Indian senior Table tennis player lost to 13 year old Japan player
Posted by
19 February

ഇന്ത്യയുടെ സീനിയര്‍ ടേബിള്‍ ടെന്നീസ് താരം ജപ്പാന്റെ പതിമൂന്നുകാരനോട് തോറ്റു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടേബിള്‍ ടെന്നീസിലെ സീനിയര്‍ താരത്തിന് ഞെട്ടിക്കുന്ന തോല്‍വി. ഇന്ത്യന്‍ താരം അജന്ത ശരത് കമല്‍ ജപ്പാന്റെ 13കാരന്‍ തൊംകോസു ഹരിമോട്ടോയോടാണ് തോറ്റത്. ഇന്ത്യന്‍ ഓപ്പണ്‍ സെമി ഫൈനലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

സ്‌കോര്‍: 4-2 (7-11, 11-5, 7-11, 13-11, 11-9, 11-9).

ജൂനിയര്‍ ടേബിള്‍ ടെന്നീസിലെ നിലവിലെ ലോക ജേതാവാണ് ഹരിമോട്ടോ. 34 കാരനായ ശരത് ലോക റാങ്കിങ്ങില്‍ 62 ാം സ്ഥാനത്താണുള്ളത്.

Service tax department send notice to Sania Mirza
Posted by
09 February

നികുതി വെട്ടിപ്പ് നടത്തിയ സാനിയ മിര്‍സക്ക് സേവന നികുതി വിഭാഗം നോട്ടീസ് അയച്ചു

ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിര്‍സക്ക് നികുതി വെട്ടിച്ചെന്ന് ആരോപിച്ച് സേവന നികുതി വിഭാഗം നോട്ടീസ് അയച്ചു. ഹൈദരാബാദിലെ സേവന നികുതി കാര്യാലയം ഫെബ്രുവരി ആറിനാണ് സാനിയക്ക് സമന്‍സ് അയച്ചതെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 16ന് ഹാജരാകണം എന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.

സാനിയക്ക് എതിരായ കുറ്റം കൃത്യമായി പറയുന്നില്ലെങ്കിലും സമന്‍സ് പ്രകാരം, നികുതി അടയ്ക്കാതിരിക്കല്‍, സേവന നികുതി വെട്ടിക്കല്‍, 1994ലെ സാമ്പത്തിക നിയമത്തിന്റെ ലംഘനം എന്നിവയിലാണ് സാനിയ അന്വേഷണം നേരിടുന്നത്. സാമ്പത്തിക നിയമത്തിന്റെ പരിതിയില്‍ വരുന്ന കേന്ദ്ര നിയമ പ്രകാരം 16ന് നേരിട്ടോ, ഉത്തരവാദിത്വപ്പെട്ട ആള്‍ മുഖേനയോ ഹാജരാകണമെന്നാണ് ആവശ്യം. ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.

ഹാജരായി രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച്ച വരുത്തുകയാണെങ്കില്‍, ബന്ധപ്പെട്ട ചട്ടപ്രകാരം ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.

australian open  mens singles roger federe wins
Posted by
29 January

ഫീനിക്‌സായി ഫെഡറര്‍; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വിസ് ഇതിഹാസത്തിന്

മെല്‍ബണ്‍: ചരിത്രം കുറിച്ച പോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കരസ്ഥമാക്കി. സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ കീഴടക്കിയത്. സ്‌കോര്‍ 64, 36, 61, 16, 63

43 വര്‍ഷത്തിനിടയില്‍ ഒരു ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതി ഫെഡറര്‍ കരസ്ഥമാക്കി. തന്റെ മുപ്പത്തിയഞ്ചാം വയസിലാണ് ഫെഡറര്‍ ഇന്ന് കിരീടം നേടിയത്. റോഡ് ലെവര്‍ അരീനയില്‍ ഫെഡറര്‍ കിരീടം ഉയര്‍ത്തുന്നത് ഇത് അഞ്ചാം തവണ. കരിയറിലെ പതിനെട്ടാം ഗ്രാന്റ് സ്ലാം കിരീടത്തിലാണ് സ്വിസ് രാജകുമാരന്‍ ഇന്ന് മുത്തമിട്ടത്. നാലു വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതിവരുത്തിയാണ് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയിരിക്കുന്നത്. 2012 വിംബിള്‍ഡണായിരുന്നു ഫെഡറര്‍ അവസാനമായി മുത്തമിട്ട ഗ്രാന്റ് സ്ലാം കിരീടം.

