റെ നിഴലിലായ 45 പേരാണ് പോലീസ് പരിശോധനയില്‍ വന്നത്.

അന്വേഷണ സംഘം ഫെബ്രുവരി ഒമ്പതിന് രണ്ടാമതും രാജശേഖറിന്റെ ഒറ്റനില വീട് പരിശോധിച്ചപ്പോഴാണ് രണ്ടാമത്തെ സൂചന ലഭിച്ചത്. രാജശഖരിന്റെ കിടപ്പു മുറിയിലെ തറയില്‍ രക്തകറയുടെ പാട് കണ്ടെത്തിയത്. ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പ്രകാരം ഈ കണ്ടെത്തിയ രക്തകറയും മുറിച്ച് മാറ്റപ്പെട്ട തലയില്‍ രക്തവും തമ്മിലുളള സാമ്യം ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയെന്ന് രചകൊണ്ട പോലീസ് കമ്മീഷണര്‍ എംഎം ഭാഗവത് പറഞ്ഞു.

ഇതേസമയം, പോലീസ് രാജശേഖറിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. ആ മൊഴികളില്‍ രാജശേഖര്‍ അങ്ങേയറ്റം അന്ധവിശ്വാസിയാണെന്നും ദുര്‍മന്ത്രവാദികളെയും ആഭിചാരക്രിയകള്‍ നടത്തുന്നവരെയും സന്ദര്‍ശിക്കാറുണ്ടെന്നും അവര്‍ മൊഴി നല്‍കി. നാല് വര്‍ഷം മുമ്പ് ഭാര്യ ശ്രീലത രോഗബാധിതനായതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതിനെ തുടര്‍ന്നാണ് ഇങ്ങനെ രാജശേഖര്‍ പോയി തുടങ്ങിയതെന്നും മൊഴി ലഭിച്ചതായി പോലീസ് പറയുന്നു.

രണ്ട് വര്‍ഷം മുമ്പ് ദമ്പതികള്‍ മേഡാരത്തെ തദ്ദേശ ദൈവങ്ങളായ സാമ്മക്ക സരളാമ്മയുടെ ദര്‍ശനം തേടി പോയിരുന്നു. അവിടെ വച്ച് ദുര്‍മന്ത്രവാദിയെ കണ്ടു. പ്രശ്‌നപരിഹാരത്തിനായി പെണ്‍കുഞ്ഞിനെ നരബലി നല്‍കുകയെന്നത് ആ ദുര്‍മന്ത്രവാദിയുടെ ഉപദേശമായിരുന്നു. വീണ്ടും മറ്റ് ചില ദുര്‍മന്ത്രവാദികളെ കണ്ടിരുന്നുവെങ്കിലും അവരുടെ ഉപദേശങ്ങളും പരിഹാരമാര്‍ഗങ്ങളും രാജശേഖറിന് തൃപ്തി നല്‍കിയില്ല. അവസാനം രാജശേഖര്‍ നരബലി അര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഡിഎന്‍എ പരിശോധന ഫലവുമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ രാജശേഖര്‍ കുറ്റസമ്മതം നടത്തി. താന്ത്രികന്റെ ഉപദേശപ്രകാരം ഭാര്യയുടെ ആരോഗ്യത്തിനായി ക്ഷുദ്രപൂജ നടത്തിയതായി സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. ചന്ദ്ര, സൂര്യ പ്രകാശം 24 മണിക്കൂര്‍ നേരം പെണ്‍കുട്ടിയുടെ അറുത്തെടുത്ത തലയില്‍ പതിക്കണമെന്ന മന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് തല ടെറസില്‍ സൂക്ഷിച്ചതെന്നും രാജശേഖര്‍ വ്യക്തമാക്കിയതായി പോലീസ് പറയുന്നു.

ചോദ്യം ചെയ്യലിനിടിയല്‍ രാജേശഖറിനെ കൃത്യം ചെയ്യാന്‍ താന്‍ പ്രോത്സാഹിപ്പിച്ചതായി ഭാര്യ ശ്രീലത മൊഴി നല്‍കിയെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി, പാല്‍ക്കുപ്പി, ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവ കാറിന്റെ സ്റ്റെപ്പിനിയില്‍ നിന്നും കണ്ടെടുത്തു. ദമ്പതികളെ കോടതിയില്‍ ഹാജരാക്കി.

error: This Content is already Published.!!