അപ്രതീക്ഷിത തോല്‍വി: വീനസ് പുറത്ത്, സ്റ്റീഫന്‍സ്-മാഡിസണ്‍ ഫൈനലില്‍
Posted by
08 September

അപ്രതീക്ഷിത തോല്‍വി: വീനസ് പുറത്ത്, സ്റ്റീഫന്‍സ്-മാഡിസണ്‍ ഫൈനലില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഒമ്പതാം സീഡ് വീനസ് വില്ല്യംസിനെ അട്ടിമറിച്ച് സ്റ്റീഫന്‍സിന്റെ അപ്രതീക്ഷിത വിജയം. ആതിഥേയ താരങ്ങള്‍ അണിനിരക്കുന്ന ഫൈനലില്‍ 15ാം സീഡ് മാഡിസണ്‍ കെയ്‌സ് സീഡില്ലാ താരം സ്ലോനി സ്റ്റീഫനെ നേരിടും.

മൂന്നു സെറ്റു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സ്റ്റീഫന്‍സിന്റെ വിജയം. ആദ്യ സെറ്റ് 6-1ന് സ്റ്റീഫന്‍സ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ വീനസ് തിരിച്ചടിച്ചു. ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ 6-0ത്തിന് ഒപ്പമെത്തുകയായിരുന്നു. എന്നാല്‍ മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ 7-5ന് സ്റ്റീഫന്‍സ് വിജയം കരസ്ഥമാക്കി.

20-ാം സീഡ് വാന്‍ഡെവെഗിനെ അനായാസം കീഴടക്കിയാണ് മാഡിസണ്‍ കെയ്‌സ് ഫൈനലിലെത്തിയത്. രണ്ടു സെറ്റിനുള്ളില്‍ മത്സരം അവസാനിച്ചു. സ്‌കോര്‍: 6-1,6-2. 2002ല്‍ വീനസ് വില്ല്യംസും സെറീന വില്ല്യംസും മാറ്റുരച്ചതിന് ശേഷം യുഎസ് ഓപ്പണില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ ഫൈനല്‍ വരുന്നത്.

പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ റാഫേല്‍ നഡാലും ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും തമ്മിലാണ് ഒരു പോരാട്ടം. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണും സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയും ഏറ്റുമുട്ടും.

യുഎസ് ഓപ്പണില്‍ ക്ലാസിക് പോരാട്ടമില്ല; ഫെഡറര്‍ ക്വാര്‍ട്ടറില്‍ പുറത്ത്; നദാലും ഡെല്‍പോട്രോയും സെമിയില്‍
Posted by
07 September

യുഎസ് ഓപ്പണില്‍ ക്ലാസിക് പോരാട്ടമില്ല; ഫെഡറര്‍ ക്വാര്‍ട്ടറില്‍ പുറത്ത്; നദാലും ഡെല്‍പോട്രോയും സെമിയില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ നദാല്‍-ഫെഡറര്‍ ക്ലാസിക് പോരാട്ടം സ്വപ്‌നം കണ്ട ആരാധകര്‍ക്ക് നിരാശ. റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പുറത്തായി. അഞ്ചു തവണ ചാംപ്യനായ സ്വിസ് താരത്തെ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് തോല്‍പ്പിച്ചത്. നാലു സെറ്റു നീണ്ട പോരാട്ടത്തിലാണ് ഫെഡററെ 24ാം സീഡ് ഡെല്‍പോട്രോ കീഴ്‌പ്പെടുത്തിയത് (സ്‌കോര്‍: 7-5, 3-6, 7-6(8), 6-4).