Austaralian open: Sania and Dodig lose final
Posted by
29 January

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ഡോഡിഗ് സഖ്യത്തിന് ഫൈനലില്‍ തോല്‍വി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ ചിറകടി ഇത്തവണ ഉണ്ടായില്ല. മിക്‌സ്ഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ-ഐവാന്‍ ഡോഡിഗ് സഖ്യം പരാജയപ്പെട്ടു. അബിഗെയില്‍ സ്പിയേഴ്‌സ് – ജുവാന്‍ സെബാസ്റ്റ്യന്‍ കാബല്‍ സഖ്യത്തോടാണ് സാനിയ സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍: 6-2, 6-4. എലിന സ്വിറ്റോലിന-ക്രിസ് ഗുസിയോണ്‍ സഖ്യത്തെ 7-6, 6-2നു തോല്‍പിച്ചാണ് ഇവര്‍ ഫൈനലിലെത്തിയത്.

ഓസ്‌ട്രേലിയക്കാരായ സമാന്റ സ്റ്റോസര്‍ – സാം ഗ്രോത്ത് സഖ്യത്തേയാണു രണ്ടാം സീഡ് സാനിയ സഖ്യം സെമിയില്‍ കീഴടക്കി ഫൈനലിലേക്ക് ചുവട് വെച്ചത് (6-4, 2-6, 10-5). ഫൈനല്‍ പോരാട്ടം ജയിച്ചിരുന്നെങ്കില്‍, സാനിയയുടെ ഏഴാം ഗ്രാന്‍സ്ലാം കിരീട നേട്ടമാകുമായിരുന്നു. ഗ്രാന്‍സ്ലാം ഫൈനലിലെ സാനിയ-ഡോഡിഗ് സഖ്യത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്.

badminton championship final
Posted by
29 January

പിവി സിന്ധുവും സായ് പ്രണീതും സയ്യിദ് മോഡി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

ലഖ്‌നൗ: സയ്യിദ് മോഡി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ നാലാം സീഡ് ഫിത്രിയാനി ഫിത്രയാനിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-11, 21-19. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയാണ് സിന്ധുവിന്റെ എതിരാളി. വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകലില്‍ രണ്ടു തവണ വെള്ളി മെഡല്‍ നേടിയ 17 കാരിയായ മരിസ്‌ക, ആറാം സീഡ് ഹന്ന റമാഡിനിയെയാണ് സെമിയില്‍ തോല്‍പ്പിച്ചത്.

അതേസമയം പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനും മൂന്നാം സീഡുമായ കെ ശ്രീകാന്തിനെ അട്ടിമറിച്ച് ഇന്ത്യയുടെ തന്നെ ബി സായ് പ്രണീത് ഫൈനലില്‍ കടന്നു. സ്‌കോര്‍: 15-21, 21-10, 21-17. വനിത ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് വിഭാഗങ്ങളിലും ഇന്ത്യന്‍ സഖ്യങ്ങള്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.

private higher secondary students sports meet
Posted by
24 January

ഉത്തരമേഖല പ്രൈവറ്റ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി കായികമേളയൊരുക്കുന്നു

പൊന്നാനി: ഉത്തരമേഖല പ്രൈവറ്റ് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സിലിംഗ് സെന്റേഴ്‌സ് അസോസിയേഷന്‍ കായിക മേള സംഘടിപ്പിക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് തുടങ്ങിയ ജില്ലകളിലെ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് കായികമേള സംഘടിപ്പിക്കുന്നത്.

സിസിഎ പ്ലസ്ടു സ്‌പോര്‍ട്‌സ് മീറ്റ് എന്ന പേരില്‍ ഫെബ്രുവരി 11 ശനിയാഴ്ച പാണ്ടിക്കാട് ആര്‍ ആര്‍ആര്‍എഫ് മൈതാനിയില്‍ വെച്ചാണ് മേള നടക്കുകയെന്ന് സി അജിത്ത് പൊന്നാനി പറഞ്ഞു. ഇതാദ്യമായാണ് കൗണ്‍സിലിങ്ങ് സെന്റ്‌ഴ്‌സ് അസോസിയേഷന്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കായികമേള നടത്തുന്നത്. ഏഴ് ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും .

FIFA awards: Christiano Ronaldo is the best player
Posted by
10 January

ഫിഫയുടെ ബെസ്റ്റ് ഫുട്‌ബോളര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം

സൂറിച്ച്: ഇത്തവണ റോണോ തന്നെ. മികച്ച ഫുട്‌ബോള്‍ താരത്തിനു സമ്മാനിക്കാറുള്ള ഫിഫയുടെ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം പുരസ്‌കാരം പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം. 2016ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരമായി ആരാധകരുടെ സ്വന്തം റോണോയെ പ്രഖ്യാപിക്കുകയായിരുന്നു. അര്‍ജന്റീനന്‍ താരം ലയണല്‍ മെസി, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് റയല്‍മാഡ്രിഡ് സ്‌ട്രൈക്കറുടെ നേട്ടം.പോര്‍ച്ചുഗലിന് യൂറോ കപ്പും റയലിന് യുവേഫ ചാമ്പ്യന്‍സ് ലീഗും നേടികൊടുത്ത കളിമികവാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

‘ഞാൻ സന്തുഷ്ടനാണ്. 2016 എന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമാണെന്നു പറയാൻ ഇതു ധാരാളം– ഫിഫ പ്രസി‍ഡന്റ് ജിയാനി ഇൻഫന്റീനോയുടെ കൈയിൽനിന്നു പുരസ്കാരം സ്വീകരിച്ച ശേഷം ക്രിസ്റ്റ്യാനോ പറഞ്ഞു.

വോട്ടെടുപ്പില്‍ മെസി രണ്ടാമതും ഗ്രീസ്മാന്‍ മൂന്നാമതുമായി. പുരസ്‌കാരചടങ്ങിന് മെസി എത്തിയിരുന്നില്ല. അന്തിമപട്ടികയില്‍ ഇടം ലഭിച്ചെങ്കിലും മികച്ച താരമാകാന്‍ സാധ്യതയില്ലെന്ന ഉറപ്പിച്ചതോടെ സൂറിച്ചിലേക്ക് വരാതെ മെസി ബാഴ്സലോണ ടീമിനൊപ്പം തങ്ങുകയായിരുന്നു.

പുരസ്‌കാരം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും തന്റെ ടീമിലെ സഹതാരങ്ങളോടും പരിശീലകനോടും കുടുംബത്തിനോടും നന്ദി അറിയിക്കുന്നുവെന്നും റോണോ പുരസ്‌കാര നേട്ടത്തിന് ശേഷം പ്രതികരിച്ചു. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതിനുമുമ്പുള്ള നേട്ടങ്ങള്‍ 2008, 2013, 2014 വര്‍ഷങ്ങളില്‍. ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ സ്വന്തം നിലയ്ക്ക് നല്‍കുന്ന പുരസ്‌കാരങ്ങളാണ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് പ്രഖ്യാപിച്ചത്.

nintchdbpict000293385360

മികച്ച പരിശീലകനുള്ള പുരസ്‌കാരം ക്ലോഡിയോ റാനിയേരിയും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അമേരിക്കയുടെ കാര്‍ലി ലോയ്ഡും സ്വന്തമാക്കി. ലെസ്റ്റര്‍സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയതിനാണ് റാനിയേരിയ്ക്ക് പരിശീലകനുള്ള പുരസ്‌കാരം നേടികൊടുത്തത്. പോര്‍ച്ചുഹല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്, റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ എന്നിവരെയാണ് റാനിയേരി പിന്തള്ളിയത്.