നേരത്തെ 2009ലെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഫെഡററെ വീഴ്ത്തിയ ഡെല്‍പോട്രോ, ഒരിക്കല്‍ക്കൂടി ഫെഡറര്‍ക്ക് വിലങ്ങുതടിയാവുകയായിരുന്നു. പരുക്കിനെത്തുടര്‍ന്ന് ഏറെനാളുകള്‍ക്കുശേഷമാണ് ഡെല്‍പോട്രോ കളത്തിലിറങ്ങിയത്. ആദ്യ സെറ്റ് സ്വന്തമാക്കി ലീഡെടുത്ത താരത്തെ രണ്ടാം സെറ്റ് സ്വന്തമാക്കി ഫെഡറര്‍ വരുതിയിലാക്കിയെങ്കിലും, മൂന്നും നാലും സെറ്റുകള്‍ സ്വന്തമാക്കി ഡെല്‍പോട്രോ സെമിയിലേക്കു മാര്‍ച്ചു ചെയ്യുകയായിരുന്നു.

ഒന്നാം സീഡായ റാഫേല്‍ നദാലാണ് സെമിയില്‍ ഡെല്‍പോട്രോയുടെ എതിരാളി. റഷ്യയുടെ കൗമാരതാരം ആന്ദ്രേ റുബലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് നദാല്‍ സെമിയില്‍ കടന്നത്. സ്‌കോര്‍: 6-1, 6-2, 6-2. കളിയുടെ ഒരു ഘട്ടത്തില്‍ പോലും നദാലിന് വെല്ലുവിളിയാകാന്‍ റുബലേവിനായില്ല.

യുഎസ് ഓപ്പണ്‍: ഷറപ്പോവ പുറത്ത്‌
Posted by
04 September

യുഎസ് ഓപ്പണ്‍: ഷറപ്പോവ പുറത്ത്‌

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍നിന്നു റഷ്യന്‍ താരം മരിയ ഷറപ്പോവ പുറത്ത്. ലത്വിയ താരം അനസ്താസിയ സെവസ്‌തോവയോട് 5-7,6-4,6-2 നാണ് ഷറപ്പോവ പരാജയപ്പെട്ടത്. 16-ാം സീഡായ സെവസ്‌തോവ ഇതോടെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവ 15 മാസത്തെ വിലക്കിനുശേഷമാണ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലുടെയായിരുന്നു പ്രവേശനം.

 

തുടക്കം അട്ടിമറിയോടെ; യുഎസ് ഓപ്പണില്‍ നിലവിലെ ചാമ്പ്യന്‍ ആഞ്ജലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്ത്
Posted by
30 August

തുടക്കം അട്ടിമറിയോടെ; യുഎസ് ഓപ്പണില്‍ നിലവിലെ ചാമ്പ്യന്‍ ആഞ്ജലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ അട്ടിമറി. നിലവിലെ വനിതാവിഭാഗം ചാമ്പ്യന്‍ ആഞ്ജലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ജപ്പാന്റെ കൗമാരതാരം നവോമി ഒസാക്കയാണ് കെര്‍ബറെ അട്ടിമറിച്ചത്. സ്‌കോര്‍ 6-3, 6-1.

അതേസമയം നിലവിലെ ഒന്നാം സീഡ് കരോലിന പ്ലിസ്‌കോവ രണ്ടാം റൗണ്ടില്‍ കടന്നു. പോളണ്ടിന്റെ മാഗ്ദ ലിനറ്റെയെയാണ് പ്ലിസ്‌കോവ തോല്‍പ്പിച്ചത്.

പുരുഷ വിഭാഗത്തില്‍ മുന്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. സെര്‍ബിയയുടെ ദുസാന്‍ ലജോവിക്കിനെയാണ് നദാല്‍ മറികടന്നത്. സ്‌കോര്‍ 7-6, 6-2, 6-2.