27

മറ്റു പുരസ്‌കാരങ്ങള്‍:

മികച്ച ഗോള്‍(പുഷ്‌കാസ് പുരസ്‌കാരം)- മുഹമ്മദ് ഫൈസ് ബിന്‍, മലേഷ്യ സൂപ്പര്‍ ലീഗ്
ഔട്ട്സ്റ്റാന്റിങ് കരിയര്‍-ഫല്‍ക്കാവോ(ബ്രസീല്‍)
വനിതാ പരിശീലക- സില്‍വിയ നെയ്ദ്(ജര്‍മ്മനി)
ഫെയര്‍ പ്ലേ- അത്ലറ്റിക്കോ നാഷണല്‍(കൊളംബിയ)-വിമാനദുരന്തത്തില്‍ കളിക്കാര്‍ കൊല്ലപ്പെട്ട ഷപ്പകോയെന്‍സ് ക്ലബിന് ട്രോഫി നല്‍കാന്‍ തീരുമാനിച്ചതിനാണ് പുരസ്‌കാരം
ഫിഫ ഫാന്‍- ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ആരാധകര്‍
ഫിഫ ലോക ഇലവന്‍- മാനുവല്‍ ന്യൂര്‍(ഗോളി), ഡാനി ആല്‍വസ്, ജെറാര്‍ഡ് പിക്വെ, സെര്‍ജിയോ റാമോസ്, മാര്‍സെലോ(പ്രതിരോധനിര), ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയെസ്റ്റ(മധ്യനിര), ലയണല്‍ മെസി, ലൂയീ സുവാരസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(മുന്നേറ്റനിര)

62th national school athletics will start today
Posted by
04 January

അറുപത്തി രണ്ടാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് പൂണെയില്‍ തുടക്കം; കിരീടം തേടി കേരളവും

പൂണെ :അറുപത്തി രണ്ടാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് പൂണെയില്‍ തുടക്കം. പൂണെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെയാണ് സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ആരംഭിക്കുന്നത്. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇതിനെ തുടര്‍ന്ന് ഉണ്ടാകും.

മഹാരാഷ്ട്ര കായിക വകുപ്പ് മന്ത്രി വിനോദ് താവ്‌ഡെയാണ് കൗമാരകായികമേള ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നത്. ഒളിംപ്യന്‍ ലളിത ബാബര്‍ മുഖ്യാതിഥിയാകും. ഡിഎവി കോളേജ് ഓഫ് മാനേജിങ് കമ്മിറ്റി, സിബിഎസ്ഇ സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ യുവ നിര ഉള്‍പ്പെടെ ആകെ 32 ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് രണ്ട് ഫൈനല്‍ മാത്രമാണുള്ളത്. 5000 മീറ്ററിന്റെ ഇരുവിഭാഗങ്ങളിലും ഫൈനല്‍ നടക്കും.

41 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളും ഉള്‍പ്പെട്ട സംഘമാണ് കേരളത്തിനായി കിരീടം തേടി ഇറങ്ങുന്നത്. ടീമുകളുടെ മാര്‍ച്ച്പാസ്റ്റില്‍ 79 അംഗ കേരള സംഘത്തിന്റെ പതാകയേന്തുന്നത് ടീം ക്യാപ്റ്റന്‍ സി ബബിതയാണ്. ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിന്റെ ബിബിന്‍ ജോര്‍ജ് കേരളത്തിന്റെ സുവര്‍ണപ്രതീക്ഷയാണ്. ദീര്‍ഘദൂര, മധ്യനിര ഇനങ്ങളില്‍ ബിബിന്‍ ജോര്‍ജ്, അനുമോള്‍ എന്നിവര്‍ക്കൊപ്പം സി ബബിത, അബിത മേരി മാനുവല്‍ എന്നിവരും കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകളാണ്.

somdev dev varman retires
Posted by
01 January

ഇന്ത്യന്‍ ടെന്നീസ് താരം സോംദേവ് ദേവ് വര്‍മന്‍ വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സോംദേവ് ദേവ് വര്‍മന്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. ടെന്നീസില്‍ നിന്ന് വിരമിക്കുകയെന്ന പുതിയ തീരുമാനത്തോടെ പുതുവര്‍ഷം തുടങ്ങുകയാണെന്ന് ട്വിറ്റര്‍ അക്കൗണ്ടിലൂടെ സോംദേവ് അറിയിക്കുകയായിരുന്നു. സ്‌നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും സോംദേവ് ട്വിറ്ററില്‍ കുറിച്ചു. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഏറെ നാളായി തുടരുന്ന പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ചെന്നൈ ഓപ്പണില്‍ മത്സരിക്കുന്നില്ലെന്ന കാര്യം സോംദേവ് വ്യക്തമാക്കിയിരുന്നു.

ആസാമില്‍ ജനിച്ച സേംദേവ് 2008 ലാണ് പ്രഫഷണല്‍ ടെന്നീസ് രംഗത്തേക്ക് കടന്നു വരുന്നത്. ലോക റാങ്കിങ്ങില്‍ 62 വരേയെത്തിയ സോംദേവ് ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരം നിലവില്‍ ലോക റാങ്കിങ്ങില്‍ 704 ആം സ്ഥാനത്താണ്. 2009 ല്‍ ചെന്നൈ ഓപ്പണിന്റേയും 2011 ല്‍ ആഫ്രിക്കന്‍ ഓപ്പണിന്റെ ഫൈനലിലും സോംദേവ് വര്‍മന്‍ പ്രവേശിച്ചിരുന്നു. 2008 മുതല്‍ ഡേവിഡ് കപ്പില്‍ ഇന്ത്യക്കായി കളിക്കുന്ന സോംദേവ് പതിനാല് മത്സരങ്ങളില്‍ ഇന്ത്യക്കായി ഇറങ്ങിയിട്ടുണ്ട്. അടുത്ത ഡേവിഡ് കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും താരത്തെ പരിഗണിച്ചിരുന്നു.

Serena Williams getting married
Posted by
30 December

ടെന്നീസ് സൂപ്പര്‍ താരം സെറീന വില്യംസ് വിവാഹിതയാവുന്നു

ന്യൂയോര്‍ക്ക്: ലോക ടെന്നീസിലെ മിന്നും താരം സെറീന വില്യംസ് വിവാഹിതയാവുന്നു. വിവാഹവാര്‍ത്ത സെറീന തന്നെയാണ് സോഷ്യന്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിന്റെ സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയനാണ് വരന്‍. അതേസമയം താന്‍ വിവാഹിതയാകാന്‍ പോകുന്ന കാര്യം കവിത രൂപത്തില്‍ റെഡിറ്റിലൂടെ തന്നെയാണ് സെറീന പുറത്ത് വിട്ടതെന്നതും ശ്രദ്ധേയമാണ്.

അലക്‌സിസ് ഒഹാനിയന്റെ വക്താവും വാര്‍ത്ത സ്ഥിരീകരിച്ചു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ റോമില്‍ വച്ച് ഒഹാനിയന്‍ വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നുവെന്ന് സെറീന തന്റെ കുറിപ്പില്‍ പറയുന്നു. സെറീനയും ഒഹാനിയനും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. വിനോദ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നവമാധ്യമമാണ് ‘റെഡ്ഡിറ്റ്’.