PV Sindhu wins silver medal
Posted by
28 August

ഫൈനലില്‍ പടപൊരുതി; സിന്ധുവിനും ഇന്ത്യക്കും അഭിമാന വെള്ളി

ഗ്ലാസ്‌കോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധു പൊരുതി വീണു. അവസാന പോയന്റ് വരെ ആവേശം നിറഞ്ഞ ഫൈനലില്‍ സിന്ധുവിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് കീഴടക്കി ജപ്പാന്റെ നിസോമി ഒക്കുഹാര സ്വര്‍ണമണിഞ്ഞു. സ്‌കോര്‍: 19-21, 22-20, 20-22. മൂന്ന് ഗെയിമിലും ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിനുശേഷമാണ് സിന്ധു തോല്‍വി സമ്മതിച്ചത്.

നിര്‍ണായകമായ അവസാന ഗെയിമില്‍ 19-17 ലീഡെടുത്തിട്ടും വിജയത്തിനാവശ്യമായ ആ രണ്ട് പോയന്റുകള്‍ കൈയെത്തിപ്പിടിക്കാന്‍ സിന്ധുവിനായില്ല. പേശിവലിവ് പിടിപ്പെട്ടത് സിന്ധുവിന്റെ കോര്‍ട്ടിലെ നീക്കങ്ങളെ ബാധിച്ചു. ഇത് മുതലാക്കി തിരിച്ചടിച്ച ഒക്കുഹാര 20-19ന് ലീഡെടുത്തു. എന്നാല്‍ ഒറു പോയന്റു കൂടി നേടി സിന്ധു ഒപ്പമെത്തിയെങ്കിലും രണ്ട് പോയന്റുകള്‍ കൂടി നേടി ഒക്കുഹാര സ്വര്‍ണമണിഞ്ഞു.

തോറ്റെങ്കിലും തല ഉയര്‍ത്തിത്തന്നെയാണ് ഇന്ത്യയുടെ അഭിമാന സിന്ധു കോര്‍ട്ട് വിട്ടത്. പേശിവലില് അലട്ടിയില്ലായിരുന്നെങ്കില്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടാന്‍ സിന്ധുവിന് കഴിയുമായിരുന്നു.

കടുത്ത വേദന കടിച്ചമര്‍ത്തി അവസാന പോയന്റ് വരെ പൊരുതിയാണ് സിന്ധു കീഴടങ്ങിയത്. ഇതാദ്യമായാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഫൈനലിലെത്തുന്നത്. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്വാള്‍ വെങ്കലം നേടിയിരുന്നു.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈനയ്ക്ക് വെങ്കലം
Posted by
26 August

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈനയ്ക്ക് വെങ്കലം

ഗ്ലാസ്‌ഗോ: നന്നായി പൊരുതിത്തുടങ്ങിയ ഇന്ത്യ സൈന നേഹവാള്‍ ഒടവില്‍ തളര്‍ന്നു. ജാപ്പനീസ് താരം നൊസോമി ഒകുഹരയുടെ ചെറുപ്പത്തിന്റെ കരുത്തിന് മുന്നില്‍ തോറ്റുകൊടുത്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. കഴിഞ്ഞ തവണ ജക്കാര്‍ത്തയില്‍ വെങ്കലം നേടിയ സൈനയുടെ ആദ്യ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെങ്കലമാണിത്.

ഇന്ത്യ ഏറെ പ്രതീക്ഷ വച്ച വനിതാ സിംഗിള്‍സില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ഒന്നാം ഗെയിം ഏറെക്കുറെ അനായാസമായി നേടിയ സൈന രണ്ടാം ഗെയിമില്‍ പൊരുതിയും നിര്‍ണായകമായ മൂന്നാം ഗെയിമില്‍ പൊരുതാതെയുമാണ് കീഴടങ്ങിയത്. സ്‌കോര്‍: 21-12, 17-21, 21-10.

 

ഇന്ത്യന്‍ അത്‌ലറ്റിക്ക് ഫെഡറേഷന്‍ 50 ലക്ഷം രൂപ നല്‍കണമെന്നു പിയു ചിത്ര
Posted by
25 August

ഇന്ത്യന്‍ അത്‌ലറ്റിക്ക് ഫെഡറേഷന്‍ 50 ലക്ഷം രൂപ നല്‍കണമെന്നു പിയു ചിത്ര

കൊച്ചി: ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പി.യു. ചിത്ര ഹൈക്കോടതിയെ സമീപിച്ചു. ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ മത്സരിക്കാനുള്ള അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണ് ചിത്രയുടെ ഹര്‍ജി.

ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ചിത്രയ്ക്ക് ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനാകുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അതിനു തയാറായില്ല. തുടര്‍ന്നു ചിത്രയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

എന്നാല്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കുന്നതിന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തയാറായില്ല. ഇതു സംബന്ധിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ ചിത്രയ്ക്ക് മീറ്റില്‍ പങ്കെടുക്കാനും കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് ചിത്ര നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: മെഡലുറപ്പാക്കി സിന്ധു സെമിയില്‍
Posted by
25 August

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: മെഡലുറപ്പാക്കി സിന്ധു സെമിയില്‍

ഗ്ലാസ്‌കോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ചിരിക്കുകയാണ് താരം.

വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ഫൈനലില്‍ ചൈനയുടെ അഞ്ചാം സീഡ് യു സുന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പിച്ചത്. സ്‌കോര്‍: 2114, 219. ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ തോറ്റാലും വെങ്കല മെഡല്‍ ലഭിക്കും.

ഏകപക്ഷീയമായ ഗെയിം കൈക്കലാക്കിയ സിന്ധു 39 മിനിറ്റുകള്‍ക്കൊണ്ടാണ് ചൈനീസ് താരത്തെ തകര്‍ത്ത് സെമിയില്‍ പ്രവേശിച്ചത്്. യു സുന്നിനെതിരെ സിന്ധു നേടുന്ന നാലാമത്തെ വിജയമാണിത്.

അതേ സമയം പുരുഷ സിംഗിള്‍സ് താരം ശ്രീകാന്ത് കിടമ്പി ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ സങ് ജീ യുന്നിനോട് തോറ്റു.

 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: കിടമ്പി ശ്രീകാന്തിന് തോല്‍വി
Posted by
25 August

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: കിടമ്പി ശ്രീകാന്തിന് തോല്‍വി

ഗ്ലാസ്‌കോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കിരീടപ്രതീക്ഷയായിരുന്ന കിടുമ്പി ശ്രീകാന്തിന് ക്വാര്‍ട്ടര്‍ഫൈനലില്‍ തോല്‍വി.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ദക്ഷിണ കൊറിയയുടെ സോന്‍ വാന്‍ ഹോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് തോറ്റത്. സ്‌കോര്‍: 14-21, 18-21. മത്സരം 49 മിനിറ്റ് നീണ്ടുനിന്നു.

ശ്രീകാന്തിനെതിരെ സോന്‍ വാന്‍ നേടുന്ന അഞ്ചാമത്തെ വിജയമാണിത്. ഇതുവരെ ഒന്‍പത് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നാലു തന്നെ ശ്രീകാന്തിനായിരുന്നു ജയം. ഈ വര്‍ഷം നടന്ന ഇന്‍ഡൊനീഷ്യന്‍ ഓപ്പണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലും ശ്രീകാന്തിനായിരുന്നു ജയം.

വനിതാ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ച പിവി സിന്ധുവിലും സൈന നേവാളിലുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു ക്വാര്‍ട്ടറില്‍
Posted by
24 August

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു ക്വാര്‍ട്ടറില്‍

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു ക്വാര്‍ട്ടറില്‍. ലോക 17ാം നമ്പര്‍  ഹോങ്കോംഗിന്റെ ച്യുംഗ് ഗാന്‍ യിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

ആദ്യ ഗെയിം നഷ്ടപ്പെടുത്തിയശേഷം പിന്നില്‍ നിന്നു പൊരുതിക്കയറിയാണ് സിന്ധു അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്‌കോര്‍. 19-21, 23-21, 21-17.